SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.30 AM IST

പാട്ടുപാടിയും നൃത്തം വച്ചും ലഹരി വിരുദ്ധ ശൃംഖല ആഘോഷമാക്കി വിദ്യാർത്ഥികൾ

തിരുവനന്തപുരം: 'മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസിൽ..' പാപ്പനംകോട് എസ്.സി.ടി എൻജിനിയറിംഗ് കോളേജിലെ പ്രഭുൽ സഹപാഠി റിയുഷിന്റെ ഗിത്താറിന്റെ പിന്തുണയിൽ പാടുന്ന മനോഹരമായ പാട്ട് ഒരുവശത്ത്, സ്കൂൾ ബാൻഡ് ടീമിന്റെ നേതൃത്വത്തിലുള്ള ബാൻഡ് മേളം തൊട്ടപ്പുറത്ത് - ഇന്നലെ തിരുവനന്തപുരത്ത് നടന്ന ലഹരി വിരുദ്ധ ശൃംഖലയുടെ സമാപന ചടങ്ങിലാകെ ഉൗർജ്ജമേകുന്ന കാഴ്ചകളായിരുന്നു എങ്ങും. സെക്രട്ടേറിയറ്റിനു മുന്നിൽ എൻജിനിയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ലഹരി വിരുദ്ധ ശൃംഖലയ്ക്ക് പിന്തുണയേകിയത്. കിഴക്കേകോട്ട ഗാന്ധിപാർക്ക് മുതൽ വെള്ളയമ്പലം അയ്യങ്കാളി സ്‌ക്വയർവരെ റോഡിനിരുവശവുമായി മയക്കുമരുന്നിനെതിരെ കേരളം തീർത്ത മനുഷ്യമഹാ ശൃംഖല ലോകത്തിനുതന്നെ മാതൃകയായി. സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ,പൊതുജനങ്ങൾ, സർക്കാർ,സ്വകാര്യ സ്ഥാപന ജീവനക്കാർ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ളവർ ലഹരിക്കെതിരെ അണിചേർന്നു.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രത്യേകം അനുവദിച്ച സ്ഥലങ്ങളിലാണ് കുട്ടികൾ നിന്നത്. അദ്ധ്യാപകർ നിയന്ത്രിച്ചു. പ്രധാന വേദിക്കു മുന്നിൽ കോട്ടൺഹിൽ ഉൾപ്പെടെ പല പല സ്കൂളുകളിലെ വിദ്യാർത്ഥികൾ ഫ്ളാഷ്മോബുകളും ചെറു നാടകങ്ങളും അവതരിപ്പിച്ചു.സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് ടീമുകളും എൻ.സി.സി,സ്കൗട്സ് തുടങ്ങിയ വിഭാഗങ്ങളുമെല്ലാം ലഹരിക്കെതിരെ ഒറ്റക്കെട്ടായി കൈകോർത്തു. പ്രധാന വേദിക്ക് സമീപത്തായി ഒരു വിദ്യാർത്ഥി തലകറങ്ങി വീണത് ചെറിയ ആശങ്ക പടർത്തിയെങ്കിലും നിമിഷനേരത്തിനുള്ളിൽ അടിയന്തര ചികിത്സ നൽകി.

പ്രഭാവർമ്മ എഴുതി രതീഷ് വേഗ സംഗീതം നൽകിയ ലഹരിവിരുദ്ധ ഗാനം വേദിയിൽ പ്രദർശിപ്പിച്ചു.ബിജു നാരായണനാണ് പാടിയത്. കമലഹാസൻ,മോഹൻലാൽ,മഞ്ചു വാര്യർ, ഭാവന തുടങ്ങിയവരുടെ ആശംസാ വീഡിയോകളും പ്രദർശിപ്പിച്ചു.പ്രശസ്ത സംഗീതസംവിധായകൻ ജെറി അമൽദേവ് ഈണം നൽകി ഡെന്നി ആന്റണി രചിച്ച ഉയിരോട് ചേർത്തീടാം, ഉണർച്ചോടെ കാത്തിടാം.സ്‌നേഹം കരുതലായി ഇമ പൂട്ടാതെ നോക്കീടാം എന്ന് തുടങ്ങുന്ന ജാഗ്രതാ ഗാനവും ചടങ്ങിനോടനുബന്ധിച്ച് സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾ ആലപിച്ചു.ജെറി അമൽദേവ് തന്നെയാണ് കുട്ടികളുടെ പരിശീലകനും.ഗാനം അവതരിപ്പിക്കുന്നതിന് എത്തിയ വിദ്യാർത്ഥികൾക്ക് നിയമസഭാ സമുച്ചയം കാണുന്നതിനും സ്പീക്കർ അവസരമൊരുക്കിയിരുന്നു.

പാളയം രക്തസാക്ഷി മണ്ഡപത്തിനു മുന്നിലെ പൊതുസമ്മേളനത്തിനു ശേഷം പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു കുഴിച്ചിട്ടു. രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ മന്ത്രി എം.ബി.രാജേഷിന്റെ നേതൃത്വത്തിൽ പ്രതീകാത്മകമായി ലഹരി വസ്തുക്കൾ കത്തിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.