കോട്ടയം : വിദേശ മദ്യ വ്യാപാരികളുടെ ഒത്തുകളിയെ തുടർന്ന് സർക്കാർ ഔട്ട് ലെറ്റുകളായ ബെവ്കോയിലും കൺസ്യൂമർഫെഡിലും പോപ്പുലർ ബ്രാൻഡ് മദ്യങ്ങളില്ല. വിൽപ്പനക്കുള്ളതാകട്ടെ, തീരെ ചാത്തൻ ബ്രാൻഡുകളും വൻ വിലയുള്ളവയും മാത്രം. ഹെർക്കുലീസ്, ഹണീബി, ഓൾഡ് മങ്ക്, ഒ,സി.ആർ, എം.സി.ബി, വൈറ്റ് മിസ് ചീഫ് തുടങ്ങി സാധാരണ ബ്രാൻഡുകളാണ് ഔട്ട് ലെറ്റുകളിൽ ഇല്ലാത്തത്.
വാർഷിക വിൽപ്പന അനുസരിച്ച് സർക്കാർ നികുതി ഏർപ്പെടുത്തിയതോടെ പ്രമുഖ ബ്രാൻഡഡ് കമ്പനികൾ സർക്കാർ ഔട്ട് ലെറ്റുകൾക്ക് മദ്യം കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. വിൽപ്പന കുറവുള്ള കമ്പനികൾ അവരുടെ മദ്യം വിൽക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താൻ നോക്കിയെങ്കിലും ഈ ചാത്തൻ ബ്രാൻഡുകളോട് കുടിയന്മാർ മുഖം തിരിച്ചു നിൽക്കുകയാണ് . സർക്കാർ വക തിരുവല്ല പുളിക്കീഴിലെ ഡിസ്റ്റിലറിയിൽ ജവാൻ റം കൂടുതൽ ഉത്പാദിപ്പിക്കാനുള്ള ശ്രമവും നടത്തുന്നില്ല.
പോപ്പുലർ ബ്രാൻഡുകൾ സ്ഥിരമായി ഉപയോഗിക്കുന്ന കുടിയന്മാർ ഔട്ട്ലെറ്റുകൾക്കു മുന്നിൽ ബഹളം വയ്ക്കുന്നത് പതിവ് കാഴ്ചയായി. സാധനമില്ലാത്തതിനാൽ ചില ഔട്ടുലെറ്റുകൾ പൂട്ടി.
കമ്പനികളിൽ നിന്ന് നേരിട്ട് മദ്യം വാങ്ങുന്ന ബാറുകളിൽ എല്ലാ ഇനം ബ്രാൻഡുകളുമുണ്ട് . പെഗ് അനുസരിച്ച് കൂടിയ വില നൽകണമെന്നുമാത്രം. വിലകൂടുതലാണെങ്കിലും സാധനം സ്റ്റോക്കുള്ളതിനാൽ ബാറുകളിൽ വിൽപ്പന കൂടി. സർക്കാർ ഔട്ട് ലെറ്റുകളിൽ വിൽപ്പന വൻ തോതിൽ ഇടിയുകയും ചെയ്തു.
സർക്കാർ വഴങ്ങിയേക്കും
ബ്രാൻഡഡ് വിദേശ മദ്യ ക്ഷാമം പരിഹരിക്കുന്നതിന് മദ്യ കമ്പനി പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുള്ള പ്രധാന വരുമാനമാർഗം മദ്യവിൽപ്പനയാണ്. വിൽപ്പന കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്നതിനാൽ സർക്കാർ മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങിയെന്നാണറിയുന്നത്. ഇന്നത്തെ . മന്ത്രിസഭായോഗത്തിൽ വാർഷിക വിൽപ്പന നികുതി വരുമാനം പിൻവലിച്ചുള്ള തീരുമാനം ഉണ്ടായേക്കും.
മദ്യ കമ്പനികൾ പോപ്പുലർ ബ്രാൻഡുകൾ നൽകാതായിട്ട് മാസങ്ങളായി. ഗോഡൗണുകളിൽ സ്റ്റോക്ക് ചെയ്ത മദ്യം തീർന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. സാധനമില്ലായ്മക്കുപുറമേ വാക്കേറ്റവും ബഹളവും കാരണം പല ഔട്ട്ലെറ്റുകളും അടച്ചു പൂട്ടേണ്ട സ്ഥിതിയാണിപ്പോൾ .
ബിവറേജസ് ജീവനക്കാരൻ