SignIn
Kerala Kaumudi Online
Friday, 29 March 2024 7.03 PM IST

സമസ്ത - ലീഗ് പോര് വീണ്ടും

sayyid-sadiq-ali-shihab-t

സമസ്തയുടെ കാര്യത്തിൽ മധുരിച്ചിട്ട് തുപ്പാനും വയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന സ്ഥിതിയിലാണ് മുസ്‌ലിം ലീഗ് നേതൃത്വം. മുസ്‌ലിം സമുദായ സംഘടനകളിലെ ഏറ്റവും പ്രബലരായ ഇ.കെ. സുന്നിവിഭാഗം സമസ്ത മുസ്‌ലിം ലീഗിന്റെ അടിയുറച്ച വോട്ടുബാങ്കായാണ് അറിയപ്പെടുന്നത്. 1989ലെ പിളർപ്പിന് ശേഷം പ്രബല വിഭാഗമായി തുടരുന്നതും ഇ.കെ സുന്നി വിഭാഗമാണ്. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള എ.പി വിഭാഗം സുന്നികൾ പിളർപ്പിന് ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞപ്പോൾ മുസ്‌ലിം ലീഗിന് കരുത്തേകി ഇ.കെ. സുന്നി നേതൃത്വവും അണികളും. സമസ്തയിലെ പിളർപ്പിന് വഴിവെച്ച കാരണങ്ങളിൽ ഒന്ന് മുസ്‌ലിം ലീഗുമായി സമസ്തയ്ക്കുള്ള അഭേദ്യബന്ധം കൂടിയായിരുന്നു. ഫലത്തിൽ ഇ.കെ. സുന്നികളുടെ രാഷ്ട്രീയരൂപം കൂടിയായി മുസ്‌ലിം ലീഗ്. മുജാഹിദ് വിഭാഗത്തിന്റെ ഭൂരിപക്ഷ പിന്തുണയും മുസ്‌ലിം ലീഗിനുണ്ടെങ്കിലും അടിത്തറ ഇ.കെ. സുന്നി വിഭാഗം തന്നെയാണ്. സമസ്തനേതൃത്വവും പാണക്കാട് കുടുംബവും തമ്മിൽ പുലർത്തിയ ഹൃദയബന്ധം ഇരുസംഘടനകളും തമ്മിൽ വിടവുകളില്ലാതാക്കി. മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളിൽ സമസ്തയും രാഷ്ട്രീയത്തിൽ മുസ്‌ലിം ലീഗും അഭിപ്രായം പറയുകയെന്ന അലിഖിത നിയമം പോലും ഇരുകൂട്ടർക്കും ഇടയിലുണ്ടായിരുന്നു.

സമസ്ത പ്രസിഡന്റ് സ്ഥാനത്തേക്ക് ജിഫ്രി മുത്തുക്കോയ തങ്ങളുടെ വരവോടെ ലീഗ് - സമസ്ത ബന്ധത്തിൽ പൊട്ടലും ചീറ്റലും പതിവായിട്ടുണ്ട്. സമസ്തയുടെയും മുസ്‌ലിം ലീഗിന്റെയും നേതൃതലങ്ങളിൽ തങ്ങന്മാരെന്ന പ്രത്യേകത ജിഫ്രി തങ്ങളുടെ വരവോടെ കൈവന്നു. ഇതിൽ വലിയ തങ്ങൾ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം തേടിയാണ് ഇരുസംഘടനകളുടെ ഉന്നത നേതൃത്വങ്ങൾ പോരടിക്കുന്നത്.

സമസ്ത അദ്ധ്യക്ഷ പദവിയിലേക്ക് പുതുതായി എത്തുന്നയാൾ പാണക്കാട്ടെത്തി തങ്ങന്മാരെ കാണുന്ന പതിവുണ്ട്. ജിഫ്രി തങ്ങൾ ചുമതലയേറ്റ ശേഷം പാണക്കാട് സന്ദർശിക്കാത്തത് സംബന്ധിച്ച മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തോട് രാഷ്ട്രീയക്കാർ മതനേതൃത്വങ്ങളെ ഇങ്ങോട്ട് വന്നു കാണാറാണ് പതിവെന്നായിരുന്നു മറുപടി. അന്ന് പരേതനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ലീഗിന്റെ അദ്ധ്യക്ഷൻ. ജിഫ്രി തങ്ങളും ഹൈദരലി തങ്ങളും മതപഠനകാലയളവിൽ ഒരുമിച്ച് ഉണ്ടായിരുന്നു. ലീഗിന്റെ അപ്രമാദിത്വം അംഗീകരിക്കാൻ തയ്യാറല്ലെങ്കിലും ഹൈദരലി തങ്ങളോടുള്ള ആദരസൂചകമായി പരസ്യമായി ഏറ്റമുട്ടാൻ ജിഫ്രി തങ്ങൾ തയ്യാറായിരുന്നില്ല. വാഫി, വഫിയ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് അന്നും തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് വന്നിരുന്നില്ല. ഹൈദരലി തങ്ങളോട് പുല‌ർത്തിയ അടുപ്പം പാണക്കാട്ടെ മറ്റ് തങ്ങന്മാരോട് ജിഫ്രി തങ്ങൾ പുലർത്തുന്നില്ല. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ രാഷ്ട്രീയ വിഷയങ്ങളിലടക്കം സമസ്തയുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നു ജിഫ്രി തങ്ങളും അടുപ്പക്കാരും. ഇതിൽ പലതും ലീഗിന്റെ നിലപാടുകളുമായി യോജിച്ച് പോവുന്നില്ല. ഇരുസംഘടനകളുടെയും പ്രവർത്തകർ സോഷ്യൽ മീഡിയയിൽ അതിരുവിട്ട തർക്കങ്ങളിലേക്കും കടന്നു.

വഖഫ് നിയമനങ്ങൾ പി.എസ്.സി മുഖേനെയാക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തോടെ ഭിന്നതയുടെ ആഴം കൂടി. വിവിധ മുസ്‌ലിം സംഘടനകളെ തങ്ങളുടെ കുടക്കീഴിലാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സർക്കാരിനെതിരെ പ്രക്ഷോഭത്തിലേക്ക് കടന്നു. തുടക്കത്തിൽ മുൻനിരയിൽ സമസ്തയുമുണ്ടായിരുന്നു. വഖഫിലെ സർക്കാർ നീക്കത്തിനെതിരെ പള്ളികളിൽ അവബോധം നൽകാനും തീരുമാനിച്ചു. ഇതിലെ അപകടം തിരിച്ചറിഞ്ഞ മുഖ്യമന്ത്രി സമസ്തനേതൃത്വത്തെ മാത്രം ചർച്ചയ്ക്ക് വിളിച്ചു. ഇടതുസർക്കാരുകളുമായി നേരിട്ട് ചർച്ചനടത്തുന്ന രീതി സമസ്തയ്ക്കില്ല. ലീഗിന്റെ അതൃപ്തി കണക്കിലെടുക്കാതെ സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും പള്ളികളിൽ അവബോധം നടത്താൻ സമസ്ത ലക്ഷ്യമിടുന്നില്ലെന്നും നേതൃത്വം വ്യക്തമാക്കി. ഇതോടെ വെട്ടിലായത് ലീഗ് നേതൃത്വമായിരുന്നു. കോഴിക്കോട്ട് വമ്പൻ വഖഫ് സംരക്ഷണറാലിയിലൂടെയാണ് ലീഗ് മറുപടി നല്കിയത്.


സി.ഐ.സിയും ലീഗും

മതവിദ്യാഭ്യാസവും ഭൗതിക വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള വിദ്യാഭ്യാസരീതി നടപ്പാക്കുന്നതിന് 2002ലാണ് കോ-ഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളേജസ് (സി.ഐ.സി) എന്ന പ്രസ്ഥാനത്തിന് മർക്കസ് ആസ്ഥാനത്ത് ജന്മമേകിയത്. 2004 ൽ സി.ഐ.സി രജിസ്റ്റർ ചെയ്യപ്പെട്ടപ്പോൾ മുൻ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു ചെയർമാൻ. പാണക്കാട് തങ്ങൾ കുടുംബവും ലീഗിനോട് അടുത്തുനിൽക്കുന്ന സമസ്ത നേതാക്കളുമാണ് തലപ്പത്തുള്ളത്.

സമസ്തയുടെ നിർദ്ദേശങ്ങളനുസരിച്ച് പ്രവർത്തിക്കുന്ന ഉന്നത ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാഡമിക് പ്രവർത്തനങ്ങളും പാഠ്യപദ്ധതികളും സർവകലാശാലാ മാതൃകയിൽ കാലോചിതമായി പരിഷ്‌കരിക്കുക, ഏകീകരിക്കുക, പുതിയ പാഠ്യപദ്ധതികൾ ആവിഷ്‌കരിക്കുക എന്നതാണ് സി.ഐ.സിയുടെ മുഖ്യ അജൻഡ. മർക്കസിലെ അറബിക് കോളേജിൽ പരീക്ഷിച്ച് വിജയിച്ച സമന്വയ വിദ്യാഭ്യാസ രീതിയിൽ ആകൃഷ്ടരായി വിവിധ സ്ഥാപനങ്ങളിലും ഈ സിലബസ് ആരംഭിച്ചു. ഈ സ്ഥാപനങ്ങളുടെ അക്കാഡമിക് പ്രവർത്തനങ്ങൾ ഏകീകരിക്കാൻ നടന്ന ശ്രമത്തിൽ നിന്നാണ് സി.ഐ.സിയുടെയും വാഫിയുടെയും തുടക്കം. സി.ഐ.സിക്ക് കിട്ടിയ പിന്തുണ സമസ്തയ്ക്ക് കീഴിലെ അക്കാഡമിക പ്രസ്ഥാനങ്ങൾക്ക് കിട്ടുന്നില്ല. മതവിദ്യാഭ്യാസ രംഗത്ത് പാണക്കാട് കുടുംബത്തിന് നേരിട്ടുള്ള സ്വാധീനം സി.ഐ.സിയിലൂടെ കൈവന്നു. ഇതിലെ അപകടം സമസ്തയും തിരിച്ചറിഞ്ഞു. മതവിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ മേൽക്കൈയായിരുന്നു അതുവരെ. രാഷ്ട്രീയം ലീഗിനും മതം സമസ്തയ്ക്കുമെന്ന പരമ്പരാഗത രീതിയിൽ മാറ്റം വന്ന പശ്ചാത്തലത്തിൽ സി.ഐ.സി ഇരുസംഘടനകൾക്കും പ്രധാനമാണ്.

പാണക്കാട്

തങ്ങന്മാർക്കുള്ള

സന്ദേശം

മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് നിലവിൽ സി.ഐ.സിയുടെ പ്രസിഡന്റ്. സമസ്ത മലപ്പുറം ജില്ലാ മുശാവറ അംഗവും വിദ്യാഭ്യാസ ബോർഡംഗവുമായ ഹക്കീം ഫൈസി ആദൃശേരി ജനറൽ സെക്രട്ടറിയും. കഴിഞ്ഞ ദിവസം കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗം ഹക്കീം ഫൈസി ആദൃശേരിയെ സമസ്തയുടെ എല്ലാഘടകങ്ങളിൽ നിന്നും പുറത്താക്കി. സംഘടനാവിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.

ഈ നടപടി മുസ്‌ലിം ലീഗ് - സമസ്ത ഭിന്നത വീണ്ടും കൂട്ടിയിട്ടുണ്ട്. താൻ ചെയർമാനായ സംഘടനയുടെ ജനറൽ സെക്രട്ടറിയെ വിശദീകരണം ചോദിക്കാതെ പുറത്താക്കിയ സമസ്തയുടെ നടപടിയിൽ ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾ കടുത്ത അതൃപ്തിയിലാണ്.

സി.ഐ.സി അഡ്വൈസറി ബോർഡിൽ സമസ്ത പ്രസിഡന്റ് അംഗമാവണമെന്നതിന് പകരം മുശാവറയിൽ നിന്നുള്ള ആർക്കും അംഗത്വം നൽകാമെന്നും ഇപ്രകാരം സമസ്ത നിർദ്ദേശിക്കുന്നവരുടെ കാര്യത്തിൽ അന്തിമ തീരുമാനം സി.ഐ.സി സെനറ്റിന് കൈക്കൊള്ളാമെന്നുമുള്ള ഭേദഗതി അടുത്തിടെ സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ കൊണ്ടുവന്നിരുന്നു. സമസ്തയുടെ ഉപദേശ നിർദ്ദേശങ്ങൾ പാലിച്ചുമാത്രം നടത്തുമെന്നതും മാറ്റി. വഖഫ് ബോർഡ് നിയമനം അടക്കമുള്ള വിഷയങ്ങളിൽ ലീഗുമായി ഇടഞ്ഞ ജിഫ്രി മുത്തുക്കോയ തങ്ങളെ ഒതുക്കാനാണ് ഈ ഭേദഗതിയെന്നും ഇതിന് ചുക്കാൻ പിടിച്ചത് ഹക്കീം ഫൈസിയാണെന്നുമുള്ള വികാരം ജിഫ്രി തങ്ങൾ പക്ഷത്തിനുണ്ട്. സമസ്തയെ വെല്ലുവിളിച്ച് കോഴിക്കോട് നടത്തിയ വാഫി, വഫിയ്യ കലോത്സവത്തിൽ പാണക്കാട്ടെ മുഴുവൻ തങ്ങന്മാരും പങ്കെടുത്തിരുന്നു. സാദിഖലി തങ്ങളുടെ അടുപ്പക്കാരനായ ഹക്കീം ഫൈസിയെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയതിലൂടെ പാണക്കാട് തങ്ങന്മാർക്ക് വ്യക്തമായ സന്ദേശമാണ് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നല്കിയത്. സി.ഐ.സിക്ക് കീഴിലെ കോളേജുകളിൽ അഞ്ച് വർഷത്തെ വഫിയ്യ കോഴ്‌സിന് ചേർന്നാൽ കോഴ്‌സ് തീരും വരെ വിവാഹം പാടില്ലെന്ന തീരുമാനവും സമസ്തയെ ചൊടിപ്പിച്ചിരുന്നു. 20 വയസ്സ് കഴിയുമ്പോഴേ വിവാഹം കഴിക്കാൻ പറ്റൂ. സി.ഐ.സിയെ സമസ്തയുടെ മർക്കസിന് കീഴിലാക്കണമെന്ന ആവശ്യവും അംഗീകരിച്ചിരുന്നില്ല.

ഹക്കീം ഫൈസിക്കെതിരായ തുടർനടപടി കൂടിയാലോചിച്ച ശേഷമേ ഉണ്ടാവൂ എന്ന് സമസ്ത അറിയിച്ചതായി സാദിഖലി തങ്ങൾ പറയുമ്പോഴും ഇക്കാര്യത്തിൽ സമസ്ത നേതൃത്വം പ്രതികരിച്ചിട്ടില്ല. സമസ്തയിൽ നിന്ന് പുറത്താക്കിയ ഹക്കീം ഫൈസി സി.ഐ.സിയുടെ സുപ്രധാന സ്ഥാനത്തിരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് സമസ്ത. മതവിദ്യാഭ്യാസ സംവിധാനങ്ങൾ സമസ്തയുടെ കീഴിലൊതുക്കാതെ പാണക്കാട് തങ്ങന്മാർക്ക് നിർണ്ണായക സ്വാധീനമുള്ള സി.ഐ.സിക്ക് കീഴിലും കൊണ്ടുവരുന്നതിന്റെ ബുദ്ധികേന്ദ്രമായ ഹക്കീം ഫൈസിയെ കൈവിടാൻ സാദിഖലി തങ്ങളും തയ്യാറല്ല. വോട്ടുബാങ്കായ സമസ്ത നിലപാട് കർശനമാക്കിയാൽ ലീഗ് കുഴയും. വിഷയത്തിൽ പ്രകോപനം വേണ്ടെന്നാണ് ലീഗിലെ ധാരണ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAMASTHA LEAGUE CONFLICT
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.