SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.03 AM IST

ടൊയോട്ടയുടെ ഗ്ളാമറസ് ഗ്ളാൻസ

toyota

മാരുതിയുടെ ബലേനോയ്ക്ക് ടൊയോട്ടയുടെ ലോഗോ! ഗ്ളാൻസയുടെ ആദ്യ പതിപ്പ് 2019ൽ പുറത്തിറങ്ങുമ്പോൾ അതായിരുന്നു പ്രകടമായമാറ്റം. 'ഗ്ളാൻസ 2022" പതിപ്പിലേക്കെത്തുമ്പോൾ ഇത് ബലേനോ തന്നെയല്ലേ എന്നാരും പറയില്ല. ടൊയോട്ടയുടെ കൈമുദ്രയോടെ ഒട്ടനവധി മാറ്റങ്ങളുള്ളതാണ് പുതുപുത്തൻ ഗ്ളാൻസ.

ജാപ്പനീസ് ബ്രാൻഡുകളായ സുസുക്കിയും ടൊയോട്ടയും 2019ലാണ് സഹകരണത്തിനായി കൈകോർത്തത്. ഇതുപ്രകാരം ലോകത്ത് പലയിടത്തും ടൊയോട്ടയുടെ മോഡലുകൾ സുസുക്കിയുടെ ലേബലിൽ വിപണിയിലെത്തുന്നു; തിരിച്ചും. ഇന്ത്യയിൽ മാരുതി ബലേനോയാണ് ആദ്യം ടൊയോട്ട ഗ്ളാൻസയായി വിപണിയിലെത്തിയത്. രണ്ടാമത് വിറ്റാര ബ്രെസ ടൊയോട്ട അർബൻ ക്രൂസറായും.

ഓാാാാാസം ഗ്ളാൻസ

ഗ്ളാൻസയുടെ 2022 സബ്-4 മീറ്റർ പ്രീമീയം ഹാച്ച്‌ബാക്കിന്റെ വലിയമാറ്റം മുൻഭാഗത്ത് തന്നെയാണ്. ടൊയോട്ടയുടെ സ്വന്തമെന്ന് അരക്കിട്ടുറപ്പിക്കുന്നതാണ് ചേരുവകൾ. അവ പഴയ ഗ്ളാൻസയെ അനുസ്മരിപ്പിക്കുന്നേയില്ല.

'എൽ" ആകൃതിയിലെ എൽ.ഇ.ഡി ഡി.ആർ.എല്ലോട് കൂടി,​ എൽ.ഇ.ഡി പ്രൊജക‌്ടർ ഹെഡ്‌ലൈറ്റ് പുതിയതാണ്. മെലിഞ്ഞ സ്പോർട്ടീ ഗ്രില്ലിൽ മദ്ധ്യഭാഗത്ത് ടൊയോട്ട ലോഗോ. ഒപ്പം കൊമ്പൻമീശ പിരിച്ച് നിൽക്കുംപോലെ കർവ്ഡ് ക്രോമും. ക്രോമിന്റെ ഉപയോഗം വാഹനത്തിലുടനീളമുണ്ട്. കർവ് ചെയ്‌ത ബോണറ്റും ടൊയോട്ടയുടെ സിഗ്‌നേച്ചർ ട്രെപസോയ്ഡ് ബമ്പറും ചേരുമ്പോൾ മുൻഭാഗം പൂർണമായും സ്വവ്യക്തിത്വമുള്ളതാകുന്നു.

വശ്യഭംഗി

16 ഇഞ്ച് അലോയ് വീലുകളാണ് വശങ്ങളിലെ പ്രധാന മാറ്റം. പുതിയ ഡിസൈനോട് കൂടിയ അലോയ് വീൽ, മദ്ധ്യത്തിൽ ടൊയോട്ട ലോഗോ. വശങ്ങളിലും പ്രത്യേകിച്ച് ഡോർ ഹാൻഡിലിലും വിൻഡോലൈനിലുമുൾപ്പെടെ ക്രോമിന്റെ അപ്രമാദിത്വമുണ്ട്. ഓട്ടോ-ഫോൾഡിംഗ് സൗകര്യമുള്ളതാണ് ഒ.ആർ.വി.എം; ഒപ്പം ഇൻഡിക്കേറ്റർ ലൈറ്റും. ഒ.ആർ.വി.എമ്മിന്റെ മുകൾഭാഗം ബോഡി കളറാണ്. താഴെ കറുപ്പും.

പിന്നിൽ,​ 'സി" ആകൃതിയിലെ പുതിയ ടെയ്‌ൽലാമ്പും എൽ.ഇ.ഡി മയം. 318 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. അത് അല്പം താഴ്‌ത്തി സജ്ജമാക്കിയിട്ടുള്ളതിനാൽ വലിയ ലഗേഡുകളും വയ്ക്കാം. ബൂട്ട്‌ലാമ്പും ഹുക്കും നൽകിയിട്ടുണ്ട്. പിൻസീറ്റുകൾ മടക്കിവയ്ക്കുമ്പോൾ കൂടുതൽ ലഗേജ് സ്‌പേസും കിട്ടും.

അകത്തളം വിശാലം

2,​520 എം.എമ്മാണ് വീൽബേസ്. അതുകൊണ്ടുതന്നെ അകത്തളം വിശാലമാണ്. പിൻസീറ്റിലെ ദീർഘദൂര യാത്രപോലും സുഖകരമാണ്. മികച്ച ലെഗ്‌റൂമും ഹെഡ്‌റൂമും. ഡോറുകളും വിശാലമായി തുറക്കാമെന്നതിനാൽ അകത്തേക്ക് കയറാനും ഇറങ്ങാനും എളുപ്പം.

കറുപ്പും ബീജും ചേരുന്നതാണ് ഡ്യുവൽ-ടോൺ ക്ളാസീ ഇന്റീരിയർ. വോയിസ് അസിസ്‌റ്റ് ഉൾപ്പെടെയുള്ള 9-ഇഞ്ച് ടൊയോട്ട സ്മാർട്ട് പ്ളേകാസ്‌റ്റ് ഫ്രീ സ്റ്റാൻഡിംഗ് ടച്ച്സ്ക്രീൻ ഇൻഫോടെയ്‌ൻമെന്റ് സംവിധാനം ശ്രദ്ധേയം.

എ.സി വെന്റിലുൾപ്പെടെയുണ്ട് ക്രോമിന്റെ വേലിക്കെട്ടുകൾ. മുന്നിൽ സി-ടൈപ്പ് ഉൾപ്പെടെ രണ്ട് ചാർജിംഗ് പോർട്ടുകളുണ്ട്. വലിയ കപ്പ്-ഹോൾഡറുകൾ. വീതിയേറിയതാണ് സീറ്റുകൾ. പിന്നിൽ,​ മൂന്ന് മുതിർന്നവർക്ക് സുഖമായി തന്നെയിരിക്കാം. പിന്നിലും എ.സി വെന്റുകളുണ്ട്. രണ്ട് ചാർജിംഗ് പോർട്ടുകളും.

എച്ച്.യു.ഡിയും

360 ഡിഗ്രി കാമറയും

ടിൽറ്റിംഗ് ഓപ്‌ഷനുള്ളതാണ് വിവിധ കൺട്രോൾ ബട്ടണുകളുമുള്ള സ്‌റ്റിയറിംഗ്. ഡ്രൈവിംഗ് സീറ്റും ക്രമീകരിക്കാം. ഐ.ആർ.വി.എം ഓട്ടോ ഡിമ്മിംഗ് സൗകര്യമുള്ളതാണ്.

സ്‌റ്റിയറിംഗ് വീലിന് പിന്നിലായി ഹെ‌ഡ്-അപ്പ് ഡിസ്‌പ്ളേ (എച്ച്.യു.ഡി)​ കാണാം. അതിൽ കിലോമീറ്റർ (വേഗം)​,​ സമയം,​ ഗിയർ തുടങ്ങിയവ അറിയാം. എച്ച്.യു.ഡി ബട്ടൺ ഉപയോഗിച്ച് എച്ച്.യു.ഡി തുറക്കാം,​ അടയ്ക്കാം. മികച്ച ഫീച്ചറാണ് ഇതെങ്കിലും മുന്നിലെ കാഴ്ചമറയ്ക്കുന്നതായി തോന്നാം. 360 ഡിഗ്രി വ്യൂ കാമറയാണ് മറ്റൊരു മികവ്.

സുരക്ഷയിലും മികവ്

എ.ബി.എസ്.,​ ഇ.ബി.ഡി.,​ 6 എയർബാഗുകൾ,​ ഹിൽ ഹോൾഡ് കൺട്രോൾ,​ ഹൈ സ്പീഡ് അലെർട്ട്,​ ക്രൂസ് കൺട്രോൾ,​ വെഹിക്കിൾ സ്‌റ്റെബിലിറ്റി കൺട്രോൾ തുടങ്ങി ഒട്ടേറെ സുരക്ഷാ ഫീച്ചറുകളുണ്ട്.

45+ കണക്‌ടിവിറ്റി

ലോക്ക്,​ അൺലോക്ക്,​ ഹെഡ്‌ലൈറ്റ്,​ ഹസാഡ് ലൈറ്റ്,​ ഫൈൻഡ് മൈ കാർ,​ സർവീസ് റിമൈൻഡർ തുടങ്ങി 45ലേറെ കണക്‌റ്റിവിറ്റി ഫീച്ചറുകൾ പുത്തൻ ഗ്ളാൻസയുടെ മികവാണ്.

മൂന്നുവർഷം അല്ലെങ്കിൽ ഒരുലക്ഷം കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റിയോട് കൂടിയാണ് ഗ്ളാൻസ 2022 എത്തുന്നത്. എക്‌സ്‌റ്റൻഡഡ് വാറന്റി ഓപ്‌ഷനുണ്ട്. ടൊയോട്ടയുടെ സർവീസ് മികവിനൊപ്പം ഉപഭോക്തൃസൗഹൃദ സേവനങ്ങൾ വേറെയുമുണ്ട്.

ആസ്വദിക്കാം ഡ്രൈവിംഗ്

കുടുംബത്തിനും യുവാക്കൾക്കും ഒരുപോലെ അനുയോജ്യമായ കാർ എന്ന് പുത്തൻ ഗ്ലാൻസയെ വിശേഷിപ്പിക്കാം. ഏത് പ്രായക്കാർക്കും ആസ്വദിച്ച് ഡ്രൈവ് ചെയ്യാം.

മാനുവൽ,​ എ.എം.ടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ) ഗിയർ ഓപ്‌ഷനുകളുണ്ട്. രണ്ടും ഒന്നിനൊന്ന് മെച്ചം. ഇ (മാനുവൽ), എസ് (എം.ടി/എ.എം.ടി), ജി (എം.ടി/എ.എം.ടി), വി (എം.ടി/എ.എം.ടി) എന്നീ വേരിയന്റുകളാണുള്ളത്.

ടൊയോട്ട പരിഷ്‌കരിച്ച 1197 സി.സി, 4-സിലിണ്ടർ, ഡ്യുവൽജെറ്റ്, ഡ്യുവൽ വി.വി.ടി പെട്രോൾ എൻജിനാണ് ഹൃദയം. 89 പി.എസ് കരുത്തും 113 എൻ.എം ടോർക്കും. 4.85 മീറ്റർ ടേണിംഗ് റേഡിയസ് നഗരനിരത്തുകളിലും വാഹനത്തെ അനായാസം നിയന്ത്രിക്കാൻ സഹായിക്കും.

മൈലേജ് മന്നൻ

എ.എം.ടി മോഡൽ ലിറ്ററിന് 22.94 കിലോമീറ്ററും മാനുവൽ 22.35 കിലോമീറ്ററും സർട്ടിഫൈഡ് മൈലേജ് വാഗ്‌ദാനം ചെയ്യുന്നു. ഓൺ-റോഡിൽ ഉറപ്പായും 19-20 കിലോമീറ്റർ‌ പ്രതീക്ഷിക്കാം. 37 ലിറ്ററാണ് ഇന്ധനടാങ്കിന്റെ ശേഷി.

മുന്നിലെ മക്‌ഫേഴ്സൺ സ്‌ട്രട്ട്, പിന്നിലെ ടോർഷൻ ബീം സസ്‌പെൻഷനാണ് മറ്റൊരു മികവ്. റോഡിലെ കുഴിയിൽപ്പോലും കുലുക്കം തീരെ അറിയാതെ യാത്രചെയ്യാൻ ഇത് സഹായിക്കുന്നു. 3.9 മീറ്ററാണ് ഗ്ളാൻസയുടെ നീളം. വീതി 1.7 മീറ്റർ. ഉയരം 1.5 മീറ്റർ.

വില

വിലയ്ക്കൊത്ത മോഡലെന്ന് വിശേഷിപ്പിക്കാം പുത്തൻ ഗ്ളാൻസയെ. പത്തുലക്ഷം രൂപയ്ക്ക് താഴെവിലയുള്ള വാഹനത്തിന് ആവശ്യമായ എല്ലാ ചേരുവകളുമുണ്ട്. 6.59 ലക്ഷം മുതൽ 9.98 ലക്ഷം രൂപവരെയാണ് ഗ്ളാൻസയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വില. റെഡ്, ബ്ളൂ, സിൽവർ, ഗ്രേ, വൈറ്റ് നിറങ്ങളിൽ പുതു ഗ്ളാൻസ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN, TOYOTA GLANZA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.