SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.57 AM IST

ഇനി എത്ര നാൾ കാത്തിരിക്കണം കേരളത്തിൽ ഇതുപോലൊരു ചിത്രത്തിന് ! കെ പി സി സി അദ്ധ്യക്ഷന്റെ വിവാദ വാക്കുകളിൽ കോൺഗ്രസിന് സംഭവിക്കുന്നത്

sudhakaran-

നവംബർ പന്ത്രണ്ടിന് തിരഞ്ഞെടുപ്പ് നടന്ന ഹിമാചലിൽ വോട്ടെടുപ്പിന് നാല് ദിവസം മുൻപ് അപ്രതീക്ഷിതമായി ഒരു കാലുവാരൽ സംഭവിച്ചു. കോൺഗ്രസിന് തിരിച്ചടിയായി 26 നേതാക്കൾ ബി ജെ പിയുടെ കൂടാരം കയറിയതായിരുന്നു അത്. ഹിമാചൽ പ്രദേശ് കോൺഗ്രസിന്റെ മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാക്കൂർ ഖണ്ട് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളായിരുന്നു മറുകണ്ടം ചാടിയത്. മുൻപൊക്കെ ഫലപ്രഖ്യാപനത്തിന് ശേഷം സർക്കാരുണ്ടാക്കാനായിരുന്നു ഓപ്പറേഷനുകൾ എന്ന ഓമനപ്പേരിലെ ചാക്കിട്ട് പിടിക്കൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് എപ്പോഴും സംഭവിക്കാം എന്ന നിലയിലാണ്. കേരളത്തിൽ ഇനിയും മുതിർന്ന നേതാക്കളുടെ ഇത്തരം കൂട്ട രാഷ്ട്രീയ കാലുമാറ്റം സംഭവിച്ചിട്ടില്ല. എന്നാൽ ഇനിയങ്ങോട്ട് പലതും കാണേണ്ടി വരും എന്ന സൂചനയാണ് മുതിർന്ന നേതാക്കൾ നൽകുന്നത്.

sudhakaran-

കോൺഗ്രസ് നേതാക്കൾ കൈ വിട്ട് താമരയെ തേടി പോകുമെന്ന രാഷ്ട്രതന്ത്രമാണ് കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി ഇടത് പക്ഷം പയറ്റുന്നത്. കേരളത്തിൽ ബി ജെ പി വളർന്നാലും അത് ഭീഷണിയാവുന്നത് കോൺഗ്രസിനാവും എന്ന തിരിച്ചറിവിലാണ് ഈ നയം ഇടത് പക്ഷം പയറ്റുന്നത്. എന്നാൽ കുറച്ച് നാൾ വരെ ഇത് വെറുമൊരു രാഷ്ട്രീയ പ്രചരണം മാത്രമായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് ഒത്ത എതിരാളിയെ തളർത്താൻ പ്രയോഗിക്കുന്ന വെറുമൊരു ആരോപണം എന്നതിൽ കവിഞ്ഞ് കോൺഗ്രസ് നേതാക്കൾ ബി ജെ പി കൂടാരം കയറും എന്ന് ആരും വിശ്വസിച്ചിരുന്നില്ല. കേരളത്തിലെ മറ്റു പല സംസ്ഥാനങ്ങളിലും ബി ജെ പി കോൺഗ്രസ് നേതാക്കളെയും പാർട്ടിയേയും മൊത്തമായും ചില്ലറയായും വാങ്ങുമ്പോൾ കേരളം അങ്ങനെയാവില്ലെന്നാണ് പ്രബുദ്ധരെന്ന് സ്വയം വിശ്വസിക്കുകയും വിശ്വസിപ്പിക്കുകയും ചെയ്യുന്ന മലയാളികൾ തൊണ്ട തൊടാതെ വിഴുങ്ങിയത്. എന്നാൽ അടുത്തിടെ കോൺഗ്രസ് പാളയത്തിൽ നിന്നും ഉയരുന്ന ചില പ്രസംഗങ്ങളിൽ ഒരു സംഘതലോടൽ കാണാനാവുന്നത് ഇടത് ആരോപണത്തിന് കരുത്ത് പകരുന്നതാണ്. കോൺഗ്രസ് കൂടാരത്തിൽ നിന്നും ഉയരുന്ന വാക്കുകളുടെ ഉടമയെ തേടി ചെല്ലുമ്പോൾ അത് സാക്ഷാൽ കെ പി സി സി പ്രസിഡന്റും. ഒരാഴ്ചയ്ക്കിടയിൽ കെ പി സി സി പ്രസിഡന്റ് രണ്ട് തവണയാണ് ആർ എസ് എസിനെ താങ്ങിയും സംരക്ഷിച്ചും സംസാരിക്കുന്നത്. വിവാദമാവുമ്പോൾ അത് നാക്കുപിഴയായും, വളച്ചൊടിക്കലുമായി മാറുന്നു. കരുത്തിന്റെ പ്രതീകമായ സുധാകരൻ ഇടത് നേതാക്കൾക്ക് അടിക്കാനുള്ള വടി വെട്ടികൊടുക്കുകയാണോ എന്ന സംശയത്തിൽ സ്വന്തം പാളയത്തിലെ നേതാക്കൾ നിൽക്കുമ്പോൾ, പരിഭ്രാന്തിയിലാണ് യു ഡി എഫിന്റെ ഹൃദയപക്ഷത്തുള്ള ലീഗിന്. തങ്ങൾ സഞ്ചരിക്കുന്നത് ശരിയായ കപ്പലിലാണോ എന്ന ഓഡിറ്റിംഗിനുള്ള സമയം ലീഗിനായോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർക്ക് ഈ സമയം ചോദിക്കുവാനുള്ളത്.

rss

നാക്കുപിഴ ഒന്ന്

കണ്ണൂരിൽ ആർ എസ് എസ് ശാഖ സംരക്ഷിക്കുന്നതിനായി താൻ ഇടപെട്ട് പ്രവർത്തിച്ചു എന്നാണ് കോൺഗ്രസുകാരെ ഞെട്ടിപ്പിച്ചു കൊണ്ട് ഒരാഴ്ച മുൻപ് സുധാകരൻ പ്രസംഗിച്ചത്. സി പി എം ഭീഷണിയെ തുടർന്നാണ് ആർ എസ് എസ് ശാഖ സംരക്ഷിക്കാൻ ആളെ അയച്ചത്. കണ്ണൂരിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയിൽ ആർ എസ് എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചിരുന്നുവെന്നും ആ സമയത്ത് താൻ ആളുകളെ അയച്ച് ശാഖകളെ സംരക്ഷിച്ചുവെന്നാണ് കെ.സുധാകരൻ വെളിപ്പെടുത്തിയത്. ആർ എസ് എസിന് കാവലിരുന്നു എന്ന വാക്കുകൾ വിവാദമായപ്പോൾ നാക്കുപിഴയെ ന്യായീകരിച്ച് സുധാകരൻ രംഗത്ത് വന്നു. മൗലിക അവകാശങ്ങൾ തകർക്കപ്പെടുമ്പോൾ നോക്കി നിൽക്കാൻ കഴിയാത്തത് കൊണ്ടാണത്രേ താൻ ഇടപെട്ടത്. ജനാധിപത്യ സംവിധാനത്തെ കൂട്ടുപിടിച്ചാണ് ആർ എസ് എസ് ക്യാമ്പിന് കണ്ണിമ ചിമ്മാതെ കാവൽ നിന്നു എന്ന വാദത്തിന് അദ്ദേഹം മറകെട്ടിയത്. കണ്ണൂരിൽ സി എം പി സംഘടിപ്പിച്ച എം വി ആർ. ചരമവാർഷിക പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് ഈ വാക്കുകൾ സുധാകരന്റെ നാവിൽ നിന്നും വീണത്.

ബി ജെ പി യിൽ പോകണമെന്ന് തോന്നിയാൽ താൻ പോകുമെന്ന സൂചന നൽകിയുള്ള സുധാകരന്റെ പ്രസ്താവന പതിവ് പ്രസംഗ ശൈലി എന്ന മട്ടിൽ കോൺഗ്രസ് നേതാക്കൾ ഗൗനിച്ചില്ല. എന്നാൽ ലീഗിന്റെ ഭാഗത്ത് നിന്നും വ്യക്തമായ എതിർപ്പ് ഉയർന്നിരുന്നു. അതേസമയം തങ്ങളുടെ ആരോപണത്തിന് ശക്തമായ ഒരു തെളിവ് കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു സി പി എം. 1969 മുതൽ പരസ്പരം സഹകരിച്ചാണ് ആർ എസ് എസും കോൺഗ്രസും കണ്ണൂരിൽ പ്രവർത്തിച്ചതെന്നായിരുന്നു കെ സുധാകരനുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മറുപടി. അതിനാൽ സുധാകരന്റെ പ്രസ്താവനയിൽ തനിക്ക് അദ്ഭുതമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

nehru-


നാക്കുപിഴ രണ്ട്

ആദ്യത്തെ പ്രസ്താവനയെക്കാളും ഗുരുതരമായ പിഴവാണ് കഴിഞ്ഞ ദിവസം കെ പി സി സി അദ്ധ്യക്ഷന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. വർഗീയ ഫാസിസത്തോട് സന്ധി ചെയ്യാൻ നെഹ്റു തയ്യാറായി എന്നായിരുന്നു ഇന്നലത്തെ അദ്ദേഹത്തിന്റെ പരാമർശം. ശിശുദിനത്തിൽ കണ്ണൂർ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസിലായിരുന്നു സുധാകരന്റെ വിവാദ പരാമർശം. നെഹ്റു തന്റെ മന്ത്രിസഭയിൽ ആർഎസ്എസ് നേതാവ് ശ്യാമപ്രസാദ് മുഖർജിയെ ഉൾപ്പെടുത്തിയതിനെ ന്യായീകരിക്കാൻ സുധാകരൻ നടത്തിയ നീക്കമാണ് വൻ വിവാദമായി തീർന്നത്. ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യം നെഹ്റു ഉയർത്തിപ്പിടിച്ചു എന്നാണ് ആർഎസ്എസ് നേതാവിനെ ഉൾപ്പെടുത്തിയതിലൂടെ തെളിഞ്ഞതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ' ആർഎസ്എസിന്റെ നേതാവ് ശ്യാമപ്രസാദ് മുഖർജിയെ സ്വന്തം ക്യാബിനറ്റിൽ മന്ത്രിയാക്കാൻ അദ്ദേഹം കാണിച്ച മനസ്, വർഗീയ ഫാസിസത്തോട് പോലും സന്ധിചെയ്യാൻ കാണിച്ച അദ്ദേഹത്തിന്റെ വലിയ മനസ്' കെ പി സി സി അദ്ധ്യക്ഷന്റെ ഈ വാക്കുകൾ പക്ഷേ ആർ എസ് എസ് ക്യാമ്പിന് കാവൽ നിന്നതിലും വളരെ ദൂരവ്യാപകമായ ഫലമാണുണ്ടാക്കിയത്.

രണ്ടാം നാക്കുപിഴയും സംഭവിച്ച് മണിക്കൂറുകൾക്ക് ശേഷം സുധാകരൻ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞ് തിരുത്തൽ വരുത്തി. എന്നാൽ ജനമനസുകളിൽ, കോൺഗ്രസിൽ അടിയുറച്ച് ജീവിക്കുന്ന ലക്ഷങ്ങളുടെ ചിന്തയിൽ ആ വാക്കുകളുണ്ടാക്കിയ ആഘാതം വളരെ വലുതാണ്. സുധാകരനെതിരെ യു എഡി എഫിലെ മുഖ്യ ഘടക കക്ഷിയായ ലീഗ് ശക്തമായി മുന്നോട്ട് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ നാക്ക് പിഴയ്ക്ക് ലീഗ് മുതിർന്ന നേതാവ് എം കെ മുനീറാണ് മറുപടി നൽകിയത്. ആർ എസ് എസ്. ചിന്തയുള്ളവർക്ക് പുറത്തുപോകാം എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞതെന്നാണ് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ നൽകിയ മറുപടി. ഇതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ നിന്നും നേതാക്കൾ പ്രതികരണവുമായി എത്തി. ഒടുവിൽ ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷനെ പരസ്യമായി തള്ളി രംഗത്ത് വന്നു. ആർ എസ് എസുമായി ബന്ധപ്പെട്ട് സുധാകരൻ നടത്തുന്ന പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു എന്നത് പ്രതിപക്ഷ നേതാവിന്റെ വാക്കുകളിൽ വ്യക്തമാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഹൈക്കമാന്റ് അദ്ദേഹത്തോട് വിശദീകരണം തേടാൻ പോലും സാദ്ധ്യതയുണ്ട്.

sudhakaran-

ഇടത് കോട്ടയിൽ ആഘോഷം

മേയറുടെ കത്ത് വിവാദം മുതൽ വിസിമാരുടെ നിയമനത്തിലെ വിവാദങ്ങൾ വരെ ഉയർത്തിയ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ലാതെ വിഷമിക്കുന്ന സമയത്താണ് ഇടതിന് ആശ്വാസമായി സുധാകരന്റെ സെൽഫ് ഗോളുകൾ. മുഖ്യമന്ത്രി മുതൽ സൈബർ പോരാളികൾ വരെ കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കുകയാണ്. നെഹ്റുവിനെ ചാരി സുധാകരൻ തന്റെ വർഗീയ മനസിനെയും ആർ എസ് എസ് പ്രണയത്തെയും ന്യായീകരിക്കുകയാണെന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം തുറന്നടിച്ചത്.


നാക്ക് പിഴയിൽ സുധാകരൻ വീഴുന്നത് ആദ്യമൊന്നുമല്ല, രാമായണത്തിന് തന്റേതായ വ്യാഖ്യാനം നൽകി തെക്കൻ കേരളത്തിലുള്ളവരെ അപമാനിച്ചും, മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ മുൻതലമുറയുടെ കുലത്തൊഴിൽ പറഞ്ഞ് അധിക്ഷേപിച്ചുമെല്ലാമായിരുന്നു അതെങ്കിൽ ഇപ്പോഴത്തെ നാക്കുപിഴ കോൺഗ്രസ് എന്ന പാർട്ടിയെ ഒന്നാകെ കുഴിയിൽ വീഴ്ത്തുന്നതായി എന്നതാണ് സംഭവങ്ങളുടെ ഗൗരവം ഉയർത്തുന്നത്. ന്യൂനപക്ഷങ്ങളുടെ സംരക്ഷകരായി അവതരിക്കാൻ ഇടത് പക്ഷം വേഷമിടുന്ന സമയത്താണ് ഒന്നിന് പുറകേ ഒന്നായി സുധാകരൻെറ സെൽഫ് ഗോളുകൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN, CONGRESS, EXPLAINER, IN DEPTH, CONGRESS PARTY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.