മലപ്പുറം: പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശ്ശേരി സ്വദേശി ഫഷാന ഷെറിൻ (27) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതിയെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്.
യുവതിയും ഭർത്താവും ദീർഘനാളായി അകന്നുകഴിയുകയായിരുന്നു. വീട്ടിലേക്ക് തിരിച്ചു വരണമെന്നാവശ്യപ്പെട്ട് ഇയാൾ മുമ്പ് യുവതിയെ സമീപിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ യുവതിയുടെ വീട്ടിലെത്തിയ പ്രതി ഓട് പൊളിച്ചാണ് അകത്തുകടന്നത്.
ഫഷാന ഷെറിന്റെ കിടപ്പുമുറിയിൽ കയറിയ പ്രതി വാതിൽ കുറ്റിയിട്ട ശേഷം ആസിഡ് ഒഴിക്കുകയായിരുന്നു. അമ്പത് ശതമാനത്തോളം യുവതിക്ക് പൊള്ളലേറ്റു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആക്രമണത്തിനിടെ പ്രതിക്കും പൊള്ളലേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |