SignIn
Kerala Kaumudi Online
Thursday, 25 April 2024 4.14 PM IST

ന്നാ ഞാൻ പെൻഷനായിക്കോട്ടെ?

pension

' ഒക്ടോബർ 31 ന് ഞാൻ സർവീസിൽ നിന്ന് പിരിയുകയാണ്. അന്നേ ദിവസം വൈകിട്ട് എന്റെ വസതിയിൽ ഉറ്റമിത്രങ്ങൾക്കും ബന്ധുക്കൾക്കുമായി ചെറിയൊരു സത്കാരം ഒരുക്കിയിട്ടുണ്ട്. മറ്റ് അസൗകര്യങ്ങൾ മാറ്റിവച്ച് അതിൽ പങ്കെടുക്കണം.'കുറെ ദിവസങ്ങൾക്ക് മുമ്പ് ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ തന്റെ അടുപ്പക്കാർക്ക് അയച്ച വാട്സ് ആപ്പ് സന്ദേശമാണ് ഇത്. സത്കാരത്തിന് എത്തുന്നവർക്കായി ഫ്രൈഡ് റൈസ്,​ ചിക്കൻ,​ ബീഫ് ഫ്രൈ,​ അല്പം കപ്പയും മീൻകറിയും എല്ലാം എത്തിക്കാൻ ഒരു പാചകക്കാരനെ ചുമതലപ്പെടുത്തി. സസ്യഭക്ഷണം മാത്രമേ തൊണ്ടയിലൂടെ ഇറങ്ങൂ എന്ന് ശാഠ്യം പിടിക്കുന്നവർക്കായി പച്ചില,​ പരിപ്പ്,​ പഴവർഗ്ഗങ്ങളും എത്തിക്കാൻ ഏർപ്പാടാക്കി. വീട്ടിലെ അടുപ്പിൽ അന്ന് വൈകിട്ട് തീ കത്തിക്കണ്ട എന്ന കാരണത്താൽ നമ്മുടെ ഗൃഹനാഥന്റെ വീട്ടുകാർക്കും വലിയ സന്തോഷമായി. കാര്യങ്ങൾ കൊഴുത്തു വന്നപ്പോഴാണ് അപ്രതീക്ഷിതമായി അറിയിപ്പ് വരുന്നത്,​ പെൻഷൻ പ്രായം 60 ആക്കിയെന്ന്. ഇതു കേട്ടതോടെ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലാണ് നമ്മുടെ കഥാനായകൻ.

കുറേക്കാലം കൂടി തന്റെ സ്ഥാപനത്തെ സേവിക്കാൻ അവസരം കിട്ടുന്നത് സാമ്പത്തികമായും അല്പം നേട്ടമുള്ള കാര്യമാണ്. പക്ഷേ പാചകക്കാരനോട് ഇനി ഒന്നും വേണ്ടെന്ന് പറയാനാവില്ലല്ലോ,​ സർക്കാർ തീരുമാനം യഥാസമയം അറിയാഞ്ഞിട്ടോ എന്തോ,​ ആത്മാർത്ഥതയുള്ള കൂട്ടുകാരും ബന്ധുക്കളുമൊക്കെ ഒഴിച്ചിട്ട വയറും നിറഞ്ഞ ചിരിയുമായി വൈകിട്ട് എത്തി. ചിലരോടൊക്കെ പെൻഷൻ സംബന്ധിച്ച് വന്ന തീരുമാനത്തെക്കുറിച്ചൊക്കെ പറഞ്ഞെങ്കിലും സമൃദ്ധമായ ഭക്ഷണത്തിൽ 'കോൺസെൻട്രേറ്റ് ' ചെയ്തിരുന്നതിനാൽ ഗൃഹനാഥന്റെ ആശങ്കകളൊന്നും വേണ്ടവിധം ശ്രദ്ധിച്ചില്ല. എല്ലാവരും മൃഷ്ടാന്നം ഭക്ഷണവും കഴിച്ച് ഏമ്പക്കവും വിട്ട് പിരിയുമ്പോൾ,​ അടുത്ത ദിവസം ഡ്യൂട്ടിക്ക് പോകുന്നതിനെക്കുറിച്ചായി നമ്മുടെ കഥാനായകന്റെ ചിന്ത. ഇത്ര വിപുലമായിട്ടല്ലെങ്കിലും മറ്റു പലർക്കും പറ്റിക്കാണും ഇതുപോലുള്ള അമളികൾ.

പെൻഷൻ പ്രായത്തെ ചുറ്റി കേരളത്തിലെ മാറിമാറി വരുന്ന ധനമന്ത്രിമാർ 'അടിച്ചേച്ച് ഓട്ടം' കളിക്കാൻ തുടങ്ങിയിട്ട് കുറെക്കാലമായി. പിരിയാനിരിക്കുന്ന ജീവനക്കാരുടെ കാലാവധി സ്വല്പം ഒന്നു നീട്ടിയാൽ ,​ അർഹമായ ആനുകൂല്യങ്ങൾ കൊടുക്കാതെ ആ പണം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ഏതോ ധനതത്വശാസ്ത്ര നിപുണന്റെ ഉപദേശമാണ് പാവം ധനമന്ത്രിമാരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കുന്നത്. ഏതു വിഷയമുണ്ടായാലും ഓഫീസ് ജോലി മുടക്കി സമരത്തിനിറങ്ങുന്ന സർക്കാർ ജീവനക്കാരുടെ സംഘടനകൾ പെൻഷൻ പ്രായത്തിന്റെ വിഷയം വരുമ്പോൾ 'കൂഴച്ചക്ക വിഴുങ്ങിയ ' പരുവത്തിൽ കണ്ണുതള്ളി,​ വായും പിളർന്ന് നിൽക്കും. പ്രായം ഉയർത്തൽ പ്രശ്നത്തിൽ 'വേണ്ടണം' (വേണ്ട+വേണം)​എന്നതാണ് അവരുടെ അഭിപ്രായം. എങ്കിലും ഏറ്റെടുത്തിട്ടുള്ള ചുമതലയോട് കൂറ് കാണിക്കാനെങ്കിലും പ്രതിപക്ഷ സംഘടനകൾ ഇതിനെ എതിർക്കും, ഭരണപക്ഷ സംഘടനകൾ പെണ്ണുകാണാൻ വരുന്ന ചെറുക്കന് മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെപോലെ നിലത്തു നോക്കി കാൽവിരൽ കൊണ്ട് കളം വരയ്ക്കും. കേരളത്തിന്റെ ഭാവിയെക്കുറിച്ച് വല്ലാത്ത വേവലാതിയുള്ള ഉശിരന്മാരായ നമ്മുടെ യുവജന സംഘടനകളുടെ നിലപാടും വ്യത്യസ്തമല്ല. എങ്കിലും തൊഴിലില്ലാത്ത ലക്ഷക്കണക്കിന് യുവജനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക സർവ ശക്തിയുമുപയോഗിച്ച് അവർ വെളിപ്പെടുത്തും. പെൻഷൻപ്രായം കൂട്ടാൻ കേരള സർക്കാർ തീരുമാനമെടുത്തപ്പോൾ , തൊഴിൽതേടി ‌ഡൽഹിക്ക് പോകാൻ ഒരു സംഘടന ആവേശം കാട്ടിയതും എടുത്തു പറയേണ്ടതാണ്. എന്തായാലും കാര്യങ്ങൾ ആകെ കൺഫ്യൂഷനിലായപ്പോഴാണ് സർക്കാരിന് വെളിവ് വീണത്. തീരുമാനം തത്കാലം മരവിപ്പിക്കാൻ. മരവിപ്പിക്കലല്ല, തീരുമാനം പിൻവലിക്കലാണെന്നാണ് പിന്നീട് അറിഞ്ഞത്.

ആവശ്യത്തിന് സർവീസ് സംഘടനകളും യുവജന സംഘടനകളും അതിലേറെ രാഷ്ട്രീയ പാർട്ടികളും നിലവിലുള്ള സംസ്ഥാനത്ത് ഇത്തരമൊരു പ്രധാന തീരുമാനമെടുക്കുമ്പോൾ വേണ്ട മുന്നൊരുക്കങ്ങളൊക്കെ നടത്തേണ്ടേ ?. അതൊന്നുമുണ്ടായില്ല. ഇത് പെൻഷൻ പ്രായം ഉയർത്തലിൽ മാത്രമല്ല, ഈ സർക്കാരും കഴിഞ്ഞ സർക്കാരും പല തീരുമാനങ്ങളും എടുക്കുകയും പിന്നെ പിൻവലിക്കുകയും ചെയ്തത് നാം കണ്ടതാണ്. പിൻവലിക്കാൻ വേണ്ടി തീരുമാനങ്ങളെടുക്കുന്ന സർക്കാർ എന്ന ഖ്യാതിക്ക് വേണ്ടി മത്സരിക്കുകയാണോ എന്നു പോലും പലപ്പോഴും തോന്നിപ്പോവും. സർക്കാർ ജീവനക്കാർക്കും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇപ്പോൾ ഒരേ അപേക്ഷയാണ് സർക്കാരിനോട്, പെൻഷൻ പ്രായത്തിന്റെ കാര്യത്തിലെങ്കിലും തീരുമാനമെടുക്കുമ്പോൾ എല്ലാ വശങ്ങളും ഒന്നു ചിന്തിക്കണേ. എന്തായാലും ഇപ്പോഴത്തെ പിന്മാറ്റ തീരുമാനം വന്നതോടെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ചില ജീവനക്കാരെങ്കിലും ഉയർത്തുന്ന ചോദ്യം ഇതാണ് ' ന്നാ ഞാൻ പെൻഷനായിക്കോട്ടെ.'

ഇതു കൂടി കേൾക്കണേ

വളരെ ഗൗരവമുള്ള വിഷയങ്ങളിലെങ്കിലും വേണ്ടത്ര ആലോചനകളും ചർച്ചകളുമൊക്കെ നടത്തിയിട്ട് തീരുമാനമെടുക്കുന്നതല്ലേ സർക്കാരിന് നല്ലത്. വേലിയിലിരിക്കുന്ന പാമ്പിനെ എടുത്ത് മടിയിൽ വച്ചിട്ട് വാവ സുരേഷിനെ തിരക്കി നടക്കുന്നതിൽ വല്ല അർത്ഥവുമുണ്ടോ?

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PENSION AGE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.