SignIn
Kerala Kaumudi Online
Saturday, 20 April 2024 9.49 AM IST

വരവേൽക്കാം പുതു പ്രതിഭകളെ കൗമാര ശാസ്ത്രമേളയ്ക്ക് നാളെ തുടക്കം  ഒരുക്കങ്ങൾ പൂർണം

fest

കൊച്ചി: നവീന ആശയങ്ങളും പുത്തൻ കണ്ടുപിടുത്തങ്ങളുമായി കൗമാര ശാസ്ത്രപ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കം. ആറ് വേദികളിൽ മൂന്നു ദിവസമായി അയ്യായിരത്തിലേറെ വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. 2006നുശേഷം ജില്ല ആതിഥ്യം വഹിക്കുന്ന സംസ്ഥാന ശാസ്ത്രമേളയുടെ ഒരുക്കങ്ങളെല്ലാം പൂർണമായിക്കഴിഞ്ഞു.

നാളെ രാവിലെ 9ന് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻ ബാബു പതാക ഉയർത്തും. 10.30ന് എറണാകുളം ടൗൺഹാളിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ടി.ജെ.വിനോദ് എം.എൽ.എ അദ്ധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നടത്തും.

ഇന്ന് രജിസ്‌ട്രേഷൻ
ഇന്ന് രജിസ്ട്രേഷൻ മാത്രമായിരിക്കും. മറ്റ് ജില്ലകളിൽ നിന്നെത്തുന്നവർക്ക് ഇന്ന് മുതൽ താമസവും ഭക്ഷണവും ലഭ്യമാക്കും. ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി, ഗണിത ശാസ്ത്രം തുടങ്ങി അഞ്ചു വിഭാഗങ്ങളിലായി 154 ഇനങ്ങളിലാണ് മത്സരങ്ങൾ.

17കമ്മിറ്റികളിലായി ഇരുന്നൂറോളം പേരാണ് നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നത്. സ്റ്റുഡന്റ് പൊലീസ്, എൻ.സി.സി, എൻ.എസ്.എസ്, സ്‌കൗട്ട് ആൻഡ് ഗൈഡ്, റെഡ്‌ക്രോസ് എന്നിവയിൽ നിന്നായി വിദ്യാർത്ഥികൾ സേവനം അനുഷ്ഠിക്കും.

വിപുലമായ വാഹന- പാർക്കിംഗ് ക്രമീകരണം

മത്സരാർത്ഥികൾ എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ ജി.സി.ഡി.എ, കൊച്ചി കോർപ്പറേഷൻ എന്നിവയുടെ പാർക്കിംഗ് സൗകര്യങ്ങളാണ് വിനിയോഗിക്കുക. മത്സരാർത്ഥികളെ വേദികളിലേക്കും താമസ സ്ഥലങ്ങളിലേക്കും എത്തിക്കുന്നതിനും ബസുകൾ സജ്ജമാക്കിയിട്ടുണ്ട്.

ഹരിത ചട്ടങ്ങൾ
പൂർണമായും ഹരിത ചട്ടങ്ങൾ പാലിച്ചായിരിക്കും നടത്തിപ്പ്. മത്സര ശേഷമുള്ള മാലിന്യം നീക്കം ചെയ്യുന്നതിനായി 200 കുടുംബശ്രീ പ്രവർത്തകരെ നിയോഗിക്കും. കൊച്ചി കോർപ്പറേഷന്റെ സഹായത്തോടെ മാലിന്യങ്ങൾ തരംതിരിച്ച് നിർമാർജ്ജനം ചെയ്യും.

കലവറയിൽ പഴയിടം
മേളയ്‌ക്കെത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും ഉദ്യോഗസ്ഥരുമുൾപ്പെടെ 8,000ലേറെപ്പേർക്ക് ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. 16-ാമത് തവണയാണ് പഴയിടം സംസ്ഥാന ശാസ്ത്രമേളയ്ക്ക് ഭക്ഷണമൊരുക്കുന്നത്. 25പേരുടെ സംഘമാണ് കലവറയിൽ. ഇന്നലെ വൈകിട്ട് കലവറയിൽ പാലുകാച്ചി. ഹൈബി ഈഡൻ എം.പി, ടി.ജെ.വിനോദ് എം.എൽ.എ തുടങ്ങിയവർ സംബന്ധിച്ചു. വിവിധ വേദികളിലേക്ക് പൊതിയായാണ് ഭക്ഷണമെത്തിക്കുക.

സമാപനം 12ന്
മേള ശനിയാഴ്ച സമാപിക്കും. വൈകിട്ട് 4.30ന് വ്യവസായ മന്ത്രി പി. രാജീവ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു സമ്മാനദാനം നിർവഹിക്കും. മേയർ അഡ്വ.എം. അനിൽകുമാർ അദ്ധ്യക്ഷനാകും.

വേദികൾ, മത്സരങ്ങൾ
(പങ്കെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം ബ്രായ്ക്കറ്റിൽ)

സെന്റ് ആൽബർട്സ്- ശാസ്ത്രമേള (958)

കച്ചേരിപ്പടി സെന്റ് ആന്റണീസ്- ഗണിത ശാസ്ത്രമേള (812)

എറണാകുളം ദാറുൽ ഉലൂം- സാമൂഹ്യശാസ്ത്രമേള (588)
ഗവ.ഗേൾസ് എച്ച്.എസ്.എസ്- ഐ.ടി മേള (392)
തേവര സേക്രഡ് ഹാർട്ട്- പ്രവൃത്തി പരിചയമേള (2,600)
എറണാകുളം എസ്.ആർ.വി- വൊക്കേഷണൽ എക്സ്പോ,(171) കരിയർ സെമിനാർ, തൊഴിൽമേള

മത്സര ഇനങ്ങൾ 154

മത്സരാർത്ഥികൾ 5000

വേദികൾ 6

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SASTHRAMELA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.