വക്കം: ദൃശ്യ വിസ്മയമൊരുക്കി റോഡിനിരുവശങ്ങളിലെയും ആമ്പൽ പാടങ്ങൾ ശ്രദ്ധേയമാകുന്നു. ചിറയിൻകീഴ്, കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അതിർത്തിയായ പഴഞ്ചിറയ്ക്കും, മണ്ണാത്തിമൂലയ്ക്കും ഇടയിലുള്ള റോഡിനിരുവശങ്ങളിലുമായി പുതുചിറ ഏലായിൽ ഏക്കർ കണക്കിന് പാടത്താണ് ആമ്പൽ വിരിഞ്ഞു നിൽക്കുന്നത്.
നിത്യവും ആയിരക്കണക്കിന് ആമ്പൽ പൂക്കളാണിവിടെ വിരിയുന്നത്. പൂക്കൾ വിരിഞ്ഞതോടെ ഇവിടെയെത്തുന്ന കാഴ്ചക്കാരും നിരവധിയാണ്.
ഒരുകാലത്ത് നെൽകൃഷിക്ക് പേരുകേട്ട പാടങ്ങളായിരുന്നു ഇവിടം. സ്ഥിരം വെള്ളക്കെട്ടായതിനാൽ കുറ്റിചേറാടി എന്നയിനം നെല്ലായിരുന്നു കൃഷി ചെയ്തിരുന്നത്. നെൽകൃഷി നിറുത്തിയതോടെ പാടം ദീർഘകാലം തരിശായി മാറി. പിന്നീട് പാടത്തെ ചെളി ഇഷ്ടിക നിർമ്മാണത്തിനായി നീക്കം ചെയ്തതായി നാട്ടുകാർ പറഞ്ഞു. കുഴികൾ രൂപപ്പെട്ടതോടെ ഇവിടെ നെൽകൃഷി അപ്രാപ്യമായി. പിന്നീട് ചിലയിടങ്ങളിൽ ആമ്പൽ പൂക്കൾ കണ്ടു. വർഷങ്ങൾ കഴിഞ്ഞതോടെ ഏക്കറ് കണക്കിന് പാടം മുഴുവൻ ആമ്പലായി.
ഒരിക്കലും വറ്റാത്ത നീരുറവയാണിന്നിപ്പോൾ പുതുചിറ. ആമ്പലിന് പുറമെ അപൂർവ ഇനം പക്ഷികളുടെ ആവാസ കേന്ദ്രം കൂടിയാണീ പാടശേഖരം. കുളക്കോഴി മുതൽ വിവിധയിനം കൊക്കുകൾ വരെ ഇവിടെയുണ്ട്. അപൂർവ ഇനങ്ങൾ മുതൽ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇനങ്ങൾ വരെയുണ്ട്. ഈ മേഖല സംരക്ഷിച്ചാൽ വിനോദസഞ്ചാര കേന്ദ്രം മുതൽ പരിസ്ഥിതി പഠന കേന്ദ്രം വരെയാക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |