SignIn
Kerala Kaumudi Online
Thursday, 25 April 2024 1.23 PM IST

കേന്ദ്രത്തെ തിരുത്തി തൊഴിൽ ഉറപ്പിൽ കേരളം മുന്നോട്ട്

photo

തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഒരു പഞ്ചായത്തിൽ ഒരുസമയം 20 പ്രവൃത്തികൾ മാത്രമായി നിജപ്പെടുത്തികൊണ്ട് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയ കേന്ദ്രസർക്കാരിന് മാസങ്ങൾക്കുള്ളിൽ അത് തിരുത്തേണ്ടിവന്നു. അതും കേരളത്തിന് വേണ്ടി മാത്രം. ഇതോടൊപ്പം പരിധി ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കുന്ന കേരളം തൊഴിലുറപ്പ് പദ്ധതിയിൽ രാജ്യത്ത് വേറിട്ട മുഖമാകുകയാണ്.

കേരളത്തിൽ മാത്രം 50 പ്രവൃത്തികൾ അനുവദിക്കുമെന്ന് കേന്ദ്ര ഗ്രാമവികസന വകുപ്പ് കഴിഞ്ഞദിവസമാണ് സംസ്ഥാന സർക്കാരിനെ അറിയിച്ചത്. കേരള സർക്കാർ നിരന്തരമായി ആവശ്യപ്പെട്ടതിന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം. കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയതിന് പിന്നാലെ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ കേന്ദ്രത്തെ സമീപിച്ചു.

പിന്നാലെ വകുപ്പിന്റെ ചുമതലയിലെത്തിയ മന്ത്രി എം.ബി.രാജേഷും വിഷയത്തിൽ പിന്നോട്ട് പോയില്ല. കഴിഞ്ഞയാഴ്ചയും കേന്ദ്രമന്ത്രിക്ക് മന്ത്രി എം.ബി.രാജേഷ് വിഷയത്തിൽ കത്തയച്ചു. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ വിഷയത്തിൽ ശക്തമായ പ്രക്ഷോഭങ്ങളും അരങ്ങേറി. കേരളത്തിൽ നിന്നുള്ള നിരന്തര ആവശ്യത്തിന്റെ ഭാഗമായിട്ടാണ് തീരുമാനം പുനഃപരിശോധിച്ചതെന്ന് കേന്ദ്രത്തിന്റെ കത്തിൽ പ്രത്യേകം വ്യക്തമാക്കുകയും ചെയ്തു. മുൻ തീരുമാനം തിരുത്തിയെങ്കിലും, ഒരേ സമയം അൻപത് പ്രവൃത്തികൾ എന്ന നിബന്ധന പാടില്ലെന്നും പരിധിയില്ലാതെ പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള അനുമതി വേണമെന്നുമാണ് കേരളത്തിന്റെ ആവശ്യം. അതിന് വ്യക്തമായ കാരണവുമുണ്ട് , തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് തന്നെ മാതൃകാപരമായി നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളം. കൊവിഡാനന്തര കാലത്ത് പ്രാദേശിക സാമ്പത്തിക വികസനത്തിലുൾപ്പെടെ തൊഴിലുറപ്പ് പദ്ധതിക്ക് നിർണായക പങ്ക് വഹിക്കാനായി. വൈവിധ്യവും നൂതനവുമായ ആശയങ്ങൾ പ്രാവർത്തികമാക്കിയാണ് കേരളം പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. കഴിഞ്ഞവർഷം പത്തരക്കോടി തൊഴിൽ ദിനങ്ങൾ സാദ്ധ്യമാക്കിയ കേരളത്തിന് ഈവർഷം കേന്ദ്രസർക്കാർ ആറ് കോടി തൊഴിൽദിനങ്ങൾ മാത്രമാണ് നല്കിയത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ ഏഴ് മാസം കൊണ്ട് തന്നെ 4,77,44,000 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. കേന്ദ്രം അനുവദിച്ചതിന്റെ 80ശതമാനമാണിത്. കഴിഞ്ഞ രണ്ട് വർഷവും 10 കോടിയിലധികം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച സംസ്ഥാനമാണ് കേരളം. 2021-22 വർഷം കേരളത്തിൽ തൊഴിൽ കാർഡ് എടുത്തിരുന്ന 40,83,420 കുടുംബങ്ങളിൽ തൊഴിൽ ആവശ്യപ്പെട്ട 16,45,183 കുടുംബങ്ങൾക്ക് തൊഴിൽ ലഭിച്ചു. ഇതിൽ 5,12,823 കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ ലഭിച്ചു. 2021-22ൽ 10,59,66,005 തൊഴിൽ ദിനങ്ങളാണ് സൃഷ്ടിച്ചത്.

ഗ്രാമപഞ്ചായത്തിൽ ഒരേസമയം ഇരുപത് പ്രവൃത്തി മാത്രമേ ഏറ്റെടുക്കാവൂ എന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിർദേശം. ആവശ്യപ്പെടുന്ന എല്ലാ കുടുംബങ്ങൾക്കും ഒരു വർഷം 100 തൊഴിൽ ദിനങ്ങൾ എന്ന തൊഴിലുറപ്പ് പദ്ധതിയുടെ അന്തസത്തക്ക് എതിരായിരുന്നു ഈ നിബന്ധന. കേന്ദ്രസർക്കാർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പഞ്ചായത്ത് ഘടന

അനുസരിച്ചായിരുന്നു നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ കേരളത്തിന്റെ സാഹചര്യം അതല്ലെന്ന് വ്യക്തമായി കേന്ദ്രത്തെ ബോധിപ്പിക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. ഇതര സംസ്ഥാനങ്ങളിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ അത്രയും ജനസംഖ്യ കേരളത്തിലെ ഒരു വാർഡിൽ മാത്രമുണ്ട്. ഇത്തരത്തിലുള്ള 13 മുതൽ 23 വരെ വാർഡുകൾ ചേരുന്നതാണ് കേരളത്തിലെ ഗ്രാമ പഞ്ചായത്തുകൾ. ഒരേസമയം ഒരു വാർഡിൽത്തന്നെ നിരവധി പ്രവൃത്തികൾ നടത്തിയാണ് തൊഴിലാളികളുടെ തൊഴിൽ ആവശ്യം കേരളം നിറവേറ്റുന്നത്. പ്രവൃത്തികൾ 20ആയി നിജപ്പെടുത്തിയ തീരുമാനം വന്നതോടെ പല വാർഡിലും ഒരു പ്രവൃത്തി പോലും നടത്താനാകില്ലെന്ന സ്ഥിതിയായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ ശക്തമായ ഇടപെടൽ നടത്തിയത്. മാത്രമല്ല പദ്ധതിയിൽ കേന്ദ്രത്തിന്റെ ഭാഗത്ത് ഉദാസീനത തുടരുമ്പോഴും അത് സംസ്ഥാനത്ത് പ്രതിഫലിക്കുന്നില്ലെന്നും സംസ്ഥാനം കാരണങ്ങൾ എണ്ണിപ്പറഞ്ഞ് കേന്ദ്രത്തെ ബോദ്ധ്യപ്പെടുത്തി. തൊഴിലുറപ്പ് പദ്ധതി സാമഗ്രികൾ ഉപയോഗിച്ചതിന്റെകുടിശിക ലഭ്യമാകാത്ത പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. എല്ലാ വിദഗ്ദ്ധ അവിദഗ്ദ്ധ തൊഴിലാളികൾക്കും വെൻഡേഴ്സിനും ഇനിയും പണം നൽകാനായിട്ടില്ല. കേന്ദ്രത്തിന്റെ സോഫ്റ്റ്‌വെയറായ പി.എഫ്.എം.എസിന്റെ ഐഡി വെൻഡേഴ്സിന് ലഭിക്കുന്നതിനുള്ള കാലതാമസമാണ് ഇതിന് കാരണം. തൊഴിലുറപ്പ് പദ്ധതിക്ക് അനുവദിച്ച തുക നൽകുന്നതിന് കൃത്യമായ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് നൽകണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്രം, പൂർണമായും കേന്ദ്രസഹായത്തോടെ നടത്തണമെന്ന് നിർദേശിച്ചിട്ടുള്ള സോഷ്യൽ ഓഡിറ്റ് നടത്തിപ്പിന് പണം തരാത്ത സാഹചര്യവുമുണ്ട്. 19 കോടി നൽകേണ്ട സ്ഥാനത്ത് കഴിഞ്ഞ വർഷം ആകെ അനുവദിച്ചത് 2.96കോടി മാത്രമാണ്. ഒട്ടും മുന്നോട്ടുപോകാനാകാത്ത പ്രതിസന്ധി വന്നപ്പോൾ മൂന്ന് കോടി രൂപ സംസ്ഥാന സർക്കാരാണ് അഡ്വാൻസായി അനുവദിച്ച് നൽകിയത്. വില്ലേജ് റിസോഴ്സ് പേഴ്സൺമാർക്ക് ഓണറേറിയം കുടിശികയാകുന്ന സ്ഥിതി ഉൾപ്പെടെ ഇതിന്റെ ഫലമായി സൃഷ്ടിക്കപ്പെടുകയാണ്. തൊഴിലുപകരണത്തിന് മൂർച്ച കൂട്ടാനുള്ള ഫണ്ട് ഇല്ലാതാക്കിയതും പ്രതിഷേധാർഹമാണ്. എൻ.എം.എം.എസ് ആപ്പിലെ പ്രായോഗികപ്രശ്നങ്ങൾ മൂലം തൊഴിലാളികൾ ജോലിക്കെത്തിയാലും ഹാജർ രേഖപ്പെടുത്താനാകാതെ, കൂലി നഷ്ടമാകുന്ന സ്ഥിതിയും നിലവിലുണ്ട്. പലപ്പോഴും ആപ്പ് ശരിയായി പ്രവർത്തിക്കാത്തതും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കേരളം വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RURAL EMPLOYMENT GUARANTEE PROGRAMME
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.