SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.01 PM IST

ഐക്യവസന്തം കൊണ്ടുവന്ന തരൂർ

sashi-tharoor

വ്യത്യസ്തനായൊരു ശശിതരൂരിനെ സത്യത്തിൽ ഇപ്പോഴാണ് കോൺഗ്രസുകാർ തിരിച്ചറിഞ്ഞത്. പ്രസിഡന്റ് പദവിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 1072 വോട്ടുകൾ തരൂരിന് കിട്ടുകകൂടി ചെയ്തപ്പോൾ, മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വോട്ടുപിടിക്കാൻ നെട്ടോട്ടം ഓടിയ നേതാക്കൾപോലും നെഞ്ചത്ത് കൈവച്ചുപോയി. മാത്രമല്ല തരൂരിന്റെ പ്രസക്തി ഗാന്ധി കുടുംബത്തിന് നന്നായി ബോദ്ധ്യപ്പെട്ട സ്ഥിതിക്ക് ഇനി എവിടെയാവും അദ്ദേഹത്തിനെ പ്രതിഷ്ഠിക്കുക എന്നതാണ് അവരുടെ ആധി. അദ്ദേഹത്തിന്റെ കസേര തങ്ങൾക്ക് മീതെ എങ്ങാനും വന്നുപോയാലോ എന്ന മനോവിലാപവുമുണ്ട്.

ഗാന്ധികുടുംബത്തിന്റെ തീരുമാനം അവഗണിച്ച് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറായതാണ് തരൂരിന്റെ ഏറ്റവും വലിയ ധൈര്യം. തന്നെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചവർ പോലും എതിർപ്പുമായി വന്നിട്ടും പോരാട്ടത്തിന്റെ വീര്യംകുറയ്ക്കാതെ പിടിച്ചുനിന്നത് രണ്ടാമത്തെ കാര്യം. എല്ലാവരെയും അത്ഭുതപ്പെടുത്തി ആയിരത്തിലധികം വോട്ടുനേടിയത് മൂന്നാമത്തെ പ്രത്യേകത. പക്ഷെ ഇതൊന്നുമല്ല കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ അസാധാരണ ഐക്യം വിളയിക്കാൻ കഴിഞ്ഞതാണ് തരൂരിന്റെ വലിയ പ്രസക്തി. തന്നെ തോല്പിക്കാൻ വേണ്ടിയാണെങ്കിൽപ്പോലും എല്ലാവരും ഒത്തുകൂടിയതിൽ അദ്ദേഹത്തിനും തോന്നിയിട്ടുണ്ടാവും ചെറിയ ചാരിതാർത്ഥ്യം.

എ.ഐ.സി.സി അദ്ധ്യക്ഷ പദവിയിലേക്കുള്ള വോട്ടെടുപ്പ് നടന്ന ദിവസം കെ.പി.സി.സി ആസ്ഥാനത്ത് കണ്ട കാഴ്ചകൾ സിരകളിൽ കോൺഗ്രസ് കൂറുള്ള ഏതൊരു പ്രവർത്തകനെയും കൊതിപ്പിക്കുന്നതായിരുന്നു. മുനവച്ച വർത്തമാനമില്ല, പരസ്പരം പഴിചാരലില്ല, ഗ്രൂപ്പ് വൈരത്തിന്റെ അലോസരമില്ല, തക്കം കിട്ടുമ്പോഴുള്ള തേപ്പുമില്ല. ഐക്യത്തിന്റെ ഊഷ്മളതയായിരുന്നു അന്തരീക്ഷമാകെ. രമേശ് ചെന്നിത്തലയും കെ.സി.വേണുഗോപാലും വി.ഡി.സതീശനുമൊക്കെ ചക്കരയും തേങ്ങയും പോലെ 'കുഴഞ്ഞ' പ്പോൾ മറ്റു പ്രവർത്തകരിലേക്കും അരിച്ചിറങ്ങി അതിന്റെ മധുരം. കൊടിക്കുന്നിൽ സുരേഷും കെ.സി.ജോസഫും ബെന്നിബഹനാനും തോളുരുമ്മി തമാശകൾ പൊട്ടിച്ചപ്പോൾ, ഗുരുവന്ദ്യനെപ്പോലെ സാക്ഷാൽ എ.കെ.ആന്റണി ഉൾപ്പുളകിതനായി. ' തൃപ്തിയായി മക്കളെ ' എന്ന ഭാവമായിരുന്നു ആന്റണിയുടെ മുഖത്ത്.

പെരുമ്പാമ്പ്, രാജവെമ്പാല, മൂർഖൻ, അണലി, വെള്ളിക്കെട്ടൻ, വാരിചുരുട്ട തുടങ്ങി പച്ചോലപാമ്പിനെ വരെ ഉൾപ്പെടുത്തി പതിറ്റാണ്ടുകൾക്ക് മുമ്പ് വേലായുധൻ എന്ന വ്യക്തി നടത്തിയ സർപ്പയജ്ഞം ഇന്നും പഴയ തലമുറക്കാരുടെ മനസിലുണ്ട്. വിഷമുള്ളതും ഇല്ലാത്തതും ചീറ്റുന്നതും പതുങ്ങുന്നതുമായ പാമ്പുകൾ എത്ര യോജിപ്പോടെയാണ് വേലായുധന്റെ ഒപ്പം ദിവസങ്ങൾ കഴിച്ചുകൂട്ടിയത്. ആ സർപ്പയജ്ഞത്തിന് സമാനമായ ഐക്യമാണ് ഇന്ദിരാ ഭവനിൽ കണ്ടതെന്ന് പറഞ്ഞു നടക്കുന്ന ദോഷൈകദൃക്കുകൾ അനുഭവിച്ചു തന്നെ തീർക്കുമെന്നേ ഇപ്പോൾ പറയാനുള്ളൂ. കാരണം അത്ര ഹൃദയാവർജ്ജകമായിരുന്നു നേതാക്കളുടെ കൂടിച്ചേരൽ. മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുഖത്തു മാത്രമാണ് നേരിയ കഷായകയ്പ് നിഴലിച്ചത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം താമസക്കാരില്ലാത്ത വീടുപോലെ നിശബ്ദമായിരുന്ന ഇന്ദിരാഭവൻ പൊടുന്നനെ ഉത്സവമൊരുങ്ങുന്ന അമ്പലപ്പറമ്പു പോലെയായി . എല്ലാവർക്കും ഉത്സാഹം, അസൂയാവഹമായ ഐക്യം. വി.ഡി.സതീശന്റെ 'പൊളപ്പൻ' തമാശകേട്ട് പാൽപ്പായസം ഉണ്ണുന്ന മനോഭാവത്തോടെ ചെന്നിത്തല കുലുങ്ങി ചിരിച്ചപ്പോൾ, കൊടിക്കുന്നിൽ ചിരിയടക്കാൻ വയ്യാതെ വായപൊത്തിപ്പിടിച്ച് ഓടി. തൊട്ടപ്പുറത്ത് ഇരുന്ന കെ.സി.വേണുഗോപാലാവട്ടെ ചിരിച്ചുചിരിച്ച് ചുമച്ചു. ഇത്രമാത്രം ഫലിതബിന്ദുക്കൾ വി.ഡി.സതീശനും ചെന്നിത്തലയുമൊക്കെ പഠിച്ചുവച്ചിട്ടുണ്ടോ എന്ന് മറ്റു പ്രവർത്തകരും ചിന്തിച്ചുപോയി. എല്ലാറ്റിനും നന്ദി പറയേണ്ടത് ശശിതരൂരിനോട്. അദ്ദേഹം മത്സരത്തിന് ഇറങ്ങിയതിനാലാണല്ലോ അസാദ്ധ്യമെന്ന് കരുതിയിരുന്ന കോൺഗ്രസ് ഐക്യം ആസ്ഥാനത്ത് രൂപപ്പെട്ടത്. മുതിർന്ന നേതാക്കളും മുൻ കെ.പി.സി.സി അദ്ധ്യക്ഷന്മാരുമായ തെന്നല ബാലകൃഷ്ണപിള്ളയും സി.വി.പദ്മരാജനും ഉൾപ്പടെയുള്ള നേതാക്കൾ പ്രായത്തിന്റെ പരാധീനതകൾ മറന്ന് വോട്ടു ചെയ്യാനെത്തി, തരൂരിനല്ല, മല്ലികാർജുൻ ഖാർഗെയ്ക്ക്. കോൺഗ്രസ് നേതൃത്വത്തിന്റെ സ്ഥാനാർത്ഥിയായ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് വോട്ടുതേടി ഭാരതപര്യടനം നടത്തിയ രമേശ് ചെന്നിത്തല സർവസമർപ്പിതനായി മാറി.

യഥാർത്ഥത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തണമെന്ന അദമ്യമായ ആഗ്രഹത്താലാണോ ഈ ഐക്യം പൊടുന്നനെ രൂപപ്പെട്ടത്. ദേശീയ ബോധവും കോൺഗ്രസിന്റെ അഭിമാനകരമായ പാരമ്പര്യവുമൊക്കെ എങ്ങനെയാണ് ആൾക്കാരിലേക്ക് ഇരച്ചുകയറിയത്. പതിവ് തല്ലും തൊഴുത്തിൽകുത്തും കണ്ടു ശീലിച്ചിട്ടുള്ള സാധാരണ കോൺഗ്രസുകാരന് സംശയമായി, തങ്ങൾ ഈ കാണുന്നതൊക്കെ സത്യമോ എന്ന്. ചിലരൊക്കെ കൈയിൽ നുള്ളിനോക്കി, മറ്റു ചിലർ കണ്ണു പലവട്ടം തിരുമ്മി നോക്കി. പക്ഷെ കണ്ടതെല്ലാം സത്യമാണ്. അങ്ങനെ പലരും തലപുകച്ചപ്പോഴാണ് ഐകമത്യം മഹാബലത്തിന്റെ ഗുട്ടൻസ് പിടികിട്ടിയത്. എം.കെ.രാഘവൻ എം.പിയും കെ.എസ്.ശബരീനാഥനും കേരളത്തിലെ തരൂർ പ്രേമികളും ഒരുമിച്ച്
മറ്റുസംസ്ഥാനങ്ങളിലുള്ള പി.സി.സി പ്രതിനിധികളിലേക്ക് പരകായ പ്രവേശം നടത്തി അവരെ കൊണ്ട് വോട്ടുചെയ്യിച്ച് എങ്ങാനും തരൂരിനെ കോൺഗ്രസ് പ്രസിഡന്റ് ആക്കിയാൽ സംഭവിക്കാവുന്ന ' വലിയ വിപത്ത്' ദീർഘജ്ഞാനികളായ നമ്മുടെ കേരളത്തിലെ നേതാക്കൾ മുൻകൂട്ടിക്കണ്ടു. പാർട്ടി പദവികളും നിയമസഭാ, ലോക്‌സഭാ മണ്ഡലങ്ങളും ഗ്രൂപ്പിന്റെ പേരിൽ പങ്കുവച്ചെടുക്കുന്ന പതിവ് കലാപരിപാടികൾക്ക് വിഘ്നമാവില്ലേ ? കണ്ണുരുട്ടിയും കൈമടക്കിയും കലപില കൂട്ടിയും ഹൈക്കമാൻഡിനെ വിരട്ടുന്ന ആഭിചാര വിദ്യകൾ അവസാനിക്കില്ലേ? കിരീടം വയ്ക്കാതെ രാജാക്കന്മാരായി വാഴുന്ന സുരഭിലസുന്ദര കാലം നഷ്ടമാവില്ലേ ? ഓരോ ദിവസവും ഉറക്കം നഷ്ടമായതോടെയാണ് 'അമ്പ് കുമ്പളത്ത്, വില്ല് ചേപ്പാട്ട്, എയ്യാൻ നിൽക്കുന്ന ആൾ പനങ്ങാട്ട് ' എന്ന മട്ടിലായിരുന്ന നേതാക്കൾ ഐക്യപ്പെടാൻ കഠിന തീരുമാനമെടുത്തത്. കീരിക്കും പാമ്പിനും എലിക്കും പൂച്ചയ്ക്കും ആനയ്ക്കും അണ്ണാനും ഒരു കൂരയ്ക്ക് കീഴിൽ സസുഖം വാഴാം എന്ന 'ആഗോള സഹജീവി സ്നേഹ സഹകരണ സിദ്ധാന്തം ' അവർ അങ്ങനെ പ്രാവർത്തികമാക്കി. മഹാത്മാഗാന്ധി ദണ്ഡിയാത്ര നടത്തിയതിനേക്കാൾ വലിയ പരിവേഷത്തോടെയാണ് രമേശ് ചെന്നിത്തലജി മല്ലികാർജ്ജുൻ ഖാർഗെയെ വിജയതിലകമണിയിക്കാൻ വോട്ടുസമാഹരണ യാത്ര സംഘടിപ്പിച്ചത്. പിടിച്ചതെല്ലാം പെട്ടിയിൽ വീണോ എന്തോ ? തന്നോട് മറ്റു നേതാക്കൾക്കെല്ലാം ഇത്ര വാത്സല്യമുണ്ടായിരുന്നല്ലോ എന്ന് തരൂരിന് ബോദ്ധ്യമായത് ഇപ്പോഴാണ്. കേരളത്തിന്റെ അഭിമാനം ഉയർത്തിക്കാട്ടി ശക്തമായ ഒരു മത്സരം കാഴ്ചവയ്ക്കാമെന്ന തന്റെ മോഹത്തിന് എ.കെ.ആന്റണിയും ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയുമെല്ലാം നിഗ്രഹമൂർത്തികളായി നിന്ന് തടയിടുന്നത് കണ്ടപ്പോൾ ശശിതരൂർ വല്ലാതെ തകർന്നുപോയി. കെട്ടിപ്പിടിച്ച് പൊട്ടിക്കരയാൻ ആകെയുണ്ടായത് എം.കെ.രാഘവനും കൂടെ കരഞ്ഞത് കെ.എസ്. ശബരീനാഥനും മാത്രം. എങ്കിലും ഒരിഞ്ചുപോലും പിറകോട്ട് മാറാതെ പൊരുതാൻ തീരുമാനിച്ചതാണ് തരൂരിന്റെ ഉൾക്കരുത്ത്. അവസാനം വരെ സമചിത്തതയോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഴുകിയ തരൂർ ഒരിക്കൽ പോലും ആരെയും അവഹേളിച്ചതുമില്ല.

ഇതുകൂടി കേൾക്കണേ

എഴുത്തും വായനയും അറിയുന്ന, തലയിൽ ആൾത്താമസമുള്ള നേതാക്കളെ കോൺഗ്രസുകാർക്ക് പണ്ടേ കണ്ടുകൂടാ. അല്ലെങ്കിൽ പ്രൊഫ.കെ.വി.തോമസിനെ പോലുള്ളവരെ പുകച്ചു പുറത്തു ചാടിക്കുമോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SASHI THNAROOR AND KPCC
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.