SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.43 PM IST

കൈവിട്ട , ആ ഇരുപത്തിയഞ്ച് മിനിറ്റ്

ss

'ആ മനുഷ്യന്റെ ആർത്തലച്ച നിലവിളി കേട്ടപ്പോൾ ഏതോ ഭൂകമ്പത്തിൽ ഭൂമിയ്ക്കടിയിൽപ്പെട്ട ഒരാളുടെ രോദനം പോലെ തോന്നി. സഹായിക്കണേ എന്നുള്ള ദീനമായ ആ അപേക്ഷ ഇപ്പോഴും ഞങ്ങളുടെ ചെവിയിൽ മുഴങ്ങുന്നുണ്ട്. ആ വിളികേട്ടാണ് ഞങ്ങൾ ബസിൽ നിന്ന് ചാടിയിറങ്ങിയത്. രക്ഷിക്കാൻ പരമാവധി ശ്രമിച്ചു. ആ അപകടസ്ഥലത്ത് ഞങ്ങൾക്കുമുമ്പെ എത്തിയവരിൽ ഒരാളെങ്കിലും മനസുവച്ചിരുന്നെങ്കിൽ ആ ചേച്ചിയുടെ ജീവൻ രക്ഷിക്കാമായിരുന്നു. പക്ഷേ പലരും രക്തത്തിൽ കുളിച്ചു കിടക്കുന്നവരുടെ ചിത്രം ലൈവായി മൊബൈലിൽ പകർത്തുന്ന തിരക്കിലായിരുന്നു. വിലപ്പെട്ട ഇരുപത്തിയഞ്ച് മിനിറ്റാണ് നഷ്ടമായത്.' വയനാട് സ്വദേശികളായ മൂന്നു യുവാക്കൾ പറഞ്ഞു. അവർ അങ്ങനെ പറയാനുണ്ടായ കാര്യത്തിലേക്ക് വരാം.

കാസർകോട് ,ചിറ്റാരിക്കൽ കെ.എസ്.എഫ്.ഇ ശാഖയിലെ മാനേജരായ ഭാര്യ കുമാരി ഗീതയെ കഴിഞ്ഞ ദീപാവലി ദിവസം വൈകുന്നേരം ട്രെയിൻ കയറ്റി വിടാൻ തമ്പാനൂർ റെയിൽവെ സ്റ്റേഷനിലേക്ക് പോവുകയായിരുന്നു തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ ഡി.വൈ.എസ്.പി ഗ്രേഡിലുള്ള ആംഡ് പൊലീസ് ഇൻസ്പെക്ടറായ പരമേശ്വരൻ നായർ. നല്ല ട്രാഫിക്കുള്ളതിനാൽ ഉള്ളൂർ ഭാസി നഗറിലെ വീട്ടിൽനിന്നും കാറെടുക്കാതെ സ്കൂട്ടറിലായിരുന്നു യാത്ര. പനവിള ജംഗ്ഷനിലെത്തിയപ്പോൾ സിഗ്നൽ ലൈറ്റ് പച്ചകത്തിയപ്പോൾ സ്കൂട്ടർ മുന്നോട്ടെടുത്തു. എന്നാൽ എതിർദിശയിൽ നിന്നും അപ്രതീക്ഷിതമായി കെ.എസ്.ആർ.ടി.സി ബസ് സിഗ്നൽ തെറ്റിച്ച് വേഗത്തിലെടുത്തു. ബസിന്റെ സൈഡ് വശം സ്കൂട്ടറിനെ തട്ടിത്തെറിപ്പിച്ചു. ഗീതയും ഞാനും തെറിച്ചുവീണു. ഗീത തലയിടിച്ചാണ് വീണത്. ഞാൻ അതുവഴി പോയ വാഹനങ്ങളെ നോക്കി അലമുറയിട്ടു വിളിച്ചു. ആരും നിറുത്തിയില്ല. അപകടം കണ്ട് അവിടെക്കൂടിയ ഒരാൾപോലും ഞങ്ങളെ റോഡിൽ നിന്നെടുക്കാൻ മുന്നോട്ടുവന്നില്ല.108 ആംബുലൻസ് വിളിച്ചിട്ടുണ്ടെന്ന് ഒരാൾ പറയുന്നതു കേട്ടു. എന്നാൽ ഒരു ഓട്ടോ റിക്ഷയെങ്കിലും തടഞ്ഞുനിറുത്തി ഞങ്ങളെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ എന്റെ ഗീതയെ എനിക്കു നഷ്ടപ്പെടില്ലായിരുന്നു. ഇരുപത്തിയഞ്ച് മിനിറ്റാണ് റോഡിൽകിടന്നത്. എന്റെ നിലവിളി കേട്ട് അതുവഴി വന്ന ബസിൽ സഞ്ചരിച്ച മൂന്നു യുവാക്കൾ വണ്ടി നിർത്തിച്ച് ചാടിയിറങ്ങി. ഒരാൾ ഓടിയെത്തി എന്നെ എഴുന്നേൽപ്പിച്ചു. മറ്റൊരാൾ അയാളുടെ ബാഗിൽ നിന്നാെരു ടവ്വലെടുത്ത് ഗീതയുടെ തലയിൽ ചുറ്റി.രക്തം ഒഴുകുകയായിരുന്നു. മൂന്നാമൻ ആ വഴി വന്ന ഓട്ടോ തടഞ്ഞു നിർത്തി അതിൽക്കയറ്റി അപ്പോഴേക്കും ആംബുലൻസ് വന്നു. ആ യുവാക്കൾ തന്നെ ആംബുലൻസിൽ ഞങ്ങളെ കിംസ് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാർ ഉടൻതന്നെ നോക്കിയെങ്കിലും പത്തുമിനിറ്റെങ്കിലും നേരത്തെ എത്തിച്ചിരുന്നെങ്കിൽ രക്ഷപെടുമായിരുന്നു എന്ന വാക്കാണ് പറഞ്ഞത്. ഇത് പറയുമ്പോൾ പരമേശ്വരൻ വിതുമ്പുന്നുണ്ടായിരുന്നു. വയനാട്ടിൽ നിന്ന് എന്തോ ആവശ്യത്തിന് തിരുവനന്തപുരത്തേക്ക് വന്ന ആ മൂന്നു യുവാക്കളുടെ മനസ് അവിടെ നിന്ന ഒരാൾക്കെങ്കിലും

ഉണ്ടായിരുന്നെങ്കിൽ ...പരമേശ്വരൻ ആവർത്തിച്ചു പറഞ്ഞു.

മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഗൺമാനായി ഇരുപത്തിയൊന്നു വർഷം സേവനമനുഷ്ഠിച്ച പരമേശ്വരനെ അറിയാത്തവർ ചുരുക്കം. ലീഡറുടെ നിഴലായിരുന്നുവെന്നു മാത്രമല്ല വിശ്വസ്തനുമായിരുന്നു. ആ കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് ലീഡർ എന്നും പരമേശ്വരനെ കണ്ടിരുന്നത്. ഉള്ളൂരിലെ വീടു പാലുകാച്ചിന് ലീഡർ രാവിലെ മുതൽ വൈകുന്നേരം വരെ പരമേശ്വരന്റെ വീട്ടിൽ സജീവസാന്നിദ്ധ്യമായിരുന്നത് അന്ന് വാർത്തയായിരുന്നു.

ഗുരുതരമായ പരിക്കില്ലെങ്കിലും അപകടത്തിൽ പരമേശ്വരന്റെ കൈയ്യൊടിഞ്ഞു. കൈയ്ക്ക് സർജറി വേണ്ടിവന്നു. ഭാര്യയുടെ വേർപാട് രണ്ടു മക്കളും പേരക്കുട്ടിയുമുള്ള ആ സന്തുഷ്ട കുടുംബത്തെ തകർത്തുകളഞ്ഞു. അമ്മാവന്റെ മകളാണെങ്കിലും പരമേശ്വരന്റെയും ഗീതയുടെയും പ്രേമവിവാഹമായിരുന്നു. ഗീത പഠിക്കാൻ മിടുക്കിയായിരുന്നു. റാങ്കോടെയാണ് പി.ജി പാസായത്. ആദ്യം കിട്ടിയ ജോലിയെന്ന നിലയിൽ കെ.എസ്.എഫ്.ഇ യിൽ ചേരുകയായിരുന്നു. മകൾ പ്രസവിച്ച് കിടക്കുകയാണ്. പേരക്കുട്ടിയെ കാണാൻ അവധിക്കെത്തിയതായിരുന്നു ഗീത. നവംബർ രണ്ടിന് വീണ്ടും വരും. അപ്പോൾ ഒരുമിച്ചുപോയി മോൾക്കും കുഞ്ഞിനും സ്വർണ്ണം വാങ്ങണമെന്നൊക്കെ സ്കൂട്ടറിലിരുന്ന് പരമേശ്വരനോട് ഗീത പറഞ്ഞു. അവസാനം സംസാരിച്ചതും അതായിരുന്നു. അമ്പത്തിരണ്ട് വയസ്സായിരുന്നു പ്രായം. പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം പുതുക്കിയ പ്രകാരം ഇനി എട്ടുവർഷത്തെ സർവീസ് ബാക്കിയുണ്ടായിരുന്നു.

പരമേശ്വരൻ മിതഭാഷിയാണ്. തന്റെ ജോലിയിൽ ഒരു വീഴ്ചയും വരുത്താതെ പ്രവർത്തിക്കുന്നയാൾ. ഒരിക്കൽ പരിചയപ്പെടുന്ന ആരും ഇഷ്ടപ്പെടുന്ന പ്രകൃതം. പരമേശ്വരന്റെ ഈ നഷ്ടത്തിന് ആർക്ക് സമാധാനം പറയാൻ കഴിയും.' രക്തം വേണമെന്ന് ആവശ്യപ്പെടുന്നവർക്ക് രക്തം ദാനം ചെയ്യുന്നയാളാണ്.ഞാൻ എത്രയോ പേർക്ക് രക്തം ദാനം ചെയ്തു. പക്ഷേ എന്റെ ഭാര്യയും ഞാനും റോഡിൽ വീണു കിടന്നപ്പോൾ ഒരാൾപോലും അപ്പോൾ സഹായിക്കാൻ വന്നില്ല. ഈ ചെറുപ്പക്കാർ വന്നു. വൈകിപ്പോയെങ്കിലും. അവരോട് നന്ദിപറയാൻ വാക്കുകളില്ല. ആ സഹോദരൻമാരെ ജീവിതത്തിൽ മറക്കില്ലെന്നും ' പരമേശ്വരൻ പറയുന്നു. റോഡപകടത്തിൽ പരിക്കേൽക്കുന്നവരെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ഫലപ്രദമായ സംവിധാനങ്ങൾ ഇപ്പോഴുമില്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്.

കരുണവറ്റാത്ത മനസുള്ള മൂന്നു ചെറുപ്പക്കാരെയോർത്ത് അഭിമാനിക്കാമെങ്കിലും മറുചിത്രം അമ്പരപ്പിക്കുന്നതാണ്. അപകടത്തിൽപ്പെട്ടവരെ രക്ഷിക്കാൻ ഒരു കൈ സഹായിക്കാതെ കൗതുകത്തോടെ മൊബൈലിൽ പകർത്തി അത് വാട്‌സാപ്പിലും യു ട്യൂബിലും ഇട്ട് ആനന്ദിക്കുന്നവർ...ഇത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കേരളം പിറന്നാളാഘോഷിക്കുമ്പോൾ ചുറ്റിനും കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ മലയാളിയെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.