SignIn
Kerala Kaumudi Online
Friday, 26 April 2024 12.38 AM IST

ശതാബ്ദിവർഷത്തിൽ അംഗസംഖ്യ 10 ലക്ഷമാക്കാൻ സി.പി.ഐ

cpi

വിജയവാഡ : ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിന്റെ ശതാബ്ദിവർഷത്തിൽ പാർട്ടി അംഗസംഖ്യ പത്ത് ലക്ഷമായി ഉയർത്താൻ പരിപാടി നിർദ്ദേശിച്ച് സി.പി.ഐ പാർട്ടി കോൺഗ്രസ്.

കാൺപൂരിൽ 1925 ഡിസംബർ 26നാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ചത്. പക്ഷേ, അതിനും അഞ്ച് വർഷം മുമ്പേ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ ആദ്യ യോഗം ചേർന്ന തീയതി കണക്കാക്കി സി.പി.എം ശതാബ്ദി ആഘോഷങ്ങൾ നടത്തി.

ശതാബ്ദിവർഷത്തിൽ സി.പി.ഐയെ മില്യൺ മെമ്പർ പാർട്ടിയായി ഉയർത്താനുള്ള കർമ്മപരിപാടി വേണമെന്ന് കൊൽക്കത്തയിൽ ചേർന്ന ദേശീയ കൗൺസിൽ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി കോൺഗ്രസ് പ്രമേയം പാസാക്കിയത്. ശതാബ്ദിയാഘോഷങ്ങൾ നേരത്തേ ആരംഭിക്കണമെന്ന് പാർട്ടി കോൺഗ്രസ് നിർദ്ദേശിച്ചു.

ശതാബ്ദിയോടനുബന്ധിച്ച് ബഹുജനങ്ങളിൽ നിന്നും പാർട്ടിയംഗങ്ങളിൽ നിന്നുമുള്ള ഫണ്ട് ശേഖരണം നടത്തണം. പാർട്ടി ഓഫീസുകൾ അലങ്കരിക്കണം. എല്ലാ പാർട്ടി ഓഫീസുകളിലും പതാക ഉയർത്തണം. പ്രധാനവിഷയങ്ങളിൽ സെമിനാറുകളും സാംസ്കാരികപരിപാടികളും സംഘടിപ്പിക്കണം. ഓരോ ജില്ലാ ഘടകവും പാർട്ടി ചരിത്രവും ജില്ലയിലെ പാർട്ടി പ്രവർത്തനങ്ങളും പ്രസിദ്ധീകരിക്കണം. ജില്ലയിലെ പാർട്ടി നേതാക്കളുടെ ജീവചരിത്രങ്ങൾ സംബന്ധിച്ച ലഘുലേഖകളിറക്കണം. പാർട്ടി യൂണിറ്റുകൾ ശക്തിപ്പെടുത്തുന്നതിനൊപ്പം നിയോജകമണ്ഡലങ്ങളിലും പ്രവർത്തനം ശക്തിപ്പെടുത്തണം. അതുവഴി പാർലമെന്ററി സംവിധാനങ്ങളിൽ സാന്നിദ്ധ്യം കൂട്ടണമെന്നും നിർദ്ദേശിച്ചു.

ബി.ജെ.പി- ആർ.എസ്.എസ് സഖ്യത്തെ പരാജയപ്പെടുത്താനുള്ള വിശാല മതേതര-ജനാധിപത്യ ബദലിനാണ് സി.പി.ഐ പ്രാമുഖ്യം നൽകുന്നതെന്നും പാർട്ടി കോൺഗ്രസിലെ പ്രതിനിധി ചർച്ച അതിലൂന്നുന്നതായിരുന്നുവെന്നും ഇന്നലെ വാർത്താസമ്മേളനത്തിൽ സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി പറഞ്ഞു. പാർട്ടിയെന്ന നിലയിൽ വിഭവശേഷി തങ്ങൾക്ക് കുറവായിരിക്കാം. അതിൽ നിരാശപ്പെടേണ്ടതില്ല. ചെറുതാണെങ്കിലും വ്യക്തമായ നിലപാടുമായി നിലകൊള്ളുന്ന പാർട്ടിയായതിനാൽ ഇനിയും വളരാനാകും. രാജ്യത്ത് ബി.ജെ.പി- ആർ.എസ്.എസ് സഖ്യത്തെ തോല്പിക്കാനാവശ്യമായ വിശ്വാസ്യതയുള്ള ബദൽ വളർത്തിയെടുക്കുകയെന്നതിനാണ് പാർട്ടി ശ്രമിക്കുന്നത്. അതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലക്ഷദ്വീപ് ഭരണകൂടം അകാരണമായി അറസ്റ്റ് ചെയ്ത സി.പി.ഐ നേതാക്കളെ വിട്ടയയ്ക്കാനാവശ്യപ്പെടുന്നതടക്കം വിവിധ പ്രമേയങ്ങൾ പാർട്ടി കോൺഗ്രസ് പാസാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.