തിരുവനന്തപുരം: ഓട്ടിസം, ശാരീരിക വൈകല്യങ്ങൾ, മാനസിക വെല്ലുവിളികൾ എന്നിവ നേരിടുന്ന കുട്ടികൾക്ക് ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിദഗ്ദ്ധ പരിചരണവും പരിശീലനവും ലഭ്യമാക്കുന്ന ടെലി ഹെൽത്ത് പ്ളാറ്റ് ഫോം നിലവിൽ വരുന്നു. തിരുവനന്തപുരം ടെക്നോ പാർക്കിലെ ഐ.ബി. ഐ. എൽ സൊല്യൂഷൻസും അമേരിക്കയിലെ ഒക്ലഹോമയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഡെവലപ്മെന്റും( എൻ.ഐ.ഡി.ഡി) ചേർന്നാണ് സംവിധാനമൊരുക്കുന്നത്.
ഗാർഡിയൻ ആർ, പി. എം. എന്ന പേരിലുള്ള ടെലിഹെൽത്ത് കൺസൾട്ടേഷൻ പ്ളാറ്റ്ഫോമിന്റെ സേവനം ഒരു വർഷത്തിനകം ഇന്ത്യയിലും ലഭ്യമാക്കുമെന്ന് എൻ.ഐ.ഡി.ഡി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി മോഹന ചന്ദ്രനും ഐ.ബി.ഐ. എൽ സൊല്യൂഷൻസിന്റെ സി.ഇ.ഒ ബിജുനായരും അറിയിച്ചു. രജിസ്റ്റർ ചെയ്ത കുട്ടികളുടെ വിശദാംശങ്ങൾക്കനുസരിച്ച് ഓരോ കുട്ടിക്കും വേണ്ട പ്രത്യേക ടൂൾകിറ്റുകൾ ലഭ്യമാക്കും. ഓരോ കുട്ടിക്കും തന്റെ ആവശ്യങ്ങൾക്കനുസരിച്ചുള്ള വിദഗ്ദ്ധ പരിശീലനവും ചികിത്സയും വീടിന്റെ അന്തരീക്ഷത്തിലും സുരക്ഷയിലും ലഭ്യമാകുന്നുവെന്നതാണ് സംവിധാനത്തിന്റെ സവിശേഷത.