SignIn
Kerala Kaumudi Online
Friday, 19 April 2024 11.53 AM IST

തലശ്ശേരി സ്റ്റേഡിയം ആർക്ക് വേണ്ടി?

stadium

വികസനത്തിന്റെ പേരിൽ തലശ്ശേരി സ്റ്റേഡിയം ഏഴ് വർഷത്തിലേറെയായി അടഞ്ഞു കിടപ്പാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ പേരിൽ നവീകരിച്ച് തുറക്കുന്ന സ്റ്റേഡിയം കായികപ്രേമികളുടെ മുറവിളികൾക്കൊടുവിൽ നവംബർ 19 ന് ഉദ്ഘാടനം ചെയ്യുമെന്ന് കേൾക്കുന്നു. അടുത്തിടെ അന്തരിച്ച മുൻ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ എം.എൽ.എയായിരുന്നപ്പോൾ നാല് കോടി രൂപ ചെലവിലും പിന്നീട് എ.എൻ. ഷംസീർ എം.എൽ.എയായപ്പോൾ കിഫ്ബി വഴി 13 കോടി രൂപയും ചെലവഴിച്ചാണ് സ്റ്റേഡിയം നവീകരിച്ചത്. നവീകരിച്ചത് ആർക്ക് വേണ്ടിയാണെന്ന് ആർക്കുമറിയാത്ത സ്ഥിതിയാണിപ്പോൾ. തലശ്ശേരി സ്റ്റേഡിയം സാധാരണക്കാരായ കായികതാരങ്ങൾക്കും കായിക പ്രേമികൾക്കും അന്യമാകുന്നു എന്നാരോപിച്ച് വിവാദം കൊഴുക്കുകയാണ്. സ്റ്റേഡിയം ഉടമസ്ഥാവകാശത്തെച്ചൊല്ലി റവന്യൂ അധികൃതരും നഗരസഭയും തമ്മിലുള്ള തർക്കം തീർപ്പായിട്ടുമില്ല.
സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജർ ആർ.ഡി. രാധിക കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിച്ചതോടെയാണ് നഗരത്തിലെ കായികപ്രേമികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. 1956 മുതൽ 75 രൂപയായിരുന്നു സ്റ്റേഡിയത്തിന്റെ പ്രതിദിനവാടക. 2012 ൽ അത് ആയിരം രൂപയാക്കിയിരുന്നു. എന്നാലിപ്പോൾ പ്രതിദിന വാടക ഒറ്റയടിക്ക് പതിനായിരംരൂപയും, പ്രഭാത - സായാഹ്ന നടത്തക്കാർക്ക് പുതുതായി പ്രതിമാസവാടക 500 രൂപയായും നിശ്ചയിക്കപ്പെട്ടതാണ് വിവാദമായത്. സ്റ്റേഡിയത്തിലെ അഞ്ച് കടമുറികൾ വാടകക്ക് നൽകാനും, ഓപ്പൺ ജിംനേഷ്യം ആരംഭിക്കാനും തീരുമാനിച്ചതായി ഓപ്പറേഷൻ മാനേജർ പറഞ്ഞു. നഗരസഭയുമായി ആലോചിച്ച് സ്റ്റേഡിയത്തിന് മുന്നിൽ പേ പാർക്കിംഗ് സംവിധാനമൊരുക്കുമെന്നും അവർ പറഞ്ഞു.

ഫീസ് തീരുമാനം അറിഞ്ഞതോടെ പ്രതിഷേധവും ഉയരുകയായിരുന്നു. എന്നാൽ സ്റ്റേഡിയം വിഷയത്തിൽ ബി.ഇ.എം.പി ഹാർട്ട് ബീറ്റ്സ് കൂട്ടായ്മ സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഓപ്പറേഷൻ മാനേജർ ആർ.ഡി രാധികയുമായി ചർച്ച നടത്തിയപ്പോൾ ഫീസിന്റെ കാര്യത്തിൽ നിർദ്ദേശം മാത്രം വച്ചതാണെന്നാണ് അവർ അറിയിച്ചത്. എം.എൽ.എയുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്ന് അവർ അറിയിച്ചു.

തലശ്ശേരിയെ ക്രിക്കറ്റിന്റെ രാജ്യത്തെ ഈറ്റില്ലമാക്കിയത് ഈ കളിക്കളമാണ്. പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പഴശ്ശിക്കെതിരായ യുദ്ധത്തിന് നേതൃത്വം നൽകാനെത്തിയ ബ്രിട്ടീഷ് സൈനിക മേധാവി ആർതർ വെല്ലസ്ലി സ്ഥിരമായി ക്രിക്കറ്റ് കളിച്ചത് ഇവിടെ വച്ചാണ്. കാണികളും കളിക്കളത്തിന്റെ സമീപത്തെ താമസക്കാരുമായ കടൽ തൊഴിലാളികളെയും, അലക്കുകാരെയും അദ്ദേഹം കളി പഠിപ്പിച്ചു. ആദ്യ കേരള മന്ത്രിസഭയുടെ കാലത്താണ് ഈ ജനകീയ സ്റ്റേഡിയം ജസ്റ്റിസ്സ് വി.ആർ. കൃഷ്ണയ്യരുടെ അദ്ധ്യക്ഷതയിൽ അന്നത്തെ മന്ത്രി ടി.വി. തോമസ് ഉദ്ഘാടനം ചെയ്തത്. ഒരു ഭാഗത്ത് ഫുട്ബാളും മറുഭാഗത്ത് ഹോക്കിയും സ്ഥിരമായി കളിച്ചുപോന്നു. അതോടൊപ്പം ഈ കളി കഴിഞ്ഞുള്ള സമയങ്ങളിൽ ക്രിക്കറ്റും അരങ്ങേറി.

ഇക്കഴിഞ്ഞ വർഷം തലശ്ശേരിയിലെത്തിയ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഈ വർഷം ജനുവരി ഒന്നിന് തന്നെ സ്റ്റേഡിയം നവീകരിച്ച് നാടിന് സമർപ്പിക്കുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും, നടന്നില്ല. സ്റ്റേഡിയത്തിലെ സജ്ജീകരണങ്ങൾ മുഴുവൻ ഇനിയും പൂർത്തിയായിട്ടില്ലാത്തതാണ് തടസ്സം. 6.72 ഏക്കർ ഭൂമിയിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്മാർട്ട് സ്റ്റേഡിയമുള്ളത്. എട്ട് ലൈനോട് കൂടിയ 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, വി.ഐ.പി. ലോഞ്ച്, മീഡിയ റൂം, പ്ലെയേഴ്സ് റൂം, ഓഫീസ് റൂം, എന്നിവ ഉൾപെടുന്ന മൂന്ന് നില പവലിയൻ കെട്ടിടമാണ് സ്റ്റേഡിയത്തിന്റെ മുഖ്യ ആകർഷണം.

ഈ സിന്തറ്റിക് ഗ്രൗണ്ട് സംരക്ഷണത്തിന് ഫീസ് ഈടാക്കുന്നത് ശരിയല്ലെന്നാണ് പ്രതിഷേധക്കാരുടെ വാദം. കെട്ടിട വാടകയിൽ നിന്ന് ഇതിനുള്ള വരുമാനം കണ്ടെത്തണമെന്ന് കായികപ്രേമികൾ പറയുന്നു. പുതിയ കെട്ടിടങ്ങൾ ഗ്രൗണ്ടിലേക്ക് കടന്നുവന്നത് കൊണ്ട് സ്റ്റേഡിയം ചുരുങ്ങിയിട്ടുമുണ്ട്. ഇലവൻസ് കോർട്ടിന് പകരം സെവൻസിലേക്ക് ഒതുങ്ങുമോ എന്ന സംശയവുമുണ്ട്.

നഗരത്തിലെ കായിക പ്രേമികൾക്കും കുട്ടികൾക്കും സ്‌പോർട്സ് പരിശീലനം നടത്തുന്നവർക്കും രാവിലെ നടക്കുന്ന വയോജനങ്ങൾക്കും ഫീസ് ഏർപ്പെടുത്തിയ തീരുമാനം പകൽകൊള്ളയും ധിക്കാരവുമാണ്. അന്യായമായ ഫീസ് വർദ്ധന പിൻവലിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികൾ നടത്തുമെന്ന്
ബി.ജെ.പി. തലശ്ശേരി മണ്ഡലം കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. തലശ്ശേരി മൈതാനം വിറ്റ് പൈസയാക്കാൻ ഞങ്ങളനുവദിക്കുകയില്ലെന്ന് സേവ് സ്റ്റേഡിയം ഫോറക്കാരും വ്യക്തമാക്കി.

ജവഹർ കൾച്ചറൽ ഫോറം തലശ്ശേരി ചെയർമാൻ കെ. ശിവദാസൻ, സംസ്ഥാന സ്‌പോർട്സ് വകുപ്പു മന്ത്രി, സ്പീക്കർ എ.എൻ ഷംസീർ, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ, സബ്ബ് കളക്ടർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
കായിക പാരമ്പര്യമുള്ള തലശ്ശേരിയിലെ കായിക പ്രേമികളെയാകെ തളർത്തുന്ന നീക്കത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്ന് പ്രമുഖ സ്‌പോർട്സ് സംഘാടകൻ കെ.വി. ഗോകുൽദാസും അഭിപ്രായപ്പെട്ടു. തീരുമാനത്തിൽ പ്രതിഷേധിച്ച് തലശ്ശേരി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് മാർച്ചും നടത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: THALASSERI STADIUM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.