നവംബർ 12ന് മുഖ്യമന്ത്രി നിർവഹിക്കും
കൊല്ലം: റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരം നവംബർ 12ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജെ.ചിഞ്ചുറാണി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
അച്ചൻ കോവിൽ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടമടക്കം പൊലീസിന്റേതായ മറ്റ് കെട്ടിടങ്ങൾ മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കൊട്ടാരക്കര പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിനുള്ള ശിലാസ്ഥാപനം കൂടി അന്നേ ദിവസം നടത്താനാണ് ആലോചന. എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
മൂന്ന് നില കെട്ടിടം
14,466 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളുള്ള കെട്ടിടമാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്. 6 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കിയത്. അനുബന്ധ സൗകര്യങ്ങൾക്കായി പിന്നെയും അധികം തുക ചെലവിട്ടു. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, റസ്റ്റ് റൂം, കാഷ് കൗണ്ടർ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ഓഫീസ്, ജില്ലാ ക്രൈം റെക്കാർഡ്സ് ബ്യൂറോ ഡിവൈ.എസ്.പി ഓഫീസ്, ശൗചാലയങ്ങൾ എന്നിവയും എസ്.പിയുടെ ക്യാബിൻ, ഓഫീസ് ലോഞ്ച്, വിശ്രമ മുറികൾ, ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പിയുടെ ഓഫീസ്, ഭരണ വിഭാഗം ഡിവൈ.എസ്.പി ഓഫീസ്, നാർകോട്ടിക് സെൽ, സൈബർ സെൽ, വനിതാസെൽ, ടോയ്ലറ്റ് എന്നിവ രണ്ടാം നിലയിലും ടെലി കമ്മ്യൂണിക്കേഷൻ വിഭാഗം, അക്കൗണ്ട്സ് മാനേജർ ഓഫീസ്, മിനിസ്റ്റീരിയൽ വിഭാഗം, കോൺഫറൻസ് ഹാൾ, റെക്കാഡ്സ് റൂം, ടോയ്ലറ്റുകൾ എന്നിവ മൂന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |