SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.45 PM IST

കൈതാങ്ങിന്റെ ഏഴാം വർഷം രോഗികൾക്ക് ആശ്രയമായി കൊച്ചി കാൻസർ സെന്റർ

cancer

കൊച്ചി: ബാലാരിഷ്ടതകൾ അവശേഷിക്കുമ്പോഴും കാൻസർ രോഗികൾക്ക് ആശ്രയവും ആശ്വാസവുമായി കൊച്ചി കാൻസർ റിസർച്ച് സെന്റർ ഏഴാം വർഷത്തിലെത്തി. നിർമ്മാണം പുരോഗമിക്കുന്ന പുതിയ കെട്ടിടവും അനുബന്ധസൗകര്യങ്ങളും അടുത്തവർഷം അവസാനം പൂർത്തിയാകുന്നതോടെ കാൻസർ ചികിത്സയിൽ മദ്ധ്യകേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ കേന്ദ്രമായി കൊച്ചി മാറും.

കളമശേരിയിലെ സർക്കാർ മെഡിക്കൽ കോളേജിന്റെ കെട്ടിടത്തിൽ 2016 നവംബർ ഒന്നിനാണ് കൊച്ചി കാൻസർ സെന്റർ പ്രവർത്തനം ആരംഭിച്ചത്. ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ, പ്രൊഫ.എം.കെ.സാനു തുടങ്ങിയ മഹത് വ്യക്തിത്വങ്ങളുടെ ഇടപെടലിന്റെ ഫലമായാണ് മദ്ധ്യകേരളത്തിലെ രോഗികൾക്ക് ആശ്രയമായി കാൻസർ ആരംഭിച്ചത്. ഡോക്ടറെ കണ്ടുമടങ്ങുന്ന സൗകര്യവുമായി ആരംഭിച്ച സെന്റർ പിന്നീട്‌ കീമോതെറാപ്പി, കിടത്തിച്ചികിത്സ, ശസ്ത്രക്രിയകൾ തുടങ്ങിയ സൗകര്യങ്ങളുമായി വളർന്നു. സാധാരണക്കാരായ രോഗികൾക്ക് പൂർണമായും സൗജന്യ ചികിത്സയാണ് ലഭിക്കുന്നത്.

സേവനവുമായി വിദഗ്ദ്ധർ
വിവിധ കാൻസർ ചികിത്സാ വിഭാഗങ്ങളായ മെഡിക്കൽ ഓങ്കോളജി, സർജിക്കൽ ഓങ്കോളജി, റേഡിയേഷൻ ഓങ്കോളജി എന്നിവയിൽ വിദഗ്ദ്ധരായ ഡോക്ടർമാർ സെന്ററിലുണ്ട്. കാരുണ്യ പദ്ധതിയുടെ പ്രയോജനവും രോഗികൾക്ക് ലഭിക്കുന്നു.

മെഡിക്കൽ കോളേജിലെ സി.ടി, എം.ആർ.ഐ. സ്‌കാനിംഗ് സൗകര്യങ്ങൾ കാൻസർ രോഗികൾക്കും ലഭിക്കും. മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്ററുകളാണ് ഉപയോഗപ്പെടുത്തുന്നത്. റേഡിയേഷൻ എറണാകുളം ജനറൽ ആശുപത്രിയിലെ ലീനിയർ ആക്സിലേറ്റർ വഴി ലഭ്യമാക്കുന്നു.

കെട്ടിടം പൂർത്തിയാകുന്നു

കാൻസർ സെന്ററിനായി നിർമ്മിക്കുന്ന കെട്ടിടം അടുത്ത വർഷം അവസാനം പൂർത്തിയാകും. 400 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന കെട്ടിടത്തിന് ഏഴു ലക്ഷം ചതുരശ്രയടി വിസ്തീർണമുണ്ട്. 80 ശതമാനം സിവിൽ നിർമ്മാണ ജോലികൾ പൂർത്തിയായി. കെട്ടിടം സജ്ജമാകുന്നതോടെ വിപുലമായ സൗകര്യങ്ങൾ ലഭ്യമാകും. റേഡിയേഷനുൾപ്പെടെ ആവശ്യമായ യന്ത്രസംവിധാനങ്ങൾ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിക്കഴിഞ്ഞു.


നിയമനങ്ങൾ ആയിരത്തിലേറെ
പുതിയ കെട്ടിടം സജ്ജമാകുമ്പോൾ പുതിയതായി 1200 ലേറെ തസ്തികളിൽ നിയമനം നടത്തണം. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിന്റെ മാതൃകയിൽ പി.എസ്.സി വഴി നിയമനങ്ങൾ നടത്തണമെന്ന ആവശ്യം ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ഡയറക്ടർ നിയമനം നീളുന്നു
ഒന്നേകാൽ വർഷമായി ഒഴിഞ്ഞുകിടക്കുന്ന ഡയറക്ടർ പദവിയിൽ നിയമനത്തിന് മൂന്നു മാസം മുമ്പ് നടപടി ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല. ഉപകരണങ്ങൾ സ്ഥാപിക്കുക, പുതിയ നിയമനങ്ങൾ നടത്തുക എന്നിവയ്ക്ക് ഡയറക്ടർ ആവശ്യമാണ്.



''കാൻസർ സെന്റർ പ്രവർത്തനത്തിന് വിവിധ ഏജൻസികളെ ഏകോപിപ്പിക്കാൻ സ്പെഷ്യൽ ഓഫീസർ അനിവാര്യമാണ്. മുൻകളക്ടർ എസ്. സുഹാസ്‌ മാറിയശേഷം ഓഫീസറെ നിയമിച്ചിട്ടില്ല. പുതിയ കളക്ടർ രേണുരാജിന് സ്പെഷ്യൽ ഓഫീസറായി പ്രവർത്തിക്കാൻ കഴിയും.""

ഡോ.എൻ.കെ.സനിൽകുമാർ

ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ മൂവ്മെന്റ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, CANCER CENTRE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.