SignIn
Kerala Kaumudi Online
Thursday, 25 April 2024 7.19 PM IST

പടിക്ക് പുറത്ത് ഇപ്പോഴുമുണ്ട് നിരവധി വിദ്യാർത്ഥികൾ

plus-one

ഒടുവിൽ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം പൂർത്തിയായിരിക്കുന്നു. മലബാറിൽ, പ്രത്യേകിച്ച് 'മലപ്പുറത്ത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ പ്രവേശനം' എന്നതായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശവാദം. എന്നാൽ, ഈ അവകാശവാദങ്ങൾക്കും സർക്കാർ നിരത്തിവയ്ക്കുന്ന കണക്കുകൾക്കും അപ്പുറം വിവേചനം നീണ്ടുപരന്ന് ഒഴുകുന്നു വിദ്യാഭ്യാസമേഖലയിൽ. സീറ്റ് കുറവാണ് മലബാറിലെ വിദ്യാഭ്യാസ സംവിധാനങ്ങളുടെ ഏറ്റവും വലിയ പോരായ്മ. ഈ അടിസ്ഥാന പ്രശ്നത്തെ അഭിമുഖീകരിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും ശാശ്വതപരിഹാരം നിർദ്ദേശിക്കാനോ നടപ്പാക്കാനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് മലബാർ ജില്ലകളിൽ ഇപ്പോഴും വിദ്യാർത്ഥികൾ സ്കൂൾമുറ്റത്തിന് പുറത്തുനിൽക്കേണ്ടിവരുന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവംമൂലം കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത് ഗുരുതരവീഴ്ചയാണ്. മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ സീറ്റുകൾ ഉൾപ്പെടെ വർദ്ധിപ്പിച്ചെങ്കിലും നിരവധിപേർക്ക് ഇപ്പോഴും തുടർവിദ്യാഭ്യാസത്തിനായി പ്രൈവറ്റ്, പാരലൽ കോളേജുകളെ സമീപിക്കേണ്ട അവസ്ഥയാണ്.

62,729 വിദ്യാർത്ഥികളാണ് ഈ അദ്ധ്യയനവർഷം മലപ്പുറത്ത് നിന്ന് പ്ലസ് വൺ പ്രവേശനം നേടിയത്. 2022 - 23 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചവരുടെ എണ്ണം 80,100. പ്രവേശനം ലഭിക്കാതെ പുറത്തായ കുട്ടികളുടെ എണ്ണം 17371. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾ 54,508. മലപ്പുറം ജില്ലയുടെ വിദ്യാഭ്യാസസംവിധാനത്തിലെ പോരായ്മകൾ തുറന്നുകാണിക്കുന്നുണ്ട് ഈ കണക്കുകൾ.

പാലക്കാട് 11,837 വിദ്യാർത്ഥികളും, കോഴിക്കോട് 8427 പേരുമാണ് ഇത്തവണ പ്രവേശനം ലഭിക്കാതെ പുറത്തായത്. കണ്ണൂർ, കാസർകോഡ് ജില്ലകളുടെ സ്ഥിതിയും വ്യത്യസ്തമല്ല. എല്ലാ വർഷവും സീറ്റ് കുറവാണെന്ന് പറയുമ്പോൾ മാത്രം സീറ്റ് അനുവദിക്കുകയാണ് സർക്കാർ. 50 സീറ്റുള്ളത് അറുപതാക്കി വർദ്ധിപ്പിക്കും. ചില സ്‌കൂളുകളിൽ 70 വരെ ആവും. എന്നാൽ ഇതിനുപകരം ജില്ലയിൽ സീറ്റ് വർദ്ധിപ്പിക്കുകയോ പുതിയ ബാച്ച് അനുവദിക്കുകയോ ചെയ്താൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. കഴിഞ്ഞ പത്തുവർഷമായിട്ടും അതിനുള്ള നടപടി എന്തുകൊണ്ട് ഉണ്ടാവുന്നില്ലെന്നതാണ് ചോദ്യം.

താൽക്കാലികമായാണ് സർക്കാർ ബാച്ചുകൾ അനുവദിക്കുന്നത്. ' എന്നാൽ ഇത് ശാശ്വതപരിഹാരമല്ല. രണ്ടുവർഷം കഴിയുമ്പോൾ ആ ബാച്ചും ഇല്ലാതാവും. പിന്നീട് വരുന്ന കുട്ടികൾക്ക് ഇതിന്റെ ഗുണം കിട്ടുന്നില്ലെന്നതാണ് വസ്തുത. 30 ശതമാനം സീറ്റ് വർദ്ധന എന്നത് കണ്ണിൽ പൊടിയിടലാണ്. യഥാർത്ഥത്തിൽ വിദ്യാഭ്യാസ നിയമങ്ങളെപ്പോലും കണക്കിലെടുക്കാതെ ഒരു ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇത് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ ദോഷം ചെയ്യുന്നതാണ്. ഒരു ക്ലാസ്സിൽ പരമാവധി അമ്പത് സീറ്റാണ് വേണ്ടതാണ്. അവിടെയാണ് 70 കുട്ടികൾ പഠിക്കേണ്ടത്, ഇത് തിരുത്തണം.

സാധാരണക്കാർക്ക്

അൺഎയ്ഡഡ് അപ്രാപ്യം

തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ആകെ 1,87,015 അപേക്ഷകർക്കായി 1,78,231 സീറ്റുകളാണ് ഉണ്ടായിരുന്നത്. 8784 സീറ്റുകളുടെ കുറവ് ഈ ജില്ലകളിലും നിലനിൽക്കുന്നു. എന്നാൽ തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലെ സ്ഥിതി ഇതിൽനിന്ന് ഏറെ വ്യത്യസ്തമാണ്. ഏഴ് ജില്ലകളിൽ ആകെ പ്ലസ് വൺ അപേക്ഷകരുടെ എണ്ണം 2,84,263 ആയിരുന്നു. ആകെ സീറ്റുകളുടെ എണ്ണം 2,40,011 മാത്രമാണ്. 44252 സീറ്റുകളുടെ കുറവാണ് തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിലുള്ളത്. ഇതിൽത്തന്നെ മലപ്പുറം ജില്ലയാണ് സീറ്റുകളുടെ കാര്യത്തിൽ ഏറ്റവും പിന്നിൽ.

കൂടുതൽ വിദ്യാർത്ഥികൾ അപേക്ഷകരായുള്ള മലപ്പുറം ജില്ലയിൽ സർക്കാർ എല്ലാവർഷവും അനുവദിക്കുന്ന 30 ശതമാനം സീറ്റ് വർദ്ധനയും താൽക്കാലിക അധിക ബാച്ചുകളും അൺ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളും ഉൾപ്പെടെ ജില്ലയിൽ ആകെയുള്ളത് 63875 സീറ്റുകളാണ്. ഇതിൽത്തന്നെ 11275 സീറ്റുകൾ അൺ എയ്ഡഡ് സ്‌കൂളുകളിലാണ്. അമിതഫീസ് നൽകി പഠിക്കേണ്ടി വരുന്നതിനാൽ സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് അൺ എയ്ഡഡ് സ്‌കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാഭ്യാസം പലപ്പോഴും അപ്രാപ്യമാണ്. സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ കണക്ക് നോക്കിയാൽ മലപ്പുറം ജില്ലയിൽ 27,422 സീറ്റുകളുടെ കുറവാണ് നിലവിലുള്ളത്.

വർഷാവർഷം വർദ്ധിപ്പിക്കുന്ന താൽക്കാലിക സീറ്റുകൾ കൊണ്ടോ താൽക്കാലിക അധിക ബാച്ചുകൾ കൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നമല്ല മലപ്പുറത്തും മലബാറിൽ പൊതുവെയും ഉള്ളതെന്ന യാഥാർത്ഥ്യം സർക്കാർ മനസിലാക്കണം.

കുട്ടികളുടെ കാര്യം കഷ്ടം

നിലവിൽ 14,000 കുട്ടികളെങ്കിലും അഡ്മിഷൻ കിട്ടാതെ പുറത്ത് നിൽക്കുന്നുണ്ട്. ബാക്കി പലരും അമിതഫീസ് നൽകി പാരലൽ കോളേജുകളിലുൾപ്പെടെ അഡ്മിഷൻ എടുത്തു. പക്ഷെ ഇതിൽ 10 ശതമാനം പേർ പോലും സാമ്പത്തികമായി നല്ല അവസ്ഥയിലുള്ളവരല്ല. താരതമ്യേന മാർക്ക് കുറവുള്ള കുട്ടികൾക്ക് ഉൾപ്പെടെ തെക്കൻ ജില്ലകളിൽ അഡ്മിഷൻ കിട്ടുന്നുണ്ട്. മലപ്പുറം ജില്ലയിൽ സീറ്റുകൾ കുറവായതുകൊണ്ട് ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്ക് മാത്രമാണ് അഡ്മിഷൻ കിട്ടുന്നത്.

വിവേചന ചരിത്രം

1997 മുതലാണ് സംസ്ഥാനത്ത് ഹയർ സെക്കൻഡറി സ്‌കൂളുകൾ കൂടുതൽ അനുവദിച്ച് തുടങ്ങുന്നത്. ഇ.കെ നായനാർ മന്ത്രിസഭ 1997 മുതൽ 2001 വരെ വിവിധ ഘട്ടങ്ങളിലായി 1069 സ്‌കൂളുകൾ അനുവദിച്ചു. എന്നാൽ അക്കാലം മുതൽ തുടങ്ങുന്നതാണ് മലബാർ മേഖലയോടുമുള്ള വിവേചനം. തുടക്കത്തിലെ നാല് വർഷത്തിനിടയിൽ 67 സ്‌കൂളുകൾ മാത്രമാണ് മലപ്പുറത്തിനായി അനുവദിച്ചത്. താരതമ്യേന ജനസംഖ്യ കൂടുതലുള്ള മലപ്പുറം ഉൾപ്പെടെ മലബാർ മേഖലയിൽ അനുവദിക്കുന്നതിലും കൂടുതൽ ഹയർ സെക്കൻഡറി സ്‌കൂളുകൾ തെക്കൻ ജില്ലകളിൽ അനുവദിക്കപ്പെട്ടു. ഇത് പ്രക്ഷോഭത്തിന് ഇടയാക്കി. എന്നാൽ പിന്നീട് അനുവദിക്കപ്പെട്ട സ്‌കൂളുകളുടെ എണ്ണം പരിശോധിച്ചാലും പാലക്കാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, കാസർകോഡ് ജില്ലകളോട് കാണിച്ച വിവേചനം വ്യക്തമാവും. പ്രീഡിഗ്രി പൂർണമായും നിറുത്തി ഹയർ സെക്കൻഡറി മാത്രമാക്കിയപ്പോഴും അവശ്യം വേണ്ടതിന്റെ പകുതി സീറ്റുകൾ പോലും മലബാറിലെ ജില്ലകൾക്ക് അനുവദിക്കപ്പെട്ടില്ല.

പിന്നീട് നാലകത്ത് സൂപ്പിയും ഇ.ടി.മുഹമ്മദ് ബഷീറും പി.കെ.അബ്ദുറബ്ബും വിദ്യാഭ്യാസമന്ത്രിമാരായിരുന്ന കാലത്താണ് മലപ്പുറം ജില്ലയിൽ നിലനിന്ന പ്രശ്നം പരിഹരിക്കാനുള്ള ശ്രമം ഉണ്ടായത്. പ്ലസ് വൺ സീറ്റുകൾ കുറവുള്ള പ്രദേശങ്ങളിലെ ഹൈസ്‌കൂളുകൾ ഹയർ സെക്കൻഡറി സ്‌കൂളാക്കി അപ്‌ഗ്രേഡ് ചെയ്യാൻ നാലകത്ത് സൂപ്പി മന്ത്രിയായിരിക്കെ തീരുമാനമെടുത്തു. അക്കാലയളവിൽ മലപ്പുറം ജില്ലയിൽ മാത്രം 46 സ്‌കൂളുകൾ ഹയർസെക്കൻഡറി സ്‌കൂളുകളാക്കി അപ്‌ഗ്രേഡ് ചെയ്തു. അബ്ദുറബ്ബ് മന്ത്രിയായിരിക്കെ 24 സ്‌കൂളുകൾ കൂടി മലപ്പുറത്തിന് ലഭിച്ചു. 2011ലും 2014ലും സംസ്ഥാനത്തൊട്ടാകെ കൂടുതൽ പ്ലസ്ടു ബാച്ചുകൾ അനുവദിച്ചു. എന്നാൽ പിന്നീട് സീറ്റ് കൂട്ടുന്ന കാര്യത്തിലോ കൂടുതൽ ബാച്ചുകൾ അനുവദിക്കുന്ന കാര്യത്തിലോ നടപടിയുണ്ടായില്ല.
പഠനത്തിനുള്ള അവസരം ലഭിക്കാത്തതിന്റെ പേരിൽ പലപ്പോഴും കുട്ടികൾ പത്താംക്ലാസ് പഠനം കഴിഞ്ഞ് കൂലിപ്പണി ഉൾപ്പെടെയുള്ള ജോലികൾക്ക് പോവുന്നതായി വിവിധ ഏജൻസികൾ നടത്തിയ പഠനങ്ങൾ വ്യക്തമാക്കുന്നു. രണ്ടാം എൽ.ഡി.എഫ് സർക്കാരിന്റെ പ്രകടന പത്രികയിൽ മലബാറിനായി സ്‌പെഷ്യൽ വിദ്യാഭ്യാസ പാക്കേജ് ഉണ്ടാവുമെന്ന വാഗ്ദാനവുമുണ്ടായിരുന്നു. ഈ മേഖലയിലെ ഭൗതിക - അക്കാഡമിക പ്രശ്നങ്ങളെ ശാസ്ത്രീയമായി പഠിച്ച് ആവശ്യമായ മാറ്റങ്ങളെ ഉൾപ്പെടുത്തിയൊരു പാക്കേജാണ് അടിയന്തരമായി നടപ്പാക്കേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUS ONE SEATS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.