SignIn
Kerala Kaumudi Online
Saturday, 20 April 2024 8.43 AM IST

ഹിമാചൽപ്രദേശിലെ തിരഞ്ഞെടുപ്പ്

mallikarjun-kharge

ഹിമാചൽപ്രദേശിലെ 68 അംഗ നിയമസഭയിലേക്ക് നവംബർ 12ന് നടക്കുന്ന തിരഞ്ഞെടുപ്പ് ഭരണപക്ഷത്തുള്ള ബി.ജെ.പിയെക്കാൾ പ്രതിപക്ഷത്തുള്ള കോൺഗ്രസിനാണ് വലിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്. ഖാർഗെ കോൺഗ്രസ് ദേശീയ പ്രസിഡന്റായതിനുശേഷം പാർട്ടി നേരിടുന്ന ആദ്യത്തെ തിരഞ്ഞെടുപ്പുകളാണ് ഹിമാചൽപ്രദേശിലും ഗുജറാത്തിലും നടക്കുന്നത്.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നതിനാൽ ഹിമാചലിൽ പ്രചാരണരംഗത്ത് ആളും അർത്ഥവും കൂടുതൽ ഉപയോഗിക്കുന്നതിൽ ബി.ജെ.പി മുന്നിലാണ്. അതേസമയം ഭരണവിരുദ്ധവികാരവും സംസ്ഥാനത്ത് പ്രകടമാണ്. ഇത് പരമാവധി മുതലെടുക്കുന്നതിനൊപ്പം പുതിയ പ്രതീക്ഷകൾ കൂടി മുന്നോട്ടുവച്ചാൽ മാത്രമേ കോൺഗ്രസിന് അധികാരത്തിലെത്താനാവൂ. സ്വകാര്യ ഏജൻസികൾ നടത്തിയ പ്രീ പോൾ സർവേയിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ വരാൻ സാദ്ധ്യതയുള്ളതായി പ്രവചിക്കുന്നുണ്ടെങ്കിലും അതെല്ലാം സ്പോൺസേർഡ് പ്രവചനങ്ങളാണെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. സാധാരണ നിലയിൽ കോൺഗ്രസ് ഭരിച്ചാൽ ബി.ജെ.പി വരിക അതുകഴിഞ്ഞാൽ വീണ്ടും കോൺഗ്രസ് എന്നിങ്ങനെയാണ് ഹിമാചൽപ്രദേശിലെ രാഷ്ട്രീയം ഇതുവരെ നീങ്ങിക്കൊണ്ടിരുന്നത്. പ്രധാനമന്ത്രി മോദി പങ്കെടുത്ത വമ്പിച്ച പൊതുയോഗത്തോടെയാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമിട്ടത്. കോൺഗ്രസ് മുക്ത ഭാരതം എന്ന ബി.ജെ.പി നേതൃത്വത്തിന്റെ ആഹ്വാനം പ്രാവർത്തികമാക്കാൻ പ്രവർത്തകർ തിരക്കിട്ട പ്രചാരണത്തിലാണ്. മറുപക്ഷത്ത് കോൺഗ്രസിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത് പ്രിയങ്കാഗാന്ധിയാണ്. ബി.ജെ.പിക്കും കോൺഗ്രസിനും പുറമെ ഇത്തവണ ആം ആദ്‌മി പാർട്ടിയും തിരഞ്ഞെടുപ്പ് ഗോദയിലുണ്ട്. എന്നാൽ പറയത്തക്ക സ്വാധീനം ആം ആദ്‌മിക്ക് ഹിമാചൽ പ്രദേശിലില്ല. അതേസമയം ഇവർ പിടിക്കുന്ന വോട്ട് ജയപരാജയങ്ങൾ നിർണയിക്കുന്ന പ്രധാന ഘടകമായി മാറിയേക്കാം. നേതാവായി ഉയർത്തിക്കാണിക്കാൻ ഒരു പ്രമുഖ മുഖത്തിന്റെ അഭാവം ആം ആദ്‌മിയെ അലട്ടുന്നുണ്ട്. കോൺഗ്രസിനെയും ഉചിതമായ നേതാവിന്റെ കുറവ് അലട്ടുന്നുണ്ട്. ആറ് ദശാബ്ദമായി സംസ്ഥാനത്ത് കോൺഗ്രസിനെ നയിച്ച വീരഭദ്രസിംഗിന്റെ നിര്യാണം പാർട്ടിക്ക് വലിയ നഷ്ടമാണ് വരുത്തിവച്ചത്. വീരഭദ്രസിംഗിനൊപ്പം നിൽക്കുന്ന മറ്റൊരു നേതാവ് പാർട്ടിക്ക് സംസ്ഥാനത്തില്ല എന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ഭാര്യയും സംസ്ഥാന പി.സി.സി അദ്ധ്യക്ഷയുമായ പ്രതിഭാസിംഗാണ് പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

ബി.ജെ.പിയാകട്ടെ ഇപ്പോഴത്തെ മുഖ്യമന്ത്രി ജയ്‌‌റാം താക്കൂറിന്റെ നേതൃത്വത്തിൽ തന്നെയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കേന്ദ്രം നിരവധി വൻകിട പദ്ധതികൾ ഹിമാചൽപ്രദേശിനായി പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പൂർത്തിയാക്കണമെങ്കിൽ വീണ്ടും ബി.ജെ.പിയെ തന്നെ വിജയിപ്പിക്കണമെന്നാണ് അവർ ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്.

സംസ്ഥാന ഘടകത്തിലെ തമ്മിലടി അവസാനിപ്പിച്ചാൽ കോൺഗ്രസിന് ഹിമാചൽപ്രദേശ് അനുകൂലമാകാൻ ഏറെ സാദ്ധ്യത ഉണ്ടെന്നാണ് സ്വതന്ത്ര നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അതിനാൽ എന്തുവിലകൊടുത്തും വിജയിക്കാനുള്ള തന്ത്രങ്ങളും അച്ചടക്കവുമാണ് കോൺഗ്രസ് പ്രകടിപ്പിക്കേണ്ടത്. കോൺഗ്രസ് മുക്തമാകില്ല ഭാരതം എന്ന് തെളിയിക്കാൻ അവർക്ക് ഹിമാചൽപ്രദേശിൽ ലഭിച്ചിരിക്കുന്നത് സുവർണാവസരമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.