SignIn
Kerala Kaumudi Online
Saturday, 20 April 2024 2.04 AM IST

ഡി.ജി.പിയുടെ സർക്കുലർ കാണാനുള്ളതല്ല പാലിക്കാനുള്ളതാണ്

dgp-anilkant

രാജ്യത്തെ മികച്ച കുറ്റാന്വേഷണ ഏജൻസിയെന്ന നിലയിൽ എന്നും യശസുയർത്തിയ പാരമ്പര്യമാണ് കേരള പൊലീസിന്റേത്. അടുത്തകാലത്തുണ്ടായ ഇലന്തൂർ നരബലി ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എന്നാലും സേനയെ കളങ്കപ്പെടുത്തുന്ന സംഭവങ്ങൾ നിരവധി. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റമാണ് വലിയ ചോദ്യചിഹ്‌നമായി നില്ക്കുന്നത്. ഇത്തരം സംഭവങ്ങൾ കോടതിക്ക് മുന്നിലെത്തുമ്പോൾ സർക്കാരും പൊലീസ് മേധാവിയും നിരന്തരം പഴി കേൾക്കുന്നു. അതിനൊരു മാറ്റമുണ്ടാകാൻ പരിഷ്‌‌കരണ നിർദ്ദേശവുമായി പൊലീസ് മേധാവികൾ കാലാകാലങ്ങളായി രംഗപ്രവേശം ചെയ്യാറുണ്ട്. എന്നാൽ അവർ പുറപ്പെടുവിക്കുന്ന കർശന നിർദ്ദേശങ്ങൾ ഒരിക്കലും പാലിക്കപ്പെടാറില്ലെന്നതാണ് വാസ്‌തവം. സർക്കുലർ പുറപ്പെടുവിച്ചാൽ മാത്രം പോരാ അത് നടപ്പാക്കുന്നുണ്ടോ എന്നും പൊലീസ് മേധാവികൾ ഉറപ്പാക്കണം. ഹൈക്കാേട‌തി ഒരു പഴയ കേസിൽ പിടിച്ച് പുറപ്പെടുവിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പിയുടെ സർക്കുലർ നടപ്പാക്കിയോ എന്ന് ചോദിച്ചിരിക്കുകയാണ് ഹൈക്കാേടതി. ഉത്തരം, സർക്കുലർ ഇറക്കിയെന്ന ഒറ്റ വാചകത്തിൽ ഒതുങ്ങി. അത് നടക്കില്ലെന്ന സൂചനകളിലേക്കാണ് കോടതി നിരീക്ഷണം നീങ്ങുന്നത്.

എടാ, എടീ, നീ എന്നീ വാക്കുകൾ ഉപയോഗിച്ച് പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതി പൊലീസിൽ ഒരു കാരണവശാലും തുടരരുതെന്ന് നിർദ്ദേശിച്ച് ഡി.ജി.പി അനിൽകാന്ത് സർക്കുലർ ഇറക്കിയിരുന്നു. സഭ്യമായ വാക്കുകൾ മാത്രമേ പറയാവൂ എന്നും വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സ്‌പെഷൽ ബ്രാഞ്ച് നിരീക്ഷിക്കും. നിർദ്ദേശം ലംഘിച്ചാൽ ബന്ധപ്പെട്ട യൂണിറ്റ് മേധാവികൾക്ക് നടപടി സ്വീകരിക്കാം. മാദ്ധ്യമങ്ങൾ വഴി ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്‌താൽ യൂണിറ്റ് മേധാവികളാണ് അന്വേഷണം നടത്തേണ്ടത്. പൊതുജനമദ്ധ്യത്തിൽ സേനയുടെ സത്പേരിന് കളങ്കമുണ്ടാകാതിരിക്കലാണ് കഴിഞ്ഞ വർഷം സെപ്‌തംബർ ഒമ്പതിന് പുറപ്പെടുവിച്ച സർക്കുലറിന്റെ ഉദ്ദേശ്യം. എടാ, എടീ വിളികൾ വേണ്ടെന്ന് നിർദ്ദേശിച്ച് കഴിഞ്ഞ വർഷം സെപ്‌തംബർ മൂന്നിന് ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു ഡി.ജി.പിയുടെ സർക്കുലർ. ഈ ഉത്തരവ് നടപ്പാക്കിയതിനെക്കുറിച്ചുള്ള റിപ്പോർട്ടാണ് ഇപ്പോൾ ഡി.ജി.പിയോട് ഹൈക്കോടതി തേടിയിരിക്കുന്നത്. സർക്കുലർ ഇറക്കിയാൽ മാത്രം പോരോ, അത് നടപ്പാക്കിയോ എന്ന് ഉറപ്പാക്കേണ്ടതും ഡി.ജി.പിയുടെ ഉത്തരവാദിത്വമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ശിക്ഷാർഹമായ പെരുമാറ്റവും കോടതി ഉത്തരവുകളുടെ ലംഘനവും ഒരിക്കലും അനുവദിക്കരുത്. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർ ഉത്തരവാദികളാണെന്ന് മനസിലാക്കി കൊടുത്തില്ലെങ്കിൽ യഥാർത്ഥ മാറ്റമുണ്ടാകില്ല. കോടതി ഉത്തരവുകൾ സേനയിൽ അക്ഷരംപ്രതി നടപ്പാക്കിയെന്ന് പൊലീസ് മേധാവി ഉറപ്പാക്കണം.

പൊലീസിന്റെ കുറ്റകരമായ പെരുമാറ്റം, അതിക്രമം എന്നിവയുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെങ്കിൽ അവരും ഉത്തരവാദികളായിരിക്കും എന്ന കാര്യം മറക്കരുത്. ഇത്തരക്കാർക്കെതിരെ വകുപ്പുതല നടപടിയെടുക്കണം. പൊലീസിന്റെ മുന്നിലെത്തുന്നവരിൽ എല്ലാവരും പ്രതികളല്ലെന്ന കാര്യം ഉദ്യോഗസ്ഥർ ഓർക്കണം. എല്ലാവരോടും മാന്യമായി പെരുമാറാൻ പഠിക്കണം. ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട് അടുത്തിടെ നിരവധി വാർത്തകളാണ് പുറത്തുവരുന്നത്. മികച്ച കുറ്റാന്വേഷണ ട്രാക്ക് റെക്കാഡുള്ള കേരള പൊലീസിന്റെ യശസിനെ ഇത്തരം ഉദ്യോഗസ്ഥർ ഇടിച്ചുതാഴ്‌ത്തുകയാണ്. ഇതെല്ലാം കണ്ടുകൊണ്ടിരിക്കാനുള്ളതല്ല സംസ്ഥാന പൊലീസ് മേധാവിയുടെ പദവി. പൊലീസ് ഉദ്യോഗസ്ഥരുടെ എടാ, പോടാ വിളി വേണ്ടെന്ന ഉത്തരവ് നടപ്പാക്കിയോ എന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി ചോദിച്ചപ്പോൾ സർക്കുലർ ഇറക്കിയെന്ന് മാത്രമായിരുന്നു സർക്കാരിന്റെ വിശദീകരണം. സർക്കുലർ മാത്രം ഇറക്കിയാൽ ജോലി തീർന്നുവെന്ന് വിശ്വസിക്കുന്ന ഡി.ജി.പിമാർ ഒരു നാടിന് ചേർന്നതല്ല. അത് താഴെത്തട്ടു വരെ നടപ്പിലാക്കിയാലേ സേനയിൽ മാറ്റവും പരിഷ്‌കൃതമായ നടപടികളും ഉണ്ടാവുകയുള്ളൂ എന്ന് തിരിച്ചറിയണം.

പെറ്റികേസുകളുടെ എണ്ണം കൂട്ടാനായി ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാട്ടി സേനയുടെ മുഖം നഷ്‌ടപ്പെടുത്തരുതെന്ന് സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവികൾക്കും കർശന നിർദ്ദേശം നൽകി പുറപ്പെടുവിച്ചതാണ് ഡി.ജി.പിയുടെ ഏറ്റവും ഒടുവിലത്തെ സർക്കുലർ. വൈകിട്ട് ആറുമണിക്ക് ശേഷം ആരെയെങ്കിലും അറസ്‌റ്റ് ചെയ്യുകയോ കസ്‌റ്റഡിയിലെടുക്കുകയോ ചെയ്‌താൽ അവരുടെ ആരോഗ്യസ്ഥിതിയും കേസിന്റെ വിവരങ്ങളും ആ സ്‌റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് ഉദ്യാേഗസ്ഥൻ ജില്ലാ പൊലീസ് മേധാവിയെ കർശനമായി അറിയിക്കണമെന്നാണ് നിർദ്ദേശം. ഇടുക്കിയിലെ കസ്‌റ്റഡി മരണത്തിനു ശേഷം അന്നത്തെ ഡി.ജി.പിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ ഇതുമായി ബന്ധപ്പെട്ട് സർക്കുലർ ഇറക്കിയെങ്കിലും ആരും അനുസരിച്ചില്ലെന്ന് സമീപകാല സംഭവങ്ങൾ വ്യക്‌തമാക്കുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെ രാത്രിയിൽ സ്‌റ്റേഷനിൽ പാർപ്പിക്കുന്നത് പലപ്പോഴും നിയമപരമല്ല. ഈ രീതിക്ക് മാറ്റം വരണം. രാത്രിയിൽ ആരെയെങ്കിലും സ്‌റ്റേഷനിൽ പാർപ്പിക്കുന്നുണ്ടെങ്കിൽ അത് രേഖാപരമായിരിക്കണമെന്നും അനധികൃത കസ്‌റ്റഡി പാടില്ലെന്നുമാണ് കർശന നിർദ്ദേശം. വൈകിട്ട് ആറുമണിക്ക് ശേഷം സ്‌റ്റേഷനിലേക്ക് ഏതെങ്കിലും പരാതിയുമായി ബന്ധപ്പെട്ട് ആരെയെങ്കിലും കൊണ്ടുവന്നാൽ ജില്ലാ പൊലീസ് മേധാവി അറിഞ്ഞിരിക്കണം. അറസ്‌റ്റ് ചെയ്‌താൽ റിപ്പോർട്ട് കൈമാറണം. അതിന്റെ പൂർണമായ ഉത്തരവാദിത്വം സ്‌റ്റേഷൻ ഹൗസ് ഓഫീസർമാർക്കാണ്. പെറ്റി കേസ് ചുമത്താനുള്ള ചെറിയ കുറ്റങ്ങൾക്കായി ആരെയും പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോകേണ്ടതില്ലെന്നാണ് സുപ്രധാന നിർദ്ദേശം. കുറ്റത്തിന്റെ ഗൗരവത്തിന് അനുസരിച്ച് വേണം പൊലീസ് ഉദ്യോഗസ്ഥർ പെരുമാറേണ്ടത്. റോഡിൽ സിഗരറ്റ് വലിച്ചു നിൽക്കുന്നവരെ പലപ്പോഴും പൊലീസ് ജീപ്പിൽകയറ്റി കൊണ്ടുപാേകാറുണ്ട്. അതിന്റെ ആവശ്യമില്ലെന്നാണ് ഡി.ജി.പിയുടെ നിർദ്ദേശം.

ഹെൽമറ്റ് ധരിക്കാത്ത ബൈക്ക് യാത്രികരെ പലയിടത്തും പതുങ്ങിനിന്ന് ചാടിവീണ് പിടികൂടുന്നത് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് ഹരമാണ്. വാഹനം നിറുത്തിയില്ലെങ്കിൽ സിനിമാ സ്‌റ്റൈലിൽ പിന്തുടരും. ഇതിനിടയിൽ അപകടമുണ്ടായ സംഭവങ്ങൾ നിരവധിയാണ്. അതിനാൽ സാഹസികതയുടെ ആവശ്യമില്ലെന്നാണ് ഡി.ജി.പിയുടെ സർക്കുലർ. ഹെൽമറ്റ് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കാൻ വാഹനത്തിന്റെ നമ്പർ മാത്രം മതിയെന്ന കാര്യം പൊലീസ് ഉദ്യോഗസ്ഥർ മനസിലാക്കണം. ഇക്കാര്യം അവർക്ക് അറിയാത്തതല്ല. പക്ഷേ, പലപ്പോഴും മറന്നു പോകുന്നുവെന്നതാണ് വാസ്‌തവം. വാഹന പരിശോധന അനിവാര്യമാണെങ്കിലും അത് അപകടകരമാകുന്ന രീതി ഒഴിവാക്കണം. അത് പൊലീസ് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാലേ വിജയത്തിലെത്തുകയുള്ളൂ. ഗതാഗത നിയമലംഘനങ്ങൾ ഇക്കാലഘട്ടത്തിൽ നിരവധി സാങ്കേതിക വിദ്യകളിലൂടെ കണ്ടെത്താനാകും. ചെറിയ കേസുകളിൽ പോലും അഭിമാനപ്രശ്‌നമായി കരുതി വാഹനങ്ങളെ പിന്തുടരുന്ന രീതി ഒഴിവാക്കണം. ഇത്തരം നീക്കങ്ങളാണ് പിന്നീട് വലിയ പരാതികൾക്ക് വഴിവയ്‌ക്കുന്നത്. അത് സേനയെ ഒന്നാകെ കളങ്കിതമാക്കുന്നുവെന്നും ഓരോ ഉദ്യോഗസ്ഥരും തിരിച്ചറിയണം. ഇവിടെ ചർച്ചയാകേണ്ട വിഷയം ഡി.ജി.പി പുറപ്പെടുവിക്കുന്ന സർക്കുലർ എന്തുകൊണ്ട് നടപ്പാകുന്നില്ല എന്നതാണ്. അതിന് ഉത്തരവാദി മുതിർന്ന ഉദ്യോഗസ്ഥരാണ്. ഒരിക്കലും ക്രമസമാധാനപാലനം കുട്ടിക്കളിയാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DGPS CIRCULAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.