പഴുവിൽ: ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ സ്കന്ദഷഷ്ഠിയോട് അനുബന്ധിച്ച് ഭക്തർക്ക് ദൃശ്യവിസ്മയമായി സുബ്രഹ്മണ്യശിൽപ്പം. തൃപ്രയാർ സ്വദേശിയായ ആർട്ടിസ്റ്റ് വത്സനാണ് ഭൂരിഭാഗവും പേപ്പർ ഉപയോഗിച്ച് ശിൽപ്പം തീർത്തത്. ക്ഷേത്രം പടിഞ്ഞാറെ നടയിലാണ് 10 അടിയോളം ഉയരമുള്ള ശിൽപ്പമുള്ളത്.
ആദ്യം ഇരുമ്പിന്റെ ആർമേച്ചർ ഉണ്ടാക്കിയായിരുന്നു നിർമ്മാണം. ആടയാഭരണങ്ങളും കുണ്ഡലങ്ങളുമണിഞ്ഞ് നിൽക്കുന്ന ശിൽപ്പം ഒറ്റ നോട്ടത്തിൽ വെങ്കലമാണെന്നേ തോന്നൂ. അത്രയേറെ സൂക്ഷ്മതയോടും കരവിരതോടും കൂടിയാണ് ഒരു മാസത്തെ പ്രയത്നത്തിൽ ശിൽപ്പം രൂപപ്പെടുത്തിയത്. സ്വർണനിറം കൂടി നൽകിയതോടെ ശിൽപ്പത്തിന് ഒരു വെങ്കലപചാരുത കൂടി കൈവന്നു.
പ്രൈമറി ക്ലാസ് മുതൽ ചിത്രരചനാ രംഗത്തേക്കു കടന്നുവന്ന കലാകാരനാണ് ആർട്ടിസ്റ്റ് വത്സൻ. സ്കൂൾ തലം മുതൽക്കേ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കേരളാ ലളിത കലാ അക്കാഡമിയുടെ കീഴിലുള്ള നിരവധി ഏകാംഗ ഗ്രൂപ്പ് പെയിന്റിംഗ് പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2021ലെ അംബേദ്കർ ജയന്തി ചിത്രകലാ പുരസ്കാരവും നേടി. പെയിന്റിംഗ്, റിലീഫ്, ശിൽപ്പം എന്നീ ആർട്ട് വർക്കുകൾ ചെയ്തു വരുന്ന വത്സന്റേത് ഒരു മുഴുവൻ സമയ കലാജീവിതമാണ്. കെ.എസ്.ഇ.ബിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനിയറും കഥാകാരിയുമാണ് ഭാര്യ ജയന്തി.കോളേജ് വിദ്യാർത്ഥികളായ ജ്വലനും, ഹെലനും മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |