SignIn
Kerala Kaumudi Online
Friday, 19 April 2024 5.17 AM IST

വീണ്ടുമൊരു മഹാപ്രക്ഷോഭം അനിവാര്യം

photo

ജാതിവിവേചനം, സാമൂഹ്യ ഉച്ചനീചത്വം,അയിത്താചാരം,അസ്പൃശ്യത പോലുള്ള സാമൂഹ്യതിന്മകൾക്ക് തീർത്തും അറുതിവരുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. കേരള ചരിത്രത്തിൽ ഐതിഹാസികമെന്ന് വിശേഷിപ്പിക്കാവുന്ന ക്ഷേത്രപ്രവേശന വിളംബരം നടന്ന് 86 സംവത്സരങ്ങൾ പിന്നിട്ട് ലോകം ഏറെമാ​റ്റങ്ങൾക്ക് വിധേയമായിട്ടും 'കോരന് കഞ്ഞി കുമ്പിളിൽത്തന്നെ' എന്ന ചൊല്ലിനെ അന്വർത്ഥമാക്കുന്നതാണ് കേരളത്തിലെ പിന്നാക്കവിഭാഗത്തിന്റെ സ്ഥിതി.

'ജാതിഭേദം മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് ' എന്ന ശ്രീനാരായണ ഗുരുദേവന്റെ മഹത്തായസന്ദേശം ക്ഷേത്രങ്ങളിൽ പാലിക്കപ്പെടാത്തിടത്താണ് ക്ഷേത്രപ്രവേശന വിളംബരത്തിന്റെ ലക്ഷ്യം ചോദ്യം ചെയ്യപ്പെടുന്നത്. ഈഴവരാദി പിന്നാക്ക വിഭാഗക്കാർക്ക് ക്ഷേത്രത്തിൽകടന്ന് ദൈവത്തെ ആരാധിക്കാം എന്നതിനപ്പുറം ശ്രീകോവിലിനുള്ളിൽ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു. ശബരിമല സന്നിധാനത്തും മാളികപ്പുറത്തും മേൽശാന്തിമാരെ നിയമിക്കാനുള്ള അപേക്ഷയിൽത്തന്നെ അപേക്ഷകർ ബ്രാഹ്മണരായിരിക്കണമെന്നാണ് നിബന്ധന. ഗുരുവായൂർപോലുള്ള മഹാക്ഷേത്രങ്ങളിലും അബ്രാഹ്മണ ശാന്തിമാർക്ക് ശ്രീകോവിലിന് വെളിയിലാണ് സ്ഥാനം. അബ്രാഹ്മണനെയോ പിന്നാക്കക്കാരനെയോ ദേവസ്വംബോർ​ഡ് ശാന്തിക്കാരനായി നിയമിച്ചാലും ശ്രീകോവിലിനുള്ളിൽ പൂജാദികർമ്മങ്ങൾ ചെയ്യാൻ ഭ്രഷ്ട് കൽപ്പിച്ച സംഭവങ്ങൾ ഈ യുഗത്തിലാണ് അരങ്ങേറുന്നത്.


മുന്നാക്ക വിഭാഗങ്ങൾക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സാമ്പത്തികസംവരണം നൽകാനുള്ള കേന്ദ്രസസർക്കാർ തീരുമാനം ശരിവച്ച സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റ ഭൂരിപക്ഷവിധിയും ഏറെ പ്രസക്തമാണ്. ജാതിസംവരണം അധികകാലം തുടരാനാകില്ലെന്ന വിധിയിലെ പരാമർശം ഞെട്ടലുളവാക്കുന്നതാണ്. ജാതിസംവരണ വ്യവസ്ഥയിൽ മാ​റ്റംവരുത്താൻ ആലോചിക്കേണ്ട സമയമായെന്നാണ് മുന്നാക്ക സംവരണത്തെ അനുകൂലിച്ച രണ്ട് ജഡ്ജിമാരുടെ വിധിന്യായം. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ സംവരണത്തിന്റെ ഭാവിയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗക്കാർക്ക് മാത്രമായി ചുരുക്കി, അതിന്റെ ആനുകൂല്യം പിന്നാക്ക,ദളിത് വിഭാഗങ്ങളിലെ ദരിദ്റർക്കും നൽകണമെന്ന് ബെഞ്ചിലെ രണ്ട് ജഡ്ജിമാരുടെ ആവശ്യം മൂന്നംഗ ഭൂരിപക്ഷ ബെഞ്ച് തള്ളി. സാമ്പത്തിക സംവരണമെന്ന ഓമനപ്പേരിൽ മുന്നാക്കത്തിലെ പാവങ്ങൾക്കായി ഏർപ്പെടുത്തിയ സംവരണത്തിൽനിന്ന് പട്ടികജാതി, പട്ടികവ​ർഗ വിഭാഗങ്ങളെയും പിന്നാക്ക വിഭാഗങ്ങളെയും ഒഴിവാക്കിയതിൽ എന്ത് നീതീകരണമുണ്ട് ? വിധിക്കെതിരെ തമിഴ്നാട്ടിലെ ഡി.എം.കെ സർക്കാർ പുന:പരിശോധന ഹർജി നൽകാനും സർവകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ സ്ഥിതിയോ ?

1936 നവംബർ 12 ന് തിരുവിതാംകൂർ സർക്കാർ വിളംബരംചെയ്ത ക്ഷേത്രപ്രവേശന നിയമം രാജ്യം ഉ​റ്റുനോക്കിയതാണ്. നവോത്ഥാനനായകരും അധ:സ്ഥിത ജനവിഭാഗങ്ങളും നടത്തിയ സുദീർഘമായ പോരാട്ടത്തിന്റെ ഫലംകൂടിയാണ് അവർണരുടെ ആരാധനാസ്വാതന്ത്റ്യത്തിന് വഴിതെളിച്ച വിളംബരം. സാമൂഹിക പരിഷ്കരണത്തിനുവേണ്ടി 19–ാം നൂ​റ്റാണ്ടിന്റെ ആദ്യപാദത്തിൽ തുടങ്ങിയ പ്രക്ഷോഭങ്ങളുടെ പരിസമാപ്തിയാണ് വിപ്ലവകരമായ ക്ഷേത്രപ്രവേശന വിളംബരം. സമരമുഖരിതമായ പശ്ചാത്തലമുണ്ടായിരുന്നെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളും വിളംബരത്തിന് ചാലകശക്തിയായി.

ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്റ്യമെന്ന, വൈക്കം സത്യഗ്രഹത്തിലെ മുഖ്യആവശ്യം ആരാധനാസ്വാതന്ത്റ്യത്തിനുള്ള പ്രക്ഷോഭമായി പരിണമിച്ചു. 1924 ൽ തുടങ്ങിയ വൈക്കം സത്യഗ്രഹത്തിന് നെടുനായകത്വം വഹിച്ചത് ടി.കെ മാധവനടക്കമുള്ള മഹാരഥന്മാരായിരുന്നു. ഗാന്ധിജിയുടെ ഇടപെടലോടെ ബഹുജനസമരമായി. സത്യഗ്രഹം വിജയിപ്പിക്കാൻ ജാതി -മത ഭേദമെന്യേ കേരളീയർ മാത്രമല്ല, മറുനാട്ടുകാരും എത്തിച്ചേർന്നു. സവർണജാഥ നയിച്ച മന്നത്തു പത്മനാഭനും പഞ്ചാബിൽനിന്നുള്ള അകാലികളും തമിഴ്നാട്ടിലെ ദ്റാവിഡ പ്രസ്ഥാനക്കാരും ഐക്യദാർഢ്യവുമായെത്തി.

വിഗ്രഹപ്രതിഷ്ഠയും വേദപഠനവും ക്ഷേത്രാരാധനയും ബ്രാഹ്മണരുടെ മാത്രം അവകാശമെന്ന ആചാരം ലംഘിച്ച ശ്രീനാരായണഗുരുദേവനും ടി.കെ മാധവനും സി.വി കുഞ്ഞുരാമനും ജനവികാരം ആളിക്കത്തിച്ചു.
വൈക്കം സത്യഗ്രഹം ക്ഷേത്രപരിസരത്ത് സഞ്ചാരസ്വാതന്ത്റ്യത്തിനു വേണ്ടിയുള്ളതായിരുന്നിട്ടും ക്ഷേത്രം തന്ത്റിയും ഭരണകൂടവും വിട്ടുവീഴ്ചയ്ക്ക് ഒരുക്കമായിരുന്നില്ല.1925 ൽ സമവായ ചർച്ചയ്ക്കെത്തിയ ഗാന്ധിജിയെ തന്ത്റി ഇണ്ടംതുരുത്തി നമ്പൂതിരി വീട്ടിൽകയ​​റ്റിയില്ല. അദ്ദേഹം പോയശേഷം ഇരുന്നസ്ഥലം ചാണകവെള്ളം തളിച്ച് 'ശുദ്ധമാക്കുക'യും ചെയ്തു. 1930 ഓടെ തിരുവിതാംകൂറിൽ അവർണർക്ക് ക്ഷേത്രപ്രവേശനം കൂടിയേതീരൂ എന്ന നിലവന്നു. പേരിൽ ഹിന്ദുവെങ്കിലും ഹിന്ദുവിനുള്ള അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെതിരെ അവർണർ സംഘടിച്ചു. വരുമാനം കുറഞ്ഞതോടെ സർക്കാരും സാമ്പത്തിക ഞെരുക്കത്തിലായി. പുറമേയാണ് ജനകീയ പ്രക്ഷോഭങ്ങളും മതപരിവർത്തനവും ഉയർത്തിയ വെല്ലുവിളി. 1936ൽ വിജ്ഞാപനം പുറപ്പെടുവിച്ചെങ്കിലും 1937 ജനുവരിയിലാണ് യാഥാർത്ഥ്യമായത്. ജനുവരി 12 ന് ഗാന്ധിജിയുടെ നേതൃത്വത്തിൽ നാനാജാതിയിലും പെട്ടവർ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചതോടെ അത് ചരിത്രമുഹൂർത്തമായി. പട്ടാളമൈതാനത്ത് ചേർന്ന ഗംഭീരയോഗത്തിൽ സംസാരിച്ച ഗാന്ധിജിയുടെ വാക്കുകൾ :

'അവർണരുടെയും സവർണരുടെയും പൊതുജനാഭിപ്രായങ്ങൾ ശക്തിപ്പെടുത്താൻ നിങ്ങൾ തുടർച്ചയായി ശ്രമങ്ങൾ നടത്തിയിരുന്നില്ലെങ്കിൽ ലോകത്തിലുള്ള സകലമനസ്സും ഉണ്ടായിരുന്നാൽക്കൂടി മഹാരാജാവിനു പോലും ഈ വിളംബരപ്രഖ്യാപനം നടത്തുക അസാദ്ധ്യമായേനെ.'

ഈഴവരെപ്പോലെയുള്ള ഒരു സമുദായം ഉണ്ടായിരുന്നതുകൊണ്ടാണ് ക്ഷേത്രപ്രവേശന വിളംബരമുണ്ടായതെന്ന് സി.രാജഗോപാലാചാരി പ്രസ്താവിച്ചു. പൊതുജനഹിതത്തെ ആദരിക്കാത്തപക്ഷം രാജ്യഭരണം ദുഷ്‌‌കരമായിത്തീരുമെന്നും പൊതുജനശബ്ദം കേട്ടപ്പോഴാണ് തിരുമനസ്സ് കൊണ്ട് ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപനം ചെയ്തതെന്നും ദിവാൻ സർ സി.പി രാമസ്വാമി അയ്യർ പോലും തുറന്നുപറഞ്ഞു. സി.വി. കുഞ്ഞുരാമൻ ഇക്കാര്യം വ്യക്തമായി എഴുതിയിട്ടുണ്ട്.


വിളംബരം കൊണ്ട് ഈഴവർക്ക് വലിയ പ്രയോജനമൊന്നും ഉണ്ടാകില്ലെന്ന ചിന്താഗതിക്കാരനായിരുന്നു സി.വി. നിഷേധിക്കപ്പെട്ട അവകാശങ്ങളും അധികാരങ്ങളും പിടിച്ചുവാങ്ങുക, അതിലൂടെ സമുദായത്തിന്റെ അഭിമാനം പരിരക്ഷിക്കുക എന്നതിൽ കവിഞ്ഞ പ്രതീക്ഷയൊന്നും സി.വിയ്ക്കുണ്ടായിരുന്നില്ല. ക്ഷേത്രത്തിൽ പ്രവേശിക്കുക എന്നതിനെക്കാൾ സമുദായത്തിന് അപമാനകരമായ നിയമങ്ങളെയും ആചാരങ്ങളെയും നിർമ്മാർജ്ജനം ചെയ്യുകയായിരുന്നു ടി.കെ മാധവന്റെയും സി.വിയുടെയും ലക്ഷ്യം. 1931ൽ ആലപ്പുഴയിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ 28​ാം വാർഷിക പൊതുയോഗത്തിൽ സി.വി നടത്തിയ പ്രസംഗം ദീർഘദൃഷ്ടിയുള്ളതായിരുന്നു.

'ബ്രാഹ്മണൻ എവിടെനിന്ന് താഴോട്ടിറങ്ങിയോ അവിടെവരെ ഒന്നു കയറണമെന്ന് ഞങ്ങൾക്ക് ഒരാഗ്രഹമുണ്ടായി. അവിടെ ചെന്നതുകൊണ്ടു മാത്രം ഈഴവൻ തൃപ്തനാവുകയില്ല. അവിടത്തെ മണികിലുങ്ങുമോ എന്നും അവനൊന്ന് നോക്കണം. അല്ലാതെ അകത്തു കടന്നിട്ട് ശ്രീകോവിലിനു വെളിയിൽ നിൽക്കുന്ന ഏർപ്പാട് ഈഴവന് വേണ്ടതന്നെ. ആണ്ടിൽ 28.50 ലക്ഷം രൂപ ദേവസ്വം ഇനത്തിൽ ചെലവുണ്ട്. ഇതിൽ എട്ടുകാശ് പോലും ഈഴവന് കിട്ടുന്നില്ല. വെടിക്കെട്ടും ആറാട്ടും മാത്രം ഒളിഞ്ഞുനിന്ന് ഞങ്ങൾക്കും കാണാം. അതിനാൽ ക്ഷേത്രകാര്യങ്ങളിൽ ഇതേവരെ പ്രവേശനം ഇല്ലാതിരുന്നവർക്ക് ആ അവകാശം നൽകേണ്ടതാണ്.'

സി.വി.പറഞ്ഞ കാര്യങ്ങൾക്ക് ഇന്നും വലിയമാ​റ്റമില്ലെന്നതാണ് നവോത്ഥാന കേരളത്തെ പിന്നോട്ട് നയിക്കുന്നത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഈഴവരാദി പിന്നാക്കക്കാർക്ക് ഇന്നും ശ്രീകോവിലിന് വെളിയിലാണ് സ്ഥാനം.

ദേവസ്വം ബോർഡ് നിയമനങ്ങൾ പോലും മുന്നാക്കക്കാരുടെയും ബ്രാഹ്മണരുടെയും കുത്തകാവകാശം പോലെയായി. എന്നിട്ടും ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സാമ്പത്തികസംവരണം കൂടി ഏർപ്പെടുത്തിയതോടെ പിന്നാക്കക്കാരന്റെ സ്ഥിതി ഏറെ പരിതാപകരമായി മാറിക്കൊണ്ടിരിക്കുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ വാർഷികവേളയിൽ പിന്നാക്കവിഭാഗങ്ങളുടെ മേൽ വീണ്ടും സവർണാധിപത്യം സ്ഥാപിക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി വേണം പുത്തൻ കോടതിവിധിയെയും വീക്ഷിക്കേണ്ടത്. ചാതുർവർണ്യ വ്യവസ്ഥയിലേക്കുള്ള തിരിച്ചുപോക്കിന്റെ തുടക്കമാണിത്. ക്ഷേത്രങ്ങളിൽ തുല്യനീതിയ്ക്കായും സവർണാധിപത്യം തിരികെ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും ക്ഷേത്രപ്രവേശന വിളംബര പ്രക്ഷോഭ മാതൃകയിൽ വീണ്ടുമൊരു മഹാപ്രക്ഷോഭം അനിവാര്യമായിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: TEMPLE ENTRY PROCLAMATION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.