SignIn
Kerala Kaumudi Online
Thursday, 18 April 2024 7.41 PM IST

പത്തനംതിട്ട 41 ലേക്ക്

photo

പത്തനംതിട്ട ജില്ല നാൽപ്പത്തിയൊന്നാം വയസിലേക്ക് കടന്നു. 1982 നവംബർ ഒന്നിനാണ് ജില്ല രൂപീകൃതമായത്. സംസ്ഥാനത്തുണ്ടായ ഒരു രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിന്നാണ് പത്തനംതിട്ട ജില്ല പിറവിയെടുത്തത്. പക്ഷെ, പിന്നീട് രാഷ്ട്രീയ പ്രസക്തി ഒട്ടുമില്ലാത്ത നാടായി ഒതുങ്ങി പത്തനംതിട്ട . തനിക്കു ലഭിക്കുമായിരുന്ന മന്ത്രിസ്ഥാനം ഉപേക്ഷിച്ച് ജില്ല മതിയെന്ന് നിലപാടെടുത്ത അന്നത്തെ പത്തനംതിട്ട എം.എൽ.എ കെ.കെ നായരോട് പത്തനംതിട്ടക്കാർക്ക് വലിയ കടപ്പാടുണ്ട്. കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിുടെ അതിർത്തി പ്രദേശങ്ങളെ അടർത്തിയെടുത്ത് പത്തനംതിട്ട ജില്ലയാക്കിയത് കെ.കെ നായർ എന്ന ഒറ്റ വ്യക്തിയുടെ കഠിനാധ്വാനമാണ്.

ജില്ലയുടെ രൂപീകരണത്തിലേക്ക് നയിച്ച ആ രാഷ്ട്രീയ ചരിത്രം ഇങ്ങനെയാണ്: 1980ലെ ഇ.കെ നായനാർ മന്ത്രിസഭയുടെ ഭാഗമായിരുന്ന കോൺഗ്രസിലെ ആന്റണി വിഭാഗവും കേരളകോൺഗ്രസും പിന്തുണ പിൻവലിച്ച് പുറത്തുപോയി. ഇടതുപക്ഷത്തും കെ.കരുണാകരൻ നയിച്ച പ്രതിപക്ഷത്തും എഴുപത് എം.എൽ.എമാർ വീതമായി. സ്വതന്ത്ര അംഗമായിരുന്ന പത്തനംതിട്ട എം.എൽ.എ കെ.കെ നായരുടെ നിലപാട് നിർണായകമായി. കെ.കെ നായരുടെ പിന്തുണ നേടി കരുണാകരൻ മുഖ്യമന്ത്രിയായി. പിന്തുണയ്ക്ക് പകരം മന്ത്രി സ്ഥാനം നൽകാമെന്നായിരുന്നു കെ. കെ. നായർക്ക് കരുണാക‌രൻ നൽകിയ വാഗ്ദാനം. മന്ത്രി വേണ്ട പത്തനംതിട്ട ജില്ല മതി എന്നായി കെ.കെ.നായർ. ആവശ്യം കരുണാകരൻ അംഗീകരിച്ചു. മിനി മാത്യു എന്നഐ.എ.എസ് ഒാഫീസറെ പത്തനംതിട്ട ജില്ലാ രൂപീകരണത്തിന്റെ സ്പെഷ്യൽ ഒാഫീസറായി നിയമിച്ചു. പക്ഷെ, തൊണ്ണൂറ് ദിവസത്തെ ആയുസുമായി കരുണാകരൻ മന്ത്രിസഭ തകർന്നു. തുടർന്ന് 1982ൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നു. കരുണാകരന്റെ നേതൃത്വത്തിൽ വീണ്ടും സർക്കാർ അധികാരത്തിൽ വന്നു. ആ വർഷം നവംബർ ഒന്നിന് പത്തനംതിട്ട ജില്ല നിലവിൽവന്നു.

ഭൂവിസ്തൃതയുടെ പകുതി വനപ്രദേശമായ പത്തനംതിട്ട മലകളും പുഴകളും കലകളും വിനോദ കേന്ദ്രങ്ങളും ഇഴ ചേർന്ന നാടാണ്. തീർത്ഥാടന കേന്ദ്രമായ ശബരിമലയിലൂടെയും മാരാമണ്ണിലൂടെയും ലോകപ്രശസ്തി നേടിയ നാട്. നാൽപ്പത് വയസ് തികഞ്ഞ ജില്ലയ്ക്ക് വികസനകാര്യങ്ങളിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് പൊതു വിലയിരുത്തൽ. പ്രവാസികൾ ഏറെയുള്ള രണ്ടാമത്തെ ജില്ല. പക്ഷെ, പ്രവാസി സംരംഭങ്ങൾ എണ്ണിയാൽ വളരെ ചുരുക്കം. കർഷിക സംസ്കാരം വേരൂന്നിയ പ്രദേശങ്ങൾ നിരവധി. റബർ, നെല്ല്, കുരുമുളക്, കൈത, റമ്പൂട്ടാൻ കൃഷികൾ വ്യാപകമായുണ്ട്. എന്നാൽ, കൃഷി പ്രോത്സാഹിപ്പിക്കാനും കയറ്റുമതിക്കും സർക്കാർ പദ്ധതികളും സഹായങ്ങളുമില്ല. റാന്നിയിൽ റബർ പാർക്ക് നിർമിക്കുമെന്ന പ്രഖ്യാപനം മൂന്ന് പതിറ്റാണ്ടിന്റെ പഴക്കത്താൽ പ്രതീക്ഷയറ്റു. പൊതുമേഖലയിൽ വ്യവസായ സ്ഥാപനങ്ങളില്ല. കുന്നന്താനത്തും എളമണ്ണൂരിലും കിൻഫ്ര പാർക്കുകൾ കിതയ്ക്കുന്നു.

റെയിൽവേ ഭൂപടത്തിൽ പത്തനംതിട്ട ജില്ല ഏഴ് കിലോമീറ്ററിൽ ചുരുങ്ങി. കൊവിഡിൽ നിറുത്തലാക്കിയ കെ.എസ്.ആർ.ടി.സി ദീർഘദൂര സർവീസുകൾ പുനരാംരംഭിച്ചിട്ടില്ല. രാത്രി ഏഴായാൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചും പൊതുഗതാഗതം അവസാനിപ്പിച്ചും ഉറങ്ങുന്നതാണ് ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയുടെ ശീലം. ഇരുട്ടിയാൽ ഗതാഗത സംവിധാനം ഇല്ലാത്ത ജില്ലാ ആസ്ഥാനം എന്ന പേരുദോഷം മാറ്റിയെടുക്കാൻ ജനപ്രതിനിധികൾക്ക് നേരമില്ല.

ആശ്വാസമായി കോന്നി

മെഡിക്കൽ കോളേജ്

കോന്നി ഗവ.മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരം ലഭിച്ചതോടെ ജില്ലയുടെ ദീർഘനാളായുള്ള സ്വപ്നമാണ് സാക്ഷാത്കരിച്ചത്. മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി പ്രവേശനത്തിനും കഴിഞ്ഞ ദിവസം തുടക്കമായി.100 എം.ബി.ബി.എസ് സീറ്റുകൾക്കാണ് ഇവിടെ അനുമതി ലഭ്യമായത്. കെ.യു.ജനീഷ്‌കുമാർ എം.എൽ.എയുടെ സമയോചിതമായ ഇടപെടൽ നടപടികൾ വേഗത്തിലാക്കി. മന്ത്രി വീണാജോർജ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഉന്നതോദ്യോഗസ്ഥർ, കോന്നി മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപനവും പ്രവർത്തനങ്ങളുമുണ്ടായിരുന്നു. ഈ സർക്കാരിന്റെ കാലത്ത് കോന്നി മെഡിക്കൽ കോളേജിൽ 250 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് സാദ്ധ്യമാക്കിയത്. 200 കിടക്കകളുള്ള ആശുപത്രിയുടെ രണ്ടാമത്തെ ബ്ലോക്ക്, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റലുകൾ, ക്വാർട്ടേഴ്സുകൾ, ലോൺട്രി, അനിമൽ ഹൗസ്, ഓഡിറ്റോറിയം, മോർച്ചറി എന്നിവയുടെ നിർമ്മാണത്തിനായി 200 കോടിയുടെ സാമ്പത്തികാനുമതി ലഭ്യമാക്കി നിർമ്മാണം ആരംഭിച്ചു.

കൊവിഡ് കാലത്ത് പ്രതിസന്ധികളെ തരണം ചെയ്ത് ഒ.പി, ഐ.പി, അത്യാഹിത വിഭാഗം എന്നിവ നേരത്തേ ആരംഭിച്ചിരുന്നു. മൈനർ ഓപ്പറേഷൻ തിയേറ്റർ, ലാബ്, ഫാർമസി, ഇ -ഹെൽത്ത്, കാരുണ്യ മെഡിക്കൽ സ്റ്റോർ, ബ്ലെഡ് സ്റ്റോറേജ് യൂണിറ്റ്, അനാട്ടമി വിഭാഗം ലാബ്, അനാട്ടമി മ്യൂസിയം, ലൈബ്രറി, ലക്ചർ തിയേറ്റർ, ഫാർമക്കോളജി വിഭാഗം ലാബ്, ബയോകെമിസ്ട്രി വിഭാഗം ലാബ്, ഫിസിയോളജി ലാബ്, പ്രിൻസിപ്പലിന്റെ കാര്യാലയം, പരീക്ഷാഹാൾ, ലക്ചർഹാൾ, പത്തോളി വിഭാഗം ലാബ്, മൈക്രോബയോളജി ലക്ചർ ഹാൾ, ഫർണിച്ചറുകൾ, ലൈബ്രറി ബുക്കുകൾ, സ്പെസിമെനുകൾ, പഠനോപകരണങ്ങൾ, ആശുപത്രി വികസന സമിതി എന്നിവ സാദ്ധ്യമാക്കി.

പത്തനംതിട്ടയെ ഉരങ്ങളിലെത്തിക്കാൻ സാദ്ധ്യതകളേറെയുണ്ട്. പ്രകൃതിയുടെ അനുഗ്രഹം ലഭിച്ച നാട്ടിൽ വിനോദസഞ്ചാര വികസനം പ്രധാന ആകർഷണമാണ്. ഗവി, കോന്നി ആനത്താവളം, അടവി ഇക്കോ ടൂറിസം എന്നിവ രാജ്യാന്തര ശ്രദ്ധനേടിയ വിനോദ കേന്ദ്രങ്ങളാണ്. ശബരിമല, ആറന്മുള, പടയണി ഗ്രാമങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളെ കോർത്തിണക്കി പുതിയ ടൂറിസം പദ്ധതികൾ ആവിഷ്കരിക്കേണ്ടതുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PATHANAMTHITTA DISTRICT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.