SignIn
Kerala Kaumudi Online
Thursday, 25 April 2024 3.17 PM IST

ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

dro

'ലക്ഷം മാനുഷർ കൂടും സഭയിൽ ലക്ഷണമൊത്തവർ ഒന്നോ രണ്ടോ' എന്ന് കുഞ്ചൻ നമ്പ്യാർ പാടിയത് പോലെയാണ് സംഗതി. ലക്ഷക്കണക്കിന് സഖാക്കൾ ഇന്നാട്ടിൽ തേരാപാരാ നടക്കുന്നുണ്ട്. അതിൽ ലക്ഷണമൊത്ത സഖാക്കൾ ഒന്നോ രണ്ടോ എന്നേ പറയാനൊക്കൂ. ആ ഒന്നോ രണ്ടോ കൂട്ടത്തിൽ പെടുന്നയാളാണ് തിരുവനന്തപുരത്തെ മേയർ സഖാവ് ആര്യാ രാജേന്ദ്രൻ. നമ്മുടെ സ്വരാജ് സഖാവിനെ പോലെയല്ലെങ്കിൽ പോലും ആ സഖാവിനോളം പോന്ന എന്ന് വേണമെങ്കിൽ പറയാം.

ചതുരവടിവൊത്ത സംസാരം. ഗുണകോഷ്ഠം മനഃപാഠം ഉരുവിടുന്നത് പോലെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ അവരും ഉരുവിടാറുണ്ടെന്ന് അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പ്രായം അത്രയ്ക്കൊന്നും ആയിട്ടില്ല. പ്രായത്തേക്കാൾ പക്വത ആർജിക്കുന്നവരാണ് യഥാർത്ഥ സഖാക്കൾ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. സ്വരാജ് സഖാവിനെപോലെ തന്നെയാണ് നടത്തം. സംസാരത്തിലെ ചതുരവടിവ് നടത്തത്തിലും കാണും. സ്വരാജ് സഖാവിന്റെയത്രയും പേശീവലിവ് ഉണ്ടെന്ന് പറയാനാവില്ല.

ചിരി തുലോം തുച്ഛം. സ്വരാജ് സഖാവിനാണെങ്കിൽ മുഖത്ത് ചിരി എന്ന ഭാവത്തിന്റെ സോഫ്റ്റ്‌വെയർ തന്നെ ഇടിമിന്നലേറ്റ് തകർന്ന് പോയെന്നാണ് ലക്ഷണമേശാത്ത സഖാക്കൾ പലരും പറയാറുള്ളത്. ആ മുഖത്ത് അറിയാതെ ചിരി വിരിഞ്ഞാലത് അബദ്ധം സംഭവിച്ചതാവാനേ സാദ്ധ്യതയുള്ളൂ. അദ്ദേഹത്തിന് ഗൗരവൻ സഖാവ് എന്നായിരുന്നു യഥാർത്ഥത്തിൽ പേര് വരേണ്ടിയിരുന്നത്. പേരിടുന്ന സന്ദർഭത്തിൽ അദ്ദേഹത്തിന് നാമകരണം നടത്തിയ പിതാവിനോ മാതാവിനോ അബദ്ധം പറ്റിയതാവാനാണ് സാദ്ധ്യത. അതുകൊണ്ട് സ്വരാജ് എന്നായി. ഇനി ഗൗരവമില്ലെങ്കിലും ഗൗരവനാണെന്ന് ബോദ്ധ്യപ്പെടുത്താനുള്ള സിദ്ധി സഖാവിന് വേണ്ടുവോളമുണ്ടെന്ന് ലക്ഷണം തികയ്ക്കാത്ത സഖാക്കൾ പറയുന്നു.

മേയർ സഖാവിന് അത്രത്തോളം സാധിച്ചിട്ടില്ല. കോളേജിൽ പഠിക്കുന്നതിന്റേതായ ചില ബുദ്ധിമുട്ടുകൾ സഖാവ് നേരിടുന്നുണ്ട്. അതുകൊണ്ട് ചിരിയുടെ സോഫ്‌ട് വെയർ പരിപൂർണമായി സ്തംഭിച്ചിട്ടില്ല. എന്നിരുന്നാലും ഏറെക്കുറെ സഗൗരവം തന്നെയാണ് പ്രധാനഭാവം.

സഖാവ് അങ്ങനെ കൈയബദ്ധം കാണിക്കുന്ന കൂട്ടത്തിൽ പെട്ടയാളല്ല. കൈയബദ്ധങ്ങൾ ഏത് പൊലീസുകാരനും സംഭവിക്കും. ഏത് കോൺഗ്രസുകാരനും സംഭവിക്കും. പക്ഷേ ലക്ഷണമൊത്ത സഖാക്കളെ സംബന്ധിച്ചിടത്തോളം അത് സംഭവിക്കില്ല. ഉറക്കത്തിൽപ്പോലും ഉണർന്നിരിക്കാനുള്ള ജാഗ്രത മേയർ സഖാവിനുമുണ്ട്.

ഈ മേയർ സഖാവ് ഡൽഹിയിൽ പോയ തക്കംനോക്കി ആരോ ഒപ്പിച്ച പണിയാണ് ഇപ്പോൾ ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിലുറങ്ങുന്ന കാൾ മാർക്സിനെ പോലും ഞെട്ടിച്ചുകളഞ്ഞിരിക്കുന്നത്. എവിടെ എന്റെ തൊഴിൽ എന്ന് ചോദിച്ചുകൊണ്ടാണ് മേയർ ഡൽഹിക്ക് വണ്ടികയറിയത്. അതൊരു പ്രതീകാത്മക ചോദ്യമാണ്. മേയർ ഡൽഹിയിൽ ഈ ചോദ്യം ചോദിച്ച അതേ മുഹൂർത്തത്തിൽ ഇവിടെനിന്ന് മേയറുടെ കൈയൊപ്പിൽ ഇതാ, ഇവിടെയുണ്ട് തൊഴിൽ എന്നെഴുതി ആനാവൂർ നാഗപ്പൻ സഖാവിന് അയച്ചുകൊടുത്തു. പ്രതീകാത്മക ചോദ്യത്തിനുള്ള പ്രതീകാത്മക ഉത്തരമാണത്. അത് മേയർ ചെയ്തതല്ല. ചില അദൃശ്യശക്തികളുടെ ഇടപെടലാണ്.

ഇതിന് മുമ്പ് കാൾ മാർക്സ് ഞെട്ടിത്തരിച്ചിട്ടുള്ളത് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തോമസ് ഐസക് സഖാവ് പിണറായി സഖാവിനെക്കൊണ്ട് മണിയടിപ്പിച്ചത് കേട്ടപ്പോഴാണ്. മാർക്സ് പക്ഷേ ഇപ്പോൾ ഞെട്ടേണ്ട കാര്യമില്ലായിരുന്നു. കാരണം ജനകീയ ജനാധിപത്യ വിപ്ലവം പൂർത്തീകരിക്കപ്പെട്ട് സ്ഥിതിസമത്വം വിരിയുന്ന സന്ദർഭമാണിത്. അവിടെ അതിന് പ്രേരകമാകാവുന്ന ഇടപെടലാണ് തലസ്ഥാന കോർപ്പറേഷനിൽ സംഭവിച്ചിട്ടുള്ളത്. മേയർ നേരിട്ട് ചെയ്തില്ലെങ്കിലും സംഭവിക്കേണ്ട കാര്യങ്ങൾ സംഭവിക്കേണ്ട സമയത്ത് സംഭവിച്ചേ മതിയാവൂ. അതുകൊണ്ട് ആനാവൂർ നാഗപ്പൻ സഖാവിന് തൊഴിലാർത്ഥികളുടെ പട്ടിക ചോദിച്ച് കത്ത് പോയതിൽ കുറ്റം കണ്ടെത്തേണ്ട കാര്യമില്ല.

കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളൊന്നും കാൾ മാർക്സ് യഥാസമയം തിരിച്ചറിയാതെ പോകുന്നതിന്റെ കുഴപ്പമാണ് ആ ഞെട്ടിത്തരിക്കലിന് പിന്നിലെന്ന് ചിന്തിക്കുന്നയാളുകൾ ധാരാളമുണ്ട്. മേയർ ഇല്ലാത്ത സമയത്ത് ആരോ ഒപ്പിച്ച പണിയിൽ അതിനാൽ മേയറും നിരാശപ്പെടുകയോ അസ്വസ്ഥപ്പെടുകയോ ചെയ്യേണ്ട ആവശ്യമില്ല. ഇനിയും എത്രയെത്ര തൊഴിലുകൾ കൊടുക്കാനും വാങ്ങാനുമിരിക്കുന്നു! അത്രയും ചിന്തിച്ചാൽ മതി!


  

യാഥാസ്ഥിതിക ധനനയത്തിന്റെ ആളല്ല തോമസ് ഐസക് സഖാവ്. ചില കവികൾക്ക് കിംഫിയായി തോന്നാറുള്ള കിഫ്ബിയുടെ ഉപജ്ഞാതാവാണ് അദ്ദേഹം. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വരെ പോയി കടമെടുത്തിട്ടുള്ളയാളാണ്. കടം വാങ്ങി മുടിഞ്ഞ് നിൽക്കുന്ന സന്ദർഭത്തിൽ ഐസക് സഖാവിൽ നിന്ന് ഈ കടബാദ്ധ്യതയുടെ ഉത്തരവാദിത്വം ബാലഗോപാൽ സഖാവിലേക്ക് വന്നുപെടുമെന്ന് ആരും ചിന്തിച്ചിട്ടില്ലായിരുന്നു. പക്ഷേ വിധിവൈപരീത്യം അതങ്ങനെ സംഭവിപ്പിച്ചു. ഇന്നിപ്പോൾ ഐസക് സഖാവ് മൂന്നാറിനെക്കുറിച്ചോർത്ത് വേവലാതിപ്പെടുന്ന കാലമാണ്. ഈ കാലത്ത് അദ്ദേഹത്തിന്റെ കൈയാളായിരുന്ന ആൾ യാഥാസ്ഥിതിക ധനനയം തിരുത്താൻ ബാലഗോപാൽസഖാവിനോട് ഉപദേശിച്ചിരിക്കുകയാണ്. ഈ ഉപദേശത്തിന് ആ സഖാവിന് തിരിച്ച് ഉപദേശങ്ങളുടെ പൂരമാണ് സമ്മാനമായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത് ഐസക് സഖാവിനുള്ള അംഗീകാരമായി കണക്കാക്കിയാൽ തീരാവുന്നതേയുള്ളൂ പ്രശ്നം!

ഇ-മെയിൽ: dronar.keralakaumudi@gmail.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LAKSHANAMOTHAVAR
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.