SignIn
Kerala Kaumudi Online
Friday, 29 March 2024 2.43 PM IST

ആര് വീഴും, ആര് വാഴും

governor

ഗവർണറും സർക്കാരും തമ്മിലുള്ള ഏറ്രുമുട്ടൽ അതിന്റെ പാരമ്യത്തിലായിരിക്കെ, ആര് വീഴും ആര് വാഴും എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. ധനമന്ത്രി കെ.എൻ.ബാലഗോപാലിനോടുള്ള തന്റെ പ്രീതി ഇല്ലാതായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയ ഗവർണർ, തുടർനടപടികളുണ്ടായാലേ മതിയാവൂ എന്ന വ്യക്തമായ സന്ദേശം സർക്കാരിന് നൽകുന്നു. ബാലഗോപാലിനോട് തനിക്ക് അചഞ്ചലമായ വിശ്വാസമുണ്ടെന്നും യാതൊരു നടപടിയും വേണ്ടെന്നും മുഖ്യമന്ത്രി. ഇത് താൻ പ്രതീക്ഷിച്ചതാണെന്നും തന്റെ പ്രീതിയില്ലാതെ ആർക്കും മന്ത്രിയായി തുടരാനാവില്ലെന്നും തിരിച്ചടിച്ച് ഗവർണർ. കൊണ്ടും കൊടുത്തും മുന്നേറുകയാണ് ഗവർണറും സർക്കാരും. അതിരൂക്ഷമായ വിലക്കയറ്റം അടക്കമുള്ള ജനങ്ങളുടെ പ്രശ്നങ്ങളെല്ലാം ഈ വിവാദങ്ങൾക്കിടെ അവഗണിക്കപ്പെട്ടു. അരിവില കിലോയ്ക്ക് 70രൂപയോളമായിട്ടും വിലക്കയറ്രം തടഞ്ഞു നിറുത്താൻ യാതൊരു നടപടിയുമെടുക്കാതെ ഭരണഘടനാപരമായ അവകാശങ്ങളെച്ചൊല്ലി ഗവർണറോട് പോര് നടത്തുകയാണ് സർക്കാർ.

മന്ത്രിയോടുള്ള പ്രീതി പിൻവലിച്ച് സർക്കാരിനെ ഞെട്ടിച്ച ഗവർണർ, ഇതുകൊണ്ട് താൻ അടങ്ങില്ലെന്ന സൂചനയാണ് നൽകുന്നത്. ധനമന്ത്രി കെ.എൻ.ബാലഗോപാലിന് മന്ത്രിപദവിയിൽ തുടരാനുള്ള തന്റെ പ്രീതി പിൻവലിച്ചെന്ന ഗവർണറുടെ കത്ത് മുഖ്യമന്ത്രി കൈയോടെ തള്ളിയെങ്കിലും ഗവർണർ അങ്ങനെ വിടാനിടയില്ല. തന്റെ പ്രീതിയില്ലാതെ മന്ത്രിക്ക് തുടരാനാവില്ലെന്നും, ഭരണഘടന അനുശാസിക്കുന്ന നടപടികളെടുക്കണമെന്നും ഗവർണർ വീണ്ടും മുഖ്യമന്ത്രിക്ക് കത്ത് നൽകനാണിടയുള്ളത്. ബാലഗോപാലിനെ മന്ത്രിസഭാ യോഗങ്ങളിൽ പങ്കെടുപ്പിക്കരുതെന്നും ആവശ്യപ്പെട്ടേക്കാം. ധനവകുപ്പിറക്കുന്ന ഉത്തരവുകൾ തടയുന്നതടക്കമുള്ള തീവ്രനടപടികളുമെടുത്തേക്കാം. മുഖ്യമന്ത്രിക്ക് ധനമന്ത്രിയെ വിശ്വാസമുണ്ടെന്നു പറഞ്ഞ് നിസാരവത്കരിക്കാനാവുന്ന പ്രശ്നമല്ല ഇതെന്നാണ് ഗവർണറുടെ നിലപാട്. വിട്ടുകൊടുക്കാൻ ഗവർണർ തയ്യാറല്ലെന്നും നവംബർ നാലിന് മടങ്ങിയെത്തിയ ശേഷം തുടർനടപടികൾ ഉ ണ്ടാവുമെന്നുമാണ് രാജ്ഭവൻ വൃത്തങ്ങൾ പറയുന്നത്. അതായത് ഇപ്പോഴത്തെ വിവാദങ്ങൾ പൂർവാധികം ശക്തിയോടെ തുടരുമെന്നുറപ്പ്.

മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ശുപാർശപ്രകാരമാണ് നിയമിക്കുന്നതെങ്കിലും, ഗവർണറെ ചുമതലകൾ നിർവഹിക്കുന്നതിന് സഹായിക്കാനാണ് മുഖ്യമന്ത്രി തലവനായ മന്ത്രിസഭ ഉണ്ടാവേണ്ടതെന്ന് ഭരണഘടനാ അനുച്ഛേദം-163 ചൂണ്ടിക്കാട്ടി ഗവർണർ വാദിക്കുന്നു. ഗവർണർ സ്വവിവേകം ഉപയോഗിച്ചെടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. ഇതിന്റെ സാധുത ചോദ്യം ചെയ്യപ്പെടാൻ പാടില്ല. മന്ത്രിമാർ ഗവർണർക്ക് പ്രീതിയുള്ളിടത്തോളം കാലം ഉദ്യോഗം വഹിക്കാമെന്നാണ് അനുച്ഛേദം-164. ഇതിൽ മുഖ്യമന്ത്രിയുടെ പ്രീതി എന്നല്ല പറയുന്നതെന്നും ഭരണഘടനയിലൊരിടത്തും മുഖ്യമന്ത്രിയുടെ പ്രീതി എന്നൊന്നില്ലെന്നും രാജ്ഭവൻ പറയുന്നു. അതിനാൽ മന്ത്രിയിൽ വിശ്വാസം നഷ്ടമായാൽ മുഖ്യമന്ത്രിയോട് അക്കാര്യമറിയിക്കുകയും ഭരണഘടനാപരമായ നടപടിയെടുക്കാൻ നിർദ്ദേശിക്കുകയും ചെയ്തതിൽ നിയമപരമായി യാതൊരു തെറ്റുമില്ലെന്നും ഗവർണർ നിലപാടെടുക്കുന്നു.

സർക്കാരും ഗവർണറും പോരടിച്ചു നിൽക്കുന്നതിലൂടെ ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് ഇപ്പോഴുള്ളത്. ധനവകുപ്പിറക്കുന്ന ഉത്തരവുകൾ തടയുകയും ധനബില്ലുകളിൽ ഒപ്പിടാതെ സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യാൻ ഗവർണർക്ക് കഴിയും. അങ്ങനെയായാൽ സംസ്ഥാന ഭരണം അപ്പാടെ സ്തംഭിക്കും. ധനമന്ത്രിയോടുള്ള വിശ്വാസത്തിൽ തരിമ്പും കുറവില്ലെന്ന മറുപടിയിൽ മുഖ്യമന്ത്രി ഉറച്ചുനിന്നാൽ, നിയമനാധികാരിക്കാണ് പിരിച്ചുവിടാനും അധികാരമെന്ന വാദമുന്നയിച്ച് ഗവർണർക്ക് മന്ത്രിയെ നിയമിച്ച ഉത്തരവ് റദ്ദാക്കുന്ന കടുത്തനടപടിയെടുക്കാം. അങ്ങനെയായാൽ അതിരൂക്ഷമായ പ്രതിഷേധത്തിനാവും കേരളം സാക്ഷിയാവുക. മന്ത്രിയിലുള്ള പ്രീതി പിൻവലിച്ചതായി മുഖ്യമന്ത്രിക്ക് നൽകിയ കത്ത് രാജ്ഭവൻ പുറത്തുവിട്ടിട്ടുണ്ട്. ഈ കത്ത് മന്ത്രിക്കെതിരേ ഗവർണർക്ക് അപ്രീതിയുണ്ടെന്നതിന് മതിയായ തെളിവാണെന്ന് ചൂണ്ടിക്കാട്ടി ആർക്കുവേണമെങ്കിലും കോടതിയെ സമീപിക്കാം. ഗവർണറുടെ പ്രീതി നഷ്ടമായ മന്ത്രിയെ അയോഗ്യനാക്കണമെന്ന ക്വോ-വാറണ്ടോ ഹർജിയും ഏതൊരു പൗരനും നൽകാം. എന്നാൽ പ്രീതി പിൻവലിച്ച ഗവർണർക്കെതിരേ സർക്കാരിന് കേസിനു പോകാനാവില്ല. സത്യപ്രതിജ്ഞാ ലംഘനം, രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരെ പ്രസംഗിക്കൽ തുടങ്ങി ഗവർണറുടെ കുറ്റാരോപണങ്ങൾ ഗൗരവമുള്ളവയാണ്. ഗവർണറുടെ കത്ത് തെളിവാക്കിയെടുത്ത് മന്ത്രിയെ അയോഗ്യനാക്കണമെന്ന് പൊതുതാത്പര്യ ഹർജിയെത്തിയാൽ ഇതുവരെയുള്ള സാഹചര്യങ്ങൾ അറിയിക്കാൻ വിശദീകരണ പത്രിക (സ്റ്റേറ്റ്മെന്റ് ഒഫ് ഫാക്ട്സ്) നൽകാൻ ഗവർണർക്കാവുമെന്നതും സർക്കാരിന് തലവേദനയാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR AND GOVERNMENT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.