SignIn
Kerala Kaumudi Online
Friday, 19 April 2024 6.02 PM IST

ആശാന്റെ 'ദിവ്യകോകില' വും ശതാബ്ദി നിറവിൽ

kumaranasan

ചരിത്രത്തെ ഏറെ ശബളാഭമാക്കിയ കൂടിക്കാഴ്ചയായിരുന്നു വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറും വിശ്വഗുരു ശ്രീനാരായണഗുരുദേവനും തമ്മിലുണ്ടായത്. ദിവ്യമായ ആ സമാഗമത്തിന്റെ ശതാബ്ദിനിറവിലാണ് കേരളവും ശിവഗിരിമഠവും. 1922 നവംബർ 15 നായിരുന്നു വിശ്വപ്രസിദ്ധമായ ആ സമാഗമം. ശിവഗിരിയിലെത്തും മുമ്പ് നവംബർ ഒൻപതിന് തിരുവനന്തപുരത്ത് ടാഗോറിന് ലഭിച്ചതുപോലെ പ്രൗഢഗംഭീരമായൊരു സ്വീകരണം അക്കാലത്ത് മറ്റൊരാൾക്കും അനന്തപുരി നൽകിയിട്ടില്ല. ആ സ്വീകരണ സമ്മേളനത്തിൽ ടാഗോർ മംഗളമായി അവതരിപ്പിച്ച കവിത മഹാസദസ്സിനൊപ്പം ടാഗോറിനെയും അത്ഭുതസ്തബ്ധരാക്കിയതാണ് ചരിത്രം. ആ കവിതയുടെ മനോഹാരിതയിൽ ടാഗോറും ലയിച്ചിരുന്നുപോയി. ആ നിമിഷം മഹാകവി കുമാരനാശാന്റെയും കേരളത്തെ കേരളമാക്കിയ ആധുനികശില്പി സി.കേശവന്റെയും വിജയനിമിഷം കൂടിയായിരുന്നു. ടാഗോറിന്റെ തിരുവിതാംകൂർ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നൽകിയ ഗംഭീര പൗരസ്വീകരണത്തിൽ ആലപിക്കാനായി ആശാൻ രചിച്ച സംസ്കൃതപദ ബഹുലമായ മണിപ്രവാള ശൈലിയിലുള്ള 'ദിവ്യകോകിലം' എന്ന മംഗള കാവ്യത്തിന്റെ രാഗഭാവമാർന്ന ശകലങ്ങളാണ് ടാഗോറിനെ വിസ്മയിപ്പിച്ചത്. കാലത്തെ അതിജീവിച്ച് ഇന്നും പ്രശോഭിക്കുന്ന 'ദിവ്യകോകില' ത്തിനും ടാഗോറിന്റെ തിരുവിതാംകൂർ സന്ദർശനത്തിന് 100 വയസ്സ് തികയുന്ന ഈ വേളയിൽ മാറ്റ് ഏറുന്നു.

തിരുവിതാംകൂർ മഹാരാജാവായിരുന്ന മൂലം തിരുനാളിന്റെ ക്ഷണം സ്വീകരിച്ചാണ് ടാഗോർ നവംബർ ഒൻപതിന് അനന്തപുരിയിലെത്തിയത്. ടാഗോറിന്റെ കീർത്തി അതിന്റെ ഉച്ചകോടിയിൽ ലോകമൊട്ടുക്ക് വ്യാപിച്ചിരുന്ന കാലം. പ്രൈവറ്റ് സെക്രട്ടറി സി.എഫ് ആൻഡ്രൂസ്, മകൻ യതീന്ദ്രനാഥ ടാഗോർ, മരുമകൾ പ്രോതിമ എന്നിവരും ടാഗോറിനൊപ്പം ഉണ്ടായിരുന്നു. ഇന്നത്തെ അയ്യങ്കാളിഹാളിന് സമീപമുള്ള മൈതാനത്തായിരുന്നു ടാഗോറിന് പൊതു സ്വീകരണം ഒരുക്കിയിരുന്നത്. കമനീയമായ കെട്ടിയൊരുക്കിയ പന്തലിലേക്ക് ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

സ്വീകരണ സമ്മേളനത്തിൽ ടാഗോറിന് മംഗളഗാനം പാടാനുള്ള അവസരം ആദ്യം ആശാന് ലഭിച്ചിരുന്നില്ല. ടാഗോറിനെ സ്വീകരിക്കുന്ന മഹായോഗത്തിൽ ടി.ലക്ഷ്മണൻ പിള്ള തമിഴിലും ഉള്ളൂർ എസ്.പരമേശ്വര അയ്യർ, മള്ളൂർ ഗോവിന്ദപ്പിള്ള എന്നിവർ മലയാളത്തിലും എഴുതിയ സ്വാഗത ഗാനങ്ങൾ ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ മഹാകവി കുമാരനാശാൻ ഈഴവനായതിനാൽ ആഘോഷ ഭാരവാഹികൾ അവഗണിച്ചതായി അവിടെ എത്തിയ സി.കേശവനോട് ചിലർ പരാതിപ്പെട്ടു. സി.കേശവനും സുഹൃത്തുക്കളും ആഘോഷഭാരവാഹികളെ കണ്ട് ഇക്കാര്യം അറിയിച്ചു. ആശാനെ വെറുമൊരു ഈഴവ കവിയായി വിലകുറച്ച് കാണാനായിരുന്നു അക്കാലത്ത് മറ്റു സമുദായത്തിലെ സാഹിത്യകാരന്മാർക്ക് താത്പര്യം. ഭാരവാഹികളിൽ പ്രധാനിയായിരുന്ന മള്ളൂരിനോട് കാര്യം പറഞ്ഞപ്പോൾ അദ്ദേഹം എതിർപ്പ് പ്രകടിപ്പിക്കാതെ ആശാന്റെ ഒരു മംഗളഗാനം കൂടി ആകാമെന്ന് അഭിപ്രായപ്പെട്ടു. വിശ്വമഹാകവിയുടെ സാന്നിദ്ധ്യത്തിൽ ആശാന്റെ കവിസാർവഭൗമത്വം സ്ഥാപിക്കാൻ അപൂ‌ർവ അവസരം ലഭിച്ച സന്തോഷത്തിൽ സി.കേശവനും സുഹൃത്തുക്കളും ഉത്സാഹപൂർവം ആശാന്റെ അടുത്തേക്ക് പാഞ്ഞു. ഇതേപ്പറ്റി സി.കേശവൻ തന്റെ ഏറെ പ്രശസ്തമായ ആത്മകഥ 'ജീവിതസമര' ത്തിൽ പറയുന്നത് ഇങ്ങനെ :

'ഞങ്ങളുടെ നിവേദനം കേട്ട് ആശാൻ കിലുങ്ങി മുഴങ്ങുന്ന ഒരു പൊട്ടിച്ചിരി ചിരിച്ചു. പ്രസിദ്ധമായ ആ പൊട്ടിച്ചിരി, ഒരു സമുദായത്തിന്റെ അന്തസ്സ് ആശാന്റെ കവിത്വത്തിൽക്കൂടി,​ തിരുവനന്തപുരത്തെ ഒരു വിദ്വൽ സദസ്സ് ഒരു വിശ്വമഹാകവിയുടെ സാന്നിദ്ധ്യത്തിൽ പരീക്ഷിക്കാൻ പോകയാണെന്ന ഗൗരവം ഞങ്ങളെ ബാധിച്ചിരുന്നു. ഈ കേരളക്കരയിൽ ആശാന്റെ കവിസാർവ്വഭൗമത്വം സ്ഥാപിക്കാനുള്ള അപൂർവാവസരം ഞങ്ങൾ ദർശിക്കുകയാണ്.'

ആശാന്റെ 'ദിവ്യകോകില' ത്തിന്റെ പിറവി അങ്ങനെയായിരുന്നു.

അടുത്ത ദിവസം തന്നെ ആശാൻ കവിതാരചന പൂർത്തിയാക്കി. ആശാന്റെ വസതിയായ കമലാലയത്തിലെത്തിയ സി.കേശവനെയും സുഹൃത്തുക്കളെയും അദ്ദേഹം കവിത ചൊല്ലികേൾപ്പിച്ചു. അന്നത്തെ മഹാകവികളായ ഉള്ളൂരിനെയും വള്ളത്തോളിനെയും അപേക്ഷിച്ച് ആശാനിൽ നല്ലൊരു ഗായകൻ കൂടിയുണ്ടായിരുന്നു. എന്നാൽ ആശാന് ഒരു കാര്യത്തിൽ നിർബന്ധമുണ്ടായിരുന്നു. ചടങ്ങിൽ തന്റെ കവിത സി.കേശവൻ പാരായണം ചെയ്യണം. ആശാന്റെ നിർദ്ദേശപ്രകാരം സി.കേശവൻ ആ കിളിപ്പാട്ട് അദ്ദേഹത്തിന്റേതായ ശൈലിയിൽ പാടി. അതുകേട്ട ആശാന് തൃപ്തിയായെന്ന് ആ മുഖഭാവം വിളിച്ചോതി. ആ കവിതയുമായി മള്ളൂരിനടുത്തേക്ക് അവർ ഓടുകയായിരുന്നു. കവിത ചൊല്ലിക്കേട്ട മള്ളൂർ അതാസ്വദിച്ചതിന്റെ ആനന്ദവായ്പ് മുഖത്ത് തെളിഞ്ഞു. അങ്ങനെ

'ദിവ്യകോകിലം' ആ മഹാസദസ്സിനെ അത്ഭുതസ്തബ്ധമാക്കി. ടാഗോർ തന്നെ ഒന്നു പകച്ചുപോയി. ആ കവിതയിലെ അതിമനോഹരമായ മണിപ്രവാള ശൈലിമൂലം അതിന്റെ ആശയം ടാഗോറിന് ബോദ്ധ്യപ്പെട്ടു.

'അവ്യനാമീശന്റെ ആരാമരത്നം തന്നി-

ലവ്യാജകുതൂഹലം പാടി സഞ്ചരിക്കുന്ന

ദിവ്യകോകിലമേ' നിൻ പൊൻ കണ്ഠനാളം തൂകും

ഭവ്യകാകളീപരിപാടികൾ ജയിക്കുന്നു.'

എന്ന് സി.കേശവൻ ടാഗോറിനെ നോക്കി മോഹനം രാഗത്തിൽ ആലപിച്ചത് കേട്ട് സദസ്സ് കരഘോഷത്തിൽ മുങ്ങി.

'അഞ്ചിതാത്മാവേ, ഭവദ്ദർശനത്താൽ താൻ രോമ

കഞ്ചുകമാർന്നോർ സ്നേഹക്രീതരങ്ങേയ്ക്കീ ഞങ്ങൾ

തുഞ്ചലാളിതയായ കൈരളിതൻ പേരിലും

വഞ്ചിഭൂവിൻ പേരിലും മംഗളമുരയ്ക്കട്ടെ'

എന്ന അവസാന ഭാഗംവരെ ഇടവിട്ട് കരഘോഷം മുഴങ്ങിക്കൊണ്ടേയിരുന്നു. ആ 'ദിവ്യകോകില' ത്തിന്റെ കളകൂജനം ഒരു അലോക സംഭവം പോലെയാണ് സകലരും കൊണ്ടാടിയത്. ആ മഹാസദസ്സിന്റെ ഒരു മൂലയിൽ മഞ്ഞക്കോട്ടും തൊപ്പിയും കഴുത്തിൽ പുളിയിലക്കരയൻ നേര്യതും ചുറ്റി ആശാൻ ഇരിപ്പുണ്ടായിരുന്നു. ആശാനെയും സി.കേശവനെയും അനുമോദിക്കാത്ത ഒരാളും ആ മഹാസമ്മേളനത്തിലുണ്ടായിരുന്നില്ല. തന്റെയും ആശാന്റെയും ഒരു വിജയദിനമായിരുന്നു അതെന്നാണ് സി.കേശവൻ 'ജീവിതസമര'ത്തിൽ കുറിച്ചത്. മരണത്തിന്റെ ക്രൂരഹസ്തം ആ കവികോകിലത്തിന്റെ ഗളനാളം പിരിച്ചു കളയുംവരെ ഞങ്ങൾ തമ്മിലുണ്ടായിരുന്ന അതിഗാഢമായ സ്നേഹത്തിന്റെ ഉറവിടം ഇതായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. ആശാന്റെ കവിതകൾ പൂർവാധികമായ താത്പര്യത്തോടെ താൻ വായിച്ചു പഠിക്കാൻ തുടങ്ങിയതും അന്നുമുതലാണെന്നും സി.കേശവൻ ഓർക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KUMARANASAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.