SignIn
Kerala Kaumudi Online
Thursday, 25 April 2024 5.16 AM IST

ചിറകൊടിഞ്ഞ കായിക സ്വപ്നങ്ങൾ

indoor

നല്ല കളിക്കളങ്ങൾ ഏതൊരു കായികതാരത്തിന്റയും സ്വപ്നമാണ്. കായിക മേഖലയിൽ പണ്ടേ പിറകിലായ പത്തനംതിട്ടയെ കൈപിടിച്ചുയർത്തേണ്ടവർ തന്നെ കലമുടയ്ക്കുന്ന കാഴ്ചകളാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. വിശാലമായ ജില്ലാസ്റ്റേഡിയം പത്തനംതിട്ടയ്ക്കുണ്ട്. പോരാത്തതിന് പ്രമാടത്ത് വിപുലമായ പാർക്കിംഗ് സൗകര്യത്തോടെ ഇൻഡോർ സ്റ്റേഡിയവും. രണ്ടും ഏതാണ്ട് അവഗണിക്കപ്പെട്ടു കിടക്കുന്നു. കുണ്ടും കുഴിയും നിറഞ്ഞും ചെളിക്കളമായും കാടുംപടലും വളർന്നും മൈതാനമെന്ന് പറയാൻപോലും കഴിയാത്ത സ്ഥലങ്ങൾ.

ജില്ലാ സ്റ്റേഡിയം വികസനത്തിന് പദ്ധതികൾ പലതും ആവിഷ്കരിച്ചെങ്കിലും ഒന്നും നടപ്പായില്ല. പരിശീലനത്തിന് ഉന്നത നിലവാരത്തിലുള്ള മൈതാനങ്ങൾ ഇല്ലാത്തതിനാൽ ജില്ലയിലെ കായികതാരങ്ങളുടെ പ്രതീക്ഷകൾ മുരടിക്കുകയാണ്. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബങ്ങളിലെ താരങ്ങൾ പുറംനാടുകളിലേക്ക് ചേക്കേറുന്നു. പ്രഭാത, സായാഹ്ന സവാരികൾക്കുപോലും പറ്റാത്ത നിലയിൽ ജില്ലാസ്റ്റേഡിയം ചെളിക്കുളമായി. സ്ഥിതി ഇങ്ങനെയൊക്കെയാണെങ്കിലും പദ്ധതികൾ ആവിഷ്‌കരിക്കുന്നതിൽ മുന്നോട്ടു തന്നെയാണ് ജനപ്രതിനിധികൾ. പക്ഷെ, പ്രായാേഗികതയിൽ വളരെ പിന്നാക്കവുമാണ്. ജില്ലാസ്റ്റേഡിയത്തിന് സമീപം അന്താരാഷ്ട്ര നിലവാരത്തോടെ ഇൻഡോർ സ്റ്റേഡിയം നിർമിക്കാനുളള കേന്ദ്ര സർക്കാർ പദ്ധതിക്ക് അംഗീകാരം ലഭിച്ചത് 2013ലാണ്.

ഗവർണറുടെ

ഇടപെടൽ

നഗരസഭയുമായി ചേർന്ന് നടപ്പാക്കുന്ന പതിനാറ് കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടത് പിന്നെയും നാലുവർഷം കഴിഞ്ഞ്. അന്നത്തെ ഗവർണർ പി.സദാശിവം ശിലാസ്ഥാപനം നടത്തിയ പദ്ധതി നിർമാണം തുടങ്ങാൻ കാലതാമസമെടുത്തു. ഗവർണർക്ക് മുന്നിൽ പരാതി എത്തിയപ്പോഴാണ് അദ്ദേഹം അറിഞ്ഞത്. പൊതുഭരണ വകുപ്പിനോട് ഗവർണർ വിശദീകരണം ചോദിച്ചു. ഒടുവിൽ, 2020 ൽ നിർമാണം തുടങ്ങി. ചതുപ്പ് സ്ഥലത്ത് പൈലിംഗ് ചെയ്ത് അടിത്തറയൊരുക്കാനായിരുന്നു പദ്ധതി. പൈലിംഗ് പൂർത്തിയാക്കിയ ശേഷം പ്രവൃത്തികൾ നിലച്ചു. പിന്നീട് നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രമായി പദ്ധതിപ്രദേശം. ആ സമയത്താണ് ജില്ലയിലെ തോടുകളുടെ ശുചീകരണം തുടങ്ങിയത്. തോട്ടിലെ മാലിന്യവും മണലും ചെളിയും നിക്ഷേപിക്കാൻ സ്ഥലം അന്വേഷിച്ചിറങ്ങിയ അധികൃതർ കണ്ടെത്തിയത് ഇൻഡോർ സ്റ്റേഡിയം പദ്ധതി പ്രദേശമാണ്. മലപോലെ മണ്ണിട്ടുയർത്തിയപ്പോൾ ഇൻഡോർ സ്റ്റേഡിയം നിർമാണം ഉടനെയെങ്ങും തുടരില്ലെന്ന സൂചനകൾ നൽകി. പദ്ധതിയുടെ ആദ്യഘട്ടമായി ആറരക്കോടി കേന്ദ്രസർക്കാർ അനുവദിച്ചിരുന്നു. നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ കേന്ദ്ര കായിക മന്ത്രാലയത്തിലെ ഉദ്യാേഗസ്ഥർ പദ്ധതിപ്രദേശം കണ്ട് ഞെട്ടി. മൺകൂമ്പാരത്തിൽ കാടുംപടലും വളർന്നു കയറിയ സ്ഥലത്ത് നാലരക്കോടി ചെലവാക്കിയെന്ന റിപ്പോർട്ട് കണ്ട് അവർ അതിശയിച്ചു. നിർമാണച്ചുമതലയുള്ള കമ്പനി പദ്ധതിയുടെ രൂപരേഖയിൽ ഇഷ്ട‌ംപോലെ മാറ്റങ്ങൾ വരുത്തി. അനുവദിച്ച ആറരക്കോടിയുടെ കണക്ക് ചോദിച്ച കേന്ദ്രസംഘത്തിന് മുന്നിൽ

നൽകിയ വിശദീകരണം അവിശ്വസനീയമായിരുന്നു. നിർമാണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ സംഘം പദ്ധതിക്ക് ചുവപ്പ് കാർഡ് കാട്ടിയിരിക്കുകയാണ്.

മാനദണ്ഡങ്ങൾ ലംഘിച്ചതിനാൽ പദ്ധതി നിർമ്മാണവുമായി മുന്നോട്ടുപോകാനാവില്ലെന്ന് കേന്ദ്രസംഘം വിലയിരുത്തി. ഇക്കാര്യം അവർ നഗരസഭയെയും അറിയിച്ചു. നിർമാണ പ്രവൃത്തികളിൽ ലക്ഷങ്ങളുടെ അഴിമതി നടന്നതായി സംശയം ഉയർന്നിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിയാണ് ഇൻഡോർ സ്റ്റേഡിയത്തിന്റെ കരാർ ഏറ്റെടുത്തത്.

ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമായാണ് ഇൻഡോർ സ്റ്റേഡിയം പത്തനംതിട്ടയ്ക്ക് ലഭിച്ചത്. 5500 ചതുശ്ര അടി വിസ്തീർണത്തിൽ നാല് വോളിബോൾ കോർട്ടുകൾ, രണ്ട് ബാസ്ക്കറ്റ്ബോൾ കോർട്ടുകൾ, ആറ് ഷട്ടിൽ കോർട്ടുകൾ, വിസിറ്റേഴ്സ് ലോഞ്ച്, വിശ്രമമുറി, പവലിയൻ, ഇൻഡോർ ഹാൾ, ഡ്രസിംഗ് റൂം, കോൺഫറൻസ് ഹാൾ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. അയ്യായിരത്തോളം കാണികൾക്ക് ഇരിക്കാവുന്നതായിരുന്നു സ്റ്റേഡിയം. പുറത്ത് അറുനൂറ് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. രണ്ട് രാജ്യാന്തര മത്സരങ്ങൾ ഒരേ സമയം നടത്താൻ കഴിയുന്ന തരത്തിലാണ് സ്റ്റേഡിയം രൂപകൽപ്പന ചെയ്തത്.

കായികതാരങ്ങളെ

വളർത്തിയ നാട്

ഒരു കാലത്ത് വോളിബോളിന്റെയും ബാസ്‌കറ്റ് ബാേളിന്റെയും ഹോക്കിയുടെയും ഇൗറ്റില്ലമായിരുന്നു പത്തനംതിട്ട. പ്രക്കാനം വോളിബോൾ ടൂർണമെന്റ് നാല് പതിറ്റാണ്ടിനു ശേഷവും തുടരുന്നു. കടമ്മനിട്ടയിലും വോളി ജനകീയമാണ്. മലയാലപ്പുഴയിൽ നിന്ന് ബാസ്ക്കറ്റ് ബോളിലും ഹോക്കിയിലും തിളങ്ങിയ സംസ്ഥാന ടീം കളിക്കാരുണ്ട്. അത്‌ലറ്റിക് രംഗത്ത് ഉന്നത നിലവാരത്തിലുള്ള ട്രാക്ക് ഇല്ലാത്തതിനാൽ ജില്ലയിൽ നിന്ന് മറ്റ് ജില്ലകളിലേക്ക് കുടിയേറി താമസിക്കുന്ന താരങ്ങളുണ്ട്. പരിശീലനത്തിലെ ഭാരിച്ച ചെലവ് വഹിക്കാൻ കഴിയാതെ അത്‌ലറ്റിക് രംഗത്തോട് വിടപറഞ്ഞ താരങ്ങൾ ഒട്ടേറെ ജില്ലയിലുണ്ട്. പ്രോത്സാഹനവും പിന്തുണയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ വലയുന്ന കായികതാരങ്ങൾക്കു മുന്നിൽ വമ്പൻ പദ്ധതികളുടെ പ്രഖ്യാപനങ്ങൾ നടത്തിയാൽപോര. ഉന്നത നിലവാരത്തിലുള്ള കളിക്കളങ്ങൾ നിർമിച്ച് നാടിന്റെ കായിക മികവിനെ ഉണർത്തിയെടുക്കാൻ ശാസ്ത്രീയവും പ്രായോഗികവുമായ സമീപനം ഭരണകൂടങ്ങളുടെ ഭാഗത്തു നിന്നുണ്ടാകണം. സ്കൂൾകായികമേളകൾ നടക്കുന്ന ദിവസങ്ങൾ കൂടിയാണിത്. കാല് തട്ടാതെയും മറിഞ്ഞു വീഴാതെയും നടക്കാൻ സാധിക്കാത്ത ഗ്രൗണ്ടുകളുടെ നിലവാരം മെച്ചപ്പെടുത്തിയില്ലെങ്കിൽ നാളകളെക്കുറിച്ചുള്ള സ്വപ്നങ്ങൾക്കുമേൽ കരിനിഴൽ പടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INDOOR STADIUM PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.