SignIn
Kerala Kaumudi Online
Saturday, 20 April 2024 1.05 AM IST

മനുഷ്യത്വമെന്നത് പാഴ്‌‌വാക്കാകുമ്പോൾ

photo

തലശേരിയിൽ വഴിവക്കത്തു പാർക്ക് ചെയ്തിരുന്ന കാറിൽ ചാരിനിന്നതിന്റെ പേരിൽ ആറുവയസുള്ള രാജസ്ഥാൻ ബാലനെ ഇരുപതുകാരനായ മലയാളി യുവാവ് കാലുകൊണ്ടു ചവിട്ടിത്തെറിപ്പിച്ച ക്രൂരവും നിന്ദ്യവുമായ പ്രവൃത്തി മലയാളി മനസുകളെ ഒന്നടങ്കം വേദനിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തതിൽ അതിശയമില്ല. ഒരു ബാലനെ തൊഴിച്ചുതാഴെയിടാൻ മാത്രം ക്രൗര്യം നിറഞ്ഞിരുന്നോ അക്രമിയുടെ മനസിൽ എന്ന് ആർക്കും തോന്നിപ്പോകും. സംസ്ഥാനത്തുടനീളം ഇന്ന് പൊതുനിരത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത അഹങ്കാരം മുറ്റിയ സംഭവങ്ങളിൽ ഒന്നു മാത്രമാണ് തലശേരിയിലേത്. ഈ സംഭവത്തിൽ ദൃക്‌സാക്ഷികളും തെളിവായി കാമറാ ദൃശ്യങ്ങളുമുള്ളതുകൊണ്ടു മാത്രമാണ് പ്രതി അറസ്റ്റിലായത്. സാധാരണഗതിയിൽ അവഗണിക്കപ്പെടുമായിരുന്ന നിസാരസംഭവമായി അത് ഒടുങ്ങുമായിരുന്നു. കുട്ടിയെ മറ്റൊരാളും ഉപദ്രവിച്ചു എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

കാറിൽ വെറുതേ ചാരിനിന്ന ഒരു പിഞ്ചുബാലനെ തൊഴിച്ചുതാഴെയിട്ട യുവാവിന്റെ മനോവൈകല്യം മാത്രമല്ല ഇവിടെ ചർച്ചാവിഷയമാകേണ്ടത്. രാജസ്ഥാനിലെ ഏതോ ഗ്രാമത്തിൽ നിന്ന് ഉപജീവനത്തിനായി നാടുകൾതോറും അലയുന്ന ഒരു കുടുംബത്തിലെ അംഗമാണ് ആക്രമണത്തിനിരയായ കുട്ടി. തെരുവിൽ ബലൂൺവിറ്റ് നടക്കുന്ന മാതാപിതാക്കൾക്കൊപ്പം പാതവക്കിൽ കാഴ്ചകൾ കണ്ടുനിൽക്കവെയാണ് അപ്രതീക്ഷിതമായി ക്രുദ്ധനായ യുവാവിന്റെ ചവിട്ടേറ്റു വീഴുന്നത്. കാറിൽ ചാരിനിന്ന കുട്ടിയോട് മാറിനിൽക്കാൻ പറയാമായിരുന്നു. പകരം കുട്ടിയെ തൊഴിച്ചുതള്ളി കാർ ഓടിച്ചുപോയ ഇരുപതുകാരൻ മനുഷ്യത്വം കൈമോശം വന്നുകൊണ്ടിരിക്കുന്ന യുവതലമുറയുടെ പ്രതിനിധി തന്നെയാണ്. കാറിൽ കുടുംബാംഗങ്ങളും ഉള്ളതാണ് യുവാവിനെ പ്രകോപിപ്പിച്ചതത്രെ. ആറുവയസുള്ള ഒരു കുട്ടി കാറിലിരിക്കുന്ന കുടുംബാംഗങ്ങൾക്ക് എങ്ങനെ ഉപദ്രവകാരിയാകുമെന്നറിയില്ല. ഇല്ലാത്തവനോട് ഉള്ളവനു തോന്നുന്ന ഒരുതരം അവജ്ഞയുടെയും അവഗണനയുടെയും ബഹിർസ്ഫുരണമാണ് തലശേരിയിലെ പാതവക്കിൽ കണ്ടത്. മനുഷ്യരെക്കാൾ വിലമതിക്കുന്ന വാഹനങ്ങളുമായി റോഡിലേക്കിറങ്ങുന്ന പൊങ്ങച്ചക്കാരിൽ പൊതുവേ കാണുന്ന അഹങ്കാരം നിറഞ്ഞ സ്വഭാവവൈകൃതത്തിന്റെ ഇരയാണ് ചവിട്ടേറ്റ് ആശുപത്രിയിലായ ആ പാവം കുരുന്ന്. ആഡംബര കാറുകൾക്ക് സൈഡ് കൊടുക്കാൻ വൈകിയതിന്റെ പേരിൽ എത്രയോ പാവം ഡ്രൈവർമാർ ഇവിടെ ആക്രമണത്തിനു വിധേയരായിട്ടുണ്ട്. മത്സരഓട്ടത്തിനിടയിൽ നിരപരാധികളായ ഇതര വാഹനയാത്രക്കാർ ഇരകളാകുന്നത് സാധാരണമാണ്. പൊതുനിരത്തുകൾ തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന മട്ടിൽ സർവമര്യാദകളും വെടിഞ്ഞ് ചീറിപ്പായുന്നവർ എവിടെയുമുണ്ട്. വല്ലപ്പോഴുമെങ്കിലും വിധി അവർക്കെതിരാകുന്നതും ഇടയ്ക്കിടെ കാണാറുണ്ട്. ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിൽ ഗേറ്റ് കാവൽക്കാരനെ കാർ ഭിത്തിയോട് ചേർത്തിടിപ്പിച്ച് കൊലപ്പെടുത്തിയ തൃശൂരിലെ ഒരു ധനാഢ്യൻ ഇപ്പോൾ ഇരുമ്പഴിക്കുള്ളിലാണ്. മനുഷ്യത്വവും സഹജീവി സ്നേഹവും പൊതുമര്യാദയും ഇല്ലാത്ത ഇതുപോലുള്ളവരെ പൂട്ടാൻ ലഭിക്കുന്ന ഒരവസരവും പൊലീസ് പാഴാക്കരുത്. ഇത് അക്രമികൾക്ക് മുന്നറിയിപ്പാകും. തലശേരി സംഭവത്തിൽത്തന്നെ പൊലീസ് ആദ്യം പതിവിൻപടി ഉഴപ്പാനാണ് നോക്കിയത്. സമൂഹമാദ്ധ്യമങ്ങൾ പ്രശ്നം ഏറ്റെടുത്തപ്പോഴാണ് ഉഷാറായത്.

നിരപരാധികളുടെ നേർക്കുണ്ടാകുന്ന എത്ര ചെറിയ അക്രമമായാലും അതിനെ അപലപിക്കാനും കുറ്റവാളികൾക്കു നേരെ വിരൽചൂണ്ടാനും സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരേണ്ടിയിരിക്കുന്നു. രാഷ്ട്രീയപ്പകയിൽ അനവധി പേർ ഇവിടെ കൊലക്കത്തികൾക്കിരയാകാറുണ്ട്. രാഷ്ട്രീയ ലേബൽ പതിച്ച് അരുംകൊലകളെ പ്രത്യേക കളങ്ങളിലാക്കാനാണ് ശ്രമം നടക്കുന്നത്. അക്രമം ഏതു രൂപത്തിലുള്ളതാണെങ്കിലും അതിനെതിരെ മനുഷ്യമനസ്സാക്ഷി ഉണരുകതന്നെ വേണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: 6 YEAR OLD BOY BRUTALY KICKED
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.