പാലക്കാട്: ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെയും സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കൽപ്പാത്തി ദേശീയ സംഗീതോത്സവം ഒമ്പത് മുതൽ 13 വരെ ചാത്തപുരം മണി അയ്യർ റോഡിൽ സജ്ജീകരിച്ച സംഗീത കലാനിധി ടി.വി ശങ്കരനാരായണൻ നഗർ വേദിയിൽ നടക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.
പുരന്ദരദാസർ ദിനമായി ആഘോഷിക്കുന്ന നവംബർ ഒമ്പതിന് വൈകീട്ട് ആറിനാണ് ഉദ്ഘാടന സമ്മേളനം. വൈകീട്ട് ഏഴിന് കുന്നക്കുടി എം.ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും. തിരുവിഴവിജു എസ്.ആനന്ദ് (വയലിൻ), കുഴൽമന്ദം ജി.രാധാകൃഷ്ണൻ (മൃദംഗം), വി.അനിരുദ്ധ് ആത്രേയ (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും. 10ന് ശ്യാമശാസ്ത്രി ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകിട്ട് അഞ്ചിന് ചെമ്പൈ സ്മാരക ഗവ സംഗീത കോളേജിലെ വിദ്യാർത്ഥികൾ കച്ചേരി അവതരിപ്പിക്കും. വൈകീട്ട് ഏഴിന് സംഗീത കലാനിധി കുമാരി കന്യാകുമാരിയും വിശ്വേഷ് ചന്ദ്രശേഖരനും നയിക്കുന്ന വയലിൻ ഡ്യൂയറ്റ് ഉണ്ടാകും. മന്നാർഗുഡി എ.ഈശ്വരൻ (മൃദഗം), ബി.എസ് പുരുഷോത്തം (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും. 11ന് സ്വാതി തിരുനാൾ ദിനമായി ആചരിക്കും. വൈകീട്ട് അഞ്ചിന് ദേവൻ അന്തിക്കാടിന്റെ സംഗീത കച്ചേരി. കൈലാസപതി (വയലിൻ), അനിരുദ്ധ് രാജ് (മൃദംഗം) എന്നിവരാണ് പക്കമേളം. ഏഴിന് അംബികാപുരം ജി.കെ.ശിവരാമന്റെ സംഗീത കച്ചേരിയും നടക്കും. ആറ്റുകാൽ സുബ്രഹ്മണ്യൻ (വയലിൻ), കൊടുന്തിരപ്പുള്ളി കെ.പി പരമേശ്വരൻ (മൃദംഗം), വെള്ളാട്ടഞ്ചൂർ ശ്രീജിത്ത് (ഘടം) എന്നിവരാണ് പക്കമേളമൊരുക്കുന്നത്.
നവംബർ 12ന് മുത്തുസ്വാമി ദീക്ഷിതർ ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകീട്ട് അഞ്ചിന് ചിറ്റൂർ ഗവ കോളേജിലെ മ്യൂസിക് വിദ്യാർത്ഥികളുടെ സംഗീത കച്ചേരിയും ഏഴിന് കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും. എം.എ കൃഷ്ണസ്വാമി (വയലിൻ), പാലക്കാട് എ. ഗണേശൻ (മൃദംഗം), ആലത്തൂർ ടി. രാജ ഗണേഷ് (ഗഞ്ചിറ) എന്നിവർ പക്കമേളമൊരുക്കും. 13ന് ത്യാഗരാജ സ്വാമികൾ ദിനമായി ആഘോഷിക്കുന്നു. അന്ന് വൈകീട്ട് ആറിന് സമാപന സമ്മേളനം നടക്കും. വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ സംഗീതകച്ചേരി നടക്കും. കൊടുന്തിരപ്പുള്ളി സുബ്ബരാമൻ (വയലിൻ), കോവൈ പ്രകാശ് (മൃദംഗം), കോവൈ സുരേഷ് (ഘടം) എന്നിവരാണ് പക്കമേളമൊരുക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |