SignIn
Kerala Kaumudi Online
Friday, 19 April 2024 8.58 AM IST

ഇലക്ടറൽ ബോണ്ടുകളുടെ 95 ശതമാനം സംഭാവനയും ബി.ജെ.പിക്കെന്ന് ഗെലോട്ട്

gehlot

സൂററ്റ്: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി നൽകുന്ന മൊത്തം സംഭാവനയുടെ 95 ശതമാനവും ഭാരതീയ ജനതാ പാർട്ടിക്ക് ലഭിക്കുന്നതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. മറ്റ് പാർട്ടികൾക്ക് ഫണ്ട് ലഭിക്കാൻ ബി.ജെ.പി അനുവദിക്കുന്നില്ലെന്നും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സൂറത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗെലോട്ട് ആരോപിച്ചു.

കോൺഗ്രസിനും മറ്റ് രാഷ്ട്രീയപ്പാർട്ടികൾക്കും സംഭാവന നൽകാൻ ആഗ്രഹിക്കുന്ന കോർപ്പറേറ്റുകളെ പോലും ബി.ജെ.പി ഭീഷണിപ്പെടുത്തുന്നതായും ഗെലോട്ട് പറഞ്ഞു. മറ്ര് പാർട്ടികൾക്ക് സംഭാവന നൽകിയാൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്രും ആദായ നികുതി വകുപ്പും സംഭാവന നൽകുന്നവരുടെ വാതിൽക്കൽ മുട്ടും. നമ്മുടെ ജനാധിപത്യത്തിൽ സംഭാവന പോലും ഒരു പാർട്ടിക്കു മാത്രമായി ഒതുങ്ങുന്നു. രാജ്യത്തുടനീളം പഞ്ച നക്ഷത്ര പാർട്ടി ഒാഫീസുകൾ നി‌ർമ്മിക്കാൻ അവർ കോടിക്കണക്കിനു രൂപ സമ്പാദിച്ചെന്നും ഗെലോട്ട് പറഞ്ഞു.

ഭയമുള്ളതിനാൽ അവർ മറ്ര് പാർട്ടികൾക്ക് സംഭാവന നൽകുന്നില്ല. മഹാരാഷ്ട്രയിലും കർണ്ണാടകയിലും ചെയ്തതുപോലെ സംഭാവനകളിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാരുകളെ താഴെയിറക്കാൻ ഉപയോഗിക്കുന്ന മാതൃക ബി.ജെ.പി അവതരിപ്പിച്ചു. ഭരണകക്ഷിയായ ബി.ജെ.പി ഫാസിസ്റ്ര് ശക്തിയാണെന്ന് ആരോപിച്ച ഗെലോട്ട്, ഏതെങ്കിലും നയത്തിനോ പരിപാടിക്കോ തത്വങ്ങൾക്കോ പകരം മതാടിസ്ഥാനത്തിലാണ് പാർട്ടി വിജയിക്കുന്നതെന്നും പറഞ്ഞു.

മഹാത്മാ ഗാന്ധിയുടെ നാടാണ് ഗുജറാത്ത്. എന്നാൽ, ഇവിടെ അക്രമത്തിന്റെയും അശാന്തിയുടെയും അന്തരീക്ഷമാണുള്ളത്. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ബി.ജെ.പിയിൽ അതൃപ്തരാണ്. ഈ ഭരണം മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത സർക്കാർ രൂപീകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം,​ ഗെലോട്ടിന്റെ ആരോപണങ്ങളോട് സംസ്ഥാന ബി.ജെ.പി നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ആം ആദ്മി എതിർവാർത്തകൾ ഒതുക്കുന്നു

ആം ആദ്മി പാർട്ടിക്കെതിരെയും ശക്തമായ ആരോപണങ്ങളാണ് ഗെലോട്ട് ഉന്നയിച്ചത്. എ.എ.പിയും അതിന്റെ തലവൻ അരവിന്ദ് കേജ്‌രിവാളും അവർക്കെതിരായ ഏത് നെഗറ്റീവ് വാർത്തയും പണം ചെലവാക്കി ഒതുക്കുന്നതായാണ് ആരോപണം. പണം കൊടുത്ത് അവർ മാദ്ധ്യമങ്ങളെ നിയന്ത്രിക്കുന്നു. കേജ്‌രിവാളിന്റെ പ്രവർത്തനങ്ങൾ ജനാധിപത്യത്തിന് അപകടകരമാണ്. തങ്ങൾക്കെതിരായ വാർത്തകൾ അടിച്ചമർത്തി അവർ നിരന്തരമായി പ്രഖ്യാപനങ്ങൾ നടത്തുകയാണ്. അവരുടെ ടെലിവിഷൻ അഭിമുഖങ്ങൾ വ്യാജമാണ്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ തങ്ങൾക്കനുകൂലമായ ഒരന്തരീക്ഷം അവർ സൃഷ്ടിച്ചു. ഇതെല്ലാം അവരുടെ തന്ത്രങ്ങളാണെന്നും ഗെലോട്ട് ആരോപിച്ചു.

തീയതി പ്രഖ്യാപിക്കാത്തത് മനഃപൂർവം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൂടുതൽ യോഗങ്ങളെ അഭിസംബോധന ചെയ്യാനും ഉദ്ഘാടനം ചെയ്യാനുമായി ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ മനഃപൂർവം തടഞ്ഞുവയ്ക്കുകയാണെന്ന് ഗെലോട്ട് ആരോപിച്ചു. ഈ വർഷം അവസാനമാണ് തിരഞ്ഞെടുപ്പെങ്കിലും തീയതി ഇതുവരെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് ആരോപണം.

ഗുജറാത്ത്, മഹാരാഷ്ട്ര തിരഞ്ഞെടുപ്പുകൾ:പുതിയ നീക്കങ്ങളുമായി പാർട്ടികൾ

അഹമ്മദാബാദ്: ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കുന്ന സമയത്ത് പുതിയ നീക്കങ്ങളും സ്ഥാനാർത്ഥി പട്ടികകളുമായും രാഷ്ട്രീയ പാർട്ടികൾ. മഹാരാഷ്ട്രയിലെ സ്ഥാനാർത്ഥി നിർണ്ണയവും പ്രഖ്യാപനവും ഏതാണ്ട് പൂർത്തിയായിരിക്കുന്നു. മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ ഏഴാം പട്ടിക ഇന്നലെ പുറത്തിറക്കി. 13 സ്ഥാനാ‌ർത്ഥികളെ ആം ആദ്മി സംസ്ഥാന ഘടകം പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ പ്രഖ്യാപിച്ചു. ഇതോടെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളുടെ എണ്ണം 86 ആയി. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കു വേണ്ടിയുള്ള അഭിപ്രായ വോട്ടെടുപ്പിന് അരവിന്ദ് കേജ്‌രിവാൾ തുടക്കമിടുകയും ചെയ്തു. നിങ്ങളുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കൂ എന്ന പ്രചാരണ നീക്കവും ആം ആദ്മി തുടങ്ങി. അരവിന്ദ് കേജ്‌രിവാളിനു പുറമെ ഭഗവന്ത്മാനും ഗുജറാത്തിൽ സന്ദർശനം നടത്തും.

കോൺഗ്രസ്സിലെ മുതിർന്ന നേതാവ് അശോക് ഗെലോട്ടും മറ്ര് നേതാക്കളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊതുറാലികളെ അഭിസംബോധന ചെയ്യും.

അതിനിടെ, സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പ്രാദേശികതല പാർട്ടി പ്രവർത്തകരിൽ നിന്ന് ഫീഡ് ബാക്ക് ശേഖരിക്കാനുള്ള നടപടിക്ക് ബി.ജെ.പിയും തുടക്കമിട്ടു. വരും ദിവസങ്ങളിൽ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും മൂന്ന് പാർട്ടിയിലെയും പ്രധാന നേതാക്കൾ പ്രചാരണം നടത്തും. 182 അംഗ നിയമസഭയിലേക്ക് കടുത്ത മത്സരത്തിനുള്ള സാദ്ധ്യതകളാണ് കാണുന്നത്. നവംബർ 12 ന് നടക്കുന്ന ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഭാഗമായി നവംബർ അഞ്ച് മുതൽ ഒമ്പത് വരെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്ത് പ്രചാരണം നടത്തും. ഹിമാചലിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി ഇന്നലെ കഴിഞ്ഞു. 68 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 12ന് നടക്കും. ഗുജറാത്തിൽ ബി.ജെ.പി കരുതലോടെയാകും സ്ഥാനാർത്ഥി നിർണ്ണയം നടത്തുക. ഗുജറാത്തിൽ കോൺഗ്രസ് 31 മുതൽ പരിവർത്തൻ സങ്കൽപ് യാത്ര നടത്തുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.