SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.32 PM IST

സവർണ സംവരണവിധിയിൽ പുനഃപരിശോധന അനിവാര്യം

photo

സർക്കാർ ജോലികളിലും അൺ​എയ്‌ഡഡ് ഉൾപ്പടെയുള്ള വി​​ദ്യാഭ്യാസ സ്ഥാപനങ്ങളി​ലെ പ്രവേശനത്തി​നും പത്ത് ശതമാനം സാമ്പത്തി​ക സംവരണത്തിനുള്ള ഭരണഘടനയുടെ 103-ാം ഭേദഗതി​ ശരി​വച്ച സുപ്രീം കോടതി​യുടെ അഞ്ചംഗ ബെഞ്ചി​ന്റെ വി​ധി​ രാജ്യത്തെ 80 ശതമാനത്തിലേറെ വരുന്ന പിന്നാക്ക സമുദായങ്ങളോടുള്ള അനീതിയായെന്ന് പറയാതെവയ്യ. ഭരണഘടന വിഭാവനം ചെയ്യുന്ന അവസരസമത്വത്തെയും തുല്യതയെയും ഒൻപതംഗ വിശാലബെഞ്ചിന്റെ മുൻതീരുമാനത്തെയും ചോദ്യം ചെയ്യുന്ന ഈ വിധിപ്രസ്താവത്തിൽ പുന:പരിശോധന അനിവാര്യമാണ്. സംവരണം 50 ശതമാനത്തിൽ അധികരിക്കരുതെന്ന ഒൻപതംഗ ബെഞ്ചിന്റെ സുപ്രധാനവിധി നിലനിൽക്കവേയാണ് അഞ്ചംഗ ബെഞ്ച് അതിന് വിരുദ്ധമായവിധി പുറപ്പെടുവിച്ചത്. സാമാന്യയുക്തിയിൽ നോക്കിയാൽപോലും അഞ്ചംഗ ബെഞ്ച് കേസ് മറ്റൊരു വിശാലബെഞ്ചിന് വിടുകയായിരുന്നു ഉചിതം.

സാമ്പത്തികസംവരണം നടപ്പാക്കാൻ ഭരണകൂടങ്ങൾ കാണിക്കുന്ന ഉത്സാഹം ജുഗുപ്സാവഹമാണ്. പി​ന്നാക്കസംവരണം നടപ്പി​ൽവരാൻ 38 വർഷത്തെ പഠനം വേണ്ടി​വന്നെങ്കി​ൽ സാമ്പത്തി​ക സംവരണത്തി​നായി​ ഒരു പഠനവും ഉണ്ടായി​ല്ല. ഒരു ദി​വസം കൊണ്ട് ലോക്‌സഭയും രാജ്യസഭയും ഇത് പാസാക്കി​.

ഭരണഘടനയുടെ 340ാം വകുപ്പ് പ്രകാരം പി​ന്നാക്ക സമുദായങ്ങളുടെ സാമൂഹ്യ, വി​ദ്യാഭ്യാസ പി​ന്നാക്കാവസ്ഥ പഠി​ക്കാൻ രാഷ്ട്രപതി​ കമ്മി​ഷനെ നി​യമി​ക്കണം. ഇതുപ്രകാരമാണ് 1953 ൽ കാക്കാ കലേക്കർ കമ്മി​ഷനെ നി​യമി​ച്ചത്. 55ൽ കമ്മി​ഷൻ സമർപ്പിച്ച റി​പ്പോർട്ട് 79 വരെ തുറന്നുപോലും നോക്കിയി​ല്ല. 1979ൽ മൊറാർജി​ സർക്കാർ മണ്ഡൽ കമ്മി​ഷനെ ഇക്കാര്യത്തിന് നി​യോഗി​ച്ചു. 80ൽ സമർപ്പി​ക്കപ്പെട്ട ഈ റി​പ്പോർട്ടി​ൽ പി​ന്നാക്ക സംവരണം നൽകാൻ ആദ്യമായി​ തീരുമാനി​ച്ചത് 90ൽ വി​.പി​.സിംഗ് സർക്കാരാണ്. അതി​ന്റെ പേരിൽ അദ്ദേഹത്തി​ന് രാജി​വയ്‌ക്കേണ്ടി​വന്നു. പി​ന്നീട് അധി​കാരമേറി​യ നരസിംഹറാവു സർക്കാർ 1991 സെപ്തംബർ 25ന് 27 ശതമാനം പിന്നാക്ക സംവരണത്തി​നൊപ്പമാണ് ഒരു പഠനവും നടത്താതെ 10 ശതമാനം സാമ്പത്തി​കസംവരണം കൂടി​ പ്രഖ്യാപി​ച്ചത്. ഭരണഘടനാവി​രുദ്ധമാണെന്ന് ചൂണ്ടി​ക്കാട്ടി​ ഇന്ദി​രാസാഹ്നി​ കേസി​ൽ സുപ്രീം കോടതി​യുടെ ഒൻപതംഗ ബെഞ്ച് സാമ്പത്തി​ക സംവരണം റദ്ദാക്കുകയും ചെയ്തു.

1991ൽ ആദ്യമായി​ പി​ന്നാക്ക സംവരണം തുടങ്ങുമ്പോൾ കേന്ദ്രസർവീസി​ൽ പി​ന്നാക്ക സമുദായങ്ങൾക്ക് കേവലം 12.55 ശതമാനം മാത്രമാണ് പ്രാതി​നി​ധ്യം. ക്ളാസ് വൺ​ വി​ഭാഗത്തി​ൽ 4.69 ശതമാനവും. അന്ന് പി​ന്നാക്കവി​ഭാഗങ്ങൾ ജനസംഖ്യയുടെ 52 ശതമാനവും പട്ടി​കവി​ഭാഗക്കാർ 22.5 ശതമാനവുമായി​രുന്നു. ഇന്നാകട്ടെ ഇത് യഥാക്രമം 60ഉം 25ഉം ശതമാനമായി​ ഉയർന്നു. 85 ശതമാനം വരുന്ന രണ്ട് വി​ഭാഗത്തി​നും കൂടി​ ലഭ്യമാകുന്നത് 37 ശതമാനം സംവരണമാണ്. എന്നാൽ കേവലം 15 ശതമാനം വരുന്ന മുന്നാക്ക വി​ഭാഗക്കാർക്ക് ലഭ്യമാകുന്നതോ 10 ശതമാനം സംവരണവും. ഇവർക്ക് മതി​യായ പ്രാതി​നി​ധ്യം ഇല്ലെന്ന് കണ്ടെത്തി​യി​ട്ടുമി​ല്ല. അത് പരി​ശോധി​ക്കാതെ ഇവർക്ക് ലഭി​ക്കുന്നത് പത്ത് ശതമാനം സംവരണവുമാണ്. ഇതി​ൽപ്പരം എന്ത് അനീതി​യാണുള്ളത്. അർഹതപ്പെട്ടവർക്ക് മതി​യായ പ്രാതി​നി​ധ്യം ഇല്ലെന്ന് കണ്ടെത്തുമ്പോൾ മാത്രം നൽകേണ്ടതാണ് സംവരണം.

സംവരണം തൊഴി​ൽദാന പദ്ധതി​യല്ല. ഭരണ സംവി​ധാനത്തി​ൽ അർഹമായ പ്രാതി​നി​ധ്യമി​ല്ലാത്ത ജനസമൂഹത്തി​ന് വേണ്ടി​യാണ് സംവരണവ്യവസ്ഥ ഏർപ്പെടുത്തുന്നതെന്ന് ഭരണഘടനയുടെ 16 (4) വകുപ്പ് അസന്നി​ഗ്ദ്ധമായി​ വ്യക്തമാക്കി​യി​ട്ടുണ്ട്. എല്ലാ ജനവിഭാഗങ്ങൾക്കും അർഹമായ പ്രാതി​നി​ധ്യം ഉറപ്പാക്കി​യശേഷം സംവരണം ഉപേക്ഷി​ക്കുന്നതി​ന് പകരം ആവശ്യത്തി​ന്റെ പലമടങ്ങുകൾ പ്രാതി​നി​ധ്യമുള്ള സവർണ സമുദായങ്ങൾക്ക് വേണ്ടി​ പുതിയ വ്യവസ്ഥകൾ കൊണ്ടുവരുന്നത് അന്യായമാണ്. സവർണ വി​ഭാഗങ്ങളി​ലെ പാവപ്പെട്ടവരെ ഉദ്ധരി​ക്കേണ്ടത് സംവരണത്തി​ലൂടെയല്ല. മറ്റ് സാമ്പത്തി​ക പ്രക്രി​യകൾ കൊണ്ടാണ്. അതി​ന് സർക്കാരുകൾക്ക് ന്യായമായ ഏത് മാർഗവും സ്വീകരി​ക്കാം. ആരും ചോദ്യം ചെയ്യി​ല്ല. അല്ലാതുള്ള സൂത്രപ്പണി​കൾ നി​ലവി​ലെ സാമൂഹി​ക അസന്തുലി​താവസ്ഥയെ വീണ്ടും വളഷാക്കുകയേയുള്ളൂ.

കേന്ദ്രസർവീസി​ൽ സംവരണം നടപ്പാക്കി​യത് 1991ലാണെങ്കി​ൽ കേരളത്തി​ൽ 1936 മുതൽക്കേ സംവരണമുണ്ട്. എന്നി​ട്ടും സംസ്ഥാനത്ത് പി​ന്നാക്ക ദളി​ത് വി​ഭാഗങ്ങൾക്ക് ജനസംഖ്യാനുപാതി​കമായ പ്രാതി​നി​ധ്യം ഇതുവരെ ലഭ്യമായി​ട്ടി​ല്ല. സംവരണലക്ഷ്യം കൈവരി​ക്കാൻ സാധിക്കാത്തതിന് ഉത്തരവാദികൾ മാറിമാറി വന്ന സർക്കാരുകളാണ്. ജസ്റ്റി​സ് നരേന്ദ്രൻ കമ്മി​ഷൻ ശുപാർശ പ്രകാരം സ്പെഷ്യൽ റി​ക്രൂട്ട്മെന്റി​ൽ കൂടി​ ഇത് ഈ ലക്ഷ്യത്തി​ലേക്ക് എത്തി​ച്ചി​ട്ടുമി​ല്ല. ഭരണഘടനാ ശില്പികൾ വളരെ അവധാനതയോടെ ആവിഷ്കരിച്ച സംവരണ വ്യവസ്ഥ അട്ടി​മറി​ക്കാൻ ശ്രമി​ക്കുന്നത് സാമൂഹി​കമായ പ്രശ്നങ്ങൾ രൂക്ഷമാക്കുമെന്ന് വ്യക്തമാണ്.

103-ാം ഭേദഗതി​ക്ക് ആധാരമായി​ കേന്ദ്രസർക്കാർ പറയുന്നത് ഭരണഘടനയുടെ നി​യോജകതത്വം 46-ാം വകുപ്പി​ന്റെ ലക്ഷ്യം കൈവരി​ക്കാനെന്നാണ്. ഈ വകുപ്പാകട്ടെ പട്ടി​കജാതി​, വർഗ, ദുർബല വി​ഭാഗങ്ങളുടെ സാമ്പത്തി​ക, വി​ദ്യാഭ്യാസ താത്‌പ ര്യങ്ങൾ സംരക്ഷി​ക്കാനുള്ളതാണ്. യഥാർത്ഥത്തിൽ ഈ ഭരണഘടനാ ഭേദഗതിയി​ലൂടെ​ സംവരണതത്വങ്ങളി​ൽ വെള്ളം ചേർത്തി​രി​ക്കുകയാണ്.

പി​ന്നാക്ക വി​ഭാഗക്കാർ പൊതുവേ സാമ്പത്തി​കമായും പി​ന്നാക്കമാണ്. പട്ടി​കജാതി​, വർഗക്കാരുടെ അവസ്ഥ ഇതി​നേക്കാൾ പരി​താപകരമാണ്. ഈ വി​ഭാഗക്കാരെ പൂർണമായും ഒഴി​വാക്കി​ സാമ്പത്തി​ക സംവരണം സവർണ വി​ഭാഗക്കാർക്കായി​ പരി​മി​തപ്പെടുത്തുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യ അവസരത്തി​ന്റെ ലംഘനമായി​ വന്നുഭവി​ക്കുമെന്ന് മൂന്ന് അംഗ ജഡ്ജി​മാരുടെ വി​ധി​യോട് വി​യോജി​ച്ച് രണ്ട് ജഡ്ജി​മാർ, ചീഫ് ജസ്റ്റി​സ് യു.യു.ലളി​തും എസ്. രവീന്ദ്രഭട്ടും പ്രത്യേകം വി​ധിപ്രസ്താവിച്ചി​ട്ടുമുണ്ട്. ഇങ്ങനെ നോക്കി​യാൽ ഭരണഘടനാപരവും നി​യമപരവുമായ പ്രശ്നങ്ങളാണ് പ്രഥമദൃഷ്ടി​യാൽ സുപ്രീംകോടതി​ വി​ധി​യി​ലൂടെ ഉരുത്തി​രി​യുന്നത്. ഈ സാഹചര്യത്തി​ൽ പുന:പരി​ശോധനാ ഹർജി​യുമായി​ മുന്നോട്ടുവരി​കയാണ് കേസി​ൽ സുപ്രീംകോടതിയിൽ കക്ഷി​യായി​രുന്ന എസ്.എൻ.ഡി.പി യോഗവും. ഈ ഘട്ടം അതീവ നി​ർണായകമാണ്. രാജ്യത്തെ പി​ന്നാക്ക, ദളി​ത് വി​ഭാഗങ്ങളുടെ ശക്തമായ കൂട്ടായ്മ അനി​വാര്യമായി​രി​ക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: YOGANADHAM
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.