SignIn
Kerala Kaumudi Online
Tuesday, 23 April 2024 12.22 PM IST

ക്രിമിനൽ കേസ് പ്രതികളുടെ രക്തം ശേഖരിക്കൽ ; സമ്മതം എന്തിന് ?

photo

അടുത്തകാലത്ത് സംസ്ഥാനത്തെ ഞെട്ടിച്ച പല ക്രിമിനലുകൾ കേസുകളിലും പ്രതികൾക്കെതിരെ നിർണായകമായത് ഡി.എൻ.എ തെളിവുകളാണ്. പെരുമ്പാവൂർ ജിഷ വധക്കേസ് ഈ ഗണത്തിൽ പ്രഥമനിരയിലാണ്. മിക്ക കേസുകളിലും പ്രതികളുടെ അനുമതിയില്ലാതെയാണ് സാമ്പിളുകൾ ശേഖരിച്ചിരുന്നത്. ഇക്കാര്യത്തിൽ അന്വേഷണസംഘങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന നിർണായക വിധിയാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ചത്. ഡി.എൻ.എ പരിശോധനയ്‌ക്കായി ക്രിമിനൽ കേസ് പ്രതികളുടെ രക്തം ശേഖരിക്കാൻ അവരുടെ സമ്മതം ആവശ്യമില്ലെന്നാണ് വിധി. ഇക്കാര്യത്തിൽ സ്വയം തെളിവ് നൽകുന്നതിൽ നിന്നുള്ള ഭരണഘടനാ സംരക്ഷണം ബാധകമാവില്ല. തനിക്കെതിരെ സ്വയം തെളിവ് നൽകാൻ ശാരീരികമായോ വാക്കാലോ നിർബന്ധിക്കുന്നതിൽ നിന്നാണ് ഭരണഘടന പ്രതിക്ക് സംരക്ഷണം നൽകുന്നത്. ബലാത്സംഗകേസ് പ്രതികളുടെ രക്ത സാമ്പിൾ പരിശോധനയ്‌ക്ക് രക്തം ശേഖരിക്കാൻ ഈ സംരക്ഷണം ബാധകമാവില്ലെന്ന് വ്യക്തം. ക്രിമിനൽ കേസുകളിലെ പ്രതികൾക്ക്, പ്രത്യേകിച്ച് ബലാത്സംഗം കേസുകളിലെ പ്രതികളുടെ ഡി.എൻ.എ പരിശോധന നടത്താനുള്ള അനുമതി കേസന്വേഷണവും വിചാരണയും വേഗത്തിൽ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കാൻ സഹായിക്കും. ഡി.എൻ.എ പരിശോധനയ്ക‌് രക്തസാമ്പിൾ ശേഖരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം അനുവദിച്ച പത്തനംതിട്ട ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവ് ചോദ്യം ചെയ്‌ത് പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ ഒന്നാം പ്രതിയുടെ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിമിനൽ നടപടിക്രമത്തിലെ 2006 ലെ നിയമഭേദഗതി പ്രകാരം പ്രതിയുടെ രക്തപരിശോധന നിയമാനുസൃതമായി മാറികഴിഞ്ഞു. വിചാരണയുടെ ഏതു ഘട്ടത്തിലും തുടരന്വേഷണവുമാകും. തുടരന്വേഷണത്തിൽ ഡി.എൻ.എ പരിശോധനയ്‌ക്ക് കോടതികൾക്ക് ഉത്തരവിടാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടെന്ന് തെളിയിക്കാനുള്ള ബാദ്ധ്യത പ്രോസിക്യൂഷനുണ്ടെങ്കിലും ഈ ബന്ധത്തിലൂടെ ജനിച്ച കുഞ്ഞാണോ എന്ന് വ്യക്തമാകാനുള്ള പിതൃത്വപരിശാേധന ബലാത്സംഗക്കേസിൽ പ്രസക്തമല്ലെന്ന് പറയാനാവില്ല. പതിനഞ്ച് വയസ് മാത്രമുള്ള പെൺകുട്ടിയുടെ സമ്മതത്തോടെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലും ബലാത്സംഗമാണ്. ഈ സാഹചര്യത്തിൽ ഡി.എൻ.എ പരിശോധനയ്‌ക്ക് പ്രസക്തിയുണ്ടെന്നാണ് ഹൈക്കോടതി പറയുന്നത്.

ക്രിമിനൽ കുറ്റകൃത്യങ്ങളിൽ അന്വേഷണം ഫലപ്രദമാക്കാനും കുറ്റവാളികളെ കണ്ടെത്താനും ഡി.എൻ.എ തെളിവിന്റെ സാദ്ധ്യത അന്വേഷണ ഏജൻസികൾ ഇപ്പോൾ കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. ഡി.എൻ.എ പരിശോധന അന്വേഷണ ഏജൻസികൾക്ക് കുറ്റവാളികളെ തിരിച്ചറിയാനും ബുദ്ധിമുട്ടുള്ള കേസുകൾ തെളിയിക്കാനും സഹായകമാണ്. അതേസമയം, ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട പലരും നിരപരാധികളാണെന്ന് കണ്ടെത്താനും ഡി.എൻ.എ തെളിവുകൾ കാരണമായിട്ടുണ്ട്. വിചാരണ വേളയിൽ കുറ്റവാളിയുടെ പങ്ക് കൂടുതൽ ഉറപ്പാക്കുന്ന മറ്റു തെളിവുകൾക്കൊപ്പം ഡി.എൻ.എയും ഒരു മുഖ്യതെളിവായോ പിന്തുണയ്‌ക്കുന്ന തെളിവായോ ഇന്ന് പരിഗണിക്കപ്പെടുന്നുണ്ട്.

ഒരു വ്യക്തിയുടെ എല്ലാ ജനിതക വിവരങ്ങളും അടങ്ങിയ കോഡാണ് ഡി.എൻ.എ. ശരീരകോശങ്ങളിലെ ക്രോമസോമുകളിലാണ് ഇവ സ്ഥിതി ചെയ്യുന്നത്. ഒരു വ്യക്തിയുടെ ശരീരം മുഴുവൻ ഒരേതരം ഡി.എൻ.എയായിരിക്കും അടങ്ങിയിരിക്കുക. ഒാരോ വ്യക്തികളുടെയും ഡി.എൻ.എ മറ്റൊരാളിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. കുറ്റം തെളിയിക്കാനാവശ്യമായ ഡി.എൻ.എ തെളിവുകൾ ലഭിക്കാൻ വളരെ ചെറിയ അളവിലുള്ള ശരീരകോശങ്ങൾ മതിയാകും. കുറ്റകൃത്യത്തിന് ഇരയായ വ്യക്തികളുടെ ശരീരം, വസ്‌ത്രം എന്നിവയിൽ നിന്നാണ് സാധാരണ തെളിവുകൾ ലഭിക്കുക. കുറ്റകൃത്യ സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്ന ഡി.എൻ.എ സാമ്പിൾ സംശയമുള്ള വ്യക്തികളുടെ ഡി.എൻ.എ ഘടനയുമായി മാച്ച് ചെയ്യുന്നതാണോ എന്ന് പരിശാേധിച്ചാണ് കുറ്റാവാളികളെ കണ്ടെത്തുന്നത്. തെളിവുകൾ കലർപ്പില്ലാത്തതാണെങ്കിൽ ഡി.എൻ.എ പ്രൊഫൈലിംഗ് കൃത്യതയുള്ള പരിശോധനയാണ്. ഒരാളുടെ ഡി.എൻ.എ ലോകത്തൊരിടത്തും മറ്റൊരാെൾക്കും ഉണ്ടാകില്ലെന്നതാണ് പ്രധാന സവിശേഷത. അതിനാൽ ഹൈക്കോടതിയുടേത് സുപ്രധാന വിധി തന്നെയാണ്.

കുഞ്ഞിന്റെ ജന്മം

സ്‌ത്രീയുടെ അവകാശം

കുഞ്ഞിന് ജന്മം കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള സ്ത്രീയുടെ അവകാശത്തെ തടയാനാവില്ലെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി വിധി. ഉത്തരവിലെ നിരീക്ഷണങ്ങളോട് പലർക്കും വിയോജനമുണ്ടാകാമെങ്കിലും മറ്റ് പല ഘടകങ്ങളും കോടതി പരിഗണിച്ചു എന്നതാണ് വാസ്തവം. അമ്മയാകണമെന്നോ വേണ്ടെന്നോ സ്ത്രീക്ക് തീരുമാനിക്കാം. അത് സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നാണ് വിധിയുടെ അന്തസത്ത. കടുത്ത മാനസികാഘാതം അനുഭവിക്കുന്ന പെൺകുട്ടിക്ക് ഗർഭം തുടരേണ്ടി വന്നാൽ ജീവന് വരെ അപായമുണ്ടായേക്കാം എന്ന പ്രത്യേക മെഡിക്കൽ ബോർഡിന്റെ വിലയിരുത്തലാണ് കോടതി പ്രധാനമായും കണക്കിലെടുത്തത്. നേരത്തെ തന്നെ ക്രമം തെറ്റിയ മാസമുറ പ്രശ്‌നം നേരിടുന്ന യുവതി ആറാഴ്ചക്ക് ശേഷം അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലെത്തി അൾട്രാ സൗണ്ട് സ്‌കാനിംഗ് നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന വിവരമറിയുന്നത്. വിവരം അറിഞ്ഞതു മുതൽ മാനസികമായി അസ്വസ്ഥത നേരിടുകയാണ്. സഹപാഠി ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോയത് മാനസികാഘാതം വർദ്ധിപ്പിച്ചു. ഗർഭാവസ്ഥയിൽ തുടരുന്നത് മാനസികാഘാതം വർദ്ധിപ്പിക്കുമെന്നും വിദ്യാഭ്യാസവും ജോലി ലഭ്യതയും അടക്കം തന്റെ ഭാവിയെ ബാധിക്കുമെന്നായിരുന്നു യുവതിയുടെ വാദം. ഗർഭാവസ്ഥ 24 ആഴ്ച പിന്നിട്ടതിനാൽ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് പ്രകാരം ഗർഭം അലസിപ്പിക്കാൻ ആശുപത്രികൾ തയാറല്ലാത്തതിനാലാണ് കോടതിയെ സമീപിച്ചത്.
കോടതി നിർദേശ പ്രകാരം എറണാകുളം മെഡിക്കൽ കോളജ് സൂപ്രണ്ട് രൂപീകരിച്ച മെഡിക്കൽ ബോർഡാണ് യുവതിയെ പരിശോധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയത്. ഗർഭാവസഥയിൽ തുടരുന്നത് നേരിട്ട് ശാരീരിക ആരോഗ്യത്തെ ബാധിക്കില്ലെങ്കിലും മാനസിക സമ്മർദ്ദം ജീവഹാനിക്ക് വരെ കാരണമായേക്കും. അതേസമയം, ആഴ്ചകൾ പിന്നിട്ടതിനാൽ ഗർഭം അലസിപ്പിക്കൽ ഏറെ അപകട സാദ്ധ്യത നിറഞ്ഞതുമാണെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കി. എന്നാൽ, യുവതി അനുഭവിക്കുന്ന മാനസിക പ്രശ്‌നങ്ങളും ഒറ്റപ്പെടലും വളരെ വലുതാണെന്നും നടപടിക്രമവുമായി ബന്ധപ്പെട്ട് ഏത് അപകട സാദ്ധ്യതയും നേരിടാൻ തയാറാണെന്നുമായിരുന്നു യുവതിയുടെ നിലപാട്. തുടർന്നാണ് കുഞ്ഞ് വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം മാതാവിനാണെന്ന് വിലയിരുത്തി ഗർഭം അലസിപ്പിക്കാൻ കോടതി അനുമതി നൽകിയത്. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി വ്യക്തമാക്കി യുവതി സാക്ഷ്യപത്രം നൽകണം. പുറത്തെടുക്കുന്ന സമയത്ത് ശിശുവിന് ജീവനുണ്ടെങ്കിൽ ആരോഗ്യമുള്ള കുഞ്ഞായി വളരാനാവശ്യമായ മികച്ച പരിരക്ഷ ആശുപത്രി അധികൃതർ ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. ഗൗരവമേറിയ ചർച്ചകൾക്ക് വഴിവയ്‌ക്കുന്നതാണ് ഈ വിധി. സമാനമായ നിരവധി കേസുകൾ ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് എത്തുന്നു എന്നതും പ്രസക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DNA TEST IN CRIMINAL CASES
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.