SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 AM IST

തിരിച്ചുവരണം, ജനമൈത്രി

janamaithri

പൊലീസ് സേനയ്‌ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ ഒരു ദാക്ഷണ്യവുമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പിന് തൊട്ടു പിന്നാലെയാണ് ഒരു സി.ഐയ്‌ക്കെതിരെ കൂട്ട ബലാത്സംഗ പരാതി ഉയർന്നത്. കൊച്ചി സിറ്റി പൊലീസിൽ വർഷങ്ങളോളം ജോലി ചെയ്‌ത ഇയാളുടെ ട്രാക്ക് റെക്കാഡ് പരിശോധിച്ചാൽ സമാനസംഭവങ്ങളുണ്ട്. എന്നിട്ടും ഇത്തരം ഉദ്യോഗസ്ഥർ എങ്ങനെ സേനയിൽ തുടരുന്നു എന്നതാണ് അതിശയം. ആഭ്യന്തരവകുപ്പിന്റെ തലപ്പത്ത് ഇരിക്കുന്നവരുടെ മുന്നറിയിപ്പുകളും പൊലീസ് മേധാവികളുടെ സർക്കുലറുകളും പാഴ്‌വാക്കുകളായി മാറുന്നു എന്നതാണ് തിരിച്ചറിയേണ്ടത്. സേനയ്‌ക്ക് കളങ്കമുണ്ടാക്കുന്നവർക്കെതിരെ പിരിച്ചുവി‌ടൽ നടപടി ഉൾപ്പെടെ സ്വീകരിക്കുമെന്ന പ്രഖ്യാപനങ്ങൾ പലപ്പോഴും ഫലം കാണാറില്ല. രാഷ്‌ട്രീയ - ഉന്നത ഉദ്യോഗസ്ഥരുടെ തോളിൽ ചവിട്ടി ഇത്തരക്കാർ വീണ്ടും സർവീസിൽ പ്രവേശിക്കുന്നത് വ്യക്തമാകാൻ സമീപകാല സംഭവങ്ങൾ പരിശോധിച്ചാൽ മതി.

വർഷങ്ങൾക്ക് മുമ്പ് വിവാദ താന്ത്രികനായ സന്തോഷ് മാധവൻ കൊച്ചിയിൽ പിടിയിലായപ്പോഴാണ് ഞെട്ടിക്കുന്ന പൊലീസ് ബന്ധങ്ങൾ പുറത്തുവന്നത്. സന്തോഷ് മാധവന്റെ ഫ്‌ളാറ്റിൽനിന്ന് ഒരു സി.ഐയുടെ യൂണിഫോം ലഭിച്ചത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. വിവാഹത്തിന് പാലക്കാട് നഗരത്തിലൂടെ രഥത്തിൽ എത്തിയ സന്തോഷ് മാധവനെ വരവേറ്റത് ഒരു ഡിവൈ.എസ്.പിയായിരുന്നു. അന്ന് സസ്‌പെൻഷന് വിധേയനായ ഈ ഉദ്യോഗസ്ഥൻ പിന്നീട് ഉയർന്ന പദവിയിൽ എത്തിയെന്നത് മറ്റൊരു കാര്യം ! ഈ സംഭവത്തോടെ അന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന മാർഗനിർദ്ദേശങ്ങൾ നൽകിയെങ്കിലും പാലിക്കപ്പെട്ടില്ലെന്നതിന്റെ തെളിവാണ്‌ തുടർച്ചയായി ഉണ്ടാകുന്ന കളങ്കിത നടപടികൾ.

ആരെയും തല്ലിച്ചതയ്‌ക്കാനും പിടിച്ചുപറിക്കാനും പൊലീസ് തന്നെ മുന്നിലുള്ളപ്പോൾ 'ജനമൈത്രി' എന്ന പ്രയോഗം തന്നെ പരിഹാസ്യമാവുന്നു. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി മാറുന്നതായി മുൻകാല കണക്കുകൾ പറയുന്നു. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന പൊലീസുകാരുടെ എണ്ണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 50 ശതമാനത്തിലധികം വർദ്ധനയുണ്ടായെന്ന് ആഭ്യന്തരവകുപ്പ് സമ്മതിക്കുന്നുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവരെ സർവീസിൽ നിന്ന് മാറ്റി നിറുത്തണമെന്ന നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടാറില്ല. പൊലീസ് ഭീകരതയ്‌ക്ക് ഇരകളാകുന്നവർ നൽകുന്ന പരാതികളിൽ നടപടിയും വിദൂര സാദ്ധ്യതകളിലൊന്നാണ്. മാദ്ധ്യമ വാർത്തകളും ദൃശ്യങ്ങളും പുറത്തുവരുമ്പോൾ വിവാദങ്ങളിൽ നിന്ന് ഓടിയകലാൻ സാധിക്കില്ലെന്ന് ഉറപ്പാകുമ്പോഴാണ് മിക്കപ്പോഴും അന്വേഷണവും നടപടികളും ഉണ്ടാകുന്നത്.

ജനങ്ങളും പൊലീസും തമ്മിലുള്ള സൗഹൃദം ഇന്ന് കാണാനില്ല. കോടിയേരി ബാലകൃഷ്‌ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോഴാണ് ജനമൈത്രി പൊലീസ് സംവിധാനം കാര്യക്ഷമമായത്. അന്ന് പലരും ഈ പദ്ധതിയെ നോക്കി കളിയാക്കി ചിരിച്ചപ്പോൾ പിന്നീട് കണ്ടത് ജനങ്ങളും പൊലീസും അടുക്കുന്ന കാഴ്ചയാണ്. വീട്ടിലെത്തി ക്ഷേമം അന്വേഷിക്കുന്ന ബീറ്റ് പൊലീസ് ഉദ്യോഗസ്ഥർ നാടിന്റെ സ്പന്ദനം ഒപ്പിയെടുത്തു. ഇന്റലിജൻസും കാര്യക്ഷമമായി. ജനങ്ങൾക്ക് വേണ്ട സുരക്ഷ ഉറപ്പാക്കാൻ പൊലീസിനായി . അക്രമസംഭവങ്ങൾ കുറയുകയും ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാകുകയും ചെയ്‌തു. ജനമൈത്രി സംവിധാനം പേരിന് മാത്രമായതോടെ ആ നല്ലകാലം വിസ്‌മൃതിയിലായെന്ന് ഒരു തർക്കവുമില്ലാതെ പറയാൻ കഴിയും.

ആഭ്യന്തര വകുപ്പിന് നേതൃത്വം നൽകുന്നവർ പൊലീസുകാരുടെ കുറ്റകൃത്യങ്ങൾ ലാഘവത്തോടെ നോക്കി കാണുന്നതാണ് ക്രിമിനൽ പ്രവർത്തനങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നത്. മേലധികാരികളും കുറ്റകരമായ വീഴ്ച വരുത്തുന്നു. ക്രിമിനൽ കേസുകളിലും സ്ത്രീകൾക്കെതിരായ അക്രമങ്ങളിലും കലാപങ്ങളിലും ഉൾപ്പെട്ടവർ കോടതി ഉത്തരവിന്റെ മറവിൽ പൊലീസ് സേനയിൽ എത്തുന്നതു തടയാൻ നിയമഭേദഗതി കൊണ്ടുവരാൻ ഡി.ജി.പി നേരത്തെ സർക്കാരിനു ശുപാർശ നൽകിയിരുന്നു. ഏതാനും വർഷമായി ഇത്തരം കേസിൽ പെടുന്നവർ കോടതി ഉത്തരവിന്റെ മറവിൽ സേനയിൽ എത്തുന്നുണ്ട്. ഇതു തടയാൻ 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷൻ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാർശ. കഴിഞ്ഞ ഏഴ് വർഷത്തിനിടെ കോടതി ഉത്തരവുകളുടെ പിൻബലത്തോടെ സേനയിൽ കയറിയവരിൽ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാൽ സായുധ പരിശീലനം നേടിയവർ ഇത്തരത്തിൽ പുറത്തുനിൽക്കുന്നത് അപകടകരമാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പു നൽകി. സേനയിൽ പരിശീലനത്തിനു മുമ്പാണ് കുറ്റപത്രം നൽകുന്നതെങ്കിൽ കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നൽകാൻ പാടുള്ളൂ. പരിശീലന കാലയളവിൽ ശിക്ഷിക്കപ്പെട്ടാൽ സർവീസിൽ നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാൽ സേനയിലെ ആഭ്യന്തര സമിതി പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാർശകളിൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഉത്തരവാദിത്വപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്. ക്രിമിനൽ പശ്ചാത്തലമുള്ളവർ സേനക്ക് അപമാനമാണെന്നിരിക്കെ ഇത്തരക്കാരെ ചുമന്ന് കൂടുതൽ പേരുദോഷം കേൾക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നതെന്ന് നിസംശയം പറയാം.

ക്രിമിനൽ കേസുകളിൽ പ്രതികളായ പൊലീസുകാരുടെ അച്ചടക്ക നടപടി പുന:പരിശോധിക്കാനുള്ള എ.ഡി.ജി.പിതല കമ്മിറ്റി ഇല്ലാതായത് വലിയ പ്രശ്‌നങ്ങളിലേക്ക് നയിച്ചെന്ന് വ്യക്തം. സിവിൽ പൊലീസ് ഓഫീസർമാർ മുതൽ സി.ഐ വരെയുളളവരുടെ അച്ചടക്ക നടപടി ഇപ്പോൾ ജില്ലാതല സമിതികളാണ് പരിശോധിക്കുന്നത്. പൊലീസ് അതിക്രമങ്ങൾ വ്യാപിക്കമ്പോഴാണ് കേസിലെ പ്രതികളായ പൊലീസുകാർക്ക് സഹായകരമായ തീരുമാനം. പൊലീസിലെ ക്രിമിനൽവത്‌കരണം കൃത്യമായി നിരീക്ഷിച്ച് നടപടി വേണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നാലു എ.ഡി.ജി.പിമാർ അംഗങ്ങളായി സംസ്ഥാനതല സമിതിയുണ്ടാക്കിയത്. പൊലീസിലെ ക്രിമിനലുകൾ സ്വാധീനം കൊണ്ട് രക്ഷപ്പെടാതിരിക്കാൻ മുൻ ഡി.ജി.പി ജേക്കബ് പൂന്നൂസാണ് സമിതിയുണ്ടാക്കിയത്. ക്രിമിനൽകേസിൽ പ്രതികളായ പൊലീസുകാർക്കെതിരായ അന്വേഷണ പരോഗതി പരിശോധിച്ച് സസ്‌പെൻഷനും അച്ചടക്ക നടപടികളും പിൻവലിക്കണമോ വേണ്ടയോ എന്നതിൽ സമിതിയാണ് തീരുമാനമെടുത്തിരുന്നത്.

സിവിൽ പൊലീസുകാർ മുതൽ സി.ഐവരെ ക്രിമിനൽ കേസിൽ പ്രതികളായായവരുടെ അച്ചടക്ക നടപടി പുനഃപരിശോധിക്കാനുളള അധികാരം ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലുള്ള സമിതിക്കാണ്. സി.ഐവരെയുള്ള 826 പൊലീസുകാരാണ് ക്രിമിനൽകേസിൽ പ്രതികളായിട്ടുള്ളത്. യഥാർത്ഥത്തിൽ ഏറ്റവും കൂടുതൽ സൂക്ഷ്‌മപരിശോധന വേണ്ടിടത്താണ് നടപടിക്രമങ്ങൾ ഉദാരമാക്കിയത്. ജില്ലാതല സമിതികളിൽ സ്വാധീനം ചെലുത്തി ക്രിമിനൽ കേസിലെ പ്രതികളായ പൊലീസുകാർ വീണ്ടും എളുപ്പത്തിൽ സർവീസിൽ തിരിച്ചെത്തുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഡിവൈ.എസ്.പി റാങ്കിനു മുകളിലുള്ള ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടിമാത്രം എ.ഡി.ജി.പി തല സമിതി പരിശോധിക്കുന്നതാണ് നിലവിലുള്ള സംവിധാനം. കാര്യക്ഷമമായ സംവിധാനങ്ങളിൽ വെള്ളം ചേർക്കുന്നതാണ് നമ്മുടെ പ്രശ്‌നം. അത് പലപ്പോഴും പലവിധത്തിലുള്ള സമ്മർദ്ദങ്ങൾക്ക് അടിപെട്ടാണെന്ന് പറയാതിരിക്കാനാവില്ല. അതിനൊരു മാറ്റമാണ് ഇനി പൊലീസിലുണ്ടാകേണ്ടത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JANAMAITHRI POLICE
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.