SignIn
Kerala Kaumudi Online
Friday, 19 April 2024 5.27 AM IST

തേനീച്ചയ്ക്കും കടന്നലിനും വന്യജീവി പദവി

photo

തേനീച്ചയുടെയോ കടന്നലിന്റെയോ കുത്തേറ്റു മരിച്ചാൽ ആശ്രിത കുടുംബത്തിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ സംസ്ഥാന സർക്കാർ കൈക്കൊണ്ട തീരുമാനം സ്വാഗതാർഹമാണ്. ഇതുവരെ അങ്ങനെ ഒരേർപ്പാടില്ലായിരുന്നു. പ്രായേണ നിരുപദ്രവകാരിയെന്നു കരുതുന്ന തേനീച്ചയുടെ ആക്രമണത്തിലും ഇടയ്ക്കിടെ മനുഷ്യർക്ക് ജീവൻ നഷ്ടപ്പെടാറുണ്ട്.

കടന്നലുകളാകട്ടെ കൂടുതൽ ആക്രമണ സ്വഭാവമുള്ളവരാണ്. അങ്ങോട്ടുചെന്നാലേ ഈ ജീവികൾ ആക്രമണത്തിന് ഒരുമ്പെടാറുള്ളൂ എന്നതു മറ്റൊരു കാര്യം. തേനീച്ചയെയും കടന്നലിനെയും വന്യജീവി എന്ന നിലയിൽ പരിഗണിച്ചാണ് അവ മൂലം സംഭവിക്കുന്ന മരണങ്ങൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തീരുമാനം. ഇപ്പോൾത്തന്നെ വന്യജീവികളുടെ ആക്രമണത്തിൽ മരിക്കുന്നവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. പത്തുലക്ഷം രൂപയാണ് നഷ്ടപരിഹാരം. എന്നാൽ ഇതിനൊന്നും ഒരു ഏകീകൃത മാനദണ്ഡമില്ലെന്നതാണ് വലിയ പോരായ്മ. കടന്നലിന്റെയോ തേനീച്ചയുടെയോ കുത്തേറ്റു പരിക്കേറ്റാലും നഷ്ടപരിഹാരം ലഭിക്കും. പരമാവധി ഒരു ലക്ഷം രൂപ വരെയാണ് തുക. വനത്തിൽവച്ചു മാത്രമല്ല പുറത്തും സമാന സംഭവങ്ങളുണ്ടായാൽ നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകും. നാട്ടിൽ പലർക്കും കടന്നലാക്രമണം നേരിടേണ്ടിവരാറുണ്ട്. നിലവിൽ ചികിത്സാച്ചെലവു പോലും ലഭിക്കാറുമില്ല. ഈ ദുരവസ്ഥയ്ക്കാണ് ഇനി മാറ്റം വരാൻ പോകുന്നത്.

കാട്ടുജീവികളുടേതായാലും നാട്ടുജീവികളുടേതായാലും മനുഷ്യജീവനു ഭീഷണി നേരിട്ടാൽ സഹായം നൽകേണ്ട ബാദ്ധ്യത സർക്കാരിന്റേതാണ്. വനത്തിൽവച്ച് മൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചാലും നാട്ടിൽ വച്ച് അതു സംഭവിച്ചാലും ഫലം ഒന്നുതന്നെയാണ്. ഇത്തരം മരണത്തിലൂടെ ഒരു കുടുംബമാകും പലപ്പോഴും അനാഥമാകുന്നത്. നിയമത്തിന്റെ സാങ്കേതികത്വം ഉയർത്തിക്കാട്ടി സഹായം നിഷേധിക്കുന്നതും പതിവാണ്. വനത്തിൽ വച്ചു പാമ്പുകടിയേറ്റു മരിച്ചാൽ പത്തുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. എന്നാൽ നാട്ടിൽവച്ചാകുമ്പോൾ നഷ്ടപരിഹാരം രണ്ടുലക്ഷത്തിലേക്കു ചുരുങ്ങും. മറ്റു വന്യജീവികൾ മൂലം ഉണ്ടാകുന്ന മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിലും ഇതേ വിവേചനങ്ങൾ കാണാം. ദുരന്ത മരണങ്ങൾ അത് ഏതു കാരണത്താലുമാകട്ടെ ഒരേ രീതിയിൽ കാണാനുള്ള മാനദണ്ഡങ്ങൾക്കു വേണ്ടിയാകണം ആവശ്യം ഉയരേണ്ടത്. കടലിൽ വള്ളം മറിഞ്ഞു മരിച്ചാലും നാട്ടിൽ തെങ്ങിൽ നിന്നു വീണുമരിച്ചാലും അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വ്യവസ്ഥയുണ്ട്. അതേസമയം റോഡപകടങ്ങളിൽ ഉണ്ടാകുന്ന മരണങ്ങൾക്കുള്ള നഷ്ടപരിഹാരത്തിന് പൊതുവായ മാനദണ്ഡങ്ങളൊന്നുമില്ല. ചില അവസരങ്ങളിൽ ആശ്രിതർക്ക് ഉയർന്ന തോതിൽ സഹായം നൽകും. മറ്റ് ചിലപ്പോൾ സംഖ്യ കുറഞ്ഞെന്നിരിക്കും. നടപ്പുകാലത്ത് നായകളുടെ ആക്രമണങ്ങളിൽ നൂറുകണക്കിനാളുകൾക്ക് പരിക്കുപറ്റി. ചിലരുടേത് അതീവ ഗുരുതരമായിരുന്നു. നായയെ പിടികൂടി കുത്തിവയ്പു നടത്താൻ ശ്രമിച്ചതല്ലാതെ നായ കടിയേറ്റ നിസ്സഹായരെ സഹായിക്കാൻ ആരുമുണ്ടായില്ല. ആർക്കു കടിയേറ്റാലും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ ശുപാർശ ഉണ്ട്. എന്നാൽ അതിനുവേണ്ടി പലരും ശ്രമം നടത്താറില്ല. നിയമവ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞത തന്നെയാണു പ്രധാന കാരണം. വന്യജീവികൾ മനുഷ്യരെ കൊന്നാലും നിയമത്തിൽ പറയുന്ന നഷ്ടപരിഹാരം കൈയിലെത്താൻ പെടാപ്പാടുപെടണം. നടപടിക്രമങ്ങളിലെ നൂലാമാലകളും സ്വതസിദ്ധമായ കാലതാമസവുമൊക്കെ സഹായം നീണ്ടുപോകാനുള്ള കാരണങ്ങളാണ്. കൂടുതൽ ഉദാര സമീപനം സ്വീകരിക്കാൻ ചുമതലപ്പെട്ടവർ തയ്യാറായാൽ കാര്യങ്ങൾ എളുപ്പമാകും. അതോടൊപ്പം തന്നെ ഏതു തരത്തിലുള്ള ദുരന്തമരണങ്ങൾക്കും നഷ്ടപരിഹാരം നൽകുന്നതിനുള്ള നിയമങ്ങളിലും ചട്ടങ്ങളിലും ഏകീകൃത സ്വഭാവം കൊണ്ടുവരാനാകുമോ എന്നു പരിശോധിക്കുന്നതും നന്നായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COMPENSATION OF DEATHFROM BEES AND WASP
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.