തൃശൂർ: ഹോട്ടൽ അടുക്കളയിൽ സ്ളാബ് വച്ച് മറച്ച കിണറിൽ വീണ ജോലിക്കാരിയെ രക്ഷിച്ചു. അരണാട്ടുകര തോപ്പിൻമൂല ജംഗ്ഷനിൽ സ്ത്രീകൾ നടത്തുന്ന ഹോട്ടലിലെ അടുക്കളയ്ക്കകത്തുള്ള കിണറിലാണ് ജീവനക്കാരി ഉഷ (46) വീണത്. ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. സ്ലാബും മണ്ണും ഇടിഞ്ഞ് 35 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് രക്ഷിച്ചത്.
ഹോട്ടലിനുള്ളിൽ കിണറുള്ള വിവരം ജീവനക്കാർക്കുപോലും അറിയാമായിരുന്നില്ലെന്നാണ് പറയുന്നത്. കഷ്ടിച്ച് ഒരാൾക്കു മാത്രം നിൽക്കാൻ ഇടയുള്ള സ്ഥലത്തുനിന്നുള്ള രക്ഷാപ്രവർത്തനം പ്രയാസകരമായിരുന്നു. രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ ഏറെ പണിപ്പെട്ടാണ് ഉഷയെ പുറത്തെടുത്തത്. ഉടൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സകൾ നൽകി വിട്ടയച്ചു. ഉഷയ്ക്ക് പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |