SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.20 AM IST

കുറ്റവാളികളും മാനസികാരോഗ്യ പരിചരണവും

photo

കേരളത്തിൽ നടന്ന നരബലിയും കുറ്റകൃത്യം നടപ്പാക്കാൻ പ്രതികൾ സ്വീകരിച്ച നീചമായ രീതികളും മൃതദേഹത്തോടു പോലും ചെയ്ത ക്രൂരതകളും കേരള മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെ വികാരങ്ങൾ മനസിലാകാത്ത, അവരുടെ വികാരങ്ങൾക്ക് ഒരു വിലയും നൽകാൻ തയ്യാറാകാത്ത, ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്ന, വിചിത്രമായ ചിന്തകളിലും പ്രവൃത്തികളിലും ഏ‌ർപ്പെട്ടിരുന്ന ഒരു സോഷ്യോ-സൈക്കോപാത്തിന് മാത്രം സാധിക്കുന്ന കാര്യങ്ങളാണ് അവിടെ നടന്നത്.

നരബലിക്കേസിലെ ഒന്നാംപ്രതി ഷാഫിചെയ്ത ആദ്യ കുറ്റകൃത്യമല്ല ഇത്. 2020ൽ കോലഞ്ചേരിയിൽ വയോധികയെ ക്രൂര പീഡനത്തിനിരയാക്കിയിരുന്നു. പാങ്കോട് വൃദ്ധയെ പീഡിപ്പിച്ച കേസിൽ അഞ്ചുമാസം ശിക്ഷ കിട്ടിയശേഷം ജാമ്യത്തിലിറങ്ങിയ ആളാണ്. നരബലിക്ക് മുമ്പും എട്ടോളം കേസുകൾ ഷാഫിയുടെ പേരിലുണ്ടെന്നാണ് വിവരം. എന്തുകൊണ്ടാണ് ഒരു കേസിൽ ശിക്ഷിക്കപ്പെട്ടയാൾ തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്യുന്നതെന്ന് നമ്മുടെ സർക്കാ‌ർ സംവിധാനങ്ങൾ പരിശോധിക്കണം. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരുടെ മനോനിലയും അവരുടെ സാമൂഹിക ഇടപെടലും നിരീക്ഷിക്കണം. അത്തരം മാനസിക വൈകൃതമുള്ള ആളുകളെ കണ്ടെത്തുന്നതിൽ പരാജയപ്പെടുന്നതാണ് ഇലന്തൂരിലേതു പോലുള്ള ദാരുണ സംഭവങ്ങളിലേക്ക് നയിക്കുന്നത്.

ഒരു കുറ്റകൃത്യം നടന്നാൽ അതിന്റെ പ്രാരംഭഘട്ടത്തിൽ തന്നെ അതിലേർപ്പെട്ട ആളുകളെപ്പറ്റിയുള്ള അന്വേഷണം ആരംഭിക്കണം. പ്രാരംഭഘട്ടമെന്നാൽ കേസ് കോടതിയുടെ പരിഗണനയിൽ നിൽക്കുന്ന സമയത്തുതന്നെ. ഒരുപാട് ക്രിമിനൽ പശ്ചാത്തലമുള്ള ആളാണോ, മാനസിക വൈകല്യമുള്ള ആളാണോ, അതുമൂലം ഇനിയും കുറ്റകൃത്യങ്ങൾ ചെയ്യാൻ സാദ്ധ്യതയുണ്ടോ തുടങ്ങിയ കാര്യങ്ങൾ തുടക്കത്തിൽത്തന്നെ മനസിലാക്കി അതിന് ചികിത്സ നല്കണം. ഇത്തരം ആളുകളെ ശിക്ഷിക്കുമ്പോൾ ജയിലുകളിലും ഇവർക്കാവശ്യമായ മാനസികാരോഗ്യ പരിചരണം ലഭ്യമാക്കണം. അതിനായി മുഴുവൻ ജയിലുകളിലും മാനസികാരോഗ്യ വാർഡുകൾ സ്ഥാപിക്കണം. ഈ വാർഡുകളിൽ മാനസികവൈകല്യം സ്ഥിരീകരിച്ച തടവുകാരെ മാത്രമല്ല, അവിടെയുള്ള മുഴുവൻ തടവുകാരെയും പരിചരിക്കണം. അങ്ങനെ ചെയ്യുമ്പോൾ ഓരോ വ്യക്തിയുടേയും കുറ്റകൃത്യവാസന തിരിച്ചറിയാൻ സാധിക്കും. അവരെ അതിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്താണെന്നറിയാൻ സാധിക്കും. അതിലൂടെ അയാൾ വീണ്ടും കുറ്റം ചെയ്യാൻ സാദ്ധ്യതയുണ്ടെങ്കിൽ അത് തടയാൻ സാധിക്കും.

കുറ്റകൃത്യംചെയ്ത ആളുകളെല്ലാം എന്തെങ്കിലും തരത്തിലുള്ള മാനസിക രോഗമുള്ളവരാണെന്ന് അർത്ഥമില്ല. എന്നാൽ ഒരു കുറ്റം ചെയ്തയാളിന്റെയും നിരവധി കുറ്റകൃത്യങ്ങൾ ചെയ്തയാളിന്റെയും മാനസികനില തമ്മിൽ വ്യത്യാസമുണ്ട്. കുറ്റം ചെയ്‌തയാളുകളിൽ പശ്ചാത്താപമുള്ള ആളുകളെയും അതില്ലാത്ത ആളുകളേയും തിരിച്ചറിയണം. അത്തരം ആളുകളുടെ വിവരങ്ങൾ ശേഖരിച്ച് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കണം. അതിൽനിന്ന് കുറ്റകൃത്യ വാസന കൂടുതലുള്ള ആളുകളെയും അല്ലാത്തവരെയും പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഈ രീതിയിൽ വേർതിരിച്ചെടുക്കുന്ന പട്ടിക പരിശോധിച്ച് ഓരോ വ്യക്തിയുടെയും ബാല്യം,​ അവർ വളർന്നുവന്ന സാഹചര്യം, കുറ്റകൃത്യം ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന ഘടകം,​ അവരുടെ ഇപ്പോഴത്തെ സാമൂഹിക പശ്ചാത്തലം, സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങൾ പഠിക്കണം. ഇതിൽ ഏതെങ്കിലും ഘടകമാണോ അവരെ വീണ്ടും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് അങ്ങനെയുള്ളവരുടെ 'ഹൈ റിസ്ക്' പട്ടിക തയ്യാറാക്കാം. അതിൽ നിന്നും ആവശ്യമായവർക്ക് ചികിത്സ നൽകി അവരിലെ കുറ്റകൃത്യ വാസന ഇല്ലാതാക്കാനാവും.

ഇത്തരത്തിൽ ഒരു പട്ടിക തയ്യാറാക്കുന്ന സമയത്ത് വളരെ രഹസ്യാത്മകത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. പൊലീസിന്റേയോ വിവരശേഖരണത്തിനായി നിയോഗിക്കപ്പെട്ട ഏജൻസിയുടേയോ ഇടപെടൽ ഒരു വ്യക്തിയുടേയും കുടുംബത്തിന്റേയും സ്വസ്ഥമായ ജീവിതത്തിന് തടസം സൃഷ്ടിക്കരുത്. വിവരശേഖരണം മൂലം പൊതുസമൂഹത്തിന് മുന്നിൽ ഒരാളുടേയും ജീവിതത്തിന് അവമതിപ്പുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം. അങ്ങനെയല്ലാതെ വളരെ ലാഘവത്തോടെ ഈ കാര്യങ്ങൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ഉദ്ദേശിച്ചതിന് വിപരീതമാകും ഫലം. ഉദാഹരണത്തിന്,​ ഒരു നാട്ടിൽ എന്ത് കുറ്രകൃത്യം നടന്നാലും ഏതെങ്കിലുമൊരു കേസിൽ ശിക്ഷിക്കപ്പെട്ട ആളുടെ വീട്ടിൽ നിരന്തരം പൊലീസ് കയറിയിറങ്ങിയാൽ പൊലീസ് തന്നെ സ്ഥിരം കുറ്റവാളിയായി ചിത്രീകരിച്ചുവെന്ന തോന്നൽ അയാളിൽ ഉണ്ടാവുകയും അയാൾ ആ വഴി തിരഞ്ഞെടുക്കുകയും ചെയ്യാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് മാനുഷിക പരിഗണന നൽകിവേണം ഈ കാര്യങ്ങൾ നടപ്പിലാക്കാൻ.

നരബലി കേസിൽ കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കാൻ പൊലീസ് നടത്തിയിട്ടുള്ള അന്വേഷണങ്ങൾ പ്രശംസനീയമാണ്. അതിനൊപ്പം കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെ മേൽപ്പറഞ്ഞതു പോലെ നിരന്തരം നിരീക്ഷിക്കുകയും അവർക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കുകയും ചെയ്താൽ ഒരുപാട് കേസുകൾ സംഭവിക്കുന്നത് തടയാൻ സാധിക്കും.

(ലേഖകൻ കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സൈക്യാട്രിസ്‌റ്റാണ് )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSYCOPATH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.