തൃശൂർ: ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കൊളോക്വിയം 25, 26 തിയതികളിൽ തിരുവനന്തപുരം ജവഹർ സഹകരണ ഭവനിൽ ചേരുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്ക്കരണത്തിന് നിയോഗിച്ച മൂന്ന് വിദഗ്ദ്ധ കമ്മിഷനുകളുടെയും റിപ്പോർട്ടുകളിൽ തുടർനടപടി ചർച്ച ചെയ്യുകയാണ് ലക്ഷ്യം. 25ന് രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. സർവകലാശാലാ നിയമ പരിഷ്കരണ കമ്മിഷൻ ചെയർമാൻ പ്രൊഫ.എൻ.കെ.ജയകുമാർ, പരീക്ഷാ പരിഷ്കരണ കമ്മിഷൻ ചെയർമാൻ പ്രൊഫ.സി.ടി.അരവിന്ദകുമാർ, ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മിഷൻ അംഗം പ്രൊഫ.സാബു അബ്ദുൾ ഹമീദ് എന്നിവർ റിപ്പോർട്ടുകൾ സമർപ്പിക്കും. കമ്മിഷൻ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സർക്കാർ ഇതിനകം പ്രോജക്ട് മോഡ് കോഴ്സുകൾ, കരിക്കുലം പരിഷ്കരണം തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. ഈ പദ്ധതികളുടെ പ്രവർത്തനദിശയും വേഗവും ഉറപ്പാക്കാനും പദ്ധതികൾ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശം കൊളോക്വിയത്തിൽ നിന്നും സ്വീകരിക്കും. അടുത്ത അക്കാഡമിക് വർഷത്തിൽ കൊളോക്വിയത്തിൽ നിന്ന് രൂപപ്പെടുന്ന ആശയം നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |