SignIn
Kerala Kaumudi Online
Friday, 19 April 2024 12.09 PM IST

കോൺഗ്രസ് നിയമവഴി തേടരുത്

photo

മുൻ പ്രധാനമന്ത്രി രാജീവ്ഗ‌ാന്ധിയെ കൊലപ്പെടുത്തിയ കേസിൽ നളിനിയും ഭർത്താവ് മുരുകനും ഉൾപ്പെടെ ശേഷിക്കുന്ന ആറ് പേരെയും സവിശേഷാധികാരം ഉപയോഗിച്ച് സുപ്രീംകോടതി മോചിപ്പിക്കാൻ ഉത്തരവിട്ടിരിക്കുന്നു. ഇതേ അധികാരം ഉപയോഗിച്ച് പേരറിവാളനെ നേരത്തേ മോചിപ്പിച്ചിരുന്നു. പിന്നാലെ മറ്റ് പ്രതികൾക്കും മോചനം ലഭിക്കുമെന്ന് പൊതുവെ പ്രതീക്ഷിച്ചിരുന്നതാണ്. തുടക്കത്തിൽ വധശിക്ഷയാണ് വിധിച്ചത്. പിന്നീട് സുപ്രീംകോടതിയാണ് ഇവർക്ക് ജീവപര്യന്തമായി ശിക്ഷായിളവ് നൽകിയത്. അതേ കോടതി തന്നെ ഒടുവിൽ ഇവർക്ക് മോചനവും നൽകിയതിനെ ആർക്കും കുറ്റം പറയാനാകില്ല.

1991 മേയ് 21ന് ശ്രീപെരുംപുത്തൂരിൽ എൽ.ടി.ടി.ഇയുടെ വനിതാ ചാവേർ ആക്രമണത്തിൽ രാജീവ്‌ഗാന്ധി കൊല്ലപ്പെട്ടത് ഇന്ത്യയെ മാത്രമല്ല ലോകത്തെ മുഴുവൻ ഞെട്ടിച്ചിരുന്നു. മറ്റ് പല കേസിലും എന്ന പോലെ ഈ കേസിലും യഥാർത്ഥ ഗൂഢാലോചനക്കാർ ആരും തന്നെ അഴിക്കുള്ളിലായില്ല. വേലുപ്പിള്ള പ്രഭാകരനാണ് ഗൂഢാലോചന നടത്തിയ ഒന്നാമൻ. വർഷങ്ങൾക്കുശേഷം ശ്രീലങ്കയുടെ ആഭ്യന്തര യുദ്ധത്തിൽ പ്രഭാകരൻ കൊല്ലപ്പെടുകയായിരുന്നു. രാജീവ്‌‌ഗാന്ധിയെ വധിച്ചതിനുള്ള ശിക്ഷ കോടതി മുഖേന അല്ലെങ്കിലും അയാൾക്കും ലഭിച്ചു. ശ്രീലങ്കയിലേക്ക് സമാധാന സേനയെ നിയോഗിച്ചതും ശ്രീലങ്കൻ കരാർ ഒപ്പിടാൻ നിർബന്ധിച്ചതുമാണ് അവർ രാജീവ്‌ഗാന്ധിയെ വധിക്കാൻ കാരണമായത്. ഇന്ത്യയിലെത്തി വധശ്രമം നടപ്പാക്കിയ ശിവരശനും മറ്റ് ആറുപേരും പിന്നീട് ഒളിയിടത്തിൽ ജീവനൊടുക്കുകയും ചെയ്തു. കൊലപാതകത്തിന് സഹായം നൽകുകയും നേരിട്ടും അല്ലാതെയും അതിന്റെ ഭാഗമാവുകയും ചെയ്ത പ്രതികളെ പിന്നീട് വിദഗ്ദ്ധമായ അന്വേഷണത്തിലൂടെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയായിരുന്നു. കഴിഞ്ഞ മുപ്പതു വർഷത്തോളം പ്രതികൾ ജയിൽവാസം അനുഭവിച്ചു. ഇന്ത്യയിലെ രാഷ്ട്രീയം തന്നെ മാറിമറിഞ്ഞു. രാജീവ്‌ഗാന്ധി വധക്കേസിലെ പ്രതികളെ മോചിപ്പിക്കണമെന്ന ആവശ്യം പലതലങ്ങളിലും ഉയർന്നു. തമിഴ്‌നാടാണ് അതിന് മുന്നിൽ നിന്നത്. രാജീവ്‌ഗാന്ധിയുടെ വിധവ സോണിയാഗാന്ധി പ്രതികൾക്ക് മാപ്പ് നൽകുന്ന നിലപാട് സ്വീകരിച്ചതും പൊതുവെ സ്വാഗതം ചെയ്യപ്പെട്ടതാണ്. പ്രതികളെ വിട്ടയയ്ക്കാൻ 2018 സെപ്തംബറിൽ തമിഴ്‌നാട് മന്ത്രിസഭ ശുപാർശ ചെയ്തെങ്കിലും ഗവർണർ രണ്ടര വർഷം നടപടിയെടുക്കാതെയിരിക്കുകയും പിന്നീട് രാഷ്ട്രപതിക്ക് വിടുകയും ചെയ്തു.

സുപ്രീംകോടതി ഭരണഘടനയുടെ 142-ാം വകുപ്പ് പ്രകാരമാണ് ഇവരെ മോചിപ്പിച്ചിരിക്കുന്നത്. പ്രതികൾ ഭാഗഭാക്കായ കുറ്റം വളരെ വലുതാണ്. അതിനുള്ള ശിക്ഷ അവർ അനുഭവിച്ചുകഴിഞ്ഞു. ഇനിയും മരണം വരെ പ്രതികളെ ജയിലിൽ പാർപ്പിക്കണം എന്ന ചിന്ത പിന്തിരിപ്പനാണ്. അതിനാൽ വിധിക്കെതിരെ നിയമവഴി തേടാനുള്ള തീരുമാനത്തിൽ നിന്ന് കോൺഗ്രസ് പാർട്ടി പിന്മാറുകയാണ് വേണ്ടത്. ഭൂരിപക്ഷ ജനതയുടെ ചിന്താഗതി മനസിലാക്കാതെ വരുമ്പോഴാണ് ഏതൊരു പാർട്ടിയുടെയും വളർച്ച മുരടിക്കുന്നത്. ആ അവസ്ഥയിലേക്ക് കോൺഗ്രസ് പോകരുത്. ഈ വിധിക്കെതിരെ ഇനിയും നിയമവഴി തേടുന്നത് വെള്ളം ഒഴുകിപ്പോയതിനുശേഷം അണകെട്ടാൻ ശ്രമിക്കുന്നതു പോലുള്ള പ്രവൃത്തിയായേ ചിന്തിക്കുന്നവർ വിലയിരുത്തൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJIV GANDHI ASSASSINATION: NALINI, TWO OTHER CONVICTS RELEASED
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.