SignIn
Kerala Kaumudi Online
Friday, 19 April 2024 11.33 PM IST

വക്കം ഖാദർ ; ഓർമ്മകളുടെ ഉയിർപ്പ്

vakkom-khadar

കാലവും ചരിത്രവും വിസ്‌മരിച്ച സ്വാതന്ത്ര്യ സമരത്തിലെ ധീരരക്തസാക്ഷിയായ കേരളത്തിന്റെ വീരപുത്രൻ ഐ.എൻ.എ ഹീറോ വക്കം ഖാദറിന്റെ ഓർമ്മകൾ ഉയിർത്തെഴുന്നേൽക്കുകയാണ്. 1943 സെപ്തംബർ 10ന് ബ്രിട്ടീഷ് സർക്കാർ തൂക്കിക്കൊന്ന വക്കം ഖാദറിന്റെ സ്‌മാരകം 79 വർഷത്തിനുശേഷം തലസ്ഥാനനഗരിയിൽ ഒക്ടോബർ 23ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുകയാണ്. വക്കം ഖാദർ നാഷണൽ ഫൗണ്ടേഷന്റെ ശ്രമഫലമായി കേരള സർക്കാർ പാളയത്ത് നന്ദാവനത്ത് നൽകിയ സ്ഥലത്താണ് സ്‌മാരകമന്ദിരം നിർമ്മിച്ചിരിക്കുന്നത്.

തിരുവനന്തപുരം ചിറയിൻകീഴ് താലൂക്കിൽ വക്കത്ത് അഞ്ചുതെങ്ങ് കായൽതീരത്തെ താമരക്കുളത്തിന്റെ കരയിലെ ചെറിയകുടിലിൽ കടത്തുകാരൻ വാവകുഞ്ഞിന്റെയും, ഉമ്മുസലുമ്മയുടെയും മകനായി 1917 മേയ് 25നാണ് ഖാദർ ജനിച്ചത്. സ്‌കൂളിൽ പഠിക്കുമ്പോൾത്തന്നെ തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ് നടത്തിയ സ്വാതന്ത്ര്യസമരത്തിൽ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് നേതൃത്വം നൽകി. നാട്ടിലുണ്ടായ വർഗീയലഹളയിൽ മതനിരപേക്ഷത നിലപാടു സ്വീകരിച്ചുകൊണ്ട് വർഗീയതയ്ക്കെതിരെ തുടങ്ങിയ പോരാട്ടം ജീവിതാന്ത്യം വരെ തുടർന്നു. 1936ൽ മെട്രിക്കുലേഷൻ പാസായ ഖാദറിന് വിദ്യാഭ്യാസം തുടരാനായില്ല. നാട്ടിൽനിന്നാൽ കേസും വഴക്കുമായി മകന്റെ ഭാവി തകരുമെന്നു ഭയന്ന പിതാവ് വാവകുഞ്ഞ് മകനെ മലയായിലേക്ക് അയച്ചു. തൊഴിൽതേടി മലയയിലെത്തിയ വക്കം ഖാദർ കുറച്ചുകാലം സർക്കാർ ജോലി നോക്കിയെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിലേക്കു പ്രവേശിച്ചു. രണ്ടാംലോക മഹായുദ്ധകാലത്ത് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ഐ.എൻ.എ മലയായിൽ ആരംഭിച്ച സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഖാദർ അംഗമായി. സ്വാതന്ത്ര്യസമരത്തെ സഹായിക്കാനിറങ്ങിയ ഖാദർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിൽ ആരംഭിച്ച ആത്മഹത്യാസ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടീഷ് ഗവൺമെന്റിനെതിരെ ചാരപ്രവർത്തനത്തിനായി കർശന വ്യവസ്ഥകളോടെ നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് ഖാദറിനെയും 19 പേരെയും ആത്മഹത്യാ സ്‌ക്വാഡിൽ തിരഞ്ഞെടുത്തത്. സത്യപ്രതിജ്ഞയിൽ ഒപ്പിടേണ്ടത് സ്വന്തം രക്തം ഉപയോഗിച്ചുവേണമെന്ന് നിഷ്‌കർഷിച്ചു.

തിരഞ്ഞെടുക്കപ്പെട്ട 20 പേരിൽ 11 പേരും കേരളീയരായിരുന്നു. അഞ്ചുപേർ വീതമുള്ള നാലുസംഘങ്ങളായി തിരിച്ചു. രണ്ട് സംഘങ്ങൾ ബർമ്മവഴി കരമാർഗവും രണ്ടുസംഘങ്ങൾ അന്തർവാഹിനി വഴി കടൽമാർഗവുമാണ് ഇന്ത്യയിലെത്താൻ നിയോഗിച്ചത്. അഞ്ചംഗ സംഘത്തിന്റെ നേതാവായിരുന്നു വക്കം ഖാദർ. 1942 സെപ്തംബർ 18 ന് രാത്രി 10 മണിക്ക് പെനാങ്ക് തുറമുഖത്തുനിന്നും പുറപ്പെട്ട സംഘം ഒൻപതാം ദിവസം കോഴിക്കോടിനു 33 കിലോമീറ്റർ തെക്കുള്ള താനൂർ കടപ്പുറത്ത് എത്തിച്ചേർന്നു. ആലപ്പുഴയിലും കൊച്ചിയിലും ഇറങ്ങാൻ ശ്രമിച്ചെങ്കിലും അന്തർവാഹിനിയിൽ നിന്നും അവരെ കൊണ്ടിറക്കിയത് താനൂർ കടപ്പുറത്തിനടുത്താണ്. അഞ്ചുപേരും ഒരു ഡിഞ്ചി (ചെറുവഞ്ചി )​യിൽ കയറി തുഴഞ്ഞ് താനൂർ കടപ്പുറത്തെത്തിയപ്പോൾ തന്നെ പൊലീസ് പിടിയിലായി. മദ്രാസിലെ സെൻട്രൽ ജയിലായ സെന്റ് ജോർജ് കോട്ടയിൽ കൊണ്ടുപോയി. സെന്റ് ജോർജ് കോട്ടയിൽ അതിക്രൂര മർദ്ദനമേറ്റു. 105 ദിവസം കഠിനമായ ജയിൽശിക്ഷ അനുഭവിച്ച അവർക്ക് ബ്രിട്ടീഷ് കോടതി ഒടുവിൽ വധശിക്ഷ വിധിച്ചു.

വക്കം ഖാദർ, അനന്തൻ നായർ, ബർധൻ, ബോണിഫേസ്, ഫൗജാ സിംഗ് എന്നിവർ കുറ്റക്കാരെന്നു കണ്ടെത്തിയ കോടതി അവർ രാജ്യദ്രോഹം ചെയ്തവരാണെന്ന് വിധിച്ചു.

തിരുവിതാംകൂർ എന്ന നാട്ടുരാജ്യത്തിലെ പ്രജയായ ബോണി ഫേസിനെ മറ്റൊരു നാട്ടുരാജ്യമായ ബറോഡയിൽ നിന്നും അറസ്റ്റ് ചെയ്തതിനാൽ അദ്ദേഹത്തെ ശിക്ഷിക്കാൻ ബ്രിട്ടീഷ് ഇന്ത്യാ ഗവൺമെന്റിന് അധികാരമില്ലെന്ന സാങ്കേതികവാദത്തിൽ ബോണി ഫേസിനെ കോടതി വിട്ടയച്ചു. ധീരനായ ഈ സ്വാതന്ത്ര്യസമര സേനാനി 1990 ജൂൺ 25ന് അന്തരിച്ചു.

വക്കം ഖാദർ, അനന്തൻ നായർ, ബർധൻ, ഫൗജാ സിംഗ് എന്നിവർക്ക് വധശിക്ഷ ഉറപ്പായി. 1943 സെപ്തംബർ 10ന് വധശിക്ഷ നടപ്പാക്കാൻ കോടതി ഉത്തരവിട്ടു.

സെൻട്രൽ ജയിലിൽ ഒരേസമയം രണ്ടുപേരെ മാത്രമേ തൂക്കിലിടാനുള്ള സൗകര്യമുള്ളൂ. ആദ്യം ഫൗജാ സിംഗിനെയും ഖാദറിനെയും പിന്നീട് അനന്തൻ നായരെയും ബർധനെയും തൂക്കിലേറ്റാനാണ് ജയിൽ അധികൃതർ തീരുമാനിച്ചിരുന്നത്. തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം രാത്രി ഖാദർ തന്റെ ആത്മമിത്രമായ ബോണിഫേസിനും, പ്രിയപ്പെട്ട പിതാവ് വാവക്കുഞ്ഞിനുമെഴുതിയ കത്തുകൾ അത്യന്തം ഹൃദയസ്പർശിയായിരുന്നു. വക്കം സുകുമാരൻ രചിച്ച ഐ.എൻ.എ ഹീറോ വക്കം ഖാദർ എന്ന ജീവചരിത്രഗ്രന്ഥത്തിലൂടെയാണ് മലയാളികൾക്ക് വക്കം ഖാദറിന്റെ ജീവിതകഥ അറിയാനിടയായത്.

തൂക്കിക്കൊല്ലുന്നതിന്റെ തലേദിവസം ഇരുമ്പഴികൾക്കുള്ളിലിരുന്നു ഇന്ത്യയുടെ അഖണ്ഡതയെയും ദേശീയതയെയും കുറിച്ച് തീവ്രമായി ആലോചിച്ച ഖാദറിന് ജാതിമതാന്ധതകൾ സൃഷ്ടിക്കുന്ന ഭിന്നതകൾ ഭാരതാംബയ്ക്ക് ഭീഷണിയാകുമെന്നു തോന്നിയിരുന്നു. ഈ ഭിന്നത ഇല്ലാതാക്കി മതമൈത്രിയുടെ സന്ദേശത്തിനു പ്രചോദനമേകാൻ തന്റെ മരണം ഉപകരിക്കണമെന്നു അദ്ദേഹത്തിനു തോന്നി. തന്റെ അന്ത്യാഭിലാഷം ഖാദർ ജയിൽ സൂപ്രണ്ടിനോട് പറഞ്ഞു. ''ഹിന്ദു - മുസ്ളിം മൈത്രിയുടെ പ്രതീകമായി എന്നോടൊപ്പം ഒരു ഹിന്ദുവിനെ തൂക്കിലിടണം." നിഷേധിക്കാൻ ജയിൽ സൂപ്രണ്ടിന് കഴിഞ്ഞില്ല. അങ്ങനെ ഖാദറിനെയും അനന്തൻ നായരെയും ഒന്നിച്ച് ആദ്യവും, ഫൗജാസിംഗിനെയും ബർദനെയും ഒന്നിച്ചു പിന്നീടും തൂക്കിലേറ്റാൻ തീരുമാനിച്ചു. ഉറച്ച കാലടികളോടെ വീരന്മാർക്ക് മാത്രം ചേർന്ന മന്ദഹാസത്തോടെ മരണത്തിന്റെ കരങ്ങളിലേക്ക് നടന്നടുക്കുമ്പോൾ ആ ധീരവിപ്ളവകാരികൾ ഉറക്കെ മുദ്രാവാക്യം വിളിച്ചു. ഭാരത് മാതാ കീ ജയ്! ബ്രിട്ടീഷ് സാമ്രാജ്യത്വം തുലയട്ടെ!

( ലേഖകൻ വക്കം ഖാദർ നാഷണൽ ഫൗണ്ടേഷൻ പ്രസിഡന്റാണ്)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VAKKOM KHADAR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.