SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.05 AM IST

ജയന്തി യാത്രയായത് വിമാന യാത്രാ മോഹം പൂവണിയാതെ

photo
ജയന്തി കായിക താരങ്ങളോടും സഹപ്രവർത്തകരോടുമൊപ്പം വലത് നിന്ന് മൂന്നാമത് (ഫയൽ ഫോട്ടോ )

ബാലുശ്ശേരി: കിനാലൂർ ഉഷാ സ്കൂൾ ഒഫ് അത്‌ലറ്റിക്സിലെ അസി. കോച്ച് കോയമ്പത്തൂർ തൊണ്ടാമുത്തൂർ സ്വദേശി ജയന്തി യാത്രയായത് വിമാന യാത്രാ മോഹം ബാക്കിയാക്കി. ഏറെക്കാലമായി വിമാനത്തിൽ കയറാൻ ആഗ്രഹിച്ചിരുന്നതായി ജയന്തി സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. അതിനായി ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. കഴിഞ്ഞ ജൂനിയർ അത്‌ലറ്റിക്സ് മീറ്റിൽ മിന്നും ജയം നേടി ഉഷാ സ്കൂളിലെ 9 താരങ്ങളെ നാഷണൽ ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ പങ്കെടുപ്പിക്കാനായി ഗുവാഹട്ടിയിലേക്ക് വിമാനം കയറാനായുള്ള ഒരുക്കത്തിലായിരുന്നു ജയന്തി.ചെറുപ്രായത്തിലെ പിതാവിനെ നഷ്ടപ്പെട്ട ജയന്തി പ്രയാസങ്ങളെ അതിജീവിച്ചാണ് ഈ നിലയിൽ എത്തിയത്. കമ്പ്യൂട്ടർ സയൻസിലും കായിക വിദ്യാഭ്യാസത്തിലും ബിരുദാനന്തര ബിരുദവും യോഗയിൽ ഡിപ്ലോമയും പൂർത്തിയാക്കിയ ജയന്തി ബംഗളൂരുവിൽ നിന്ന് എൻ.ഐ.എസ് പൂർത്തിയാക്കിയാണ് ഉഷ സ്കൂളിലെത്തുന്നത്. 2016 ൽ ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നതിനിടെ ഹെപ്റ്റാത്തലണിൽ കുറിച്ച റെക്കോർഡ് ഇതുവരെ ആരും മറികടന്നിട്ടില്ല.

പി.ടി.ഉഷയുടെ മാർഗ നിർദ്ദേശം അനുസരിച്ച് കഴിഞ്ഞ ഒന്നര വർഷമായി ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സിലെ 27 കായിക താരങ്ങളെ പരിശീലിപ്പിച്ചു വരികയാണ്. പി.ടി.ഉഷ എം.പി ആയതോടെ സ്കൂളിലെ അത്‌ലറ്റിക്സ് ഇനങ്ങളിൽ സഹായിയായ ഈ തമിഴ്നാട്ടുകാരിയുടെ സേവനം എടുത്തുപറയേണ്ടതാണ്. ഇന്നലെ വെളുപ്പിനാണ് സ്കൂളിലെ ഹോസ്റ്റൽ മുറിയിൽ ജയന്തിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

അസ്വാഭാവിക മരണത്തിന് കേസെടുത്തു

ബാലുശ്ശേരി: കിനാലൂർ ഉഷാ സ്‌കൂൾ ഒഫ് അത്ലറ്റിക്സിലെ അസി. കോച്ച് ജയന്തിയെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബാലുശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പേരാമ്പ്ര എ.എസ്.പി വിഷ്ണു സുന്ദർ സംഭവ സ്ഥലം സന്ദർശിച്ചു. എസ്.ഐ റഫീഖ് പി യുടെ നേതൃത്വത്തിലാണ് കേസന്വേഷണം. മരിച്ച ജയന്തിയുടെ മൊബൈൽ ഫോൺ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ജയന്തിയുടെ സഹപ്രവർത്തകരുടെയും മറ്റും മൊഴി പൊലീസ് രേഖപ്പെടുത്തി.

മരണ വിവരമറിഞ്ഞ് ഞെട്ടിപ്പോയെന്ന് പി.ടി.ഉഷ

ബാലുശ്ശേരി: കിനാലൂർ ഉഷാ സ്‌കൂൾ ഒഫ് അത്ലറ്റിക്സിലെ അസി. കോച്ച് ജയന്തിയുടെ മരണ വിവരമറിഞ്ഞ് ഞെട്ടിത്തരിച്ചു പോയതായി പി.ടി.ഉഷ എം.പി. കഴിഞ്ഞ ദിവസങ്ങളിലൊക്കെ ജയന്തി ഏറെ സന്തോഷവതിയായിരുന്നു. ഇവിടുത്തെ വിദ്യാർത്ഥികൾ സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷത്തിലായിരുന്നു. ദേശീയ ജൂനിയർ മത്സരത്തിന് ഒരുങ്ങി നിൽക്കുകയായിരുന്നു. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ഉഷ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.