SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.00 PM IST

പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ: വിജയശതമാനത്തിൽ മുന്നിൽ, അടിസ്ഥാന സൗകര്യങ്ങൾ പിന്നിൽ

bathroom

നെടുമങ്ങാട്: വിജയശതമാനക്കണക്കിലും കുട്ടികളുടെ എണ്ണത്തിലും ആദ്യ പട്ടികയിലിടമുള്ള നെടുമങ്ങാട് താലൂക്കിലെ സർക്കാർ സ്കൂളുകളിലൊന്നാണ് പൂവത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. കഴിഞ്ഞ കുറച്ച് കാലങ്ങളായി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഈ കലാലയം വളരെ പിന്നിലാണെന്ന പരാതി ശക്തമാവുകയാണ്. കാലാകാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ സ്കൂൾ കെട്ടിടങ്ങളിൽ പലതും പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. ചപ്പും ചവറും നിറഞ്ഞ് മാലിന്യം കെട്ടിക്കിടക്കുന്ന നിലയിലാണിന്ന് സ്കൂളിന് സമീപത്തെ അഴുക്കുചാൽ. ഇത് കുട്ടികളിലും അദ്ധ്യാപകരിലും പല ആരോഗ്യ പ്രശ്നങ്ങളുണ്ടാവാൻ ഇടയാക്കും. സ്കൂളിലെ കുട്ടികളുടെ ടോയ്‌ലെറ്റിന്റെ അവസ്ഥയുമിന്ന് വളരെ പരിതാപകരമാണ്.

സ്കൂൾ കെട്ടിടങ്ങളിലൊന്നിന്റെ ഷീറ്റിട്ട മേൽക്കൂരയിലെ ഓവുചാൽ ദ്രവിച്ചടർന്ന് പോയതിനാൽ മഴവെള്ളം മുഴുവൻ സമീപത്തെ വീട്ടിലേക്കാണ് പതിക്കുന്നത്. വീട്ടുകാർ പലതവണ പരാതി പറഞ്ഞിട്ടും പരിഹാരം കാണാൻകഴിഞ്ഞിട്ടില്ലെന്നും ആക്ഷേപമുണ്ട്. സ്കൂൾ കെട്ടിടങ്ങളിലെ പഴക്കം ചെന്ന ഭാഗങ്ങൾ പൊളിച്ച് നീക്കാത്തതിനാൽ അവ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം കേരളത്തിൽ അതിഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങുന്ന ഇക്കാലത്ത് സ്കൂൾ പരിസരത്ത് ഉപയോഗിച്ച ലഹരി വസ്തുക്കളുടെ ഒഴിഞ്ഞ പായ്ക്കറ്റുകളും പ്ലാസ്റ്റിക് കുപ്പികളും കവറുകളുമിവിടെ കുമിഞ്ഞ് കിടപ്പാണെന്നാണ് രക്ഷിതാക്കളുടെ പരാതി.

ഈ സ്കൂളിലെ കുട്ടികളിൽ ബഹുഭൂരിപക്ഷവും നിർദ്ധനരായ ഗ്രാമീണ മേഖലയിൽ നിന്നുള്ളവരാണ്. ഇന്ന് കേരളത്തിലെ വിദ്യാഭ്യാസരംഗം നേരിടുന്ന അതിഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് വിദ്യാർത്ഥികളിലെ മയക്കുമരുന്നുപയോഗം. പ്രായ പരിഗണനയോ, ലിംഗ പരിഗണനയോ യാതൊന്നുമില്ലാതെ ഈ കൊടും വിപത്ത് നമ്മുടെ കലാലയങ്ങളെ വരിഞ്ഞ് മുറുക്കിക്കൊണ്ടിരിക്കുന്നു. അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറു വീഴ്ച പോലും ഒരുപക്ഷേ വലിയ ദുരന്തങ്ങൾക്ക് കാരണമായേക്കാം.

ശോചനീയം ഈ ടോയ്‌ലെറ്റ്

ആൺകുട്ടികളും പെൺകുട്ടികളും ഇടകലർന്ന് പഠിക്കുന്ന ഈ സ്കൂളിലെ പൊതു ടോയ്‌ലെറ്റ് ജലദൗർലഭ്യത്താലും വൃത്തി ഇല്ലായ്മയാലും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാണ്. പരിസരമാകെ കാടും പടലും പിടിച്ച് ദുർഗന്ധപൂരിതമാണ്. മൂക്ക് പൊത്താതെ ഒരാൾക്കും അവിടേക്ക് കടക്കാൻ കഴിയില്ല.


പേരിനൊരു പി.ടി.എ

ഏതൊരു സ്കൂളിന്റെയും പുരോഗമനപരമായ പ്രവർത്തനങ്ങളിൽ പ്രധാന പങ്ക് അദ്ധ്യാപക - രക്ഷാകർതൃ കൂട്ടായ്മയ്ക്കാണ്. എന്നാൽ ഈ സ്കൂളിലെ പി.ടി.എ പ്രവർത്തനം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. ഏതാനും ദിവസം മുൻപ് നടന്ന രക്ഷാകർത്താക്കളുടെ പൊതുയോഗത്തിൽ അവരുടെ പങ്കാളിത്തം വളരെയധികം കുറവായിരുന്നു. വന്നെത്തിയവരിൽ നിന്ന് പുതിയ പി.ടി.എ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സ്കൂൾ പുരോഗതി മാത്രം ലക്ഷ്യം വച്ച് പുതു കമ്മിറ്റി പ്രവർത്തിച്ചാൽ ഭാവിയിൽ ഈ കലാലയത്തിന് നഷ്ടപ്പെട്ട പേര് വീണ്ടെടുക്കാനാവും.

ശ്രദ്ധിക്കാം

 വിദ്യാർത്ഥികൾ സ്കൂളിലെത്തിയാൽ മടങ്ങിപ്പോകും വരെ അവർക്ക് മേൽ അദ്ധ്യാപകരുടെ കർശന നിയന്ത്രണമുണ്ടാകണം

 അനാവശ്യമായി കുട്ടികൾ പുറത്ത് പോകുന്നത് കർശനമായി തടയണം

 ഇടവേളകളിൽ പുറത്ത് പോകുന്ന വിദ്യാർത്ഥികളെ നിരീക്ഷിക്കാനും സ്കൂൾ യൂണിഫോം നിർബന്ധമാക്കാനും പുറത്ത് നിന്ന് സ്കൂളിലെത്തുന്നവർക്ക് നിയന്ത്രണമേർപ്പെടുത്താനുമെല്ലാം ശക്തമായ നടപടികൾ സ്വീകരിക്കണം

സ്കൂളിന്റെ അച്ചടക്ക പരിപാലനത്തിന് വേണ്ടിയുള്ള കമ്മിറ്റി രൂപീകരിച്ചു. എസ്.എച്ച്.ഒ കൺവീനറായിട്ടുളള പ്രൊട്ടക്ഷൻ ഗ്രൂപ്പ്,പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പ്രത്യേകം കൗൺസലിംഗ്,എല്ലാ മാസവും ഒന്നാം തീയതി ലഹരി വിരുദ്ധ ബോധവത്കരണം, എക്സൈസിന്റെ ലഹരി വിരുദ്ധ പരിപാടികൾ എന്നിവ സംഘടിപ്പിക്കും, ഈ അദ്ധ്യായന വർഷം കഴിയുമ്പോഴേക്കും സ്കൂളിനെ നല്ലൊരു ഫലപ്രാപ്തിയിൽ കൊണ്ടെത്തിക്കാൻ പി.ടി.എക്ക് സാധിക്കും.

ബി.ബി.സുരേഷ്

പി.ടി.എ പ്രസിഡന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.