SignIn
Kerala Kaumudi Online
Thursday, 25 April 2024 11.17 AM IST

പാഠ്യപരിഷ്കാരം ഭാരം കുറയ്ക്കാനാകണം

photo

സംസ്ഥാനത്തെ സ‌്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങിക്കഴിഞ്ഞു. ഏറ്റവും ഒടുവിൽ പരിഷ്കരണം നടന്നിട്ട് ഒരു ദശാബ്ദത്തിലധികമായി. കാലത്തിനും മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്കും ഉതകുംവിധം പഠനവും അതിന്റെ രീതികളുമൊക്കെ മാറേണ്ടത് ആവശ്യമാണ്. കുട്ടികളുടെ അഭിപ്രായം കൂടി അറിഞ്ഞശേഷമാകും ഇക്കുറി പുതിയ പാഠപുസ്തകങ്ങൾ തയ്യാറാക്കുന്നത്. തികച്ചും പുതുമയുള്ളതും അനുപേക്ഷണീയവുമാണ് പുതിയ സമീപനം. പാഠ്യപദ്ധതി പരിഷ്കരണത്തിൽ കുട്ടികളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കേൾക്കാനായി നവംബർ 17ന് എല്ലാ സ്‌കൂളുകളി​ലും ഒരു പീരി​യഡ് മാറ്റി​വയ്ക്കാൻ തീരുമാനി​ച്ചി​രി​ക്കുകയാണ്. ഈ വി​ഷയത്തി​ൽ കുട്ടി​കൾക്കു എന്താണു പറയാനുള്ളതെന്ന് ആരായുന്നത് സംസ്ഥാനത്തി​ന്റെ ചരി​ത്രത്തി​ലാദ്യമാണ്. സാധാരണ വി​ദഗ്ദ്ധരുടെയും അക്കാഡമി​ക് പണ്ഡി​തരുടെയും മാത്രം മേഖലയാണല്ലോ വി​ദ്യാഭ്യാസസംബന്ധി​യായ വി​ഷയങ്ങൾ. പരി​ഷ്കാരങ്ങൾ നല്ലതായാലും ചീത്തയായാലും അതി​ന് ഇരയാകേണ്ടി​വരുന്ന കുട്ടി​കളുടെ ഭാഗം ആരും അന്വേഷി​ക്കാറി​ല്ല. ഇത്തവണ അതി​നു മാറ്റം വന്നി​രി​ക്കുകയാണ്. ക്ളാസുകളി​ൽ ഓരോ വി​ഷയത്തി​ലും ചോദ്യാവലി​ തയ്യാറാക്കി​ അതുവച്ചുകൊണ്ടാകും കുട്ടി​കളോട് അദ്ധ്യാപകർ അഭി​പ്രായം ആരായുക. കുട്ടി​കളുടെ അഭി​പ്രായങ്ങൾ ക്രോഡീകരി​ച്ച് സ്കൂളുകൾ എസ്.സി​.ഇ.ആർ.ടി​ക്കു കൈമാറും. കുട്ടി​കളുടെ അഭി​പ്രായ നി​ർദ്ദേശങ്ങൾ കൂടി​ പരി​ശോധി​ച്ച ശേഷമാകും പുതി​യ പാഠപുസ്തകങ്ങൾക്ക് അന്തി​മരൂപം നൽകുക. ആദ്യം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത്, പതി​നൊന്നു ക്ളാസുകളി​ലാകും പാഠപുസ്തക പരി​ഷ്കരണം. 2024ൽ ഇത് നടപ്പിലാകും. 2025 - 26ൽ മറ്റു ക്ളാസുകളിലും പാഠപുസ്തകങ്ങൾ പുതുക്കുന്നതോടെ പരിഷ്കരണ നടപടികൾ പൂർത്തിയാകും.

പാഠ്യപരിഷ്കരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം കണക്കിലെടുക്കേണ്ടത് കുട്ടികൾ ഇന്നു നേരിടുന്ന അമിത പഠനഭാരത്തെക്കുറിച്ചു തന്നെയാകണം. അറിവിന്റെ ചക്രവാളം അതിവിസ്തൃതമാണെന്നു പറയാമെങ്കിലും കുരുന്നുപ്രായം മുതൽ അവ അടിച്ചേല്പിക്കുന്നത് ക്രൂരതയാണ്. പന്ത്രണ്ടുവർഷത്തെ സ്‌കൂൾ പഠനം കഴിഞ്ഞു പുറത്തുവരുന്ന ഭൂരിഭാഗം കുട്ടികൾക്കും നിത്യജീവിതവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിലും അറിവോ താത്‌പര്യമോ ഇല്ലെന്നതാണ് ഏറെ ദൗർഭാഗ്യകരം. സ‌്കൂൾ തലത്തിൽ കുട്ടികളുടെ അഭിരുചികൾക്ക് ഒരുവിധ പരിഗണനയും ലഭിക്കുന്നില്ലെന്നത് രാജ്യം പിന്തുടരുന്ന വിദ്യാഭ്യാസനയത്തിന്റെ ഏറ്റവും വലിയ പോരായ്മയാണ്.

രാജ്യസ്നേഹവും ഭരണഘടനയെക്കുറിച്ചുള്ള അറിവും സമൂഹത്തോടുള്ള ഉത്തരവാദിത്വവും തിന്മകളിൽ ചെന്നുവീഴാതിരിക്കാനുള്ള കരുതലുമൊക്കെ കുട്ടികളിൽ സ്‌കൂൾതലം തൊട്ടേ വളർത്തിയെടുക്കേണ്ട ഗുണവിശേഷങ്ങളാണ്.

രാഷ്ട്രീയത്തിന്റെ അതിപ്രസരം വിദ്യാഭ്യാസ വിഷയത്തിലും കടന്നുകൂടിക്കൊണ്ടിരിക്കുന്നതിനാൽ സിലബസ് ലഘൂകരണത്തിന്റെ പേരിൽ എൻ.സി.ഇ.ആർ.ടി ചരിത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ കുറവു വരുത്തിക്കൊണ്ടിരിക്കുകയാണ്. ഇത് വലിയ വിവാദങ്ങൾക്ക് ഇടവരുത്തുന്നുമുണ്ട്. പ്രധാനമായും പതിനൊന്നും പന്ത്രണ്ടും ക്ളാസുകളിലെ പുസ്തകങ്ങളിലാണ് ഈ മാറ്റങ്ങൾ. കേരളം എന്തായാലും കേന്ദ്ര തീരുമാനത്തിനു പിന്നാലെ പോവില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിട്ടുണ്ട്. എൻ.സി.ഇ.ആർ.ടി ഒഴിവാക്കുന്ന ചരിത്ര പാഠഭാഗങ്ങൾ ഇവിടത്തെ പാഠപുസ്തകങ്ങളിൽ തുടർന്നും ഉണ്ടാകുമെങ്കിലും പരീക്ഷയ്ക്ക് അവയിൽനിന്ന് ചോദ്യങ്ങൾ വേണ്ടെന്നാണു തീരുമാനം. പരീക്ഷയ്ക്ക് ഒഴിവാക്കപ്പെടുമെങ്കിൽ പിന്നെ പ്രസ്തുതപാഠങ്ങൾ പുസ്തകത്തിൽ നിലനിറുത്തുന്നത് എന്തിനെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. പരിഷ്കാരങ്ങൾ ഏതുതരത്തിലുള്ളതായാലും കുട്ടികൾക്ക് അമിത ഭാരമാകാത്ത വിധത്തിലാകണം പുതിയ പാഠപുസ്തകങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCHOOL EDUCATION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.