SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.35 AM IST

ഉച്ചഭക്ഷണം നൽകാൻ വളയൂരി നൽകുന്ന അദ്ധ്യാപികമാ‌ർ

opinion

ഒരു ചായകുടിക്കാൻ 10 രൂപ നൽകേണ്ട കേരളത്തിൽ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാൻ കുട്ടി ഒന്നിന് പ്രതിദിനം അനുവദിച്ച തുക വെറും എട്ട് രൂപ !

ചോറും രണ്ട് കറികളും തോരനും വേണം. ആഴ്ചയിൽ രണ്ട് ദിവസം പാലും ഒരു ദിവസം മുട്ടയും നൽകണം. പിന്നെ ഭക്ഷണം തയ്യാറാക്കുന്ന താത്ക്കാലിക ജീവനക്കാരിക്ക് ശമ്പളവും നൽകണം. ഗ്യാസും പലവ്യഞ്ജനങ്ങളും സ്കൂളിലെത്തിക്കാൻ കയറ്റിറക്ക് കൂലി വേറെ. ഇതിനൊക്കെ ചേർത്ത് നൽകുന്ന വലിയ തുകയാണ് ഈ എട്ട് രൂപ! ഇതൊന്ന് സമയത്തിന് നൽകുക കൂടി ചെയ്തില്ലെങ്കിലോ? കുട്ടികൾ ഉച്ചഭക്ഷണത്തിന് എത്തുമ്പോൾ ഭക്ഷണം നൽകിയില്ലെങ്കിൽ സർക്കാരിനോട് ആരും ചോദിക്കില്ല. സർക്കാർ, എയ്ഡഡ് സ്കൂൾ പ്രഥമാദ്ധ്യാപകരും ഉച്ചഭക്ഷണ പദ്ധതിക്ക് ചുമതലപ്പെടുത്തിയ അദ്ധ്യാപകരും ഇപ്പോൾ നേരിടുന്നത് സമാനതയില്ലാത്ത വെല്ലുവിളിയാണ്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പാവങ്ങളെക്കാൾ തീ തിന്നുകയാണിപ്പോൾ ഇവർ. അദ്ധ്യാപകരുടെയും ചില കച്ചവട സ്ഥാപനങ്ങളുടെയും കനിവിലാണിപ്പോൾ ഉച്ചഭക്ഷണ പദ്ധതി മുന്നോട്ട് പോകുന്നത്. ഭക്ഷണം തയ്യാറാക്കി നൽകാൻ പച്ചക്കറിയും പലവ്യഞ്ജനവും മറ്റും വാങ്ങുന്ന കച്ചവട സ്ഥാപന ഉടമ മൂന്നോ നാലോ മാസം കടം നൽകും. ഒടുവിൽ ഇനി സാധനം തരില്ലെന്ന് പറയുമ്പോൾ അദ്ധ്യാപകർ സ്വന്തം ശമ്പളത്തിൽ നിന്ന് വരെ എടുത്ത് പണം നൽകേണ്ട അവസ്ഥയാണ്. തലസ്ഥാനത്തെ ഒരു സ്കൂളിലെ പ്രഥമാദ്ധ്യാപികയും സഹ അദ്ധ്യാപികയും തങ്ങളുടെ സ്വർണവളകൾ പണയം വച്ച് കടയിലെ കടം വീട്ടിയ സംഭവം പോലും ഉണ്ടായി. പല സ്കൂളുകളിലും സമാനമായ അവസ്ഥയാണെന്ന് അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു.

കുട്ടികളുടെ ശാരീരിക മാനസിക വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിനും പരിഹാരമായാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി 1984 ൽ ആരംഭിച്ചത്. 1960 കളിൽ കോ ഓപ്പറേറ്റീവ് ഫോർ അമേരിക്കൻ എവരിവെയർ (കെയർ) സഹായത്തോടെ എൽ.പി സ്കൂളുകളിൽ നടന്നുവന്ന പദ്ധതി 1984 ഓടെ നിർത്തലാക്കിയതിനെ തുടർന്ന് പദ്ധതിയുടെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആദ്യകാലത്ത് സർക്കാർ സ്കൂളുകളിൽ മാത്രം നൽകിയിരുന്ന ഉച്ചക്കഞ്ഞി 1985 മുതൽ എയ്ഡഡ് സ്കൂളുകളിലേക്കും യു.പി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ എട്ടാം ക്ളാസ് വരെയുള്ള കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകും. തുടക്കത്തിൽ സംസ്ഥാന ഫണ്ടുപയോഗിച്ച് നടപ്പാക്കി വന്ന പദ്ധതി 1995 മുതൽ കേന്ദ്ര- സംസ്ഥാന സംയുക്ത പദ്ധതിയാക്കി. സംസ്ഥാനത്തെ 12, 327 വിദ്യാലയങ്ങളിലെ 30 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പദ്ധതിയുടെ കീഴിൽ വരുന്നത്. ഈ അദ്ധ്യയന വർഷമാണ് ഉച്ചഭക്ഷണ പദ്ധതി ഇങ്ങനെ താളം തെറ്റിയത്.

എട്ട് രൂപയുമില്ല

ഉച്ചഭക്ഷണം കഴിക്കുന്നത് 150 കുട്ടികളിൽ കുറവാണെങ്കിലേ എട്ട് രൂപവീതം ലഭിക്കുകയുള്ളൂ. 500 കുട്ടികളിൽ കുറവാണെങ്കിൽ ഏഴ് രൂപ. 500 ന് മുകളിലെങ്കിൽ ആറ് രൂപയേ ലഭിക്കൂ. പാചകവാതകം ഉപയോഗിച്ചേ ഭക്ഷണം പാകം ചെയ്യാവൂ എന്ന് നിബന്ധനയുണ്ട്. 2016 ൽ നിശ്ചയിച്ച തുകയാണ് ആറ് വർഷം കഴിഞ്ഞിട്ടും തുടരുന്നത്. പാചകവാതകം അടക്കം സാധനങ്ങൾക്കെല്ലാം ഇക്കാലത്തിനിടെയുണ്ടായ വിലക്കയറ്റമൊന്നും സർക്കാർ അറിഞ്ഞിട്ടേയില്ലെന്ന് തോന്നും. 60 ശതമാനം കേന്ദ്രഫണ്ടും 40 ശതമാനം സംസ്ഥാന ഫണ്ടുമാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. ഏതായാലും മാസങ്ങളായി കുടിശ്ശിക കിടന്ന തുകയിൽ 167. 38 കോടി രൂപ കേന്ദ്ര വിഹിതവും 94.95 കോടി സംസ്ഥാന വിഹിതവും ചേർത്ത് 262.33 കോടി രൂപ കഴിഞ്ഞ ദിവസം സർക്കാർ അനുവദിച്ചു.

ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പണയം വച്ചും സ്വന്തം പോക്കറ്റിൽ നിന്നെടുത്തും നൽകിയ തുകയാണ് ഇപ്പോൾ അനുവദിച്ചത്. ഇനി മാസങ്ങൾ കഴിയും അടുത്തഫണ്ട് അനുവദിക്കാൻ. അതുവരെ കാര്യങ്ങൾ വീണ്ടും പഴയപടി തുടരും.

അദ്ധ്യാപകരുടെ

പെടാപ്പാട്

തുക സമയത്ത് അനുവദിക്കുന്നില്ലെന്നതോ പോകട്ടെ, ഉച്ചഭക്ഷണത്തിന്റെ പേരിൽ പ്രഥമാദ്ധ്യാപകരും ചുമതലപ്പെടുത്തിയ അദ്ധ്യാപകരും അനുഭവിക്കുന്ന ജോലിഭാരവും മാനസിക സംഘർഷവും എത്ര തുക നൽകിയാലും പകരം വയ്ക്കാൻ കഴിയാത്തതാണെന്നാണ് അദ്ധ്യാപകർ പറയുന്നത്. യു.പി തലം വരെ ഇതിന്റെ ചുമതല പ്രഥമാദ്ധ്യാപകനാണ്. എട്ടാംക്ളാസ് വരെയുള്ള സ്കൂളുകളിൽ കുട്ടികളുടെ എണ്ണം അനുസരിച്ച് ഒന്നോ രണ്ടോ അദ്ധ്യാപകർക്കാവും ചുമതല. ഓരോ ദിവസവും ഭക്ഷണം കഴിക്കേണ്ട വിദ്യാർത്ഥികളുടെ കണക്കെടുപ്പ് മുതൽ തുടങ്ങും ജോലിഭാരം. ചില സ്കൂളുകളിൽ 1200 മുതൽ 1500 കുട്ടികൾക്ക് വരെ ഭക്ഷണം തയ്യാറാക്കി നൽകേണ്ടിവരും. ഒരു വിവാഹ സദ്യയൊരുക്കാൻ 15- 20 പേർ വേണ്ടിടത്ത് ഉച്ചഭക്ഷണം തയ്യാറാക്കാൻ ഒരു താത്കാലിക ജീവനക്കാരനെയാണ് നിയോഗിക്കുക. ചിലയിടങ്ങളിൽ ഇവരുടെ വേതനത്തിൽനിന്ന് ഒരു ഭാഗം നൽകിയാണ് മറ്റൊരാളെ സഹായത്തിന് നിയോഗിക്കുക. ഓരോ ദിവസവും ഭക്ഷണത്തിനാവശ്യമായ സാധനം തൊട്ടടുത്ത ഏതെങ്കിലും കടയിൽ നിന്നാകും വാങ്ങുക. രണ്ടോമൂന്നോ മാസം ഇങ്ങനെ കടം വാങ്ങുമ്പോൾ കടക്കാരൻ പിണങ്ങും. മറ്റു വഴിയില്ലാതെയാണ് സ്വർണ്ണം പണയപ്പെടുത്തിയും കടം വാങ്ങിയും സ്വന്തം ശമ്പളത്തിൽ നിന്നെടുത്തുമൊക്കെ കടക്കാരന് പണം നൽകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ചുമതലക്കാരനായ അദ്ധ്യാപകൻ 20 ഓളം രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ ദിവസവും ഭക്ഷണം നൽകിയ ശേഷം അതിന്റെ കൃത്യമായ കണക്ക് ഉച്ചയ്ക്ക് രണ്ട് മണിയ്ക്കകം പദ്ധതിയുടെ പോർട്ടലിൽ രേഖപ്പെടുത്തണം. ഏതെങ്കിലും കാരണവശാൽ ഒരു ദിവസം ഭക്ഷണം തയ്യാറാക്കാൻ സാങ്കേതിക തടസ്സം നേരിട്ടാൽ ഭക്ഷണത്തിന്റെ അസംസ്കൃത വസ്തുക്കൾ കൃത്യമായി അളന്ന് വിദ്യാർത്ഥികൾക്ക് നൽകുകയും വേണം. ഭക്ഷ്യവിഷബാധ പോലുള്ള അപകടസാദ്ധ്യതകൾ ഒഴിവാക്കാൻ അതീവജാഗ്രതയോടെ വേണം പാചകം ചെയ്യേണ്ടതെന്നതിനാൽ എപ്പോഴും അദ്ധ്യാപകന്റെ മേൽനോട്ടം ഉണ്ടാകണം. ചുമതലയുള്ള പ്രഥമാദ്ധ്യാപകൻ സ്കൂളിന്റെ ഭരണനിർവഹണവും നടത്തേണ്ടത്. അദ്ധ്യാപകർ സങ്കീർണ്ണമായ ഈ ജോലികൾക്കൊപ്പമാണ് അദ്ധ്യാപന ജോലിയും നിർവഹിക്കേണ്ടത്.

ഈ അദ്ധ്യയന വർഷം 30 ലക്ഷത്തോളം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ കേന്ദ്ര വിഹിതമായ 225 കോടി അടക്കം 567. 64 കോടി രൂപയാണ് സർക്കാർ വകയിരുത്തിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതിലും 90 കോടി രൂപ കുറവാണിത്. അദ്ധ്യയന വർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ ധനലഭ്യതയില്ലാതായത് സർക്കാരിന്റെ കടുത്ത സാമ്പത്തികസ്ഥിതിയെ തുടർന്നാണെന്നാണ് കരുതുന്നത്. ഉച്ചഭക്ഷണ പദ്ധതി മുമ്പെങ്ങും ഉണ്ടാകാത്തവിധം പ്രതിസന്ധി നേരിട്ടിട്ടും വിദ്യാഭ്യാസരംഗത്തെ പ്രബലരായ ഇടതുപക്ഷ അദ്ധ്യാപക സംഘടനകളടക്കം മൗനത്തിലാണ്. ഭരണം ഒന്ന് മാറിയിട്ട് വേണം ശക്തമായൊന്ന് പ്രതിഷേധിക്കാൻ !

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL NOON MEAL
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.