പത്തനംതിട്ട: ആളുകളെ തള്ളിമാറ്റിക്കൊണ്ട് സെൻട്രൻ ജംഗ്ഷനിലൂടെ യുവതിയുടെ ഓട്ടം. ഇതുകണ്ടപ്പോൾ നാട്ടുകാർ കരുതിയത് വല്ല മാല മോഷ്ടാവിന്റെയും പിന്നാലെയായിരിക്കും യുവതി ഓടുന്നതെന്നാണ്. യുവതിക്ക് പിന്നാലെ നാട്ടുകാരും പാഞ്ഞു. ഇതോടെ പൊലീസ് സ്റ്റേഷൻ - ആഴൂർ റോഡിൽ കുറച്ചുസമയത്തേക്ക് ഗതാഗത തടസമുണ്ടായി.
ആളുകളുടെ തിരക്ക് കണ്ട് പട്രോളിംഗ് നടത്തിക്കൊണ്ടിരുന്ന ട്രാഫിക് പൊലീസ് എത്തി യുവതിയോട് കാര്യം തിരക്കി. ഒന്നും ഇല്ല എന്നായിരുന്നു യുവതിയുടെ ആദ്യ മറുപടി. പിന്നാലെ നാട്ടുകാർ കാര്യം തിരക്കിയതോടെ ഇവർ സത്യാവസ്ഥ വെളിപ്പെടുത്താൻ നിർബന്ധിതയായി.
പത്തനംതിട്ടയിൽ ഭർത്താവിനൊപ്പം ബൈക്കിൽ എത്തിയതായിരുന്നു യുവതി. ഇതിനിടയിൽ ഇരുവരും തമ്മിൽ വഴക്കായി. തുടർന്ന് ഭാര്യയെ വഴിയിലിറക്കി വിട്ട് യുവാവ് പോയി. ഭർത്താവ് പോയ വഴിയെ പോയ യുവതിയെയാണ് നാട്ടുകാർ പിന്തുടർന്നത്.