SignIn
Kerala Kaumudi Online
Friday, 19 April 2024 5.48 AM IST

ആര്യശ്രീയെ കല്ലെറിയരുതേ...

arya-rajendran

വെളുക്കാൻ തേച്ചത് പാണ്ടായി എന്ന ചൊല്ലിന്റെ ശരിക്കുള്ള ചൂട് അനുഭവിച്ചറിയുന്നത് തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനാണ്. തിരുവനന്തപുരം നഗരസഭയെ വളരെ സ്തുത്യർഹമായ വിധത്തിൽ ഭരിച്ച് 'പരിപോഷിപ്പിച്ചു' കൊണ്ടിരിക്കുന്ന, സി.പി.എമ്മിന്റെ ഭാവി വാഗ്ദാനം കൂടിയായ മേയർ ആര്യയോട് ബി.ജെ.പിക്കും കോൺഗ്രസുകാർക്കും പണ്ടേ അല്പം അസൂയയുണ്ട്. അതുകൊണ്ടാണല്ലോ മേയർ എന്ത് ജനക്ഷേമകരമായ കാര്യങ്ങൾ ചെയ്താലും അവർ കോർപ്പറേഷൻ ഓഫീസിന് മുന്നിലേക്ക് കൊടിയും പിടിച്ച് പായുന്നത്. വ്യത്യസ്തയായൊരു മേയറാം ആര്യയെ സത്യത്തിൽ ബി.ജെ.പിക്കാരും കോൺഗ്രസുകാരും തിരിച്ചറിയുന്നില്ലെന്നതാണ് ഏറെ ഖേദകരം. തീർത്തും നിഷ്കളങ്കമായി, ജനക്ഷേമം മാത്രം ലാക്കാക്കി നഗരസഭ ഭരണയന്ത്രം തിരിക്കാൻ രാപ്പകൽ പെടാപ്പാടു പെടുകയാണ് ആ യുവകമ്മ്യൂണിസ്റ്റ്. പക്ഷേ കുടലെടുത്തു കാണിച്ചാലും കമ്മ്യൂണിസ്റ്റ് പച്ചയെന്ന് ആക്ഷേപിക്കാനാണല്ലോ രാഷ്ട്രീയ എതിരാളികൾക്ക് താത്പര്യം. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കുറേക്കാലം മുമ്പ് ഒരു ആറ്റുകാൽ പൊങ്കാലയ്ക്ക് ഏറ്റവും കൃത്യമായ രീതിയിൽ മുന്നൊരുക്കം നടത്തിയപ്പോഴും ആൾക്കാർ ഇതുപോലെ ആക്ഷേപം പറഞ്ഞതാണ്. കൊവിഡിന്റെ പേരിൽ പൊങ്കാല മാറ്റിവയ്ക്കാനുള്ള തീരുമാനമൊക്കെ ആർക്കും എപ്പോഴും എടുക്കാം. പക്ഷേ എങ്ങാനും പൊങ്കാല നടന്നിരുന്നെങ്കിൽ തൊട്ടുപിന്നാലെ നഗരം വൃത്തിയാക്കാനുള്ള സംവിധാനം അങ്ങനെ വേഗത്തിൽ എടുക്കാനാവുമോ. പൊങ്കാലയ്ക്ക് ആവശ്യമായ ഇഷ്ടിക വേഗത്തിൽ റോഡരികിൽനിന്ന് നീക്കം ചെയ്യണം ? എല്ലായിടത്തും കുന്നുകൂടുന്ന മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും നീക്കണം..ഇതെല്ലാം ചെയ്യാതിരിക്കാൻ പറ്റുമോ ?. സമയത്തിന് ഓടിച്ചെന്നാൽ ലോറിക്കാരെ കിട്ടുമോ? ഇതെല്ലാം ദീർഘവീക്ഷണത്തോടെ കണ്ടതുകൊണ്ടാണ് ലോറിക്കാർക്ക് മൂന്നരലക്ഷം അഡ്വാൻസായി നൽകിയത്. ഓർക്കാപ്പുറത്ത് പൊങ്കാല മാറ്രിവച്ചതിന് മേയറെ കുറ്റപ്പെടുത്തിയിട്ടു കാര്യമുണ്ടോ? ഇതൊന്നും മനസിലാക്കാതെയാണ് അന്നും പാവം മേയറെ രാഷ്ട്രീയ എതിരാളികൾ ക്രൂശിച്ചത്.

പട്ടികജാതി വിഭാഗക്കാർക്കുവേണ്ടിയുള്ള ഫണ്ടിൽ ഒരുകോടി തട്ടിയതാണ് കോർപ്പറേഷൻ ഭരണത്തിനെതിരെ പ്രതിപക്ഷവും ബി.ജെപിയും കൊണ്ടുവന്ന മറ്റൊരാരോപണം. നികുതിതട്ടിപ്പ്, കെട്ടിട നമ്പർ നൽകുന്നതിലെ ക്രമക്കേട്, എം.ജി റോഡിന്റെ വശങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതിന് ഫീസ് ഈടാക്കാൻ സ്വകാര്യ ഹോട്ടലിന് കരാർ നൽകൽ, മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട് കിച്ചൺബിൻ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് .... പാവം പെൺകുട്ടിക്കെതിരെ എന്തെല്ലാം അസംബന്ധങ്ങളാണ് എതിരാളികൾ പ്രചരിപ്പിച്ചത്. പക്ഷെ അന്തരിച്ച ഡോ.അയ്യപ്പപണിക്കരുടെ ഒരു കവിതയുണ്ടായിരുന്നതാണ് ആര്യയ്ക്ക് ആകെ ആശ്വാസമായത്. മോഹനത്തിലും ഹംസധ്വനിയിലും ഖരഹരപ്രിയയിലുമൊക്കെ ആര്യ അയപ്പപണിക്കർ സാറിന്റെ കവിത ആലപിച്ചു. ' വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്ന് വിളിച്ചില്ലേ, താൻ കള്ളനെന്ന് വിളിച്ചില്ലേ ' പൊതുവേദികളിൽ ആര്യയുടെ കവിതാലാപനം കേട്ട ജനാധിപത്യമഹിളാ അസോസിയേഷൻ നേതാക്കൾ ഏറെ വേദനയോടെ ആര്യയോട് ചോദിച്ചു, എന്തേ സംഗീതം പഠിക്കാത്തൂ.. എന്ന്. (പാട്ടു പഠിക്കാൻ പോയിരുന്നെങ്കിൽ പാർട്ടിക്ക് ഒരു തങ്കക്കട്ടിയെ നഷ്ടപ്പെടുമായിരുന്നുവെന്ന കാര്യം ജനാധിപത്യ മഹിളമാർക്ക് അറിയില്ലല്ലോ).

ഇപ്പോൾ ഇതൊക്കെ പരമാർശിക്കാൻ എന്തേ കാരണം എന്ന് പലരും സംശയിച്ചേക്കാം. ഒരു തൊഴിലുമില്ലാതെ പോസ്റ്രറൊട്ടിച്ചും പിണറായി ദൈവത്തിന് സിന്ദാബാദ് വിളിച്ചും സർക്കാർ നൽകുന്ന കിറ്റുകളുടെ കണക്കെടുപ്പു നടത്തിയും ജനക്ഷേമപ്രവർത്തനങ്ങളുടെ പട്ടിക വീടുവീടാന്തരം കയറി പാണനെപോലെ പാടി ഫലിപ്പിച്ചും കഴിഞ്ഞിരുന്ന സ്വന്തം പാർട്ടിയിലെ ആൾക്കാർക്ക് തൊഴിലുകൊടുക്കാൻ പാർട്ടിയുടെ സഹായം തേടിയതാണ് പാവം ആര്യയ്ക്ക് വിനയായത്. 'തൊഴിലില്ലാത്തവരുണ്ടോ സഖാവേ ഒരു തൊഴിൽ കൊടുക്കാൻ ' എന്ന മട്ടിൽ പാർട്ടി ജില്ലാ സെക്രട്ടറിക്ക് ഒരു കുറിമാനം കൊടുത്തതാണ് ആര്യശ്രീയെ സംശയ നിഴലിലാക്കിയത്. പറയപ്പെടുന്ന കത്തിൽ തിലകം ചാർത്തി പാർട്ടി ജില്ലാ സെക്രട്ടറിക്ക് കൈമാറുമ്പോൾ പാവം ആര്യശ്രീ ഔട്ട് ഓഫ് സ്റ്റേഷനായിരുന്നു താനും. ' മേലേപ്പറമ്പിൽ ആൺവീട് ' സിനിമയിൽ ജഗതി ശ്രീകുമാർ പറയുന്ന ഡയലോഗാണ് ഇക്കുറി നമ്മുടെ ആര്യശ്രീ കടംകൊണ്ടത്. ' എന്റെ കത്ത് ഇങ്ങനെയല്ല ' എന്ന് ആവർത്തിച്ച് അവർ പറഞ്ഞെങ്കിലും ദുഷ്ടബുദ്ധികളായ ബി.ജെ.പിക്കാരും മഹിളാ കോൺഗ്രസുകാരും അത് ചെവിക്കൊണ്ടില്ല. കാനനഛായയിൽ ആടു മേയ്ക്കാൻ ഒപ്പം പോകാൻ ആട്ടിടയനായ രമണന്റെ കൺസെന്റ് ചോദിക്കുന്ന ചന്ദ്രികയുടെ മട്ടിൽ ആര്യശ്രീ ഒരു മാറ്റം ചോദിച്ചു, കണ്ണിൽ ചോരയില്ലാത്ത ജെബിമേത്തർ എന്ന മഹിളാകോൺഗ്രസ് നായിക, ബ്രീഫ് കെയ്സ് കാട്ടിക്കൊണ്ട് നിഷ്കരുണം പറഞ്ഞത് കോഴിക്കോട്ടേക്ക് വണ്ടികയറാനാണ്. പക്ഷെ പാർട്ടി തന്നെ വിശ്വസിപ്പിച്ച് ഏൽപ്പിച്ച തിരുവനന്തപുരം നഗരസഭ വെട്ടിക്കിളച്ച് തിരുമുറ്റത്ത് നല്ലൊരു കുളവും കുഴിച്ച് അതിന്റെ വശങ്ങളിൽ അഞ്ചാറ് ചെമ്പരത്തിച്ചെടികൾ നട്ട് അതിൽ മൊട്ടിടുന്ന ചെമ്പരത്തിപ്പൂ ചെവിയ്ക്ക് മുകളിലും കാർകൂന്തലിലും ചൂടി പരിലസിക്കാൻ നിൽക്കുന്ന ആര്യശ്രീയോട് വേണ്ടാ ഈ കളിയൊന്നും. മത്തങ്ങാ പോലെ വന്നിട്ട് ബന്തിങ്ങാ പോലെ പോവുന്ന കഥയൊക്കെ ആര്യശ്രീ ചെറുതിലേ പഠിച്ചിട്ടുള്ളതാണ്. നഗരസഭാ കവാടത്തിന് മുന്നിൽ പതിവ് ക്രിയപോലെ വന്ന് പൊലീസ് വക സൗജന്യകുളിയും കഴിഞ്ഞ് മടങ്ങുന്ന ബി.ജെ.പിക്കാർ നടത്തുന്ന സമരത്തിന് ടിയർഗ്യാസിന്റെയും ഇടിവണ്ടിയുടെ ഡീസലിന്റെയും ചെലവ് കൂടി തന്റെ തലയിൽ കെട്ടിവയ്ക്കരുതെന്നാണ് ആര്യശ്രീയുടെ അഭ്യർത്ഥന.

ഇതുകൂടി കേൾക്കണേ

കൃത്യാന്തരബാഹുല്യം കാരണം എല്ലാ കാര്യങ്ങളും ശ്രദ്ധിക്കാൻ ഉത്തരവാദപ്പെട്ട ചുമതലകളിൽ ഇരിക്കുന്നവർക്ക് ചിലപ്പോൾ കഴിയാതെ വരും. പുര കത്തുമ്പോൾ, കാർഷിക ലോണെടുത്ത് നട്ടതാണെങ്കിൽ പോലും പരമാവധി വാഴകൾ വെട്ടുന്നത് പരമ്പരാഗതമായി നമ്മൾ പിന്തുടരുന്ന ശീലവുമാണല്ലോ. ചെയർപേഴ്സൺ കസേരയിൽ മുത്തമിടാൻ അവസരം കാത്ത് കഴിയുന്ന ചില പിന്തിരിപ്പന്മാർ സ്വന്തം തട്ടകത്തിലുമുണ്ടല്ലോ. പാവം ആര്യശ്രീ ആ വഴിക്ക് ഒരു അന്വേഷണം കൂടി നടത്തിയാൽ സംഗതികൾക്ക് ഒരു വ്യക്തത വരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARYA RAJENDRAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.