SignIn
Kerala Kaumudi Online
Thursday, 25 April 2024 7.52 AM IST

എലിയെ തോൽപ്പിച്ച് ഇല്ലം ചുടുമ്പോൾ

photo

എലിയെ തോൽപ്പിച്ച് ഇല്ലം ചുടുക എന്ന് പറഞ്ഞു കേട്ടിട്ടേയുള്ളൂ. അതാണ് ഇപ്പോൾ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത്. ഗവർണറും മന്ത്രിസഭയും തമ്മിലുള്ള ബന്ധം മുൻപത്തേക്കാളും മോശമായി. മുഖ്യമന്ത്രി ഗവർണറെ പരസ്യമായി വെല്ലുവിളിച്ചു. മറ്റു മന്ത്രിമാരും മോശമാക്കിയില്ല. ഒളിഞ്ഞും തെളിഞ്ഞും പലരും പല പരാമർശങ്ങളും നടത്തി. ധനകാര്യ മന്ത്രിയുടെ ചില വചനങ്ങൾ ഗവർണറെ അസാരം കുപിതനാക്കി. തനിക്കു മന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ടയാൾക്ക് മന്ത്രിയായി തുടരാമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ധനകാര്യ മന്ത്രിയിൽ തനിക്കു തികഞ്ഞ വിശ്വാസമാണുള്ളതെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കില്ലെന്നും മുഖ്യമന്ത്രി തിരിച്ചടിച്ചു. അതേസമയം ചാൻസലർ എന്ന നിലയിൽ തനിക്കുള്ള അധികാരം വിനിയോഗിച്ച് സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് ഗവർണർ രാജി ആവശ്യപ്പെട്ടു. അവരാരും വഴങ്ങിയില്ല. റിട്ട് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വി.സി മാരോട് രാജി ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ല. പക്ഷേ, കാരണം കാണിക്കൽ നോട്ടീസ് കൊടുത്തു പിരിച്ചു വിടുന്നതിൽ വിരോധമില്ലെന്ന നിലപാടാണ് കോടതിയിൽ നിന്നുണ്ടായത്. ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനു തൊട്ടുമുൻപ് ചാൻസലർ മുഴുവൻ വി.സിമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകി. മടിച്ചുമടിച്ചാണെങ്കിലും അവർ മറുപടിയും നൽകി. വി.സിമാർ കൊടുത്ത ഹർജികളിൽ അന്തിമ തീരുമാനം ഉണ്ടാകും വരെ ആരെയും സ്ഥാനഭ്രഷ്ടരാക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കോടതിയുടെ അന്തിമ തീരുമാനത്തിന് വിധേയമാണ് എല്ലാ നടപടിയും. സർവകലാശാല നിയമം ഭേദഗതി ചെയ്ത് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനുള്ള തത്രപ്പാടിലാണ് സർക്കാർ. അതിനുള്ള ഓർഡിനൻസ് തയ്യാറായിക്കഴിഞ്ഞു. പ്രാബല്യത്തിൽ വന്നാൽ ഗവർണർ ചാൻസലർ അല്ലാതാകും. വി.സിമാർക്ക് തൽസ്ഥാനത്ത് തുടരാനും കഴിയും.

1937ൽ തിരുവിതാംകൂർ സർവകലാശാല സ്ഥാപിച്ചതു മുതൽ ചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവായിരുന്നു ചാൻസലർ. 1948ൽ തിരു-കൊച്ചി സംയോജനത്തിനു ശേഷം രാജപ്രമുഖനായി മാറിയ അദ്ദേഹം ചാൻസലറായി തുടർന്നു. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം സംസ്ഥാന ഗവർണറായി സർവകലാശാലയുടെ ചാൻസലർ. 1969ൽ കാലിക്കറ്റ്‌ സർവകലാശാല രൂപീകരിച്ചപ്പോഴും ഗവർണർ ചാൻസലറായി. പിന്നീട് കൊച്ചി, മഹാത്മാഗാന്ധി, കണ്ണൂർ, സംസ്‌കൃത, മലയാള, ആരോഗ്യ, സാങ്കേതിക സർവകലാശാലകളുടെയും ചാൻസലറായി ഗവർണർ തന്നെ തുടർന്നു. നിയമ സർവകലാശാലയുടെ മാത്രം ചാൻസലർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആണ്. അപ്പോൾ സംസ്ഥാന ഗവർണർ വിവിധ സർവകലാശാലകളുടെ ചാൻസലറായി ഇരിക്കുക എന്നതാണ് ഇതുവരെയുള്ള നിയമവും കീഴ്‌വഴക്കവും. സംസ്ഥാന മന്ത്രിസഭയും ഇപ്പോഴത്തെ ഗവർണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ മാത്രം മുക്കാൽ നൂറ്റാണ്ടായി നിലനിൽക്കുന്ന കീഴ്‌വഴക്കം മാറ്റണമോ എന്നതാണ് കാതലായ വിഷയം. ഗവർണർമാരും മുഖ്യമന്ത്രിമാരും തമ്മിൽ മുൻപും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇ.എം. എസ് നമ്പൂതിരിപ്പാടിന് രാമകൃഷ്ണ റാവുവിനോടും വിശ്വനാഥനോടും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു, ഇ.കെ നായനാർക്ക് ജ്യോതി വെങ്കിടാചലത്തോടും രാം ദുലാരി സിൻഹയോടും അഭിപ്രായ ഭിന്നത ഉണ്ടായിട്ടുണ്ട്. പിണറായി വിജയനു തന്നെ ജസ്റ്റിസ് സദാശിവത്തോട് അഭിപ്രായ വ്യത്യാസമുണ്ടായ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്ത് ഗവർണറോട് പകപോക്കാം എന്ന് ഒരു മുഖ്യമന്ത്രിയും ചിന്തിച്ചിട്ടില്ല. സമീപകാലത്ത് ബംഗാൾ, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ ചില സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കം ചെയ്തപ്പോഴും കേരളം ആ വഴിക്ക് ചിന്തിച്ചില്ല. സർവകലാശാലകളുടെ സ്വയംഭരണത്തിൽ ഒരു കാരണവശാലും ഇടപെടില്ലെന്നും ചാൻസലറായി ഗവർണർ തുടരണമെന്നുമാണ് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടത്.

2019 സെപ്തംബർ ആറിനാണ് ആരിഫ് മുഹമ്മദ്‌ ഖാൻ കേരള ഗവർണറായി ചുമതലയേറ്റത്. മുൻഗാമികളിൽ നിന്ന് പലതുകൊണ്ടും വ്യത്യസ്തനാണ് അദ്ദേഹം. സ്ത്രീധന പീഡനത്തേയും മറ്റും നിശിതമായി വിമർശിച്ചു. മനസാക്ഷിയുണർത്താൻ തലസ്ഥാനത്ത് ഉപവസിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ കണ്ണൂരിലെ പാർട്ടി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോട്ടയ്‌ക്കൽ ചികിത്സ കഴിഞ്ഞു പോകുമ്പോൾ മന്ത്രി അബ്ദുറഹിമാന്റെ വീട്ടിൽചെന്ന് ചായ കുടിച്ചു, കോൽക്കളി കണ്ട് ആസ്വദിച്ചു. അതേസമയം സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ഉന്നതവിദ്യാഭ്യാസ രംഗത്തും പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. ഏറ്റവും നന്നായി പ്രവർത്തിക്കുന്ന സർവകലാശാലയ്ക്ക് അവാർഡ് ഏർപ്പെടുത്തി. യൂണിവേഴ്‌സിറ്റികളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ സമയബന്ധിതമായി തീരുമാനമെടുത്തു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുമായി ചില്ലറ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെങ്കിലും അതു വലിയ ഏറ്റുമുട്ടലിലേക്ക് പോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. കാലിക്കറ്റ്‌ സർവകലാശാല വി.സി നിയമനത്തിന്റെ കാര്യത്തിൽ ഭരണകക്ഷിക്ക് പൂർണമായും വഴങ്ങിയില്ലെങ്കിലും അവർക്ക് അഭിമതനായ മറ്റൊരാളെ നിയമിച്ച് ഗവർണർ ഏറ്റുമുട്ടൽ ഒഴിവാക്കി. ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ തനിക്കുണ്ടായ തിക്താനുഭവം മുൻനിറുത്തി കണ്ണൂർ സർവകലാശാല വി.സിക്ക് രണ്ടാമതൊരു അവസരം നൽകാൻ ഗവർണർ വിസമ്മതിച്ചു. വൈസ് ചാൻസലർക്ക് പുനർനിയമനം നൽകുന്നത് നിയമ വിരുദ്ധമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പരമാവധി സമ്മർദ്ദം ചെലുത്തിയും അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഹാജരാക്കിയും ഗവർണറെ മുൻതീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചു. അങ്ങനെ കണ്ണൂർ വി.സിക്ക് പുനർനിയമനം ലഭിച്ചു. കേരള സർവകലാശാല വൈസ് ചാൻസലറെ പരസ്യമായി ശാസിക്കാനും തനിക്കെതിരെ കേസ് കൊടുത്ത കലാമണ്ഡലം വി.സിയെ നിശിതമായി വിമർശിക്കാനും ഗവർണർ മടിച്ചില്ല. മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ഭാര്യ സകല മാനദണ്ഡങ്ങളും ലംഘിച്ച് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി നിയമനം നേടാൻ ഒരുങ്ങുമ്പോൾ ചാൻസലർ വീണ്ടും ഇടപെട്ടു. അവരുടെ സെലക്ഷൻ മരവിപ്പിച്ചു. അങ്ങനെ ദൈനംദിന അടിസ്ഥാനത്തിൽ ചാൻസലറും സർവകലാശാല മേധാവികളും തമ്മിലുള്ള ബന്ധം വഷളായി. സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധവും ഏതാണ്ട് ഇതേസമയത്തു തന്നെ മോശമായി. ലോകായുക്തയുടെ അധികാര പരിധി കുറയ്ക്കാനും ചാൻസലറുടെ വിവേചനാധികാരത്തിൽ കുറവ് വരുത്താനുമുള്ള ബില്ലുകളിൽ ഒപ്പിടാൻ ഗവർണർ കൂട്ടാക്കിയില്ല. അവ ഇപ്പോഴും അദ്ദേഹത്തിന്റെ മേശപ്പുറത്ത് വിശ്രമിക്കുന്നു. അങ്ങനെ ഗവർണറും സർക്കാരും തമ്മിലുള്ള ബന്ധം പരമാവധി വഷളായിരിക്കുന്ന സമയത്താണ് സാങ്കേതിക സർവകലാശാല വൈസ് ചാൻസലറെ സ്ഥാനഭ്രഷ്ടയാക്കിക്കൊണ്ട് സുപ്രീംകോടതി വിധി കല്പിച്ചത്. വി. സി യെ തിരഞ്ഞെടുത്തത് ക്രമവിരുദ്ധമായിരുന്നു എന്ന് കണ്ടെത്തിയ കോടതി, അവരുടെ നിയമനം തുടക്കം മുതലേ അസാധുവായിരുന്നുവെന്നും വിധിച്ചു. ഏറക്കുറെ അതേ രീതിയിലാണ് സംസ്ഥാനത്തെ മറ്റെല്ലാ സർവകലാശാലകളിലും വൈസ് ചാൻസലറെ തിരഞ്ഞെടുത്തത് എന്ന അറിവ് ഗവർണറെ ആവേശഭരിതനാക്കി. സുപ്രീം കോടതി വിധിയുടെ ചുവട് പിടിച്ച് സകല വൈസ് ചാൻസലർമാരോടും അദ്ദേഹം രാജി ആവശ്യപ്പെട്ടു. സാങ്കേതിക സർവകലാശാലയെ സംബന്ധിച്ച കോടതിവിധി മറ്റ് സർവകലാശാലകളിലെ വി.സിമാർക്കും തുല്യനിലയിൽ ബാധകമാണ്. ഗവർണർ ആവശ്യപ്പെട്ടത് പ്രകാരം അവർക്ക് മാന്യമായി രാജിവച്ചു പോകാമായിരുന്നു. പക്ഷെ, സി.പി.എം നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരിക്കാം,​ ആരും രാജിക്കു കൂട്ടാക്കിയില്ല. തങ്ങളോട് രാജി ചോദിക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന സമീപനമാണ് അവർ സ്വീകരിച്ചത്. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ട ഡോ. എ. വി. ജോർജിനെ അന്നത്തെ ഗവർണർ ചാൻസലറുടെ അധികാരം ഉപയോഗിച്ച് സ്ഥാനഭ്രഷ്ടനാക്കിയിരുന്നു. ജോർജിന്റെ ഹർജി ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയതുമാണ്. വി.സിയെ പുറത്താക്കാൻ ചാൻസലർക്ക് അധികാരമില്ലെന്ന വാദം വിലപ്പോവില്ല. മാത്രമല്ല സാങ്കേതിക സർവകലാശാലയുടെ കേസിലെ സുപ്രീംകോടതി വിധി മറ്റ് വി. സിമാർക്കും ബാധകമാണ്. വി.സിമാർ രാജിവയ്ക്കാത്ത സാഹചര്യത്തിലാണ് അവരെ പിരിച്ചുവിടാതിരിക്കാനുള്ള കാരണം ചോദിച്ച് ചാൻസലർ നോട്ടീസയച്ചത്. മറുപടി എന്തുതന്നെയായാലും നിശ്ചിതദിവസം തങ്ങളെ പിരിച്ചുവിടും എന്നറിയുന്നത് കൊണ്ടാണ് വി. സിമാർ ഹർജികളുമായി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ഇടക്കാല ഉത്തരവിന്റെ ബലത്തിൽ തത്കാലം പിടിച്ചുനിൽക്കുകയാണ്. അത്തരമൊരു ഘട്ടത്തിൽ, അവസാന ശ്രമം എന്ന നിലയ്ക്കാണ് സർക്കാർ ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവന്ന് ഗവർണറെ ചാൻസലർ അല്ലാതാക്കാൻ ശ്രമിക്കുന്നത്.

തന്നിൽനിന്ന് ചാൻസലർ സ്ഥാനം എടുത്തുമാറ്റാനുള്ള ഓർഡിനൻസിന് ആരിഫ് മുഹമ്മദ്‌ ഖാൻ അനുവാദം നൽകുമെന്ന് സ്ഥിരബുദ്ധിയുള്ള ആരും കരുതുകയില്ല. ഓർഡിനൻസ് രാഷ്ട്രപതിക്ക് അയച്ചുകൊടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്ത ഗവർണർ ഓർഡിനൻസ്‌ ഒപ്പിടുമെന്ന് കരുതാൻ നിവൃത്തിയില്ല. ഇനി നിയമസഭ വിളിച്ചുകൂട്ടി ബിൽ പാസാക്കിയാൽ അതും ഒപ്പിടണമെന്നില്ല. നേരത്തെ ചെയ്തതുപോലെ ബില്ല് വച്ചു താമസിപ്പിക്കാം, അല്ലെങ്കിൽ രാഷ്ട്രപതിക്ക് അയച്ചുകൊടുക്കാം. സംസ്ഥാന ഗവർണറുമായി ഇത്തരമൊരു ഏറ്റുമുട്ടൽ മുന്നിൽ കണ്ടാണ് സർക്കാർ സുപ്രസിദ്ധ ഭരണഘടനാ വിദഗ്ദ്ധനായ ഫാലി എസ് . നരിമാന്റെ നിയമോപദേശം തേടിയത്. നരിമാന് 30 ലക്ഷവും രണ്ട് ജൂനിയർ വക്കീലന്മാർക്കായി 14 ലക്ഷവും ഗുമസ്തന് മൂന്ന് ലക്ഷവും ഫീസ് കൊടുത്തു(ടൈപ്പിസ്‌റ്റിന് ഒന്നോ രണ്ടോ ലക്ഷം കൊടുക്കാമായിരുന്നു). എന്ത് ഉപദേശമാണ് നരിമാൻ നൽകിയതെന്ന് അറിയില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുത്താൽ അത്‌ കിട്ടുകയുമില്ല. ഏതായാലും സംസ്ഥാന സർക്കാർ ഓർഡിനൻസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഓർഡിനൻസ് തയ്യാറാണ്. ഗവർണർ ഒപ്പിട്ടാലും ഇല്ലെങ്കിലും നടപടിയുമായി മുന്നോട്ട് പോകും. ഗവർണർ ഒപ്പിടാൻ വിസമ്മതിക്കുന്ന പക്ഷം കോടതിയെ സമീപിക്കാനാണ് പദ്ധതി. രാഷ്ട്രപതിക്കും ഗവർണർക്കുമെതിരെ യാതൊരുവിധ ഹർജിയും നിലനിൽക്കില്ലെന്ന് ഭരണഘടനയിൽത്തന്നെ വ്യവസ്ഥയുണ്ട്. ഇന്ത്യൻ ഭരണഘടനയെ പാർട്ടി ഭരണഘടന കൊണ്ട് മറികടക്കാനാണോ ഉദ്ദേശ്യം എന്നറിയില്ല. ചാൻസലറിസം തുലയട്ടെ എന്ന മുദ്രാവാക്യവുമായി വിദ്യാർത്ഥി-യുവജന സംഘടനകൾ സമര രംഗത്ത് വന്നിട്ടുണ്ട്. സംഘി അജൻഡ നടപ്പാക്കുന്ന ഗവർണറെ കേട്ടുകെട്ടിക്കുക എന്ന് പാർട്ടിയും ആവശ്യപ്പെടുന്നു.

സഹകരണ ബാങ്കുകളിൽ ചെയ്യുന്നത് പോലെ പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും മറ്റ് ഉറ്റ ബന്ധുക്കൾക്കും സർവകലാശാലകളിൽ നിയമനം നൽകാനുള്ള അജൻഡയാണ് ചാൻസലറുടെ ഇടപെടലിലൂടെ അവതാളത്തിലാവുന്നത് എന്ന് ഇന്നാട്ടിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കുമറിയാം. പ്രത്യേകിച്ചും തിരുവനന്തപുരം കോർപ്പറേഷനിൽ ഇപ്പോൾ നടക്കുന്ന പൊറാട്ടു നാടകത്തിന്റെ പശ്ചാത്തലത്തിൽ. നാലുവർഷം മുൻപ് സുപ്രീം കോടതി വിധിയുടെ അലംഘ്യതയെക്കുറിച്ചും ഭരണഘടനാ ധാർമ്മികതയെക്കുറിച്ചും വാതോരാതെ പ്രസംഗിച്ചിരുന്നവർ ഇപ്പോൾ പറയുന്നത് മറിച്ചാണ്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ റിവ്യൂപെറ്റിഷൻ നൽകാൻ പോവുകയാണ് പോലും. അതിലെ വിധി വരുംവരെ മറ്റ് സർവകലാശാലകളിലെ വൈസ് ചാൻസലർമാർക്ക് സ്ഥാനത്ത് തുടരാൻ അർഹതയുണ്ടെന്ന് അവർ വാദിക്കും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തെയും ധാർമ്മികതയെയും പറ്റി വാതോരാതെ പ്രസംഗിച്ചിരുന്നവരാണ് ഇതൊക്കെ ചെയ്യുന്നത്. അറ്റകൈ പ്രയോഗം എന്ന രീതിയിലാണ് ഇപ്പോൾ ചാൻസലറെ നീക്കി പ്രശ്നപരിഹാരത്തിനു ശ്രമിക്കുന്നത്. ആരിഫ് മുഹമ്മദ്‌ ഖാന് രണ്ടുവർഷം കൂടിയേ കാലാവധിയുള്ളൂ. അതുകഴിഞ്ഞ് അദ്ദേഹം യു. പിയിലേക്കോ ഡൽഹിയിലേക്കോ മടങ്ങിപ്പോകും. എലിയെ തോൽപ്പിച്ച് ഇല്ലം ചുട്ടാൽ എലി ചാടിയും പോകും ഇല്ലം വെന്തും പോകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GOVERNOR ARIF MOHAMMAD KHAN AND KERALA GOVT
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.