SignIn
Kerala Kaumudi Online
Saturday, 20 April 2024 4.40 AM IST

ലഹരിക്കെതിരെ കൈകോർക്കൂ.... ഈ യുദ്ധം ജയിച്ചേ തീരൂ....

narcotics

സ്‌കൂൾ കുട്ടികൾ ഉൾപ്പടെ മാരക ലഹരിക്ക് അടിമപ്പെടുന്നുവെന്ന അപകടകരമായ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ ഘട്ടത്തിലാണ് സംസ്ഥാന സർക്കാർ നോ ടു ഡ്രഗ് എന്ന പേരിൽ ബഹുജന കാമ്പെയ്‌ൻ ആംഭിച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിലുടനീളം മനുഷ്യശൃംഖല തീർത്ത് ലഹരിക്കെതിരായ യുദ്ധത്തിന്റെ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ് സംസ്ഥാനം. കൈകോർത്തതുകൊണ്ടു മാത്രം ലഹരി ഇല്ലാതാകില്ല . ഇക്കാര്യത്തിൽ പൊതുസമൂഹം മുന്നിട്ടിറങ്ങിയേ തീരൂ. ആ കൂട്ടായ്‌മ ഉറപ്പാക്കുകയാണ് മനുഷ്യശൃംഖലയിലൂടെ.

നവംബർ ഒന്നിന് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് വൈകിട്ട് മൂന്ന് മണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിക്കും. പ്രതിജ്ഞയെടുക്കലും പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായിരിക്കും. സ്‌കൂളുകൾ ഇല്ലാത്ത വാർഡുകളിൽ പ്രധാന കേന്ദ്രത്തിലാകും പരിപാടി. ഏറെ പ്രതീക്ഷയോടെയാണ് സർക്കാർ ഈ പരിപാടി ആവിഷ്കരിച്ചിരിക്കുന്നത്.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി യുവജന, വിദ്യാർത്ഥി സംഘടനകൾ ലഹരിക്കെതിരെ ഒരേസ്വരത്തിൽ മുന്നിട്ടിറങ്ങണം. ഏറ്റവും കൊടിയ സാമൂഹികവിപത്തായ ലഹരിക്കെതിരെയുള്ള ജനകീയ പോരാട്ടത്തിലാണ് കേരളം. എങ്ങനെ മുറിച്ചുമാറ്റിയാലും ഭയാനകമായ കരുത്തോടെ വീണ്ടും ആഴത്തിലും വ്യാപ്തിയിലും വേര് പടർത്തുന്ന ലഹരിസംഘങ്ങൾ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും അപകടകരമായ പ്രശ്നങ്ങളിലൊന്നായിക്കഴിഞ്ഞു. നഗരങ്ങൾ മുതൽ ഗ്രാമങ്ങൾ വരെ ലഹരിമരുന്നുകളുടെ ഉപയോക്താക്കളെയും വിൽപ്പനക്കാരെയും കൊണ്ടുനിറയുന്നുണ്ട്. വലിയ നഗരങ്ങൾ വലിയ ലഹരിക്കയത്തിൽ മയങ്ങിക്കിടക്കുന്നു. ലഹരിക്കടത്തിന്റെ പുതുവഴികൾ കേരളം കേട്ടുകൊണ്ടിരിക്കുകയുമാണ്. ലഹരിയുടെ വലകൾ ചിന്തിക്കാൻ പോലുമാവാത്തവിധം സങ്കീർണവും ഭയാനകവുമായി മാറുന്നു. അതുകൊണ്ടുതന്നെ, ലഹരിയോട് അനുഭാവം കാട്ടുന്ന വിദ്യാർത്ഥി യുവജന വിഭാഗത്തെ ബോധവത്‌കരിക്കാൻ പരമ്പരാഗതരീതികൾ വെടിഞ്ഞ്, പുതിയ ഭാഷയും ശൈലിയും പ്രയോഗിക്കണമെന്ന് യുവജാഗ്രതാ കൂട്ടായ്മ ഉറപ്പിച്ചുപറയുന്നു. ലഹരിവിമുക്ത കാമ്പസുകൾ എന്ന ദൗത്യം ഏറ്റെടുത്ത് ജനകീയ യുദ്ധത്തിന് തുടക്കമിട്ടത് ഈ വലിയ ദൗത്യത്തിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സിനിമ ഉൾപ്പെടെയുള്ള ജനകീയ കലാരൂപങ്ങളിൽ ലഹരിയെ മഹത്വവത്ക്കരിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടനകൾ ഒറ്റശബ്ദത്തിൽ ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തുന്നതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽപിനും അതിജീവനത്തിനും വേണ്ടിയുള്ള പോരാട്ടമാണെന്നാണു 'നോ ടു ഡ്രഗ്സ്' ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. ബഹുതലങ്ങളിൽ, ഇടർച്ചയില്ലാതെ നീങ്ങേണ്ട ദൗത്യം തന്നെയാണു ലഹരിവിരുദ്ധ പോരാട്ടം. അതുകൊണ്ടുതന്നെ, ലഹരിയുടെ വേരുകളെല്ലാം പിഴുതെറിയുംവരെ ഇതിന്റെ തുടർച്ച ഉറപ്പുവരുത്തിയേതീരൂ.

ലഹരിയുടെ ഇരുൾക്കയങ്ങളിലേക്ക് ഇനി ആരും പതിച്ചുകൂടെന്ന നിശ്ചയദാർഢ്യത്തോടെ തുടങ്ങിയ ഈ യുദ്ധം തോൽക്കാനുള്ളതല്ല.

ലഹരിക്കെതിരായ കാമ്പെയ്ൻ ഒരുവശത്ത് നടക്കുമ്പോൾ മറുവശത്തെ കണക്കുകൾ ഒട്ടും ആശ്വാസകരമല്ല. 35 ദിവസത്തിൽ 14.6 കോടിയുടെ മയക്കുമരുന്നാണ് പിടിച്ചത്. 1038പേർ അറസ്റ്റിലായി. മയക്കുമരുന്നിനെതിരെ എക്‌സൈസ് നടത്തുന്ന സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി സെപ്തംബർ 16 മുതൽ ഒക്ടോബർ 21 വരെയുള്ള കണക്കാണിത്. 1024 കേസുകളിലായി 1038 പ്രതികളെ അറസ്റ്റ് ചെയ്തു. 14.6 കോടി രൂപയുടെ മയക്കുമരുന്നും പിടിച്ചെടുത്തു. 957.7 ഗ്രാം എം.ഡി.എം.എ, 1428 ഗ്രാം മെത്താംഫിറ്റമിൻ, 13.9 ഗ്രാം എൽ.എസ്.ഡി സ്റ്റാമ്പ്, 245.5 ഗ്രാം ഹാഷിഷ് ഓയിൽ, 187.6 ഗ്രാം നർക്കോട്ടിക് ഗുളികകൾ, 16 ഇൻജക്ഷൻ ആംപ്യൂളുകൾ മുതലായവയാണ് പിടിച്ചെടുത്തവയിലുള്ളത്. ഇതിന് പുറമേ 147.7 കിലോ കഞ്ചാവ്, 181 കഞ്ചാവ് ചെടി എന്നിവയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

നവംബർ ഒന്നുവരെയാണ് മയക്കുമരുന്നിനെതിരെയുള്ള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ്. തൃശൂരിലും എറണാകുളത്തുമാണ് ഏറ്റവുമധികം കേസുകൾ ഈ കാലയളവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുറവ് കാസർകോടാണ്. മയക്കുമരുന്ന് കേസിലുൾപ്പെട്ട 2324 കുറ്റവാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കി നിരീക്ഷണം ആരംഭിച്ചു. വിദ്യാലയ പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണവും എക്‌സൈസ് ഏർപ്പെടുത്തിയിട്ടുണ്ട്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ, ട്രെയിനുകൾ, അതിർത്തി ചെക്ക്‌പോസ്റ്റുകൾ, ഇടറോഡുകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന ശക്തമായി തുടരുകയാണ്. യുവജനതയുടെ ഭാവിക്കുമേൽ ഇരുൾമൂടുന്നവിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. . സമൂഹത്തോട് മാത്രമല്ല, ആരോടും പ്രതിബദ്ധതയില്ലാത്ത പുതുതലമുറയെയാണ് ലഹരി സൃഷ്ടിക്കുന്നത്.

കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകൾ പുതുതലമുറ ഉപയോഗിക്കുകയാണ്. വിലകൂടിയതും ഒളിപ്പിച്ച് കടത്താൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരുംതലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാകുക. കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഹിംസ, കൊടുംക്രൂരത എന്നിവയിലേക്കുമെല്ലാം മയക്കുമരുന്ന് ഉപയോഗം നയിക്കും. എന്തും ചെയ്യാൻ തയ്യാറെടുക്കും. വിദ്യാർത്ഥികളെയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.

അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിലും ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് കേരളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഗുജറാത്തിൽ ഈ ആഗസ്ത് 16ന് പിടിച്ചത് 1026 കോടി രൂപയുടെ മയക്കുമരുന്നാണ്. മുംബയ് പൊലീസാണ് ഗുജറാത്തിലെത്തി ഇത് റെയ്ഡ് ചെയ്ത് പിടിച്ചത്. 2021 സെപ്തംബർ 22ന് 21,000 കോടിയുടെ ഹെറോയിൻ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് പോയ ബോട്ടുകളിൽ കടത്തുകയായിരുന്ന 1526 കോടിയുടെ 218 കിലോ ഹെറോയിൻ ലക്ഷദ്വീപ് തീരത്ത് 2022 മെയ് 20ന് പിടിച്ചു. രാജ്യത്തേക്ക് വിദേശത്തുനിന്നുള്ള മയക്കുമരുന്നുകടത്ത് അതിരൂക്ഷമാണ് എന്നാണ് ഇത്തരം കണക്കുകൾ വ്യക്തമാക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വ്യാപകമായി കേരളത്തിലേക്ക് ഒഴുകുന്നുവെന്നത് യാഥാർത്ഥ്യമാണ്. വിമുക്തി ക്ലബ്ബുകളും കൗൺസലിങ്ങും കായിക പരിശീലനവും ബോധവൽക്കരണവും തുടങ്ങിയ പദ്ധതികളും ശക്തമാണ്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ നൽകുന്നതിന് 9447178000, 9061178000 നമ്പറുകളിൽ വിളിച്ച് ആർക്കും ഇത്തരം വിവരങ്ങൾ കൈമാറാനാകും. ഒറ്റക്കെട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ മാത്രമേ ഈ പോരാട്ടം വിജയിക്കാനാകൂ. എന്ത് പ്രശ്നവും തന്നെ ബാധിക്കാത്തിടത്തോളം ആരും അതിൽ ഗൗരവം കാട്ടാറില്ല, എന്നാൽ ലഹരിയോട് ആ സമീപം അപകടകരമാണ്. മറ്റൊരാളെ ലഹരിയിൽ നിന്ന് മോചിപ്പിക്കുന്നത് സ്വന്തം കുടുംബത്തിന് വേണ്ടി ചെയ്യുന്ന നന്മയാണെന്ന തിരിച്ചറിവാണ് വേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAY NO TO DRUGS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.