SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.01 PM IST

ഗവർണറുടെ പിരിച്ചുവിടൽ അധികാരം

photo

തിരഞ്ഞെടുക്കപ്പെടാതെ രാഷ്ട്രപതി നാമനിർദ്ദേശം ചെയ്യുന്ന വ്യക്തിയായതിനാൽ ഗവർണർക്ക് നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെടാത്ത മുഖ്യമന്ത്രിയെയോ മന്ത്രിസഭയിലെ അംഗങ്ങളെയോ തന്റെ വിവേചനാധികാരം ഉപയോഗിച്ച് പിരിച്ചുവിടാൻ പാർലമെന്ററി ജനാധിപത്യം നിലനിൽക്കുന്ന ഇന്ത്യയിൽ അധികാരമുണ്ടോ?

സംസ്ഥാനത്തിൽ നിക്ഷിപ്തമായിട്ടുള്ള എക്സിക്യൂട്ടീവ് അധികാരങ്ങൾ ഗവർണറിൽ നിക്ഷിപ്തമാണെന്നും ഇവ അദ്ദേഹത്തിന് മന്ത്രിസഭയുടെ ഉപദേശപ്രകാരമോ സ്വതന്ത്രമായോ കൈകാര്യം ചെയ്യാവുന്നതാണെന്നും ഇന്ത്യൻ ഭരണഘടനയുടെ 154-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പ് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണഘടനയുടെ 163, 164 വകുപ്പുകളിലായി വളരെ വിപുലമായ അധികാരങ്ങളാണ് ഗവർണർമാർക്ക് നൽകിയിട്ടുള്ളത്.

163-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിൻ പ്രകാരം തന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഗവർണറെ സഹായിക്കാനും ഉപദേശിക്കാനും വേണ്ടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു മന്ത്രിസഭ ഉണ്ടായിരിക്കുമെന്നും നിഷ്കർഷിക്കുന്നു. ഉപദേശം ഉൾക്കൊള്ളാതെ സ്വന്തം വിവേചനാധികാരം ഗവർണർക്ക് ഉപയോഗിക്കാമെന്നും വകുപ്പിൽ വ്യവസ്ഥയുണ്ട്. ഗവർണർ എടുക്കുന്ന തീരുമാനങ്ങൾ അന്തിമവും ചോദ്യം ചെയ്യപ്പെടാൻ അവകാശമില്ലാത്തതുമാണ്. എന്നിരുന്നാലും 163-ാം വകുപ്പിൻപ്രകാരം ഒരിക്കൽ മുഖ്യമന്ത്രിയെ ഗവർണർ നിയമിച്ചുകഴിഞ്ഞാൽ മന്ത്രിസഭയിലെ അംഗങ്ങളെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് നിയമിക്കേണ്ടത്. തുടർന്ന് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ അധികാരങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഏതെങ്കിലും മന്ത്രിയെ മാറ്റാൻ മുഖ്യമന്ത്രിയുടെ ഉപദേശം കിട്ടുമ്പോൾ മാത്രമേ ഗവർണർക്ക് "പ്ളഷർ" നഷ്ടപ്പെടൂ എന്നും അപ്പോഴേ ബന്ധപ്പെട്ട മന്ത്രിയെ മന്ത്രിസഭയിൽനിന്നും മാറ്റാൻ ഗവർണർക്ക് കഴിയൂ എന്നും ചുരുക്കം.

സാധാരണഗതിയിൽ ഗവർണറിൽ നിക്ഷിപ്തമായ അധികാരങ്ങൾ കൈകാര്യം ചെയ്യാൻ മുഖ്യമന്ത്രിയുടെ ഉപദേശം ലഭിച്ചിരിക്കണം. മറിച്ച്, മന്ത്രിസഭ നിലനിൽക്കാത്ത അവസരത്തിൽ (ഉദാഹരണത്തിന് രാഷ്ട്രപതിഭരണം) ഗവർണർക്ക് നേരിട്ട് അധികാരങ്ങൾ കൈകാര്യം ചെയ്യാമെന്ന് സാരം.

ഏതെല്ലാം അവസരങ്ങളിലാണ് ഗവർണർക്ക് 163-ാം വകുപ്പ് നിർദ്ദേശിച്ചിട്ടുള്ള വിവേചനാധികാരം ഉപയോഗിക്കാവുന്നത് ? സംസ്ഥാനങ്ങളിൽ ഇനിപ്പറയുന്ന അവസരങ്ങളിലാണ് ഗവർണർമാർ വിവേചനാധികാരം ഉപയോഗിച്ചിട്ടുള്ളത്. ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭയുടെ തലവൻ നിയമസഭ പിരിച്ചുവിടാൻ ഉപദേശിക്കുമ്പോൾ; നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട മുഖ്യമന്ത്രി അധികാരത്തിൽ തുടരാൻ ശ്രമിക്കുമ്പോൾ; നിയമസഭയിൽ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാതെ വരുമ്പോൾ; മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ; നിയമസഭ പാസ്സാക്കിയ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വിടുന്ന കാര്യത്തിൽ; സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ ഉപദേശം നൽകുന്ന കാര്യത്തിൽ; സംസ്ഥാനം നടപ്പിലാക്കുന്ന നിയമനിർമ്മാണത്തെക്കുറിച്ചും ഭരണപരമായ കാര്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാരായാൻ ഗവർണർക്ക് വിവേചനാധികാരം ഉപയോഗിക്കാം.

ബ്രിട്ടനിൽ നിലനിൽക്കുന്നതുപോലെയുള്ള ക്യാബിനറ്റ് ഭരണ സമ്പ്രദായമാണ് ഇന്ത്യൻ ഭരണഘടനയിലും ഉൾക്കൊള്ളിച്ചിട്ടുള്ളത്. അവിടെ നിലനിൽക്കുന്ന പ്രധാനപ്പെട്ട ചില കീഴ്‌വഴക്കങ്ങളും നമ്മുടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടീഷ് പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിൽ മന്ത്രിസഭ രാജാവിനോടല്ല പ്രജാസഭയോടാണ് കൂട്ടുത്തരവാദിത്വപ്പെട്ടിരിക്കുന്നത്. പ്രജാസഭയിൽ ഭൂരിപക്ഷമുള്ളിടത്തോളംകാലം മന്ത്രിസഭയ്ക്ക് അധികാരത്തിൽ തുടരാൻ അവകാശമുണ്ട്. അവിടെ നിലനിൽക്കുന്ന ഇൗ ആശയങ്ങളാണ് ഇന്ത്യൻ ഭരണഘടനയുടെ 164-ാം വകുപ്പിലെ ഒന്ന്, രണ്ട് ഉപവകുപ്പുകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ആയതിനാൽ നിയമസഭയോട് കൂട്ടുത്തരവാദിത്തമുള്ള മന്ത്രിസഭയ്ക്ക് നിയമസഭയിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കുന്നിടത്തോളം കാലം മന്ത്രിസഭയെയോ മന്ത്രിസഭയിലെ ഒരംഗത്തെയോ പിരിച്ചുവിടാൻ നിർദ്ദേശിക്കാനുള്ള വിവേചനാധികാരം ഗവർണർക്കില്ല. തിരഞ്ഞെടുപ്പിൽകൂടി അധികാരത്തിൽവന്ന നിയമസഭയിൽ ഭൂരിപക്ഷ പിന്തുണയുള്ള മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയെ പിരിച്ചുവിടാൻ സാധിക്കില്ല. ആയതിനാൽ മന്ത്രിസഭയിലെ ഒരംഗത്തെ പിരിച്ചുവിടാൻ നിർദ്ദേശിച്ചാലും ആയത് തള്ളാനും ഉൾക്കൊള്ളാനുമുള്ള പൂർണാധികാരം മുഖ്യമന്ത്രിക്കുണ്ട്. ഭരണഘടനയുടെ 154, 163 വകുപ്പുകൾ പ്രകാരം അദ്ദേഹത്തിനുള്ള വിവേചനാധികാരം നീതിയുക്തമായി ആവശ്യമായ അവസരങ്ങളിൽ ഉപയോഗിക്കാനുള്ളതാണ്.

ലേഖകൻ കൊല്ലം എസ്.എൻ. കോളേജ് മുൻ പ്രിൻസിപ്പലും
എക്സിക്യൂട്ടീവ് കൗൺസിൽ, കേരള സ്റ്റേറ്റ് ഹയർ എഡ്യൂക്കേഷൻ കൗൺസിൽ മുൻ അംഗവുമാണ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.