ഹയർസെക്കൻഡറി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് സ്കഫോൾഡ് പദ്ധതി
ചെറുവത്തൂർ: ദേശീയ, അന്തർദേശീയ തലങ്ങളിൽ തിളങ്ങാൻ പ്രാപ്തിയുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കാനുള്ള പദ്ധതിയുമായി സമഗ്ര ശിക്ഷാ കേരളം . സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിയിൽ പഠിക്കുന്ന കുട്ടികളിൽ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ നൂതന പദ്ധതി.
സ്കഫോൾഡ് എന്ന പേരിലുള്ള പദ്ധതിയാണ് ഇതിൽ പ്രധാനം.ഇത്തരത്തിൽ കണ്ടെത്തുന്ന കുട്ടികളെ തുടർ പഠനത്തിനും ജോലിക്കും സ്വയം പ്രാപ്തരാക്കും.സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും തൊഴിൽ വകുപ്പും സംയുക്തമായി സമഗ്ര ശിക്ഷാ കേരളയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.കുട്ടികളുടെ സാമൂഹിക സാമ്പത്തിക പശ്ചാത്തലത്തിനൊപ്പം രക്ഷിതാക്കളുടെ വിദ്യാഭ്യാസ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ജില്ലയിൽ കുട്ടികളെ കണ്ടെത്തിയത്.
അപേക്ഷിച്ച 600ൽ പരം വിദ്യാർത്ഥികളിൽ നിന്നും മികച്ച സ്കോർ ലഭിച്ച അമ്പത് കുട്ടികളാണ് ചെറുവത്തൂർ കൊടക്കാട് കദളീവനത്തിൽ ഇന്നും നാളെയുമായി നടക്കുന്ന ശിൽപശാലയിൽ പങ്കെടുക്കുന്നത്.ഇതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 25 കുട്ടികളായിരിക്കും പദ്ധതിയുടെ ജില്ലയിലെ ഗുണഭോക്താക്കൾ.
സ്കഫോൾഡ്
ബി.പി.എൽ വിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് ആവശ്യമായ പഠന നൈപുണ്യ വികസനത്തിനുള്ള പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരള നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കഫോൾഡ്.
ശില്പശാല ഇന്ന്
കൊടക്കാട് കദളീവനത്തിൽ നടക്കുന്ന ശിൽപശാല 29ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ശകുന്തള ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് മെമ്പർ എം.മനു അദ്ധ്യക്ഷത വഹിക്കും. സൈക്കോളജിസ്റ്റ്, വിദ്യാഭ്യാസ വിദഗ്ദർ, സോഷ്യൽ വർക്കർ, സാമൂഹിക സാംസ്കാരിക നായകർ തുടങ്ങിയവർ അഭിമുഖത്തിന് നേതൃത്വം നൽകും.സ്ക്രീനിംഗ് ശിൽപശാലയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ യോഗത്തിന് കാസർകോട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ.എൻ.എൻ.സരിത നേതൃത്വം നൽകി. ജില്ലാ ഹയർ സെക്കൻഡറി കോ-ഓർഡിനേറ്റർ പി.വി.ശശി, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി. മോഹനൻ, വി.എച്ച്.എസ്.ഐ. മേഖലാ അസിസ്റ്റന്റ് ഡയറക്ടർ കെ.വി ഉദയകുമാരി, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം.എം മധുസൂദനൻ എന്നിവർ പങ്കെടുത്തു. കോ-ഓർഡിനേറ്റർ നാരായണ.ഡി അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |