SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.53 AM IST

നളിനിയുടെ ജയിൽ വാസം @ 30വയസ്

nalini

ന്യൂഡൽഹി : നളിനി ശ്രീഹരൻ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തടവറയിൽ കഴിഞ്ഞ സ്ത്രീ. ശങ്കരനാരായണൻ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും പദ്‌മാവതിയെന്ന നഴ്സിന്റെയും മൂന്ന് മക്കളിൽ മൂത്തവൾ. ചെന്നൈ എതിരാജ് കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ നളിനി 25 ാം വയസിൽ വെല്ലൂർ സെൻട്രൽ ജയിലിലായി. ലോകത്തെ ഞെട്ടിച്ച രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായി. പിന്നെ മൂന്ന് പതിറ്റാണ്ടിലേറെ തടവറയിൽ.

1991 മേയ് 21ന് തമിഴ്‌നാട്ടിലെ ശ്രീപെരുംപുത്തൂരിൽ എൽ.ടി.ടി.ഇയുടെ മനുഷ്യ ബോംബായ തനു പൊട്ടിത്തെറിച്ച് രാജീവ് ഗാന്ധിയുടെ ശരീരം ഛിന്നഭിന്നമായി. ആ ക്രൂരതയിൽ പങ്കാളിയായ നളിനിയെ ഇന്ത്യൻ ജനത ആദ്യം വെറുത്തു. പിന്നെ അവരോട് സഹതപിച്ചു .

ചോരചീന്തിയ വഴികൾ

1987ൽ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ. ആർ ജയവർദ്ധനയും ഒപ്പുവച്ച സമാധാന ഉടമ്പടിയുടെ ഭാഗമായി ലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ അയച്ചതോടെയാണ് രാജീവിനെ വധിക്കാൻ തമിഴ് ഭീകര സംഘടനയായ എൽ.ടി.ടി.ഇ പദ്ധതിയിട്ടത്. ഐ.പി.കെ.എഫും എൽ.ടി.ടി.ഇയും രൂക്ഷമായ പോരാട്ടത്തിലായി. ആയിരത്തിലേറെ ജീവനുകൾ നഷ്ടമായി. സേനയെ തിരികെ വിളിക്കാൻ രാജീവ് വിസമ്മതിച്ചത് എൽ.ടി.ടി.ഇയുടെ വിരോധത്തിന് കാരണമായി. വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെയാണ് സേന ലങ്കയിൽ നിന്ന് പിൻവാങ്ങിയത്. 1991 തിരഞ്ഞെടുപ്പിൽ രാജീവ് ഗാന്ധിയുടെ മടങ്ങി വരവ് തടയുകയായിരുന്നു വധത്തിന്റെ ലക്ഷ്യം.

രാജീവിനെ വധിക്കാൻ എൽ.ടി.ടി.ഇ തലവൻ വേലുപ്പിള്ള പ്രഭാകരൻ തിരഞ്ഞെടുത്ത സംഘത്തിൽ അന്ന് ചെന്നൈയിലുണ്ടായിരുന്ന എൽ.ടി.ടി.ഇ അംഗങ്ങളായ മുരുഗൻ, മുത്തുരാജ എന്നിവരും ലങ്കയിൽ നിന്ന് തനു, ശുഭ എന്നീ സ്ത്രീകളും ഉൾപ്പെട്ടിരുന്നു. നളിനിയേയും പേരറിവാളനെയും തമിഴ്നാട്ടിൽ നിന്നാണ് പദ്ധതിയുടെ ഭാഗമാക്കിയത്. മുരുഗന്റെ ഭാര്യയാണ് നളിനി. ഇയാൾക്ക് ശ്രീഹരൻ എന്നും പേരുണ്ട്. ശ്രീപെരുംപുത്തൂരിൽ രാജീവിന്റെ പാദവന്ദനത്തിനായി കുനിഞ്ഞ തനു ശരീരത്തിലെ ബെൽറ്റ് ബോംബ് പൊട്ടിച്ചാണ് അദ്ദേഹത്തെ വധിച്ചത്.

നിയമത്തിന് മുന്നിൽ

1991ജൂൺ 14നാണ് മുരുഗനും രണ്ട് മാസം ഗർഭിണിയായിരുന്ന നളിനിയും അറസ്റ്റിലായത്. ഓഗസ്റ്റിൽ മറ്റ് പ്രതികളായ ശിവരശൻ,​ ശുഭ എന്നിങ്ങനെ ഏഴ് പേർ ബംഗളുരുവിലെ ഒളിത്താവളത്തിൽ പൊലീസ് പിടിയിലാകുന്നതിന് തൊട്ടുമുന്നേ ആത്മഹത്യ ചെയ്തു. ശിവരശൻ സ്വയം വെടിവച്ചും മറ്റുള്ളവർ സയനൈഡ് കഴിച്ചുമാണ് മരിച്ചത്. മറ്റൊരു പ്രതിയായ രംഗൻ പിടിയിലായി. ജയിലിലാണ് നളിനി മകളെ പ്രസവിച്ചത്. ആ മകൾ ഇന്ന് ഡോക്ടറാണ്.

ആരാണ് നളിനി ?

1967ൽ തിരുനെൽവേലിയിൽ ജനിച്ച നളിനി ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് കേസിലകപ്പെട്ടത്. ശ്രീലങ്കയിൽ നിന്നെത്തിയ തനുവും ശുഭയും പദ്ധതി ആസൂത്രണം ചെയ്യാൻ നളിനിക്കും മുരുഗനുമൊപ്പമാണ് താമസിച്ചത്.നളിനി ഗൂഢാലോചനയുടെ ഭാഗമായതിന് തെളിവില്ലെന്ന് 1999ൽ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 2008ൽ പ്രിയങ്കാ ഗാന്ധി ജയിലിൽ നളിനിയെ സന്ദർശിച്ചിരുന്നു.

രാജീവിനെ വധിക്കുന്ന കാര്യം തനിക്കോ ഭർത്താവിനോ അറിവില്ലായിരുന്നെന്ന് നളിനി ആത്മകഥയിൽ പറയുന്നു. ജയിൽ വാസക്കാലത്ത് ബിരുദാനന്തര ബിരുദം നേടിയ നളിനി 2020ൽ ജയിലിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. സഹോദരൻ ഭാഗ്യനാഥനുമായുള്ള സൗഹൃദമാണ് ശ്രീലങ്കൻ പൗരനായ മുരുഗനെ നളിനിയുടെ ജീവിതത്തിലേക്കെത്തിച്ചത്. രാജീവിനെ വധിക്കാൻ ശ്രീംപെരുംപുത്തൂരിലെത്തിയ അഞ്ചംഗ സംഘത്തിൽ ശേഷിക്കുന്ന ഒരേയോരാളാണ് നളിനി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഹരിബാബു എന്ന ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രങ്ങളിൽ നിന്നാണ് നളിനിയെ തിരിച്ചറിഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.